DCBOOKS
Malayalam News Literature Website

അപസര്‍പ്പകനായ അരിസ്റ്റോട്ടില്‍ !

പി. കെ. രാജശേഖരന്‍

തത്ത്വചിന്തകനും സാഹിത്യ സൈദ്ധാന്തികനും കലാചിന്തകനും പ്രഭാഷണ കലാപണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും ശാസ്ത്രജ്ഞനും നിയമജ്ഞനുമെല്ലാമായിരുന്ന അരിസ്റ്റോട്ടിലിന് ഒന്നാംകിട അപസര്‍പ്പകനാവാനുള്ള സര്‍വയോഗ്യതയുമുള്ളതുകൊണ്ട് പില്ക്കാലത്ത് ആ
സാധ്യത അപസര്‍പ്പക സാഹിത്യത്തില്‍ നടപ്പാക്കാനാണ് മാര്‍ഗരറ്റ് ഡൂഡി (Margaret Doody, 1939)  ശ്രമിച്ചത്. 

1935 മാര്‍ച്ച് അഞ്ചിന് ഓക്‌സ്ഫഡില്‍ നടത്തിയ പ്രഭാഷണത്തിന് അപസര്‍പ്പക കഥാകാരിയായ ഡോറത്തി എല്‍. സെയേഴ്‌സ് തിരഞ്ഞെടുത്ത വിഷയം അരിസ്റ്റോട്ടിലും ഡിറ്റക്ടീവ് നോവലും എന്നതായിരുന്നു. രണ്ടായിരത്തി അഞ്ഞൂറുകൊല്ലം മുമ്പ് ജീവിച്ചിരുന്ന അരിസ്റ്റോട്ടില്‍ ‘പോയറ്റിക്‌സ്’ എന്ന തന്റെ കാവ്യകലാസിദ്ധാന്ത ഗ്രന്ഥത്തിലോ മറ്റു ഗ്രന്ഥങ്ങളിലോ ഒന്നും അപസര്‍പ്പക കഥയെപ്പറ്റി പറഞ്ഞിട്ടില്ലെങ്കിലും ഡോറത്തി സെയേഴ്‌സ് തന്റെ പ്രഭാഷണത്തില്‍ വാദിച്ചതിങ്ങനെയാണ്: ”ഇന്ന്, പക്ഷപാതമില്ലാത്ത മനസ്സോടെ വായിക്കുന്ന ഒരാള്‍ക്ക് അരിസ്റ്റോട്ടില്‍ ഭാവിയുടെ പ്രവാചകനായിരുന്നുവെന്നു മനസ്സിലാകും. അദ്ദേഹം തന്റെ ശ്രദ്ധയില്‍വന്ന അക്കാലത്തെ ജനപ്രിയ വിനോദത്തിന്റെ ഏറ്റവും സാധാരണവും വ്യാപകവും ജനാധിപത്യപരവുമായ രൂപമായ സമകാലിക ഗ്രീക്ക് നാടകത്തെ വിമര്‍ശിച്ചു. പക്ഷേ, അദ്ദേഹം ഉള്ളിന്റെ ഉള്ളില്‍ ഒരു മികച്ച അപസര്‍പ്പക കഥയാണ് ആഗ്രഹിച്ചത്; പാവം മനുഷ്യന്‍, ഇരുപതു നൂറ്റാണ്ടു മുന്‍പ് ജീവിച്ചതുകൊണ്ട് ‘ട്രെന്റ്‌സ് ലാസ്റ്റ് കേസി’ ലെ അരിസ്റ്റോട്ടിലിയന്‍ തത്ത്വജ്ഞാനമോ ‘ദ ഹൗണ്‍ഡ് ഓഫ് ബാസ്‌കര്‍ വില്‍സി’ ലെ കണ്ടുപിടിത്തങ്ങളോ വെളിപ്പെടുത്താന്‍ കഴിഞ്ഞില്ല. ഘോരതയോട് കടുത്ത ദാഹമുണ്ടായിരുന്നു അദ്ദേഹത്തിന്. ‘വസ്തുക്കള്‍ വേദനാജനകമാണെങ്കില്‍പ്പോലും’, അദ്ദേഹം പറയുന്നു, ”അവയുടെ ഏറ്റവും യഥാതഥമായ പ്രതിനിധാനങ്ങള്‍, ഉദാഹരണത്തിന് ഹീനജന്തുക്കളും ശവശരീരങ്ങളും, കലയില്‍ കാണുമ്പോള്‍ നാം ആഹ്ലാദചിത്തരാകുന്നു.” കാവ്യകലയെപ്പറ്റി എന്ന സാഹിത്യസിദ്ധാന്ത ഗ്രന്ഥത്തില്‍ അരിസ്റ്റോട്ടില്‍ നിര്‍ദ്ദേശിച്ച ദുരന്തനാടകത്തിന്റെ ആറു ഘടകങ്ങള്‍ (ഇതിവൃത്തം, കഥാപാത്രസ്വഭാവം, പദവിന്യാസം, വിചാരാംശം, ദൃശ്യവിന്യാസം, ഗാനാംശം) നൂറ്റാണ്ടുകള്‍ക്കുശേഷമുണ്ടായ അപസര്‍പ്പകകഥ എന്ന ജനുസ്സില്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഒന്നാംകിട കുറ്റാന്വേഷണ നോവലിസ്റ്റായ സെയേഴ്‌സ് തന്റെ ദീര്‍ഘമായ പ്രഭാഷണത്തില്‍ വാദിച്ചുറപ്പിച്ചു. കുറ്റാന്വേഷണകഥയെഴുതാന്‍ ശ്രമിക്കുന്ന എഴുത്തുകാര്‍ക്ക് pachakuthira dcbooksഏറ്റവും മികച്ച വഴികാട്ടിയും പാശ്ചാത്യ സാഹിത്യചിന്തയുടെ അടിസ്ഥാനഗ്രന്ഥമായ ‘പൊയറ്റിക്‌സ്’ ആണെന്നും സെയേഴ്‌സ് വാദിച്ചു.

