DCBOOKS
Malayalam News Literature Website

നാഗരികതയുടെ മുന്നേറ്റമാണ് ദലിത് വാദം

'അപരത്വ'ത്തെ രാഷ്ട്രീയമായും സൈദ്ധാന്തികമായും അഭിസംബോധന ചെയ്യുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണിത്.

ഡി സി ബുക്‌സിന്റെ 47-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ച 47 പുസ്തകങ്ങളില്‍ ഒന്നായ ‘അപരചിന്തനം‘ എന്ന പുസ്തകവുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ കെ.കെ.ബാബുരാജുമായി, പ്രകാശ് മാരാഹി നടത്തിയ അഭിമുഖം

തങ്ങളുടെ തനതുപൈതൃകവും സമാന്തരമായി കീഴാളജനത നേരിടുന്ന ജീവിതപ്രശ്‌നങ്ങളും സത്യസന്ധമായി തുറന്നെഴുതാനുള്ള ഒരു ആര്‍ജ്ജവം അപരചിന്തനം എന്ന പുതിയ പുസ്തകത്തില്‍ താങ്കള്‍ പ്രകടിപ്പിക്കുന്നുണ്ട്. വര്‍ത്തമാനകാല സങ്കീര്‍ണ്ണതകളും രചനാപരമായ സര്‍ഗ്ഗാത്മകതയും ഇതില്‍ ഒരു പോലെ തെളിയുന്നുണ്ട്. ‘അപരചിന്തന‘ത്തെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണമെന്താണ്?

ഭൂമി, തൊഴില്‍, പാര്‍പ്പിടം, വിദ്യാഭ്യാസം മുതലായ ജീവിതോപാധികള്‍ക്കു വേണ്ടി നിരന്തരം വാദിക്കുകയും തങ്ങളുടെ ഇല്ലായ്മകളെപ്പറ്റി ഏത് അവസരത്തിലും ഓര്‍ക്കുകയും മറ്റുള്ളരെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നതാണ് ദലിത് വാദം എന്ന പൊതുബോധമാണ് നിലനില്‍ക്കുന്നത്.  ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടവയാണെങ്കിലും ഇവയെ മാത്രം കേന്ദ്രീകരിച്ചുള്ള വ്യവഹാരമാണ് ദലിത് വാദമെന്നത് സാമാന്യവല്‍ക്കരണമാണ്. മാത്രമല്ല, ദലിത് വാദമെന്നത് സ്വത്വവാദ മാണെന്നും സവര്‍ണ്ണരോടും ഗാന്ധിസത്തോടും മാര്‍ക്‌സിസത്തോടുമുള്ള ‘വിരുദ്ധത’യാണ് അതിന്റെ നിര്‍ണായക സ്വഭാവമെന്നുമുള്ള പൊതുബോധവും നിലനില്‍ക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, ദലിത് വാദമെന്നത് കുറെ ഡിമാന്റുകളുടെയോ അല്ലെങ്കില്‍ അവകാശ പ്രഖ്യാപങ്ങളുടെയോ പ്രശ്‌നമല്ല. ആരോടെങ്കിലും ഉള്ള വിരുദ്ധതയുടെയോ അനുകൂലതയുടെയോ വിഷയവുമല്ല.

അമേരിക്കയിലും മറ്റു പാശ്ചാത്യ നാടുകളിലും കറുത്തവരുടെയും മറ്റ് അരികുവല്‍ക്കരിക്കപ്പെട്ടവരുടെയും  സമരങ്ങള്‍ക്കും അവരുടെ സാംസ്‌കാരിക രാഷ്ട്രീയ പ്രമേയങ്ങള്‍ക്കും മുഖ്യധാരയില്‍ ശ്രദ്ധ ഉണ്ടായപ്പോള്‍ വ്യവസ്ഥാപിത ശക്തികളില്‍നിന്നും കനത്ത എതിര്‍പ്പ് രൂപപ്പെട്ടു. ഈ അവസരത്തില്‍, സി. എല്‍.ആര്‍. ജെയിംസ് എന്ന സാമൂഹിക ചിന്തകന്‍ പറഞ്ഞത്, ‘കറുത്തവരുടെ പുതുകാല മുന്നേറ്റങ്ങളെ കാണേണ്ടത് നാഗരികതയുടെ മുന്നോട്ടുപോക്കുമായി കണ്ണിചേര്‍ത്താണ്’ എന്നാണ്. സമാനമായവിധത്തില്‍ കേരളത്തിലെ ദലിത് വാദങ്ങളെ വെറും സ്വത്വവാദമായോ സവര്‍ണ്ണ വിരുദ്ധതയായോ ഭൂതകാല Textപീഡനങ്ങളായോ വര്‍ത്തമാനകാല ദാരിദ്ര്യത്തിന്റെ കേവലപ്രതിപാദങ്ങളായോ കാണാന്‍ കഴിയില്ല. മറിച്ച്, നാഗരികതയുടെ മുന്നോട്ടുപോക്കാണ് അതിനെ തൃഷ്ണാഭരിതവും ജീവിത പ്രലോഭനം നിറഞ്ഞതുമാക്കുന്നത്. അത് ദലിതരെ മാത്രം ഉള്‍ക്കൊള്ളുന്നതുമല്ല.

സമകാലിക രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെ ഈ കൃതി എങ്ങനെയെല്ലാമാണ് അഭിസംബോധന ചെയ്യുന്നത്?

‘അപരത്വ’ത്തെ രാഷ്ട്രീയമായും സൈദ്ധാന്തികമായും അഭിസംബോധന ചെയ്യുന്ന മലയാളത്തിലെ ആദ്യ പുസ്തകമാണിത്.

