DCBOOKS
Malayalam News Literature Website

ഹിംസാകാമനയുടെ നൈതിക വിമര്‍ശവും അപനിര്‍മിതിയും

ടി. എസ്. ശ്യാം കുമാറിന്റെ  ‘ആരുടെ രാമന്‍’ എന്ന പുസ്തകത്തിന് ഡോ. അജയ് ശേഖര്‍ (കാലടി സംസ്‌കൃത സര്‍വകലാശാല ഇംഗ്ലീഷ് അധ്യാപകനും ഗവേഷണ മാര്‍ഗദര്‍ശിയും ബൌദ്ധപഠന കേന്ദ്രത്തിന്റെ ആദ്യ സംഘാടകനും. സഹോദരനയ്യപ്പന്‍, അംബേദ്കര്‍, നാരായണഗുരു, കേരള നവോത്ഥാനം, പുത്തന്‍ കേരളം എന്നിവ സമീപകാല പുസ്തകങ്ങള്‍) എഴുതിയ വായനാനുഭവം.

എല്ലാവരുമാത്മ സഹോദരരെന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം
നാരായണഗുരു

വോത്ഥാന കാലത്തുരുവം കൊണ്ട ജാതിവിരുദ്ധ മാനവിക മതേതര ചിന്തയുടെ ബലത്തില്‍ യുക്തിയുക്തമായും നൈതികമായും തിരസ്‌കരിക്കപ്പെട്ട കൊല്ലുന്ന ഹൈന്ദവ ദൈവങ്ങളെ പുരാണ പട്ടത്താനങ്ങളിലൂടെ പുനരാനയിക്കപ്പെടുന്ന കേരളത്തിലാണു നാം ജീവിക്കുന്നത്. കൊല്ലുന്നവനു യാതൊരു ശരണ്യതയും മാനവികതയുമില്ലെന്നും മൃഗതുല്യനാണവന്‍ എന്നുമുള്ള അസന്ദിഗ്ധമായ ഗുരുവരുളാണ് ഇക്കാര്യത്തില്‍ എന്നും ഓര്‍മിക്കാവുന്നത്.

ജീവകാരുണ്യ പഞ്ചകത്തില്‍ ഗുരുവതെഴുതിയതു കൊണ്ടാണ് ശിഷ്യനായ സഹോദരന്‍ പള്ളുരുത്തിയില്‍ വച്ച് ഗാന്ധിജിയോടു പിന്നെ നേരിട്ടു ചോദിച്ചത്, താങ്കളുടെ ആദര്‍ശമൂര്‍ത്തിയായ കൃഷ്ണന്‍ ഒരു പരമ്പര കൊലയാളിയല്ലേ എന്ന്. 1929 ല്‍ തിരുനക്കര മൈതാനത്തു ജയ് ശ്രീരാം വിളിക്കാനാഹ്വാനം ചെയ്ത മദനമോഹന മാളവ്യയോട് സഹോദരന്‍ പറഞ്ഞത് ശൂദ്രമുനി ശംബൂകനെ കഴുത്തറുത്തു കൊന്ന രാമന്‍ ദൈവം പോയിട്ട് മനുഷ്യന്‍ പോലുമാകുന്നില്ലെന്നും രാമരാജ്യത്തേക്കാള്‍ ഭേദം രാവണ രാജ്യമാണെന്നുമാണ്. രാമന്‍ പ്രതീകാത്മകമായി പത്തുതലകളുമറുത്തു കൊന്ന ബുദ്ധിരാക്ഷസനായ ലങ്കാപതി രാവണനു ജയ് വിളിക്കുകയാണന്നു കേരള മക്കള്‍ ചെയ്തത്.

