DCBOOKS
Malayalam News Literature Website

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന… ആസ്വാദകഹൃദയങ്ങള്‍ കീഴടക്കി അപര്‍ണ രാജീവിന്റെ സംഗീതനിശ

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാംപതിപ്പിന് മുന്നോടിയായി സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് ഗായികയും മഹാകവി ഒഎന്‍വി കുറുപ്പിന്റെ കൊച്ചുമകളുമായ അപര്‍ണ രാജീവ് അവതരിപ്പിച്ച സംഗീതനിശയില്‍ നിന്നും. ഒ.എന്‍.വി., പി ഭാസ്കരൻ, വയലാർ എന്നിവരുടെ വരികൾ അപര്‍ണ്ണയുടെ ശബ്ദത്തില്‍ ആസ്വാദകഹൃദയങ്ങള്‍ കീഴടക്കി….

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഏഴാംപതിപ്പിന് സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് ജനുവരി 11ന് തിരി തെളിയും. രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ്‌ റിയാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം ടി വാസുദേവൻ നായർ മുഖ്യ പ്രഭാഷണം നടത്തും. ഫെസ്റ്റിവൽ ഡയറക്ടർ കെ സച്ചിദാനന്ദൻ, മന്ത്രി കെ എൻ ബാലഗോപാൽ,കെ എൽ എഫ് സംഘാടകസമിതി ചെയർമാൻ എ പ്രദീപ്‌ കുമാർ, തുര്‍ക്കി അംബാസിഡര്‍ ഫിറാത് സുനേല്‍, കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ, ഡെപ്യൂട്ടി മേയർ സി പി മുസഫർ അഹമ്മദ്,  നടി ഷീല, എം മുകുന്ദൻ, കെ ആർ മീര, മല്ലിക സാരാഭായി, സ്നെഹിൽ കുമാർ ഐ എ എസ്, കെ  സേതുരാമൻ ഐപിഎസ്, ലിജീഷ് കുമാർ, ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുല്‍ ഹക്കീം എന്നിവർക്കൊപ്പം സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ഏഴ് വേദികളിലായി 250- ലധികം സെഷനുകൾ നടക്കും. ഇത്തവണ മുതല്‍ കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് കെഎല്‍എഫും ഉണ്ടായിരിക്കും. മനു ജോസ് ആണ് സികെഎല്‍എഫ് ക്യൂറേറ്റ് ചെയ്യുന്നത്. അശ്വതിയും ശ്രീകാന്തും ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘നൃത്തസാദരം എം ടി’, ടി എം കൃഷ്ണയും വിക്കു വിനായക്റാമും ചേർന്ന് നയിക്കുന്ന കര്‍ണ്ണാടിക് സംഗീതനിശ, റൂമിയുടെ ജന്മനാടായ കോന്യയിൽനിന്നെത്തുന്ന കലാകാരന്മാർ അവതരിപ്പിക്കുന്ന സൂഫി നൃത്തം, ചായ് മെറ്റ് ടോസ്റ്റ് ബാൻഡിന്റെ സംഗീതനിശ എന്നിവ ഉള്‍പ്പെടെ വിവിധ സാംസ്കാരിക പരിപാടികളും വ്യത്യസ്ത ദിവസങ്ങളിലായി അരങ്ങേറും. കൂടാതെ എല്ലാ ദിവസവും രാത്രി വിവിധ ഭാഷകളിലെ പ്രശസ്തചലച്ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും.

യുവ എഴുത്തുകാരെ കണ്ടെത്തുന്നതിലും അവരെ സാഹിത്യലോകത്തിന് പരിചയപ്പെടുത്തുന്നതിലും കെഎല്‍എഫ് എന്നും മുന്‍പന്തിയിലുണ്ട്. ഇതിന്റെ ഭാഗമായി എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും പ്രകൃതിയുമായി ചേര്‍ന്ന് നിന്നുകൊണ്ട് അവരുടെ സര്‍ഗാത്മകതയെ പരിപോഷിപ്പുക്കുന്നതിനായി വാഗമണില്‍ ഒരു റെസിഡന്‍സിയും ഡി സി ബുക്‌സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഫ്രാന്‍സ്, വെയ്ല്‍സ്, സ്‌കോട്ട്‌ലന്‍ഡ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിഭകള്‍ ഇതിനോടകം വാഗമണ്‍ റസിഡന്‍സിയുടെ ഭാഗമായിട്ടുണ്ട്.

കവി കെ സച്ചിദാനന്ദന്‍ ഫെസ്റ്റിവല്‍ ഡയറക്ടറും രവി ഡി സി ചീഫ് ഫെസിലിറ്റേറ്ററുമാണ്. ചെയര്‍മാന്‍ എ പ്രദീപ് കുമാറും ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുല്‍ ഹക്കീമും ഉള്‍പ്പെട്ടതാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘാടകസമിതി.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.