DCBOOKS
Malayalam News Literature Website

ആരാണു വന്നതെന്നറിയാന്‍ അയാള്‍ തിരിഞ്ഞു നോക്കി, പക്ഷേ…!

ആൽക്കെമിസ്റ്റിന്റെ രചയിതാവിൽനിന്ന് പ്രചോദനാത്മകമായ മറ്റൊരു കൃതികൂടി. ഒരു ജ്ഞാനിയിൽനിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന പൗലോ കൊയ്‌ലോയുടെ ഏറ്റവും പുതിയ പുസ്തകം ‘ആർച്ചർ‘ -ന്റെ പ്രീബുക്കിങ് തുടരുന്നു.
പുസ്തകത്തില്‍ നിന്നും

”തെത്‌സുയ.”

ആണ്‍കുട്ടി അപരിചിതനെ അമ്പരന്നു നോക്കി.

”ഈ പട്ടണത്തിലാരും തെത്‌സുയ ഒരു വില്ലു കൈയിലെടുക്കുന്നതൊരിക്കലും കണ്ടിട്ടില്ല,” അവന്‍ മറുപടി പറഞ്ഞു: ”ഇവിടെ എല്ലാവരും മരപ്പണിക്കാരനായാണ് അയാളെ അറിയുന്നത്.”

”ചിലപ്പോള്‍ അയാള്‍ ഉപേക്ഷിച്ചതാവാം, ചിലപ്പോള്‍ അയാള്‍ക്കു ധൈര്യമില്ലാതായതാവാം. അതൊന്നുമെനിക്ക് പ്രശ്‌നമല്ല,” അപരിചിതന്‍ ശഠിച്ചു: ”പക്ഷേ, അയാളുടെ വിദ്യ ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ രാജ്യത്തെ ഏറ്റവും അഗ്രഗണ്യനായ അമ്പെയ്ത്തുകാരനായി ഇനി അയാളെ പരിഗണിക്കാനാകില്ല. അതുകൊണ്ടാണ് ഇത്രയുംനാള്‍ ഞാന്‍ നടന്നത്. അയാളെ വെല്ലുവിളിക്കാനും അയാളിപ്പോള്‍ അര്‍ഹിക്കാത്ത യശസ്സിന് അന്ത്യം കുറിക്കാനും.”
തര്‍ക്കിച്ചിട്ടു കാര്യമില്ലെന്ന് കുട്ടിക്ക് മനസ്സിലായി; മരപ്പണിക്കാരന്റെ കടയിലേക്ക് അയാളെ കൂട്ടിക്കൊണ്ടു പോകുകയാണു നല്ലത്. തനിക്കു തെറ്റിയെന്ന് അയാള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് തിരിച്ചറിയട്ടെ.

Textതെത്‌സുയ തന്റെ വീടിനു പുറകിലെ പണിപ്പുരയിലായിരുന്നു. ആരാണു വന്നതെന്നറിയാന്‍ അയാള്‍ തിരിഞ്ഞു നോക്കി. പക്ഷേ, അപരിചിതന്റെ തോളിലുള്ള നീണ്ട സഞ്ചിയില്‍ കണ്ണുകളുടക്കിയപ്പോള്‍ അയാളുടെ പുഞ്ചിരി ഉറഞ്ഞുപോയി.

”നിങ്ങള്‍ കരുതുന്നതുതന്നെയാണ് ഇതിനുള്ളിലുള്ളത്,” അപരിചിതന്‍ പറഞ്ഞു: ”ഞാന്‍ ഇതിഹാസമായി മാറിയ ഒരുവനെ അവഹേളിക്കാനോ പ്രകോപിപ്പിക്കാനോ വന്നതല്ല. ഇത്രയും വര്‍ഷത്തെ പരിശീലനത്തിനുശേഷം എനിക്ക് പൂര്‍ണ്ണതയിലെത്താന്‍ കഴിഞ്ഞെന്ന് തെളിയിക്കുക മാത്രമാണ് എന്റെ ഉദ്ദേശ്യം.”

തെത്‌സുയ തന്റെ പണി തുടര്‍ന്നു; അയാള്‍ ഒരു മേശയ്ക്ക് കാലുകളുറപ്പിക്കുകയായിരുന്നു.

”ഒരു തലമുറയ്ക്കു മുഴുവന്‍ മാതൃകയായിരുന്ന ഒരാള്‍ക്ക് നിങ്ങള്‍ ചെയ്തതുപോലെ പെട്ടെന്ന് അപ്രത്യക്ഷനാകാന്‍ കഴിയില്ല,” അപരിചിതന്‍ തുടര്‍ന്നു: ”ഞാന്‍ നിങ്ങളുടെ പാഠങ്ങളാണ് പിന്തുടര്‍ന്നത്. ഞാന്‍ വില്ലിന്റെ വഴിയെ ബഹുമാനിക്കാന്‍ ശ്രമിച്ചു.

നിങ്ങള്‍ കാണ്‍കെ അമ്പെയ്യാനുള്ള അര്‍ഹത എനിക്കുണ്ട്. നിങ്ങളതു ചെയ്താല്‍ ഞാന്‍ പൊയ്‌ക്കൊള്ളാം. ഗുരുക്കന്മാരില്‍ ഏറ്റവും മഹാനായവനെ എവിടെ കണ്ടെത്താം എന്നു ഞാന്‍ ആരോടും പറയുകയുമില്ല.”

അപരിചിതന്‍ തന്റെ സഞ്ചിയില്‍നിന്ന് മിനുക്കിയ മുളകൊണ്ടുണ്ടാക്കിയ നീളമുള്ള, നടുഭാഗത്തിന് അല്പം താഴെയായി പിടിയുള്ള വില്ല് പുറത്തെടുത്തു. അയാള്‍ തെത്‌സുയയെ വണങ്ങി ഉദ്യാനത്തിലേക്കു നടന്നു. ഒരു പ്രത്യേക ദിശയിലേക്കു നോക്കി വീണ്ടും വണങ്ങി. പിന്നീടയാള്‍ പരുന്തുതൂവലുകള്‍ പിടിപ്പിച്ച അമ്പ് പുറത്തെടുത്തു, അമ്പെയ്യാന്‍ ഉറച്ചു നിലയെടുത്തു കാലുകള്‍ നിലത്ത് ആഴ്ത്തിനിന്നു, അയാള്‍ ഒരു കൈകൊണ്ട് വില്ല് മുഖത്തിനു നേരേ മുമ്പില്‍ കൊണ്ടുവന്നു. മറുകൈകൊണ്ടയാള്‍ അമ്പ് ലാക്കാക്കി.

അത്ഭുതവും ഉല്ലാസവും ചേര്‍ത്ത് കുട്ടി അതെല്ലാം നോക്കിനിന്നു. തെത്‌സുയ പണി നിര്‍ത്തി, അല്പം കൗതുകത്തോടെ അപരിചിതനെ നിരീക്ഷിച്ചു. അപരിചിതന്‍ അമ്പ് ഞാണിലുറപ്പിച്ചു വില്ലുയര്‍ത്തി നെഞ്ചിന്റെ പാതിനിലവരെയെത്തിച്ചു. വീണ്ടുമത് തലയ്ക്കു മുകളിലേക്കുയര്‍ത്തി, പതുക്കെ കൈകള്‍ വീണ്ടും താഴ്ത്തി, ഞാണു വലിക്കാന്‍ തുടങ്ങുകയും ചെയ്തു.അമ്പ് മുഖത്തിന്റെ നിരപ്പെത്തിയപ്പോഴേക്കും ഞാണ് കുലച്ചുകഴിഞ്ഞിരുന്നു. അനന്തകാലമെന്നു തോന്നിച്ച ഒരു നിമിഷത്തേക്ക് വില്ലും വില്ലാളിയും പൂര്‍ണ്ണമായും നിശ്ചലമായി. അമ്പ് ഉന്നം വെക്കുന്നതെവിടേക്കാണെന്ന് കുട്ടി നോക്കിയെങ്കിലും അവനൊന്നുംതന്നെ കാണാന്‍ കഴിഞ്ഞില്ല.

പെട്ടെന്ന് ഞാണില്‍ പിടിച്ച കൈ തുറക്കുകയും പുറകോട്ടു വലിയുകയും മറുകൈയിലെ വില്ല് മനോഹരമായ അര്‍ദ്ധവൃത്തം ചമയ്ക്കുകയും ചെയ്തു. അമ്പ് കാഴ്ചയില്‍നിന്നു മറഞ്ഞ് വിദൂരതയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.

”പോയി അതെടുത്തുകൊണ്ടുവാ.” തെത്‌സുയ പറഞ്ഞു. കുട്ടി അമ്പുമായി മടങ്ങിവന്നു. അത് തുളച്ചുകയറി ഒരു ചെറിപ്പഴം താഴെവീണു കിടന്നിരുന്നു, നാല്പതു വാരയകലെ.

തെത്‌സുയ വില്ലാളിയെ വണങ്ങി. അയാള്‍ പണിപ്പുരയുടെ ഒരു മൂലയിലേക്കു നടന്നു, മെലിഞ്ഞ മരക്കഷണം പോലെ തോന്നിച്ച എന്തോ ഒന്ന് അവിടെനിന്നു പൊക്കിയെടുത്തു. അത് നേര്‍ത്തു വളഞ്ഞതും നീളമുള്ള തുകല്‍ക്കഷണത്തില്‍ പൊതിഞ്ഞതുമായിരുന്നു. അയാള്‍ പതിയെ ആ തുകല്‍ അഴിച്ചെടുക്കുകയും അതിനുള്ളില്‍നിന്ന് അപരിചിതന്റെ വില്ലുപോലുള്ള മറ്റൊന്ന് പുറത്തെടുക്കുകയും ചെയ്തു. പക്ഷേ, അതു കൂടുതല്‍ ഉപയോഗിച്ചു പഴകിയതുപോലെ തോന്നി.

തുടര്‍ന്ന് വായിക്കാന്‍ ഇന്ന് തന്നെ പുസ്തകം പ്രീബുക്ക് ചെയ്യൂ

 

Comments are closed.