ഇത്തരം പ്രബുദ്ധമായ നവോത്ഥാന സാംസ്‌കാരിക വിപ്ലവ പരമ്പരകളരങ്ങേറിയ കേരളത്തിലാണ് നിരന്തര മാധ്യമ അക്കാദമിക പ്രിസിദ്ധീകരണ പ്രസംഗ പൈങ്കിളികളിലൂടെ രാമകൃഷ്ണ പുരാണാഖ്യാന കാമനകളെ നാട്ടുനടപ്പാക്കി എടുത്തിരിക്കുന്നത്. ജനങ്ങളുടെ ചിലവില്‍ അക്കാദമികളെ ചവിട്ടുപടിയാക്കിയായിരുന്നു ഈ പുരാണപട്ടത്താനങ്ങളും ഗീതാഗിരികളും. ഇളംകുളം പറഞ്ഞ പോലെ മാവാരത പട്ടത്താനങ്ങളിലൂടെയാണ് പ്രബുദ്ധമായ കേരള വിഹാരങ്ങളായ പ്രാചീന അശോകന്‍ പള്ളികളെ ഹൈന്ദവ ബ്രാഹ്മണിക ക്ഷേത്ര Textസങ്കേതങ്ങളായി പരിവര്‍ത്തിപ്പിച്ചെടുത്തതെന്ന് ഒരിക്കല്‍ കൂടി വ്യക്തമാകുന്ന സന്ദര്‍ഭമാണിത്. ഇങ്ങനെ രാമനാമവും കൃഷ്ണഗാഥയും പാടിയുറക്കിയ, മയക്കി മാറ്റിയെടുത്ത ജനതയെ കൊണ്ടാണ് സമഗ്രാധിപത്യ കാര്യപരിപാടികളും ജനായത്ത അട്ടിമറികളും പള്ളിപൊളിക്കലും ഭരണഘടന അട്ടിമറികളുമൊക്കെയായി നാട്ടുനടപ്പാക്കിയെടുക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിലാണ് വൈഷ്ണവ ഹിന്ദുത്വത്തിന്റെ സനാതന പ്രതീകമായ രാമനെ പ്രശ്‌നവല്‍ക്കരിക്കുന്ന വിമര്‍ശ പഠനങ്ങളുടെ സമാഹാരമായ ആരുടെ രാമന്‍ വര്‍ത്തമാന പ്രസ്‌ക്തമാകുന്നത്. സംസ്‌കൃത പണ്ഡിതനും അധ്യാപകനും പ്രഭാഷകനും യുവ ദലിതെഴുത്തുകാരനുമായ ഡോ. ടി. എസ്. ശ്യാം കുമാറിന്റെ പുസ്തകം ഏറെ സമകാലികമാകുന്നത് അതിന്റെ ജ്ഞാനസിദ്ധാന്ത വ്യതിരിക്തതയിലും വിമര്‍ശ ഉള്ളടക്കത്തിലുമാണ്. അപനിര്‍മാണത്തിന്റെ നൈതികതയും വിധ്വംസകമായ രാഷ്ട്രീയവും അതിനെ മികച്ചതാക്കുന്നു. കേരള വിമര്‍ശ ചിന്തയുടെ സമകാലികത ദൃശ്യമാകുന്നു.

സമഗ്രതയും സൂക്ഷ്മതയും സംതുലനവും ശ്യാം പഠനങ്ങളുടെ അക്കാദമിക സ്വാഭവത്തേയും ഏറ്റുന്നു. സംസ്‌കൃത മലയാള ഭാഷകളുടെ മര്‍മം കണ്ട ഒരു ബഹുഭാഷക വ്യക്തിത്വത്തിനു മാത്രം കഴിയുന്ന സംയമനവും ലയവും താളവും കണ്ടെത്തുന്ന ഭാഷയും മിതത്വവും സൌമ്യതയും അതേസമയത്തുള്ള നിശിത വിമര്‍ശാവബോധവും രാഷ്ടീയ ദിശാബോധവും രചനയുടെ മാറ്റുകൂട്ടുന്നു. വേദേതിഹാസ പുരാണകാവ്യാദികളുടെ അപനിര്‍മിതി മൂല്യവവസ്ഥകളേയും സാമൂഹ്യബോധത്തേയും നവീകരിക്കുന്നതാണ്. രണ്ടു ഭാഗങ്ങളായി സംവിധാനം ചെയ്തിരിക്കുന്ന പുസ്തകത്തിലെ ആദ്യ ഭാഗം സംസ്‌കൃതമൂലമായ വാല്‍മീകീ രാമായണത്തെ കുറിച്ചുള്ള വിമര്‍ശ വിചാരങ്ങളാണ്. രണ്ടാം ഭാഗമാകട്ടെ രാമായണ മാവാരത വേദവേദാന്ത ദര്‍ശനങ്ങളേയും മനുധര്‍മശാസ്ത്രങ്ങളേയും താന്ത്രികവിദ്യ, നവോത്ഥാനം, ക്ഷേത്രസംസ്‌കാരം എന്നിങ്ങനെ വിവിധ വിഷയങ്ങളെ അധികരിച്ചുള്ളവയാണ്. ഇവയെല്ലാം രാമനെന്ന രൂപകത്തേയും ചോദ്യത്തേയും പലതലങ്ങളില്‍ സൂക്ഷ്മമായി പ്രശ്‌നവല്‍ക്കരിക്കുന്നവയാണ്.

