DCBOOKS
Malayalam News Literature Website

കവിതയിൽ ജീവിതമെഴുതുന്ന മട്ട്

അസീം താന്നിമൂടിന്റെ “അന്നുകണ്ട കിളിയുടെ മട്ട്” എന്ന പുസ്തകത്തിന്  കസ്തൂരി ഭായി  എഴുതിയ വായനാനുഭവം

” വായിച്ചു തീരാത്തതാം
വാക്കുകൾ നിറഞ്ഞൊരീ
വരികൾ വേനൽക്കാലം
കടന്ന കരുത്തുകൾ

പാറയിലൊളിച്ചുളി
പ്പാടിലൂടുയിർ , ത്തോർമ്മ ,
ത്തോറ്റ മായ് കാലാന്തരം
കടന്നു തുടരുന്നു…. ”
( കവിത: പിക്റ്റോഗ്രാഫ്: അസീം താന്നിമൂട് )

കവിതയെഴുത്തിന്റെ പരമ്പരാഗത രീതി മുറുകെപ്പിടിച്ചു കൊണ്ട് നൂതനവും അനിതരസാധാരണവുമായ എഴുത്തു രീതിയിലേക്ക് നടന്നു കയറിയ കവിയാണ് അസീം താന്നിമൂട്. പഴമയും പുതുമയും ഇണക്കി എഴുത്തു വഴിയിൽ തന്റെ ഇടം പച്ചകുത്തിയതു പോലെ അടയാളപ്പെടുത്താൻ കവിക്ക് കഴിഞ്ഞിട്ടുണ്ട്. കവിതയും ജീവിതാനുഭവങ്ങളും ഒറ്റയിഴയിൽ നെയ്തെടുക്കുന്ന കലാവിദ്യ കവി അസീം താന്നിമൂടിന് സ്വായത്തമാണ്. കവിതയിൽ താനിപ്പോഴും ബാലാരിഷ്ടത നീന്തിക്കയറിയിട്ടില്ലെന്ന (വെറുതെ)തോന്നലും കവി സൂക്ഷിക്കുന്നുണ്ട്.ഏറ്റവും സുന്ദരമായ കവിത ഇനിയും വെളിച്ചപ്പെടാനുണ്ടെന്ന ചിന്തയുടെ ഔന്നത്യം കവിക്കുണ്ട്.കവിതയെഴുത്ത് അനുദിനം പുതുക്കി പൂർണ്ണത തേടുക എന്ന പ്രവർത്തനം ദിനചര്യയാക്കിയ കവിയാണെന്ന് കവിതകൾ സാക്ഷ്യപ്പെടുത്തുന്നു.സുന്ദര കല്പനകളുടെയും രൂപകങ്ങളുടെയും ജൈവയാഥാർത്ഥ്യങ്ങളുടെയും ആകെത്തുകയാകുന്ന ഉണർത്തുസ്വരമായി (അലാറം) കവിതകൾ മാറുന്ന കാഴ്ചകളാണ് “അന്നു കണ്ട കിളിയുടെ മട്ട് ” എന്ന കവിതാസമാഹാരത്തിന്റെ വായനയിൽ അനുഭവപ്പെട്ടത്.
കവിതയും ജീവിതവീക്ഷണങ്ങളും അനുദിനം പുതുക്കുമ്പോഴും തന്റെ ഗ്രാമവിശുദ്ധി നിറഞ്ഞ നാട്ടുമൊഴിച്ചന്തം കവി മറക്കുന്നില്ല.

വരണ്ടുണങ്ങിയും നനഞ്ഞും കടന്നു വന്ന വഴികളിലെ അനുഭവങ്ങളെക്കുറിച്ച് പേർത്തും പേർത്തും പറയാനിഷ്ടമാണിക്കവിക്ക്.

“ഹൃദ്യത” യെന്ന മഹത്തായ സമീപനരീതി ഈ ലോകമാകെ നിറയുന്നതും ചുറ്റിലുമുള്ള അനേകം മനുഷ്യർ അതു പകർത്തുകയും ചെയ്യുന്നത് കാണാൻ ഉത്സാഹമുള്ള കവിയാണ് താനെന്നു പറയുമ്പോഴും വിനീത മനസ്കനായി എപ്പോഴും ഓച്ഛാനിച്ചു നിന്ന് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടി വരുന്നത് അത്രമേൽ അസഹ്യമാണെന്ന അഭിപ്രായക്കാരനാണെന്ന് കവിതകൾ അടയാളപ്പെടുത്തുന്നു. ഹൃദ്യത വെറും നാട്യമായി മാറുന്നതിന്റെ ആശങ്കയും അസംതൃപ്തിയും കവി പങ്കു വയ്ക്കുന്നുണ്ട് ‘നാട്യം’ എന്ന കവിതയിൽ

” ഉണർന്നാലതേ മാത്ര
കൂമ്പണം, ശിര,സ്സതു
ശീലമായിരിക്കണം” (നാട്യം )
തന്റെ ആത്മനെ തൃപ്തിപ്പെടുത്താൻ നാട്യമെന്ന അലങ്കാരം വെടിയണമെന്ന് കവി ആഗ്രഹിക്കുന്നു. പുറംമോടിയും നാട്യവും കവി മടുത്തിരിക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

കവിതയെഴുത്തും ജീവിതമെഴുത്തും അനുദിനം പുതുക്കാനുള്ള വ്യഗ്രത ഉണർത്തുസ്വരമായി കവിയിലുണ്ടെന്ന് “അലാറം ” എന്ന കവിതയിൽ ജീവിതവും കവിതയും സൂക്ഷ്മമായി ഇഴചേർത്തതിന്റെ ശില്പഭംഗി അനുഭവവേദ്യമാക്കുന്നു.

“പക്ഷേയീ കവിതയി-
ലത്രമേലിണങ്ങുമൊ –
രിടമെപ്പോഴും പാക
പ്പെടുകി,ല്ലവയ്ക്കായി
ഒത്ത പാകത്തോടൊപ്പ –
മിഴുകാനവയ്ക്കുമി
ല്ലൊട്ടുമേ വഴക്ക,മാ
കവിത ശില്പശാലാ
പാഠങ്ങളറിയാതെ –
യെന്നു ഞാനോർമ്മപ്പെടും.
ഭാഷയിൽ, കവനത്തി –
ലുള്ളൊരെൻ ബാലാരിഷ്ട –
ദൂഷ്യങ്ങളെന്നെച്ചുഴ-
ന്നന്നേരമെഴുന്നേൽക്കും”(അലാറം)

വള്ളിപ്പടർപ്പിൽ കുരുങ്ങിക്കിടന്ന ചന്തമുള്ള കിളിയെ കരുതലോടെ കൂട്ടിലടച്ചു വളർത്തുമ്പോഴും അതിന്റെ സ്വാതന്ത്ര്യമോഹം ചിറകിട്ടടിക്കുന്നത് കവിയുടെ ഉള്ളിൽ ആന്തലാകുന്ന അനുഭവം പങ്കുവയ്ക്കുന്ന ” അന്നു കണ്ട Textകിളിയുടെ മട്ട് ” താളബദ്ധവും സുന്ദരവുമായ വായന നൽകിയ കവിതയാണ്.കൂട്ടിലടച്ച കിളിക്ക് സ്വച്ഛന്ദമായി പറക്കാനുള്ള സ്വാതന്ത്ര്യമൊഴികെ മറ്റെല്ലാം നൽകിയാലും അതിന് പുല്ലുവള്ളിപ്പടർപ്പിൽ കുരുങ്ങിക്കിടന്ന അതേ മട്ടാണ്.കൂരിരുട്ടിൽപ്പെട്ടതു പോലെ അത് പറന്നകലാൻ വെമ്പിയിരിപ്പാണ്. അനുഭവത്തിന്റെ തീക്കാറ്റിൽ വാടി,സ്വപ്നങ്ങളും സ്വതന്ത്രമായ പറക്കലും നഷ്ടമായ ഒരു സ്ത്രീയുടെ മട്ടും ആ കിളിയുടെ മട്ടും ഒന്നു തന്നെ. പിന്നൊരിക്കൽ കിളിയുടെ അതേ അവസ്ഥ സ്വജീവിതത്തിലും പിണഞ്ഞതിന്റെ സങ്കടം കവിതയുടെ മറുപകുതിയിൽ കവി തീവ്രതയോടെ പങ്കു വയ്ക്കുന്നു. പടർപ്പിൽ കുരുങ്ങിയും കൂട്ടിലടക്കപ്പെട്ടും കിടന്ന കിളിയുടെ അതേ മട്ടിൽ തീക്ഷ്ണാനുഭവങ്ങളുടെ വള്ളിപ്പടർപ്പിൽ കുരുങ്ങി കവിയും കിതക്കുന്നുണ്ട്.
പക്ഷിയുടെ (സ്ത്രീയുടേതുമാകാം)അനുഭവം സ്വാനുഭവവുമായി ചേർത്ത് തന്റെ ഉള്ളിലെ തീക്ഷ്ണഭാരം കിതപ്പായും പെരുമ്മൂച്ചായും മടുപ്പായും കവി വിവരിക്കുന്നു.step on one’s shoes എന്നത് ദുരിതാനുസാരിയായ ഒരു കവിക്ക് ചേരുന്ന സ്വഭാവവിശേഷം തന്നെ. “ചെരുപ്പ് ” എന്ന കവിതയിലും ഇതേ “ചെരുപ്പ് മാറ്റം”കാണാം. സവിശേഷമായ അനുകമ്പയാൽ ആർദ്രമനസ്കനായ ഒരാൾ ഇങ്ങനെ മറ്റുള്ളവരുടെ ദു:ഖത്തിൽ അകം നീറ്റിക്കൊണ്ടിരിക്കും. ഈ നീറ്റൽ കവിയുടെ കൂടെപ്പിറപ്പാണ്.`നക്ഷത്രങ്ങളുടെ എണ്ണം’ എന്ന കവിതയിലും ഈ നീറ്റൽ തീവ്രമായി വരികളിൽ പടരുന്നതു കാണാം..

ഗ്രന്ഥശാലയിൽ നിന്നു മടങ്ങുന്ന കവിയുടെ ഉള്ളിൽ മുഴങ്ങുന്ന ആന്തലും കിളിയൊച്ചയും സർഗപ്രക്രിയയുടെ തിരത്തള്ളലിൽ നിന്നും ഉണ്ടായതായിക്കൂടെന്നുമില്ല.ആത്മസംഘർഷങ്ങളുടെ പടർവള്ളികളിൽ കുരുങ്ങുന്ന സർഗചേതന കവിക്ക് എന്നും നീറ്റൽ തന്നെ.സഹജീവികളുടെ ദുരിതപൂർണ്ണമായ ജീവിതം തൻ്റേതു കൂടിയായി സങ്കല്പിച്ച് നീറ്റലേറ്റുന്ന കവിയുടെ നെടുവീർപ്പും സന്ദിഗ്ധഘട്ടങ്ങളിൽ ഏതൊരു മനുഷ്യനും അനുഭവിക്കേണ്ടി വരുന്ന നിസ്സഹായാവസ്ഥയും ഹൃദ്യമായി അവതരിപ്പിക്കുന്ന കവിതയാണ് “അന്നു കണ്ട കിളിയുടെ മട്ട്‌”.

“പാരിടം പലഭാവത്തിലെങ്ങും
പാകിടും പടർവള്ളിപ്പടർപ്പി –
ലന്നൊരിക്കലീ ഞാനും പിണഞ്ഞു
അക്കിളിപ്പൊരുളമ്പേ മറന്നൂ…

വാശിയിലാം(മറന്നതുമാവാം)
ലേശമില്ലാ കിളിയനക്കങ്ങ-
ളാശയേറ്റിലുമുള്ളകത്തിപ്പോൾ…

ഏറെ വൈകിയനേരത്തതിനെ
കാത്തിരിക്കയാണിങ്ങു ഞാനിന്ന്…
തീക്ഷ്ണഭാരമുണ്ടുള്ളിൽ,കിതപ്പും,
ദീർഘമാം പെരുമ്മൂച്ചും മടുപ്പും.
കൂറ്റനേതോ ചിറകടിയേൽക്കും
കോട്ടവാതിൽപോലായി മനസ്സും.

ശ്വാസനാള കവാടമുലഞ്ഞു.
മാർഗ്ഗമറ്റെൻ ഹൃദയം പിളർന്നു.
പാത്തിരുന്നപോലെന്തോ പറന്നു
ദൂരെയേറെ വിദൂരത്തിലേയ്ക്ക്,
കൂടെയെത്തുവാനാവാത്തൊഴുക്കിൽ.
ഭൂമുഖത്തെഴും ശൂന്യതയൊക്കെ
പാറിയെത്തിയെന്നുള്ളം കവിഞ്ഞു. ”
(അന്നു കണ്ട കിളിയുടെ മട്ട് )

കടലും കാടും ആകാശവും പ്രണയബദ്ധമാണ് :

ആഴക്കടലിൽ നിഗൂഢതകൾ ഒളിച്ചു കിടപ്പുണ്ടെങ്കിലും കടലിന് വ്യക്തതയും വന്യതയിലും കാടിന് സുവ്യക്തതയും അനന്തതയിലും ആകാശത്തിന് കൃത്യതയും ഉണ്ടെന്നത് നമ്മുടെ തോന്നൽ മാത്രമാണെന്നു കവി.ഇവ മൂന്നും തമ്മിലുള്ള പ്രണയത്തിലാണ് സർവ്വതുമെന്ന് പറയുമ്പോഴും പ്രണയമെന്ന മിഥ്യയിൽ മനുഷ്യൻ അഭിരമിച്ചു പോകുന്നതിന്റെ സന്ദിഗ്ധത ജീവിതവഴികളിൽ മുഴച്ചു നിൽക്കുന്നതായി കവിക്ക് തോന്നലുണ്ട്
ജീവിതക്കടലിലെ അനുഭവത്തിരത്തള്ളൽ മാത്രമല്ല കവിതയെന്ന വ്യക്തമായ ധാരണ കവിക്കുണ്ട്.കടലിന്റെ ആഴമളക്കുന്നതു പോലെ കവിതയുടെ ഗരിമ കൈയാളുവാൻ ഏറെ ദൂരം പോകേണ്ടതുണ്ട് എന്ന് കവി വിനീതനാകുന്നു.അകലെ നിന്നു നോക്കുമ്പോഴുള്ള തിരയിളക്കങ്ങൾ മാത്രമല്ല കടലും കവിതയുമെന്ന തിരിച്ചറിവിൽ,രണ്ടിന്റെയും സ്വാധീനം ഉത്തമ ജീവിതപാഠങ്ങളാകുന്ന കവിതകളാക്കാനുള്ള ശ്രമം കവി തുടരുന്നു.

“കടലിനെക്കൂടിയാണ്
കവിതയിൽ കരുതുവാൻ
ഞാൻ ശ്രമിച്ചു തോൽക്കുന്നത് “.(കടൽ, കാട് ,ആകാശം).അഗാധമായ ആഴച്ചുഴികളിൽ ഊളിയിട്ട് കടലിനെ അറിയുന്നതു പോലെ കവിതക്കടലിൽ മുങ്ങി കവിതത്തുള്ളികൾ കോരിയെടുക്കാനുള്ള കവിയുടെ നിരന്തരശ്രമം വിജയതീരം തൊടുന്നത് ഈ സമാഹാരത്തിലെ കവിതകൾ കാട്ടിത്തരുന്നു. കടൽ, കാട്, ആകാശം ഇവ മൂന്നും പുറമേ കോർക്കാക്കണ്ണികളായിരിക്കുമ്പോഴും അദൃശ്യമായ സമരസപ്പെടലിൽ ജൈവികത്തുടർച്ചയുടെ നിലനില്പിനു കാരണമായിരിക്കുന്നതിന്റെ രസതന്ത്രമുണ്ടല്ലോ. ജീവിതം, കവിത പ്രണയം ഇവ മൂന്നിനുമുളള ഭാവബന്ധത്തിലും ഇതേ രസതന്ത്രം അടങ്ങിയിരിക്കുന്നത് സുന്ദരകല്പനയായി കടൽ, കാട് ആകാശം എന്ന കവിതയിൽ വായിക്കാം. .

അണ്ടിക്കഞ്ഞിയും വലിച്ചെറിയുന്ന വിത്തുകളും :

പ്രകൃതിയോടുള്ള മനുഷ്യന്റെ അധീശത്വത്തിനെതിരെ കവിയുടെ രൂക്ഷമായ പ്രതികരണത്തിന്റെ വരികളാണ് ‘അണ്ടിക്കഞ്ഞി’ എന്ന കവിത.ഒരു ഫലവൃക്ഷം (ഇവിടെ മാവ്),തളിർക്കാനും പൂക്കാനുള്ള അതിന്റെ അങ്ങേയറ്റത്തെ ആഗ്രഹം ഉപയോഗിച്ച് മാമ്പഴങ്ങളായ മാമ്പഴങ്ങളെയൊക്കെ തോരണങ്ങളായ് കൊമ്പുകളിൽ തൂക്കി മനുഷ്യന്റെ നാവിൽ കൊതിനീര് നിറയ്ക്കുന്നു. അവന്റെ ബാല്യകാല കുസൃതിക്കല്ലേറിൽ തന്റെ മാമ്പൂക്കളെയും ഉണ്ണിമാങ്ങകളെയും കൊഴിച്ചിട്ടുകൊടുക്കുന്നു.കുഞ്ഞു വികൃതികൾക്ക് തണലും മധുരവും നൽകി കരുതലാകുന്നു.വളർച്ചയുടെ ഓരോ ഘട്ടത്തിലും തണൽ വിസ്തൃതമാക്കിക്കൊടുക്കുന്ന ആ തേൻമാവിന്റെ ഉള്ളിലും കാണില്ലേ കുഞ്ഞു തൈകളുടെ തളിരിലയനക്കങ്ങൾ പൊടിച്ചിനപ്പുകളായി പൊട്ടിവളരണമെന്ന മോഹം! ഓരോ മാമ്പഴത്തിലും മാവ് കരുതി വയ്ക്കുന്നുണ്ട് മനുഷ്യന്റെ പല്ലുകൾക്ക് പൊട്ടിക്കാനാവാത്ത തോടിനുള്ളിൽ ഒരു വിത്ത്. ബലവത്തായ ആ തോട് മനുഷ്യനോട് പറയുന്നുണ്ട് , ഉള്ളിലുള്ളത് (പാണ്ടി) മാവിന്റെ കുഞ്ഞുതൈ ആണെന്ന്.സ്വാർത്ഥ മോഹിയായ മനുഷ്യൻ പ്രകൃതി ചൂഷണത്തിനായ് കച്ചകെട്ടിയിരിക്കുകയാണല്ലോ. പാണ്ടിയും കൂടി അരച്ചെടുത്ത് കഞ്ഞിയാക്കി കഴിക്കുന്ന മനുഷ്യന്റെ ദുരാഗ്രഹം ഉൻമൂലനത്തിൻ്റേതാണെന്ന് കവി ആശങ്കാകുലനാകുന്നു.

“എല്ലാത്തിലും രുചിതേടുന്ന
നിങ്ങളുടെ യീ മനോഭാവം
അത്ര നല്ലതല്ല
നല്ലതിനല്ല “(അണ്ടിക്കഞ്ഞി )

ഉത്തമപരിസ്ഥിതിദർശനം അണ്ടിക്കഞ്ഞി യെന്ന കവിതയിലുണ്ട്. അതുകൊണ്ടു തന്നെ അണ്ടിക്കഞ്ഞിയെന്ന കോൺസപ്റ്റി (concept) നോട് മാവിനു പൊരുത്തപ്പെടാനാകില്ല : കവിക്കും.കൊടിയദാരിദ്ര്യം മനുഷ്യനെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിപ്പിച്ചിരുന്നൊരു കാലമുണ്ടായിരുന്നത് മറക്കുന്നില്ല. സമകാലത്തെ ഉപഭോക്തൃസംസ്കാരവും നട്ടുനനച്ച് വളർത്താനുള്ള പുതിയ തലമുറയുടെ വിമുഖതയും ഇത്തരം പരിസ്ഥിതിവിരുദ്ധ പ്രവർത്തികൾ വളരാൻ കാരണമായെന്ന നിരീക്ഷണം വായനയിലുണ്ടായി. ചലനമറ്റ നിഴൽരൂപങ്ങളുടെ കാടായി ഈ ഭൂമി മാറിപ്പോയേക്കാമെന്ന ആകുലത “നിഴൽ രൂപങ്ങൾ ” എന്ന കവിതയിലുണ്ട്.മനുഷ്യന്റെയുള്ളിൽ വിത്തുകൾ ( വിശപ്പ്, ആർത്തി, കാമമോഹങ്ങൾ തുടങ്ങിയവ) നിരന്തരം കിളിർത്തു കൊണ്ടേയിരിക്കുന്നു.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

മനുഷ്യർ അവർക്ക് കിട്ടുന്ന ഫലത്തിന്റെ ചുളയും ചാറും നുണഞ്ഞ ശേഷം കുരു (വിത്ത് ) വലിച്ചു തുപ്പുന്ന ശീലം തുടരുന്നത് കവിയിൽ ആശങ്കയുളവാക്കുന്നു. തുപ്പിവലിച്ചെറിയുന്ന കുരു തരിശുനിലത്തെ നിബിഡവനമാക്കുന്നതും ഹരിത ശാന്തതയിൽ കിളിയൊച്ചകൾ നിറയുന്നതും മാനുകളും മുയലുകളും പുൽമേടുകളിൽ സ്വച്ഛന്ദം വിഹരിക്കുന്നതും കവി സ്വപ്നം കാണുന്നു.അങ്ങനെയങ്ങനെ ആവാസവ്യവസ്ഥയുടെ ഉണർവ്വ് പേറുന്ന ഉൾവനങ്ങളെ തന്റെ ഉറക്കത്തിൽപ്പോലും കവി കൺപോളകൾ നീർത്തിപ്പരതുന്നുണ്ട്. വിത്തുകൾ നട്ടു പരിപാലിക്കാതെ,വലിച്ചെറിഞ്ഞു കളയുമ്പോഴും പ്രകൃതി മനുഷ്യന്റെ വിശപ്പടക്കാൻ തന്റെ ജൈവസമ്പത്തു പെരുക്കിക്കൊണ്ടിരിക്കുന്നതും ആർത്തി മൂത്ത മനുഷ്യന്റെ പ്രകൃതത്തിൽ വനങ്ങൾ നെടുവീർപ്പിടുന്നതും വിത്തുകൾ എന്ന കവിത വരച്ചു കാട്ടുന്നു.

” ചുളയും ചാറും
നുണഞ്ഞു കഴിഞ്ഞ്
ഈ കുരു ഞാൻ
ഉടനേ
വലിച്ചങ്ങു തുപ്പും ” ( വിത്തുകൾ )

വായനയിൽ വ്യത്യസ്ത അടരുകൾ സമ്മാനിച്ച കവിതയാണ് “വിത്തുകൾ ” .മനുഷ്യകാമനകളുടെ അടങ്ങാത്ത പിടപ്പിൽ കിളിർക്കുന്ന വന്യമായ ആർത്തി -നോട്ടങ്ങളിൽക്കുടുങ്ങി “വെറും ചണ്ടി” കളായി വലിച്ചെറിയപ്പെടുന്ന
മനുഷ്യജന്മ(ഇരകൾ )ങ്ങളുടെ ദൈന്യം”നുണഞ്ഞു കഴിഞ്ഞു വലിച്ചങ്ങു തുപ്പും ” എന്ന വരിയിