DCBOOKS
Malayalam News Literature Website

“ആരുടെ രാമൻ?’ എന്ന രാഷ്ട്രീയചോദ്യം

ടി. എസ്. ശ്യാം കുമാറിന്റെ 'ആരുടെ രാമന്‍' എന്ന പുസ്തകത്തിന് ഡോ. കെ.എസ്. മാധവൻ എഴുതിയ അവതാരിക

1

സംസ്കൃതപണ്ഡിതനും സാംസ്കാരികനിരൂപകനും എഴുത്തുകാരനു മായ ഡോ. ടി.എസ്. ശ്യാംകുമാറിന്റെ “ആരുടെ രാമൻ?’ എന്ന ഈ പുസ്തകം മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തുമ്പോൾ ഇന്ത്യാചരിത്രത്തെ പൊതുവിലും കേരളചരിത്രത്തെ വിശേഷിച്ചും സാംസ്കാരികമായി വിമർശബോധ്യത്തോടെ സമീപിക്കുന്ന വായനക്കാരാണ് എന്റെ മനസ്സിലുള്ളത്. ഇന്ത്യൻ മതപാരമ്പര്യങ്ങളെയും സാമൂഹിക രൂപങ്ങളെയും വിശ്വാസവ്യവസ്ഥകളെയും സാമൂഹിക സാംസ്കാരിക ജീവിതക്രമങ്ങളെയും കണിശമായി വിമർശിച്ചും വിധ്വംസകമായി പ്രഹ​രിച്ചുമാണ് ഇന്ത്യയിൽ നവോത്ഥാന ആധുനികതയും നീതിയും തുല്യതയും ഭാവനപ്പെടുത്തുന്ന ജനാധിപത്യചിന്തയും വികസിച്ചു വന്നത്. ഇന്ത്യൻസമൂഹത്തെ സാംസ്കാരികമായും വൈജ്ഞാനികമായും ഗ്രസിച്ചുനിൽക്കുന്ന കോയ്മാപ്രത്യയശാസ്ത്രമായ ബ്രാഹ്മണ്യത്തെയും അതിന്റെ ത്രൈവർണ്ണിക മൂല്യവ്യവസ്ഥയെയും വിമർശനപരമായി സ്ഥാനപ്പെടുത്തു​ന്നതാണ് ഈ പുസ്തകത്തിന്റെ കാഴ്ചപ്പാട്. ഇന്ത്യൻ നവോത്ഥാ​നത്തിന്റെ ജനാധിപത്യധാരയും വിമർശചിന്താപാരമ്പര്യവും നീതിവിചാരമായി ജനതയും സമതയും നിർമ്മിക്കപ്പെടുന്ന പ്രക്രിയയായി വികസിപ്പിച്ച മഹാത്മാ ഫുലെയുടെയും ഡോ.ബി.ആർ. അംബേദ്കറുടെയും ദാർശനികമണ്ഡലത്തിലാണ് ഈ പുസ്തകത്തിന്റെ തത്ത്വചിന്താനില സ്ഥാനപ്പെ​ടുന്നത്. ഉൾക്കൊള്ളൽ ജനാധിപത്യവും ജനായത്ത പൗരത്വസങ്കല്പവും ജാതിവിരുദ്ധ മതേതരബോധ്യവും പ്രാതിനിധ്യ തുല്യതാസങ്കല്പവും പങ്കാളിത്ത അധികാരവിതരണ നീതിബോധവും ഉൾവഹിക്കുന്ന തത്ത്വ​ചിന്താവിചാരമാണ് ഈ ഗ്രന്ഥത്തിലെ ലേഖനങ്ങളെ നിരന്തരം സമകാലീനമാക്കിക്കൊണ്ടിരിക്കുന്നത്. വിമർശാവബോധത്തെ സാമൂഹിക ജനാ​ധി​പത്യത്തിലൂന്നിയ ലിംഗനീതിബോധ്യമായും ബ്രാഹ്മണ്യപുരുഷാധിപത്യത്തിനെതിരായ വിമർശ സാമൂഹികശാസ്ത്രത്തിന്റെ രീതിശാസ്ത്രപദ്ധതിയുമായും ഈ ലേഖനങ്ങൾ മാറിത്തീർന്നിരിക്കുന്നു. സാഹോദര്യ ജനാധിപത്യത്തെ സമതയിലൂന്നുന്ന സമത്വബോധവും ജനസഞ്ചയങ്ങളെ അനുകമ്പയിലധിഷ്ഠിതമായി ഐക്യപ്പെടുത്തുന്ന സാമൂഹികമൂല്യമണ്ഡലവുമായി സ്ഥാനപ്പെടുത്തുന്ന സാഹോദര്യചിന്തയെ ധൈഷണികമായി ഉത്ഖനനം ചെയ്യുന്നതാണ് “ആരുടെ രാമൻ?’ എന്ന ഈ ഗ്രന്ഥം.

