DCBOOKS
Malayalam News Literature Website

അതിസങ്കീര്‍ണ്ണമായ വിഷയങ്ങളുടെ ഗൗരവാഖ്യാനം

അസീം താന്നിമൂടിന്റെ “അന്നുകണ്ട കിളിയുടെ മട്ട്” എന്ന പുസ്തകത്തിന്  പി കെ സുധി എഴുതിയ വായനാനുഭവം

എഴുത്ത്, വായന എന്നീ പ്രമേയങ്ങള്‍ സര്‍ഗ്ഗപ്രവര്‍ത്തനങ്ങളിലെ ഉന്മാദത്തെയാണ് കാട്ടിത്തരുന്നത്.അപരനെ ദര്‍ശിക്കുന്നതു കൂടിയാണ് വായന.സമാഹാരത്തിലെ’വായന’ എന്ന കവിതയെ അപ്രകാരം നിരീക്ഷിക്കാം. ‘നാനാവിധത്തില്‍ ലിപിക/,ളവ്യക്തത/പേറും പദങ്ങള്‍, വരികള്‍…/നിന്നെ വായിക്കുവാ/നാകാതെയെന്നില്‍ നി/ന്നെങ്ങോ ഞാനൂര്‍ന്നുപോയിട്ടും..” (വായന) അതിനിടയിലും പൂര്‍ണ്ണതയിലേയ്ക്കുള്ള പ്രയാണത്തില്‍ താന്‍ തോല്‍ക്കുന്നത് കവി തിരിച്ചറിയുന്നു.ഈ പരാജയപ്പേടി രചനകളുടെ ഉള്‍ജീവിതത്തില്‍ പലഭാഗങ്ങളിലായി തെളിഞ്ഞു വരുന്നു.പ്രയത്നങ്ങള്‍ പൂര്‍ണ്ണമാക്കാന്‍ ഭ്രാന്തുപിടിച്ചോടുന്ന കവിയെ ഭയപ്പെടുത്തുന്നതും ഒരുതരത്തിലുള്ള പരാജയപ്പേടിയാണ്.”കൂരിരുളപ്പടിമാഞ്ഞു../ഇന്നു വായിക്കുന്നു/നിന്നെ ഞാനിന്ദ്രിയ/മെല്ലൊം തുറന്നുയിര്‍ക്കൊണ്ട്.”ഇവിടെയാണെങ്കിലോ ഭാവിപ്രതീക്ഷകള്‍ പൂര്‍ണ്ണത തേടുന്നതില്‍ വിജയം കണ്ടെത്തുകയും ചെയ്യുന്നു. ‘മഴയുടെ കൃതികളി’ല്‍ കവി ആദിപ്രപഞ്ചത്തെ കുറിച്ചുള്ള ചിന്തകളില്‍ മുഴുകുന്നു.പ്രാകൃത കൈപ്പടയിലുള്ള ലിപിയുടെ ശക്തിയെ കുറിച്ച് ആശങ്കപ്പെടുന്നു. മഴ, വെറി എന്നിവ ഈ കവിതയില്‍ ദ്വന്ദഭാവം ചമയ്ക്കുന്നതിന്റെ സൗന്ദര്യം മനസ്സില്‍ ഓളമാകും.

