DCBOOKS
Malayalam News Literature Website

വി ജെ ജയിംസിന്റെ ‘ആന്റിക്ലോക്ക്’ എന്ന നോവലിന് വിജയകുമാര്‍ കെ എഴുതിയ വായനാനുഭവം

Make good use of time that is given, while each hour adds to life. And with each pendulum swing you will be closer to your last resting place– അതൊരു അനശ്വരസത്യമാണ്. ആ സത്യത്തെ കാവ്യാത്മകമായി ആവിഷ്‌കരിക്കുന്ന ആഖ്യായികയാണ് വി.ജെ. ജയിംസിന്റെ ആന്റിക്ലോക്ക് എന്ന പുതിയ രചന. കാലത്തിന്റെ ഓരോ സ്പന്ദനത്തിലും മനുഷ്യനു നഷ്ടമാകുന്നത് തന്റെ ജീവിതത്തിലെ ഒരു നിമിഷം വീതമാണെന്ന് അവന്‍ തിരിച്ചറിയുന്നില്ല. ഈ ആശയത്തെ, ജീവിതത്തിന്റെ നശ്വരതയെ കാവ്യകാലം മുതല്‍തന്നെ സാഹിത്യത്തിലൂടെ പലതരത്തില്‍ ആസ്വാദകമനസ്സിലേക്ക് പകരാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ആന്റിക്ലോക്കില്‍ സമയഗതിയെ എപ്പോഴും നേരേപിടിച്ചു നടത്താന്‍ ബദ്ധശ്രദ്ധനായി ക്ലോക്ക് നന്നാക്കുന്ന ഒരാളും ജീവിതാന്ത്യത്തില്‍ ജീവന്‍ വെടിഞ്ഞ ദേഹത്തിനു സംരക്ഷണമൊരുക്കുന്ന മയ്യപ്പെട്ടിയുണ്ടാക്കുന്ന ഒരാളും ചേര്‍ന്നാണ് കഥാകഥാനത്തിനു വഴിയൊരുക്കുന്നത് എന്നത് ഈ കൃതിയെ വേറിട്ടതാക്കുന്നു. ഒരു പ്രതികാരത്തിന്റെ കഥയാണ് ആന്റിക്ലോക്ക് എന്നു പറഞ്ഞാല്‍ അതു കഥയെ വല്ലാതെ ചുരുക്കിക്കളയുകയായിരിക്കും എന്നു തോന്നുന്നു. എങ്കിലും ആദിനാട്ടിലെ രണ്ടു ശവപ്പെട്ടി നിര്‍മ്മാതാക്കാളില്‍ ഒരാളായ ഇന്‍ട്രിയുടെ മനസ്സിലെ, കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന കൊടിയ പ്രതികാരമാണ് കഥയുടെ കാതല്‍ എന്നാല്‍ ഇത് നോവലിന്റെ ആഖ്യാനത്തിലെ ചില സൂചനകളില്‍മാത്രം അവിടവിടെ പ്രത്യക്ഷമാകുകയും ബാക്കിസമയങ്ങളില്‍ ലീനമായി അതിനോടു ചേര്‍ന്നുകിടക്കുകയും ചെയ്യുന്നു. സ്ഥലത്തെ പ്രധാന ധനാഢ്യനും നാട്ടിലെ പാറകള്‍ മുഴുവന്‍ തുരുന്നെടുക്കുന്നവനുമായ ലോപ്പസ്, ഇന്‍ട്രിയുടെ ഭാഷയില്‍ സാത്താന്‍ ലോപ്പസ, ആണ് തന്റെ ഭീമാകാരനായ നായ ഹിറ്റ്‌ലറിലൂടെയും അടങ്ങാത്ത ലൈംഗികദാഹത്തോടെയും ഇന്‍ട്രിയെ പേടിപ്പെടുത്തി സദാ പിന്നാലെ കൂടുന്നത്. അയാളുടെ മണ്ണെടുപ്പിന്റെ ഫലമായി മണ്ണിലെ പിടിവിട്ട് കടപുഴകിയ പുളിമരത്തിനടിയില്‍പ്പെട്ട് പ്രിയ ബിയാട്രീസും മക്കളും ഇന്‍ട്രിതന്നെ പണിതീര്‍ത്ത ശവപ്പെട്ടിയില്‍ അടക്കപ്പെട്ടതോടെ ഈ പക വര്‍ദ്ധമാനമായി.

