DCBOOKS
Malayalam News Literature Website

സാഹിത്യോത്സവങ്ങള്‍ പുസ്തകങ്ങളുടെ മാത്രമല്ല ചിന്തകളുടെ ഉത്സവം കൂടിയാണ്: ഹേമാലി സോധി

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ പുസ്തകങ്ങളുടെ ഉത്സവങ്ങള്‍ മാത്രമല്ല മറിച്ച് അവ ചിന്തകളുടെ ഉത്സവം കൂടിയാണെന്ന് പെന്‍ഗ്വിന്‍ ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റും ഫെസ്റ്റിവല്‍ അഡൈ്വസറുമായ ഹേമാലി സോധി. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ അഞ്ചാം പതിപ്പില്‍ ‘ആര്‍ ലിറ്റററി ഫെസ്റ്റിവല്‍സ് ഓവറേറ്റഡ്’ എന്ന സെഷനില്‍ സംസാരിക്കവെയാണ് ഹേമാലി സോധി തന്റെ അഭിപ്രായം പങ്കുവെച്ചത്. പ്രശസ്ത എഴുത്തുകാരായ അനില്‍ ധാര്‍കര്‍, അനന്ത് പദ്മനാഭന്‍, മീനാക്ഷി അലിംചാന്ദ്‌നി തുടങ്ങിയവര്‍ പങ്കെടുത്ത സെഷനില്‍ കെ. സച്ചിദാനന്ദന്‍ ആയിരുന്നു മോഡറേറ്റര്‍.

പ്രധാനമായും ലോകമൊട്ടാകെയുള്ള സാഹിത്യോത്സവങ്ങളെ കുറിച്ച് സംസാരിച്ച അതിഥികള്‍ തങ്ങളുടെ വിലയേറിയ അനുഭവങ്ങള്‍ സദസ്സുമായി പങ്കുവെച്ചു. എന്തിന് സാഹിത്യോത്സവങ്ങളില്‍ പങ്കെടുക്കുന്നു എന്ന സച്ചിദാനന്ദന്റെ ചോദ്യത്തിന് എല്ലാ അതിഥികളും, ഏറെ വര്‍ഷങ്ങളായി ആരാധിച്ചു കൊണ്ടിരിക്കുന്ന എഴുത്തുകാരനെ കാണാനായിരുന്നു എന്നായിരുന്നു മറുപടി. തന്റെ ഓരോ അഭിപ്രായങ്ങളിലും ചെറുകഥകള്‍ ചേര്‍ക്കാന്‍ മറക്കാതെ അനന്ത് പത്മനാഭന്‍ ഈ സെഷനിലൂടെ സദസ്സിനെ സജീവമാക്കി. സാഹിത്യോത്സവം നടത്തുന്നതിനുള്ള ബുദ്ധിമുട്ടുകളെകുറിച്ച് സംസാരിച്ച മീനാക്ഷി, അവസാന നിമിഷത്തില്‍ അതിഥികള്‍ പിന്മാറുന്നതില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും വിവരിച്ചു. ഇതിന് സച്ചിദാനന്ദന്‍ നല്‍കിയ മറുപടി കേരള സാഹിത്യോത്സവത്തിന്റെ ജനപങ്കാളിത്തത്തിന്റെ വിവരങ്ങള്‍ ആയിരുന്നു. മറ്റു സാഹിത്യോത്സവങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്തും അംഗീകരിക്കുന്ന ജനതയാണ് കേരളത്തിലെ ജനങ്ങള്‍ എന്നും കോഴിക്കോട്ടെ കടലിന് ജനങ്ങളെ ഒന്നിച്ചു ചേര്‍ക്കാനുള്ള കഴിവുണ്ടെന്നും പറഞ്ഞുകൊണ്ടാണ് സെഷന്‍ അവസാനിച്ചത്.

Comments are closed.