2

ഗംഗാതടത്തിൽ വളർന്നുവന്ന ത്രൈവർണ്ണികാധിപത്യവും വർണ്ണ–ജാതി വ്യവസ്ഥയും ജനപദങ്ങളെ നിയന്ത്രിച്ചുകൊണ്ടാണ് വികസിച്ചുവന്നത്. വ്യത്യസ്ത സാംസ്കാരികജീവിതങ്ങൾ നിലനിർത്തിയ ജനസമൂഹ ങ്ങളായിരുന്നു പ്രാചീന ഗംഗാതടത്തിൽ നിലനിന്നത്. ആര്യാധിനിവേശ​ത്തിനു മുമ്പ് വ്യത്യസ്ത കാർഷികസമൂഹങ്ങൾ വികസിച്ചുവന്ന പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഗംഗാതടം. വിവിധങ്ങളായ ഗോത്രജനതകളും തദ്ദേശീയരായ കാർഷികസമൂഹങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. അനാര്യ പാരമ്പര്യങ്ങളിൽ ഉൾപ്പെട്ടവരും ശ്രമണപാരമ്പര്യങ്ങളിൽ പെട്ടവരുമായ വ്യത്യസ്ത സമൂഹങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. ബ്രാഹ്മണ്യത്തിനും ത്രൈവർണ്ണികകോയ്മയ്ക്കും എതിരായ ചരിത്രപാരമ്പര്യവും സാംസ്കാരി കസ്വത്വവുമുള്ള തദ്ദേശീയജനതയുടെ Textപ്രതീകമായിട്ടു വേണം ഈ പുസ്തകത്തിൽ ഡോ. ശ്യാംകുമാർ വിശദീകരിക്കുന്ന താടകയെ സ്ഥാന പ്പെടുത്താൻ. ജാതി–വർണ്ണ പദ്ധതിക്കെതിരായ ബ്രാഹ്മണ്യവിരുദ്ധ​ചിന്തകൾ ഇത്തരം സമൂഹങ്ങൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ സാംസ്കാരിക അടയാളമാണ് താടകയുടെ കഥയിലൂടെ ദൃശ്യപ്പെടുന്നത്. ത്രൈവർണ്ണിക ബ്രാഹ്മണ്യത്തെയും ജാതിപുരുഷാധിപത്യത്തെയും രാഷ്ട്രീയമായി സംര ക്ഷിക്കുന്ന വ്യവസ്ഥിതിയായിട്ടാണ് ഗംഗാതടത്തിൽ ഭരണകൂട അധികാരം രൂപപ്പെടുന്നത്. ക്ഷത്രിയനായ രാമൻ ത്രൈവർണ്ണിക വ്യവസ്ഥിതിയെ അടിസ്ഥാനപ്പെടുത്തുന്ന രാജ്യധർമ്മം നടപ്പാക്കുന്നവനും യാഗങ്ങളെയും ബ്രാഹ്മണരെയും പശുവിനെയും സംരക്ഷിക്കുന്നത് ക്ഷാത്രധർമ്മമായി