പ്രധാന അഭാവം കേരളത്തിന്റെ പ്രബുദ്ധ പാരമ്പര്യങ്ങളെ കുറിച്ചുള്ള മൌനവും ദമനവും തന്നെയാണ്. ദലിത് വിമര്‍ശകരായ പ്രദീപന്‍ പാമ്പിരിക്കുന്നടക്കം അറിഞ്ഞെഴുതിയ വാല്‍മീകീ രാമായണത്തിലെ മാനസചോരനായി അവതരിപ്പിക്കപ്പെടുന്ന ബുദ്ധനേയും അദ്ദേഹത്തിന്റെ അനിത്യവാദത്തേയും കുറിച്ചുള്ള മൌനമാകും പ്രശ്‌നം. അംബേദ്കര്‍ തന്നെ തൊട്ടുകൂടാത്തവരില്‍ വിശദീകരിച്ച ബൌദ്ധരോടുള്ള ബ്രാഹ്മണ്യത്തിന്റെ പകയായ ജാതിയും തൊട്ടുകൂടായ്മയും തൊടാതെയും അറിയാതെയുമുള്ള എഴുത്തുകള്‍ അത്മഹത്യാപരവും ചരിത്രനിരാസവുമാകും. രാമന്‍ പ്രതിനിധാനം ചെയ്യുന്ന വൈദിക വര്‍ണാശ്രമ അധീശത്വത്തിനു പാഠബലവും അപ്രമാദിത്തവും നല്‍കാനേ അതുപകരിക്കൂ. സഹോദര ശിഷ്യനായി വന്ന പി. കെ. ബാലകൃഷ്ണനു പോലും അധീശ സമവായ സന്ദര്‍ഭങ്ങളില്‍ പറ്റിയ അബദ്ധം ഇന്നത്തെ പുതു യുവദലിതെഴുത്തുകാര്‍ക്കും ആവര്‍ത്തിച്ചു കൂട.

കേരള, ഭാരത സംസ്‌കാരങ്ങളുടെ ആധാരമായി അടിത്തട്ടിലാണ്ടു കിടക്കുന്ന അശോകന്‍ പ്രബുദ്ധതയെ അംബേദ്കര്‍ മുതല്‍ സഹോദരന്‍ വരെ അറിഞ്ഞു കാലികമായി വീണ്ടെടുത്തെഴുതിയ പോലെ പുതു വിമര്‍ശകരും പഠിതാക്കളും സങ്കുചിത, പരിമിത വൃത്തങ്ങള്‍ വിട്ടറിയുകയും എഴുതുകയും ചെയ്യേണ്ടതുണ്ട്. ഹിംസാരമണനായ മര്യാദാരാമബിംബത്തിന്റെ അനിവാര്യാമായ അപനിര്‍മിതി പോലെ തന്നെ സുപ്രധാനവും നിര്‍ണായകവുമാണ് രാമരാജ്യവും കുലച്ച വില്ലാളി ആണത്തവും പൌരോഹിത്യ ആണ്‍കോയ്മയും ഗൂഢമായി അട്ടിമറിച്ച സമതയുടേയും കരുണയുടേയും മൈത്രിയുടേയും സമുദയവാദവും അനിത്യവാദവും ലോകോത്തരമായ പ്രബുദ്ധ സംസ്‌കാരവും. പുത്തരുടെ നിറമനസ്സാര്‍ന്ന സുവിശേഷത്തേ അറിയുമ്പോഴും ജീവിക്കുമ്പോളും മാത്രമാകും നാം മനുഷ്യരും സഹോദരങ്ങളുമായി മാറുക. സോദരത്വേനയുള്ള ആ മാതൃക ഗുരുവിനും പ്രിയങ്കരമായിരുന്നു. മാറ്റത്തേക്കുറിച്ചുള്ള പ്രബുദ്ധ ചിന്തയിലേക്കു നാമുണരട്ടേ. ശ്യാം കുമാറില്‍ നിന്നും നീതിയേയും സത്യത്തേയും മുന്‍നിറുത്തുന്ന കൂടുതല്‍ ഗഹനമായ വിമര്‍ശ രചനകളുണ്ടാകട്ടെ, എല്ലാ ധമ്മാഭിവാദ്യങ്ങളും ധമമവിജയങ്ങളും ആശംസിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.