പ്രകടരീതിയില്‍ പ്രണയത്തിന്റെ തിരനോട്ടം ഈ സമാഹാരത്തിലെ കവിതകളില്‍ അപൂര്‍വ്വമാണ്. ‘1310’ ല്‍ അന്ത്രുമാന്റെ മകള്‍ക്കും അതേ സംഖ്യ മാന്ത്രിക സംഖ്യയാകുന്നു. അതിന്റെ ഗുണിതങ്ങള്‍ എംബ്രോയിഡറിയായി അവള്‍ തുന്നിനീര്‍ത്തുന്നു. ഇതേരീതിയില്‍ കൂര്‍പ്പിലും പ്രണയം പ്രത്യക്ഷമാകുന്നത് Textനാനാവികാരങ്ങള്‍ സ്നേഹനൂലാല്‍ ആകര്‍ഷക രൂപങ്ങളാക്കി മാറ്റുന്ന എംബ്രോയിഡറി എന്ന കലാവൈഭവത്തെ കൂട്ടുപിടിച്ചാണ്. ‘വാളോങ്ങി നില്‍ക്കും നിഴലുകള്‍’എന്ന കവിതയില്‍ മനുഷ്യരുടെ ഇടപെടലുകള്‍ നിമിത്തം പ്രണയം തകര്‍ത്തെറിയപ്പെടുന്നതിന്റെ സാക്ഷിപത്രമുണ്ട്. ‘പിക്റ്റോഗ്രാഫ്’ (എഴുത്തുവിദ്യയുടെ ആദ്യരൂപം എന്നു ടിപ്പണി) എന്ന കവിതയില്‍ സ്ത്രീ സൗന്ദര്യത്തിന്റെ ആന്തരികഭാവവും ഉള്‍പ്രണയ നിഗൂഢതകളുമാണ് ഭദ്രമാക്കിയിരിക്കുന്നത്.`ഒടുവില്‍’ എന്ന കവിതയില്‍ ഒളിപ്പിച്ചുവച്ച പ്രണയമാണുള്ളത്. അതൊടുവില്‍ ”വിളറു,മടിമുടി/വാടിക്കുഴഞ്ഞുടന്‍/കരിഞ്ഞുമണ്ണോടു ലയിക്കും.” എന്ന നിതാന്ത സത്യത്തെയും അവതരിപ്പിച്ചിരിക്കുന്നു.തന്റെ കവിതകളുടെ കാമ്പില്‍ തൊടാനാവാതെപോയ വായനക്കാരനെ കവിയിങ്ങനെയാണ് ആശ്വസിപ്പിച്ചിരിക്കുന്നത്:”ശങ്കവേണ്ട സുഹൃത്തേ..ഈ ഭൂമിയില്‍/നമ്മളിങ്ങനെ ജീവിക്കെ ഭൂമിയും/ സ്വന്തമായി കറങ്ങുന്നു,ണ്ടൊപ്പമാ/വമ്പനര്‍ക്കനെ ചുറ്റുന്നുമുണ്ടതു/നല്ലപോലെ ഞാന്‍ നോക്കീട്ടൊരല്പവുമില്ല ഫീലീയെനിക്കും../വിട്ടേയ്ക്കുക”.’ക്ഷമിക്കണം’ എന്ന കവിതയില്‍ അജ്ഞതകളെ കുറിച്ചാണ് കവി ഉല്‍ക്കണ്ഠപ്പെടുന്നത്.

”പിന്നിലത്രമേലാണ്ടൊരിരുള്‍ ഗുഹ/തന്നയാണെതോര്‍ക്കാതെയല്ല ഞാ/നെന്നോ മിന്നിത്തെളിഞ്ഞ കാലങ്ങളെ/സംഭരിച്ചു പ്രകാശിച്ചു നിന്നത്.”എന്ന തിരിച്ചറിവ് മറ്റൊരു കവിതയില്‍ രേഖപ്പെടുത്തുകകൂടി ചെയ്യുന്നുണ്ട്.. അതിനാല്‍ ”തൂത്തൂതൂത്തേറെ ദൂരെയാട്ടീടീലും/തീര്‍ത്തൊഴിഞ്ഞു പോകില്ലതിന്‍ വാസ്തവം.” എന്ന് ‘മണല്‍ത്തരി’ എന്ന കവിതയിലൂടെ ഉച്ചത്തില്‍ വിളിച്ചു പറയാനും കവി ശ്രമിക്കുന്നു.ശുദ്ധഗ്രാമീണതയുടെ സിംബലുകളാണ് വിവിധ കവിതകളിലുള്ള പല പദങ്ങളും: മരിപ്പ്, ഹാല്‍, ഐക്കരനായര്‍, അണ്ടിക്കഞ്ഞി, മുനിഞ്ഞുകണ്ടു, പോയാറ, വെറി, മുശിട്, അലപ്പറക്കാരി..അങ്ങനെ നീളുന്നു അവ.

വീട്, ചെറിയ ഗ്രാമം, കുറച്ചു ഗ്രാമീണര്‍, ഗ്രാമെത്തരുവ് എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങുന്ന കാവ്യപരിസരമാണ് ‘അന്നുകണ്ട കിളിയുടെ മട്ടില്‍’ തെളിഞ്ഞു നില്‍ക്കുന്നത് എന്നു പറയുന്നത് ഈ കാവ്യപ്രഞ്ചത്തെ സംബന്ധിച്ച് ഒരു കുറവേയല്ല. ചിലതൊക്കെ വ്യക്തികേന്ദ്രീകൃതമെങ്കിലും പ്രമേയങ്ങള്‍ മാനത്തേയ്ക്കും തൊടിയിലേയ്ക്കും അയല്‍പക്കങ്ങളിലേയ്ക്കുമൊക്കെ കണ്ണുകള്‍ പായിക്കുന്നുണ്ട്. അതിനാല്‍ വെറും മട്ടല്ല, അതിസങ്കീര്‍ണ്ണമായ വിഷയങ്ങളുടെ ഗൗരവാഖ്യാനമാണ് ‘അന്നുകണ്ട കിളിയുടെ മട്ട്’ എന്ന ഈ സമാഹാരം എന്നു ചുരുക്കിപ്പറയാം.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

 

Comments are closed.