ആധുനികാനന്തരകാലത്ത് ‘അപരം’ എന്ന അവസ്ഥയെപ്പറ്റിയുള്ള ഉള്‍ക്കാഴ്ചകള്‍ ലോകമെമ്പാടും രൂപപ്പെട്ടിട്ടുണ്ട്. അദൃശ്യരും നിഴലില്‍ നില്‍ക്കുന്നവരുമായി കണക്കാക്കപ്പെട്ടിരുന്ന ജനതകളുടെ ജീവിതസമരങ്ങളും സാമൂഹിക ചലനങ്ങളും ഇത്തരം പുതുവീക്ഷണങ്ങള്‍ക്ക് അടിത്തറയിട്ടു. ഈ പശ്ചാത്തലത്തില്‍, കേരളത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടക്കുന്ന അരികുവല്‍ക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയ മുന്നേറ്റങ്ങളിലും സൈദ്ധാന്തിക സംവാദങ്ങളിലും വിമര്‍ശന നിലപാടുകളിലും സജീവമായി പങ്കെടുത്തതിന്റെ ഫലമായി എഴുതിയ അനുഭവക്കുറിപ്പുകളും വിശകലനങ്ങളും വിലയിരുത്തലുകളുമാണ് ഈ പുസ്തകത്തിലുള്ളത്.

അനുഭവം, സംവാദം, ഇടപെടല്‍ എന്നീ മൂന്നു ഭാഗങ്ങളുള്ള ഈ പുസ്തകത്തില്‍ മുപ്പത് പഠന/ലേഖനങ്ങളുണ്ട്. കീഴാള- സ്ത്രീവാദങ്ങളെയും മുസ്‌ലിം അപരത്വത്തെയും പറ്റിയുള്ള പുതിയ അന്വേഷണങ്ങളും ഇതിലുണ്ട്. സൈദ്ധാന്തികവും സാഹിത്യപരവുമായി മുഖ്യധാരയില്‍തന്നെ ചലനം ഉണ്ടാക്കാന്‍ ശേഷിയുള്ള ഭാഷയാണ് ഈ പുസ്തകത്തിന്റേതെന്നും കരുതുന്നു.

കീഴാളരുടെ അവകാശസംരക്ഷണത്തിനു പൊരുതുമ്പോള്‍ത്തന്നെ ഒരുമിച്ചുനില്‍ക്കേണ്ട പല വിഷയങ്ങളിലും ദലിത്-പിന്നാക്ക സംഘടനകള്‍ ഏറെയും വിഘടിച്ചുനില്‍ക്കുകയോ പ്രശ്‌നാധിഷ്ഠിതമായി ഇടപെടേണ്ട പല സമരങ്ങളില്‍നിന്നും മാറിനില്‍ക്കുകയോ ചെയ്യുന്ന കാഴ്ച കേരളസമൂഹത്തിന് എന്തു സന്ദേശമാണ് നല്‍കുന്നത്? അക്കാര്യത്തില്‍ താങ്കളുടെ നിലപാടെന്താണ്?

കീഴാളര്‍ എന്നതിനു ചിതറിയവര്‍ എന്ന അര്‍ത്ഥവും കൂടെയുണ്ടല്ലോ. ബ്രാഹ്മണ്യത്താലും മുതലാളിത്തം അടക്കമുള്ള മേധാവിത്വങ്ങളാലും നിരന്തരമായി വിഭജിക്കപ്പെടുന്ന വരും പുറന്തള്ളപ്പെടുന്നവരുമാണ് ദലിതരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും. അവരുടെ ഐക്യമെന്നത് അത്യാവശ്യമാണെങ്കിലും, അതെപ്പോഴും പ്രശ്‌ന സങ്കീര്‍ണമാണ്. അതിനെപ്പറ്റി ഗെയ്ല്‍ ഓം വേദ് പറഞ്ഞത്, സമൂഹത്തിലെ മേധാവിത്വ ശക്തികള്‍ എപ്പോഴും ഐക്യത്തിലാണ്, സമവായത്തിലാണ്. പണ്ടുമുതലേ നിലനില്‍ക്കുന്ന അധികാരംമൂലം അവര്‍ക്ക് ഏകീകരിക്കാന്‍ മാത്രമല്ല, തങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതോ കുറയ്ക്കുന്നതോ ആയ ഏതു വിഷയത്തിലും നിലപാട് എടുക്കാനും പറ്റുന്നു. ഇതേ സമയം കീഴാളരെ സംബന്ധിച്ചിടത്തോളം, ഐക്യമെന്നത് ഇനിയും സംഭവിക്കേണ്ട വിഷയമാണ്. അതിനു വേണ്ട സഹവര്‍ത്തിത്വ ചിന്തകളും സാഹോദര്യ ദര്‍ശനങ്ങളുമാണ് സമകാലീന ദലിത് വാദങ്ങള്‍ മുന്നോട്ടു വെക്കുന്നത്. മറ്റൊരു കാര്യം പറയാനുള്ളത് രാഷ്ട്രം, ജനാധിപത്യം, സാംസ്‌കാരിക അവബോധം മുതലായ മണ്ഡലങ്ങളില്‍ കീഴാളര്‍ അദൃശ്യര്‍ അല്ലെന്നതാണ്. അവരുടെ സാന്നിധ്യവും സമരങ്ങളുമാണ് മേല്‍പ്പറഞ്ഞ ആധുനിക വിഷയങ്ങളെ നിര്‍മ്മിച്ചതുതന്നെ. ഇന്നു ഹിന്ദുത്വ ഫാഷി സത്തെ പ്രതിരോധിക്കുന്ന മുഖ്യ ശക്തിയും ദലിത് പിന്നോക്ക ജനതകളും ന്യൂനപക്ഷങ്ങളും സ്ത്രീകളുംതന്നെയാണല്ലോ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.