DCBOOKS
Malayalam News Literature Website

മലബാര്‍ കലാപത്തെ വരച്ചിടുന്ന ‘അന്തിമഹാകാലം’

മലബാർ കലാപത്തെ ചരിത്ര പശ്ചാത്തലത്തിലൂടെ ആവിഷ്കരിക്കുന്ന കെ.ജി.രഘുനാഥ് എഴുതിയ നോവൽ ‘അന്തിമഹാകാല- ത്തെക്കുറിച്ച് ഹരീന്ദ്രനാഥ് എ എസ് പങ്കുവെച്ച കുറിപ്പ്.

മലബാര്‍ കലാപം എന്ന പേരില്‍ അറിയപ്പെടുന്ന 1921ലെ പ്രക്ഷോഭത്തിനു നേതൃത്വം കൊടുത്ത വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാരാല്‍ കൊല്ലപ്പെട്ടിട്ട് ഒരു നൂറ്റാണ്ട് പിന്നിട്ടു.

വാരിയംകുന്നനോളം ഒരുപക്ഷേ മറ്റൊരു വ്യക്തിയുടെയും ജീവിതത്തിന്റെ നന്മതിന്മകളുടെ ബാലന്‍സ് ഷീറ്റ് ടാലി ആക്കാനാവാതെ കേരള പൊതുസമൂഹം ഇത്രയേറെ കുഴങ്ങിയിട്ടുണ്ടാവില്ല.
ഈ പ്രക്ഷോഭം ഇതിവൃത്തമാക്കി കെ ജി രഘുനാഥ് എഴുതിയ ‘അന്തിമഹാകാലം’ എന്ന നോവല്‍ ഒരു ചരിത്ര നോവല്‍ എന്നതിലുപരി പുസ്തകം പറയുന്ന ആശയങ്ങള്‍ക്ക് ഏറെ സമകാലിക പ്രസക്തിയുണ്ട്.

1921ലെ പ്രക്ഷോഭം എക്കാലവും വലിയ സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും തിരി കൊടുത്തിട്ടുള്ള ഒന്നാണ്. ഇതുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട ചരിത്രപുസ്തകങ്ങളില്‍ ഉള്‍പ്പെടെ ഈ അഭിപ്രായഭിന്നതകള്‍ കാണാവുന്നതാണ്.

കുമാരനാശാന്റെ ദുരവസ്ഥ, ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും, തകഴിയുടെ കയര്‍ ഉള്‍പ്പെടെ അനവധി സാഹിത്യകൃതികളും 1921 എന്ന പേരില്‍ തന്നെ ഐ വി ശശി- ടി ദാമോദരന്‍ കൂട്ടുകെട്ടിലിറങ്ങിയ ചലച്ചിത്രവും ഉള്‍പ്പെടെയുള്ള സര്‍ഗസൃഷ്ടികളും ഈ ചരിത്ര സംഭവത്തില്‍ Textനിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടിട്ടുണ്ട് . ആ ശ്രേണിയിലേക്കാണ് ‘അന്തിമഹാകാലം’ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്.

മലബാര്‍ കലാപവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സര്‍ഗ്ഗസൃഷ്ടികളും പലപ്പോഴും ആ സംഭവത്തെ സമഗ്രമായി വിലയിരുത്തുന്നതില്‍ പിന്നോക്കം പോയിട്ടുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ആ ന്യൂനത മറികടക്കുവാനുള്ള ആത്മാര്‍ത്ഥമായ ശ്രമം നടത്തി എന്നതാണ് ഈ നോവലിന്റെ ഏറ്റവും വലിയ പ്രസക്തി. വ്യത്യസ്ത വീക്ഷണ കോണുകളില്‍ നിന്ന് കലാപകാലത്തെ നോക്കിക്കാണുക എന്ന തന്ത്രമാണ് നോവലിസ്റ്റ് ഉപയോഗിച്ചിട്ടുള്ളത്. ജന്മി വിഭാഗത്തിന്റെയും ഖിലാഫത്ത് പോരാളികളുടെയും പോലീസ് പിടിയിലായി കൊടിയ പീഡനങ്ങള്‍ സഹിക്കേണ്ടിവന്ന വരുടെയും അക്കാദമിക് ചരിത്രകാരന്മാരുടെയും ആഖ്യാനങ്ങള്‍ വ്യത്യസ്തമായി തന്നെ നോവലില്‍ അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. കലാപകാലത്ത് ഇവരെല്ലാം വ്യത്യസ്ത ചേരികളില്‍ നിന്ന് പരസ്പരം പോരടിച്ചവരായിരുന്നെങ്കിലും അത്യന്തികമായി ഇവരെല്ലാം ചരിത്രത്തിന്റെ ഇരകളായിരുന്നു എന്ന് നോവല്‍ വ്യക്തമാക്കുന്നു.

