DCBOOKS
Malayalam News Literature Website

അശ്വമേധം

ബാലചന്ദ്രന്‍ എന്‍.ടി.

ഇന്നോര്‍ക്കുമ്പോള്‍ തുളസിയുടെ ഗന്ധമായിരുന്നു ആ കാലത്തിന്. കിഴക്കേ മുറ്റത്ത് രാമതുളസിയും കൃഷ്ണതുളസിയും തഴച്ചു വളര്‍ന്നിരുന്നു. വേനലവധിയിലെ ആദ്യത്തെ പകല്‍ അവസാനിക്കുകയായിരുന്നു. സന്ധ്യയുടെ ചുവപ്പ്, ഭൂമിയില്‍ കറുത്ത നിഴലുകള്‍ വീഴ്ത്തി.

”എടീ സതീ… വിളക്ക് വെച്ചില്ലേ ഇതുവരെ…”

അടുക്കളയില്‍നിന്നും അമ്മൂമ്മ വിളിച്ചു ചോദിക്കുന്നു.

കളിച്ചുകൊണ്ടിരുന്ന കുട്ടിയും കോലും വലിച്ചെറിഞ്ഞ് സതിച്ചേച്ചി അകത്തേക്കു പോയി. അപ്പോള്‍ പടിയിറങ്ങിവരുന്ന മുത്തച്ഛന്റെ നരച്ച തല കണ്ടു. കൈയില്‍ രണ്ടു തടിച്ച പുസ്തകങ്ങള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരിക്കുന്നു. പല്ലില്ലാത്ത ആ മുഖത്ത് ഒരു പുഞ്ചിരി ദൃശ്യമായിരുന്നു.

Textചിരാതില്‍ നാളവുമായി തുളസിത്തറയില്‍ വിളക്കു വെക്കാന്‍ സതിച്ചേച്ചി നടക്കല്ലുകള്‍ ഇറങ്ങിവന്നു. തുളസിച്ചെടികളില്‍ പാവാട ഉരഞ്ഞപ്പോള്‍ കുറച്ചു തുമ്പികള്‍ ഇരുട്ടിലേക്കു പറന്നുപോയി. തുളസിയുടെ ഗന്ധം അന്തരീക്ഷത്തില്‍ സാന്ദ്രമായി.

”വാടാ… നാമം ചൊല്ലാം…” സതിച്ചേച്ചി വിളിച്ചു.

വടക്കേ ഹാളിലെ കട്ടിലില്‍ പുസ്തകങ്ങളുമായി കമിഴ്ന്നു കിടന്ന് മുത്തച്ഛന്‍ വായന തുടങ്ങിയിരുന്നു.

നാമം ചൊല്ലല്‍ പെട്ടെന്നു തീര്‍ത്ത് ഞാന്‍ മുത്തച്ഛന്റെ പുറത്തു കയറി ഇരുന്നു. വായിക്കുന്നതെല്ലാം ദേവസ്തുതികള്‍ ആയിരുന്നു. എന്റെ മടുപ്പു മനസ്സിലാക്കി മുത്തച്ഛന്‍ പറഞ്ഞു: ”നീ പോയി മുത്തച്ഛന് ഒരു മുറുക്കാന്‍ ഇടിച്ചു കൊണ്ടു വാ.” മുറുക്കാനുമായി വന്നപ്പോള്‍ മുത്തച്ഛന്‍ പറഞ്ഞു: ”കഥ തുടങ്ങട്ടെ… അപ്പോള്‍ മുത്തച്ഛന്‍ വിശദമായി പറഞ്ഞുതരാം.” ഭീമന്റെയും അര്‍ജുനന്റെയും കൃഷ്ണന്റെയും മക്കള്‍ കൃഷ്ണാര്‍ജുനന്‍മാരോടൊപ്പം യുദ്ധം ചെയ്യുന്ന കഥയാണ്.

ഞാന്‍ പുസ്തകത്തിന്റെ പുറംചട്ട മറിച്ചു നോക്കി.

ജൈമിനീയശ്വമേധം (കിളിപ്പാട്ട്) കാത്തോള്ളില്‍ അച്യുതമേനോന്‍. ആ വേനലവധി അശ്വമേധയുദ്ധങ്ങളില്‍ അവസാനിച്ചു.

വായിച്ചുകഴിഞ്ഞ് മുത്തച്ഛന്‍ ഉപേക്ഷിച്ച ആ പുസ്തകങ്ങള്‍ ഞാന്‍ എന്റെ പഠനമുറിയിലെ ഷെല്‍ഫില്‍ എടുത്തുവെച്ചു.

പഠിപ്പു കഴിഞ്ഞ് ഞാന്‍ മസ്‌കറ്റിലേക്കു പോകാന്‍ ഒരുങ്ങുമ്പോള്‍ ആ മുറി നിറയെ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. ആദ്യത്തെ അവധിക്കു വന്നപ്പോള്‍ ആ പുസ്തകങ്ങളില്‍ കുറെയെണ്ണം കണ്ടില്ല. നാല്പതു വര്‍ഷത്തെ മസ്‌കറ്റ് ജീവിതത്തിനുശേഷം തിരിച്ചുവന്നപ്പോള്‍ എന്റെ പുസ്തകഷെല്‍ഫില്‍ ജൈമിനീയശ്വമേധത്തിന്റെ രണ്ടു ഭാഗങ്ങള്‍ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്.

ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലും ചെറുപ്രായത്തില്‍ കേട്ട ആ യുദ്ധകഥ ഒരു നോവല്‍രൂപത്തില്‍ എഴുതണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ, ഒരു സംസ്‌കൃത പണ്ഡിതന്റെ സഹായമില്ലാതെ അതിലെ
മണിപ്രവാളഭാഷയിലേക്ക് പ്രവേശിക്കാന്‍ എളുപ്പമായിരുന്നില്ല. ഞാന്‍ അന്വേഷിച്ചു നടന്നിട്ട് എന്നെ സഹായിക്കാന്‍ സംസ്‌കൃതം അറിയുന്ന ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നൂറ്റി ഇരുപത്തഞ്ചു വര്‍ഷം മുന്‍പ് കൊടുങ്ങല്ലൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ വീടുകളില്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികള്‍പോലും സംസ്‌കൃതത്തില്‍ ആശയവിനിമയം നടത്തുന്നതു കണ്ട് വിസ്മയിച്ചിട്ടുണ്ടെന്ന് സ്വാമി വിവേകാനന്ദന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഒടുക്കം ഞാന്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ മഹാമായ തമ്പുരാട്ടിയെ സമീപിച്ചു. പല തിരക്കുകള്‍ക്കിടയിലും എന്നെ സഹായിക്കാമെന്ന് തമ്പുരാട്ടി ഏറ്റു. പല ദിവസങ്ങള്‍ എനിക്ക് അവരെ ബുദ്ധിമുട്ടിക്കേണ്ടിവന്നു.

തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ

Comments are closed.