പാലിക്കുന്നയാളുമാണ്. രണ്ട് പ്രക്രിയയാണ് ഇതിനോടൊപ്പം ഉണ്ടായി വരുന്നത്. അനാര്യഗോത്രങ്ങളെയും ത്രൈവർണ്ണികർക്ക് പുറത്തുള്ള ശൂദ്രർ ഉൾപ്പെടെയുള്ള വിവിധ ജനസഞ്ചയങ്ങളെയും ഹീനരും രാക്ഷസരുമായി സ്ഥാനപ്പെടുത്തുന്ന ബ്രാഹ്മണ്യപ്രതിനിധാനപദ്ധതി ഒരു ബ്രാഹ്മണ്യജ്ഞാനപദ്ധതിയായി വികസിച്ചു​വന്നു. ബ്രാഹ്മണ്യത്തിന്റെ അറിവധികാരവും ഭരണകൂടാധികാരത്തി​ലേക്ക് മാറിയ രാഷ്ട്രീയകോയ്മ കളും ക്ഷത്രിയവൽക്കരിക്കപ്പെട്ട ഗോത്രത്തലവൻമാരും ബ്രാഹ്മണ്യത്തിന്റെ സംരക്ഷകരും നടത്തിപ്പുകാരുമായി മാറുന്നു. ഹിംസയും യുദ്ധവും അധിനിവേശവും ബ്രാഹ്മണ്യ ജ്ഞാനപദ്ധതിയും അനാര്യ ജനതകളെയും ത്രൈവർണ്ണികരല്ലാത്ത സാമൂഹിക വിഭാഗങ്ങളെയും പൈശാചികവൽക്ക രിക്കുകയും അപരജനതകളായി, രാക്ഷസരായി സ്ഥാനപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് കോയ്മാവ്യവസ്ഥയായി ത്രൈവർണ്ണികവ്യവസ്ഥ രൂപപ്പെട്ടുവരുന്നത്. ബ്രാഹ്മണ്യത്തിന്റെ പ്രതീകാത്മകവും ജ്ഞാനപരവു മായ അധികാരവും ക്ഷത്രിയരാക്കപ്പെട്ട ത്രൈവർണ്ണിക ആധിപത്യ രാഷ്ട്രവ്യവസ്ഥയുടെ ആക്രമ​ണവും ഹിംസയും തദ്ദേശീയരും അനാര്യരു മായ സമൂഹങ്ങളുടെ മേൽ അധിനിവേശഹിംസയായി നിപതിക്കുന്നു. ഈ പ്രക്രിയയുടെ ഭാഗമായിട്ടാണ് വിശ്വാമിത്രൻ താടകയെ രാക്ഷസവൽ ക്കരിക്കുന്നത്. യഥാർത്ഥത്തിൽ, താടക ശ്രമണപാരമ്പര്യത്തിൽ ഉൾപ്പെട്ട യക്ഷരുടെ വംശാവലിയിൽ ഉൾപ്പെടുന്ന തദ്ദേശീയ ഗോത്രപ്രദേശത്തിന്റെ ഭരണാധികാരി​കളുടെ തലമുറയിൽപെടുന്നതാണ്. ത്രൈവർണ്ണികർക്ക് ആധിപത്യമുള്ള ക്ഷത്രിയ രാജസ്ഥാനങ്ങൾക്ക് പുറത്തുള്ള പ്രദേശമാണ് മലദം, കരൂഷം മുതലായ പ്രദേശങ്ങൾ. താടകയുടെ വംശാവലിയിൽ പെട്ടവരുടെ ഭരണപ്രദേശങ്ങളാണവ.

ഈ പ്രദേശങ്ങളെ ക്ഷത്രിയരാജസ്ഥാനങ്ങൾ ബ്രാഹ്മണ്യത്തിന്റെ പരസ്പര സഹകരണത്തോടെ അധിനിവേശപ്പെടുത്തുന്നു. കീഴടക്കപ്പെ ടേണ്ട ജനതകളെയും അവരുടെ പ്രദേശങ്ങളെയും ഹീനവും രാക്ഷസീ യവുമാക്കിയാണ് ബ്രാഹ്മണ്യം പ്രതീകാത്മകഹിംസയിലൂടെ അധിനിവേശ ത്തിനാവശ്യമായ ബ്രാഹ്മണ്യജ്ഞാനപദ്ധതി സൃഷ്ടിക്കുന്നത്. രാജാധിപത്യ ത്തിന്റെ കീഴിലേക്ക് ഈ പ്രദേശത്തെ കീഴടക്കി അവിടെ യജ്ഞ സാംസ്കാ​രികാധിപത്യവും ഭരണകൂടാധികാരവും സ്ഥാപിക്കുന്നു. ത്രൈവർണ്ണിക ജീവിതത്തിന്റെ ഭാഗമായ യജ്ഞസംസ്കാരത്തിന്റെ സംരക്ഷകനാണ് ക്ഷത്രിയനായ രാജാവ്. അനാര്യരും ഗോത്രപാരമ്പര്യമുള്ളവരും ശ്രമണ​പാതകൾ പിന്തുടരുന്നവരുമായ ജനതകളെ, അവരുടെ ജനപഥസ്ഥാ​നങ്ങളെ അധിനിവേശം നടത്തിക്കൊണ്ട് ശ്രമണ–യക്ഷ/യക്ഷി പാരമ്പ​ര്യങ്ങളെ ഹീനരും രാക്ഷസസ്വത്വങ്ങളുമായി ചിത്രീകരിക്കുന്നു. യക്ഷിസങ്ക​ല്പങ്ങളെ ഭീകരസ്വത്വങ്ങളായി ചിത്രീകരിച്ചത് ബ്രാഹ്മണ്യത്തിന്റെ ജ്ഞാന​പദ്ധതിയുടെ ഭാഗമായ പ്രതിനിധാനഹിംസകളാണ്. ബൗദ്ധഭിക്ഷു​ണികളെയും ജൈനസന്ന്യാസിനിമാരെയും ബ്രാഹ്മണ്യ ആശയങ്ങളും ബ്രാഹ്മണ പൗരോഹിത്യവും പതിതരും ഹീനരും യക്ഷിണികളുമായി ചിത്രീകരിച്ചിട്ടുണ്ട്. താടകയെ ഭീകരസ്വത്വമായും രാക്ഷസരൂപയും അധർ​മ്മിണിയും ആക്രമണകാരിയുമായി ചിത്രീകരിക്കുന്ന ബ്രാഹ്മണ ജ്ഞാന​ഹിംസയോടൊപ്പമാണ് ക്ഷത്രിയാധികാരത്തിലൂടെ അധിനിവേശം നടത്തുന്നത്. അപരജനതകളെയും വേദവിരുദ്ധ വിശ്വാസവ്യവസ്ഥകളെയും യാഗയജ്ഞ സംസ്കാരവിരോധികളെയും പൈശാചികവൽക്കരിച്ച് സാമൂഹികമായി ബഹിഷ്കരിക്കുകയും പുറന്തള്ളുകയും ഹിംസയ്ക്കിരയാ​ക്കുകയും ചെയ്യുന്ന പദ്ധതിയായിരുന്നു ത്രൈവർണ്ണികബ്രാഹ്മണ്യ​ത്തിന്റെയും ക്ഷാത്രാധികാര രാഷ്ട്രവ്യവസ്ഥക ളുടേതും. ബ്രാഹ്മണ്യസാ​ഹിത്യങ്ങളും ധർമ്മശാസ്ത്ര പാരമ്പര്യങ്ങളും അപരജനതകളായി രാക്ഷ​സവൽക്കരിച്ച് ശ്രമണപാരമ്പര്യമുള്ള ജനപഥങ്ങളെയും അനാര്യ ജനതക​ളെയും പുറന്തള്ളിയിരുന്നു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.