നൂറ്റിപ്പന്ത്രണ്ടണ്ട് വയസ്സ് കഴിഞ്ഞിട്ടുംനിലയ്ക്കാത്ത ക്ലോക്കുപോലെ സമയരഥത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന വാച്ച് നന്നാക്കുകാരന്‍ പണ്ഡിറ്റാണ് ആന്റിക്ലോക്കിലെ മറ്റൊരു പ്രധാനകഥാപാത്രം. നോവലിന്റെ വികാസഗതിയില്‍ അതിനിര്‍ണ്ണായകമായൊരു പങ്ക് വഹിക്കുകയും പുസ്തകത്തിന്റെ തലക്കെട്ടിനുതന്നെ കാരണമാകുകയും ചെയ്യുന്ന ആന്റിക്ലോക്ക് നിര്‍മ്മിക്കുന്നത് പണ്ഡിറ്റാണ്. പഴഞ്ചനെന്നോ കാലഹരണപ്പെട്ടതെന്നോ ഒക്കെ സമകാലിക സമൂഹം കരുതുന്നതും എന്നാല്‍ ജീവിതപരിചയവും യുക്തിയും ഉപയോഗിച്ച് സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ നടത്താനുള്ള മുതിര്‍ന്ന വ്യക്തികളുടെ കഴിവിനെക്കൂടി അടയാളപ്പെടുത്തുന്നിടത്താണ് പണ്ഡിറ്റിന്റെ പ്രസക്തി. ലോപ്പസിന്റെ പ്രവാസിയായ മകന്‍ തന്റെ ജര്‍മ്മന്‍കാരിയായ പത്‌നിയോടൊപ്പം നാട്ടിലെത്തുന്നിടം മുതലാണ് കഥ ചടുലമാകുന്നത്.

കേരളീയരെപ്പോലെ സാരിയുടുക്കുവാന്‍ ആശിച്ച മദാമ്മയെ സാരിയുടുപ്പിക്കാന്‍ ഇന്‍ട്രിയുടെ മയ്യപ്പെട്ടിക്കടയുടെ തൊട്ടടുത്തമുറിയിലെ ശശാങ്കന്റെ തയ്യല്‍ക്കടയിലെ ശാരിയെയാണ് കണ്ടെണ്ടത്തുന്നത്. ഇന്‍ട്രിയുടെ അടുത്തസുഹൃത്തും ലോപ്പസിന്റെ ഡ്രൈവറും അതിലെല്ലാമുപരിശാരിയുടെ കാമുകനുമായ ഡേവിഡാണ് ഈ തിരഞ്ഞെടുപ്പിനു പിന്നിലെ ശക്തി. എന്നാല്‍ അത് ഇന്‍ട്രിയുടെ മനസ്സിനെ സമകാലിക ലോകത്തിലെ പെണ്‍കുട്ടികളുടെ പിതാക്കന്മാരെപ്പോലെ, ആശങ്കാകലുഷിതമാക്കുകയാണ്. സ്ത്രീപീഡനങ്ങളും പാരിസ്ഥിതികമായ കൈയേറ്റങ്ങളും വ്യവസ്ഥിതികളെ തകര്‍ക്കുന്ന സമൂഹവും അനുദിനം മുന്നോട്ടുപോകവെ, ഇന്‍ട്രിയുടെ ആപച്ഛങ്കകളെ ശരിവയ്ക്കുന്ന വിധമാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൗശലവും ശക്തിയുമേറിയ ശത്രുക്കളെ നേരിടുമ്പോള്‍ ദുര്‍ബലര്‍ പുലര്‍ത്തേണ്ട മുന്‍കരുതലുകളും തയ്യാറെടുപ്പുകളും അനുഭവപരിജ്ഞാനത്തിലൂടെയേ സൃഷ്ടിക്കാനാകൂ എന്ന് നോവലിസ്റ്റ് പറയാതെ പറഞ്ഞിരിക്കുന്നു. ആന്റിക്ലോക്ക് സമകാലികസമൂഹത്തിനു നല്‍കുന്ന ഒരു ജാഗ്രതാനിര്‍ദേശമാണ്. ഗതിവേഗവും ചലനപഥവും നഷ്ടപ്പെടാതെതന്നെ കാലമാകുന്ന ക്ലോക്കിനെ നമുക്ക് മുന്നോട്ട് നയിച്ചേ മതിയാകൂ എന്ന നിര്‍ദേശമാണ് ഈ നോവല്‍ മുന്നോട്ടു വയ്ക്കുന്നത്.

പുറപ്പാടിന്റെപുസ്തകവും  ചോരശാസ്ത്രവും ദത്താപഹാരവും ലെയ്ക്കയും ഒറ്റക്കാലന്‍കാക്കയും  നിരീശ്വരനും ഒക്കെ സൃഷ്ടിച്ച വി.ജെ. ജയിംസിന്റെ തൂലികയില്‍ നിന്നും നമുക്കു ലഭിക്കുന്ന മറ്റൊരു മികച്ചസൃഷ്ടിയാണ് ആന്റിക്ലോക്ക്. മനുഷ്യന്റെ നശ്വരതയിലും അനന്തപ്രപഞ്ചത്തിലെ തുച്ഛമായ ഉടലളവുകളിലും തളച്ചിടപ്പെട്ടിരിക്കുന്ന അവന്‍ സ്വയം തിരിച്ചറിയപ്പെടാത്തതെന്തുകൊണ്ടാണ്? ദിവസവും ബൈബിള്‍ വായിക്കുന്ന ഇന്‍ട്രിയുടെ പ്രതീകമായി എല്ലാ അധ്യായവും ഓരോ ബൈബിള്‍ ഉദ്ധരണികളിലാണ് ആരംഭിച്ചിരിക്കുന്നത്. അതുപോലെതന്നെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള വ്യത്യസ്തമായ ഒട്ടേറെ ചിന്തകളും ഈ നോവലില്‍ നിരന്തരം ദൃശ്യമാണ്. ജീവിതത്തെക്കുറിച്ചുള്ള നിറംപിടിപ്പിക്കാത്ത കാഴ്ചകളും അനുഭവങ്ങളും വി. ജെ. ജയിംസിന്റെ രചനകളെ എപ്പോഴും വ്യത്യസ്തമായൊരു തലത്തില്‍ നിര്‍ത്തുന്ന ഘടകങ്ങളിലൊന്നാണ്. ഇവിടെയും ദേഹി ഉപേക്ഷിച്ച ദേഹത്തിനായി പെട്ടികൂട്ടുമ്പോഴും ഇന്‍ട്രിയുടെ മനസ്സിലെപ്പോഴും ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളാണ്, ചിലപ്പോള്‍ അതു തന്റെ ജീവിതത്തെക്കുറിച്ചാണെങ്കില്‍ അതാണ് ഡേവിഡിനാല്‍ കൊല്ലപ്പെട്ടു എന്നുകരുതിയ ലോപ്പസ് തിരികെ വരുമ്പോള്‍ ഡേവിഡിനെ അയളില്‍നിന്നും രക്ഷപ്പെടുത്താനുള്ള വ്യഗ്രതയില്‍ സ്വന്തം ജീവന്‍ പോലും ബലികൊടുക്കാനൊരുങ്ങുന്നത് ആ പ്രത്യാശകളെ ജീവസ്സുറ്റതാക്കിനിര്‍ത്താനായിട്ടാണ്. അഥവാ സഫലമാക്കേണ്ട മനുഷ്യജീവിതത്തെ വ്യര്‍ത്ഥമാക്കരുതേ എന്ന സാഹിത്യപ്രാര്‍ത്ഥനയാണ് ആന്റിക്ലോക്ക്..

പുസ്തകത്തിന്റെ ഇ ബുക്കു ലഭ്യമാണ്.

Comments are closed.