കലാപകാരികള്‍ ഇല്ലം കത്തിച്ചപ്പോള്‍ സ്വന്തം ജീവനും കൊണ്ട് ഓടി ചാത്തന്റെ കുടിയില്‍ അഭയം തേടി പിന്നീട് ചാത്തനോടൊപ്പം ജീവിതം നയിച്ച ആശാന്റെ ദുരവസ്ഥയിലെ സാവിത്രിക്കുട്ടിയും ചരിത്രത്തില്‍ ഗവേഷണം നടത്തുന്ന അവരുടെ പേരക്കുട്ടി കൃഷ്‌ണേന്ദുവും നോവലിലെ പ്രധാന കഥാപാത്രങ്ങളാണ്. കൃഷ്‌ണേന്ദുവിന്റെ ഗവേഷണ ഗൈഡ് നാരായണന്‍ മാഷുടെ കീഴില്‍ ഗവേഷണം നടത്തുന്ന, നിലമ്പൂരില്‍ സേവനമനുഷ്ഠിച്ച് മരിച്ചുപോയ ഡങ്കന്‍ സായിപ്പിന്റെ പൗത്രന്‍ ഇവാന്‍സും ഖിലാഫത്ത് പോരാളി കൊളക്കാടന്‍ കുഞ്ഞായിയും അദ്ദേഹത്തിന്റെ പിന്മുറക്കാരന്‍ പുരോഗമന വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ റഷീദ്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്നിട്ടും കള്ളക്കേസില്‍ കുടുങ്ങി ബ്രിട്ടീഷ് ജയിലിലെ കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന ബ്രഹ്മദത്തന്‍ നമ്പൂതിരി തുടങ്ങിയവരുടെ വീക്ഷണകോണിലൂടെ മലബാര്‍ കലാപത്തെ വരച്ചിടുകയാണ് അന്തിമഹാകാലം.

മലബാര്‍ കലാപത്തിന്റെ ദുരന്തങ്ങളിലൂടെ കടന്നുപോയ ഒന്നാം തലമുറയുടെ അനുഭവങ്ങളെ ഉദ്യോഗജനകമായ കഥകളായി ഏറ്റുവാങ്ങി അക്കാദമിക് ചരിത്രത്തിന്റെയും സ്വന്തം യുക്തിയുടെയും ഫില്‍റ്ററിലൂടെ കടത്തിവിട്ട് കൂടുതല്‍ യാഥാര്‍ഥ്യബോധത്തോടെ വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുകയാണ് കൃഷ്‌ണേന്ദുവും ഇവാന്‍സും റഷീദും ചേരുന്ന മൂന്നാം തലമുറ.

സാവിത്രിക്കുട്ടിയുടെയും കൊളക്കാടന്‍ കുഞ്ഞായിയുടെയും പിന്മുറക്കാരായ കൃഷ്‌ണേന്ദുവും റഷീദും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുബോള്‍ ചരിത്രം ഒരു തെറ്റിനെ തലമുറകള്‍ക്കിപ്പുറം ജീവിതംകൊണ്ട് തിരുത്തുകയാണ്.

ജാതിയുടെയും ഉച്ചനീചത്വങ്ങളുടെയും മതില്‍ക്കെട്ടുകള്‍ പൊളിച്ച് സനാതനമായ ഹിന്ദു സമൂഹത്തിന്റെ സാക്ഷാത്കാരമായിരുന്നു ദുരവസ്ഥയിലൂടെ ആശാന്‍ ലക്ഷ്യമിട്ടിരുന്നതെങ്കില്‍ എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കുന്ന മാനവ സ്‌നേഹമെന്ന അനുബന്ധമാണ് മലയാളസാഹിത്യത്തിന് കെജി രഘുനാഥ് നല്‍കുന്നത്.
ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 312 പേജുള്ള ‘അന്തിമഹാകാലം’ ഒരു സിനിമാ തിരക്കഥ പോലെ ദൃശ്യ സമ്പുഷ്ടവും അവസാന പേജു വരെ ഒരേ ഒഴുക്കില്‍ വായനക്കാരനെ നയിക്കുന്നുമുണ്ട്.

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.