തത്ത്വചിന്തകനും സാഹിത്യ സൈദ്ധാന്തികനും കലാചിന്തകനും പ്രഭാഷണ കലാപണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും ശാസ്ത്രജ്ഞനും നിയമജ്ഞനുമെല്ലാമായിരുന്ന അരിസ്റ്റോട്ടിലിന് ഒന്നാംകിട അപസര്‍പ്പകനാവാനുള്ള സര്‍വയോഗ്യതയുമുള്ളതുകൊണ്ട് പില്ക്കാലത്ത് ആ സാധ്യത അപസര്‍പ്പക സാഹിത്യത്തില്‍ നടപ്പാക്കാനാണ് മാര്‍ഗരറ്റ് ഡൂഡി ശ്രമിച്ചത്.  ഫെമിനിസ്റ്റ് സാഹിത്യനിരൂപകയും നോവല്‍ ചരിത്രകാരിയും (അവരുടെ ‘ദ ട്രൂ സ്റ്റോറി ഓഫ് ദ നോവല്‍’ പരമ്പരാഗത നോവല്‍ ചരിത്രങ്ങളെ വെല്ലുവിളിക്കുന്ന കൃതിയാണ്) അമേരിക്കയിലെ നോത്ര്ദാം യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലിഷ് സാഹിത്യ പ്രൊഫസറുമായ ഡൂഡിയുടെ ഒഴിവുകാല വിനോദമാണ് അരിസ്റ്റോട്ടിലിനെ അപസര്‍പ്പകനാക്കിയുള്ള ഹിസ്റ്റോറിക്കല്‍ ഡിറ്റക്ടീവ് നോവലുകള്‍. ‘അരിസ്റ്റോട്ടില്‍ ഡിറ്റക്ടീവ്’ (1978) എന്ന ആദ്യകൃതിക്കുശേഷം നിശബ്ദയായിരുന്ന ഡൂഡി 21-ാം നൂറ്റാണ്ടിന്റെ തുടക്കം തൊട്ട് തുടര്‍ച്ചയായി നോവലുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ‘അരിസ്റ്റോട്ടില്‍ ആന്‍ഡ് പൊയറ്റിക് ജസ്റ്റിസ്’ (2000), ‘അരിസ്റ്റോട്ടില്‍ ആന്‍ഡ് ദ മിസ്റ്ററി ഓഫ് ലൈഫ്’ (2002), ‘അരിസ്റ്റോട്ടില്‍ ആന്‍ഡ് ദ റിങ് ഓഫ് ബ്രോണ്‍സ്’ (2003), ‘പോയിസണ്‍ ഇന്‍ ആതെന്‍സ്’ (2004), ‘മിസ്റ്ററീസ് ഓഫ് എല്യൂസിസ്’ (2005), ‘അരിസ്റ്റോട്ടില്‍ ആന്‍ഡ് ഈജിപ്ഷ്യന്‍ മര്‍ഡേഴ്‌സ്’ (2010), ‘എ ക്ലൗഡി ഡേ ഇന്‍ ബാബിലോണ്‍’ (2013) എന്നിവയാണ് അരിസ്റ്റോട്ടില്‍ പരമ്പരയില്‍ ഇതുവരെ പ്രസിദ്ധീകരിച്ച നോവലുകള്‍. ‘അരിസ്റ്റോട്ടില്‍ ഡിറ്റക്ടീവും’ ‘അരിസ്റ്റോട്ടില്‍ ആന്‍ഡ് ദ പൊയറ്റിക് ജസ്റ്റിസു’ മാണ് കൂട്ടത്തില്‍ മികച്ചവ.

പ്ലേറ്റോയുടെ ശിഷ്യനായിരുന്ന അരിസ്റ്റോട്ടില്‍ ആതന്‍സുകാരനായിരുന്നില്ല. മാസിഡോണിയക്കാരനായിരുന്നതിനാല്‍ വിദേശിയെന്നു വിളിക്കപ്പെട്ടുവെങ്കിലും ആതന്‍സില്‍ അരിസ്റ്റോട്ടിലും ഒരു പാഠശാല സ്ഥാപിച്ചു– ലൈസിയം. ഗ്രന്ഥാലയവും പ്രകൃതിശാസ്ത്ര മ്യൂസിയവുമുണ്ടായിരുന്ന ലൈസിയത്തില്‍ തത്ത്വശാസ്ത്രം, ഗണിതം, രാഷ്ട്രമീമാംസ, സംഗീതം, സസ്യശാസ്ത്രം, വൈദ്യശാസ്ത്രം, ഭരണഘടന, നിയമം, പ്രഭാഷണകല തുടങ്ങിയവയെല്ലാം അരിസ്റ്റോട്ടില്‍ പഠിപ്പിച്ചു. പ്ലേറ്റോയുടെ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ പ്രഭുവംശീയരായിരുന്നെങ്കില്‍ ലൈസിയത്തിലെത്തിയവര്‍ ഭൂരിഭാഗവും മധ്യവര്‍ഗക്കാരായിരുന്നു. അരിസ്റ്റോട്ടിലിന് 53 വയസ്സുള്ളപ്പോഴാണ് മാര്‍ഗരറ്റ് ഡൂഡിയുടെ ‘അരിസ്റ്റോട്ടില്‍ ഡിറ്റക്ടീവി’ ലെ കഥ നടക്കുന്നത്. ലൈസിയത്തില്‍ അരിസ്റ്റോട്ടിലിന്റെ വിദ്യാര്‍ത്ഥിയായിരുന്നു നിക്കിയാര്‍ക്കോസിന്റെ മകന്‍ സ്റ്റിഫാനോസ്. പിതാവും പിതൃസഹോദരനും മരിച്ചതോടെ സ്റ്റിഫാനോസ് ഇപ്പോള്‍ കുടുംബനാഥനാണ്. അമ്മയെയും കുഞ്ഞനുജനെയും മാത്രമല്ല, പിതൃസഹോദരന്റെ വിധവ യൂഡോക്‌സിയയെയും വീട്ടിലെ ഭൃത്യരെയും അടിമകളെയുമെല്ലാം സംരക്ഷിക്കേണ്ട ചുമതല ഇരുപത്തിമൂന്നുകാരനായ സ്റ്റിഫാനോസിനാണ്. ആതന്‍സിനു പുറത്ത് താമസിക്കുന്ന യൂഡോക്‌സിയയ്ക്ക് ഒരു മകനുണ്ട്, സ്റ്റിഫാനോസിന്റെ സമപ്രായക്കാരനായ ഫിലിമോണ്‍.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  സെപ്റ്റംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബര്‍ ലക്കം ലഭ്യമാണ്‌

 

Comments are closed.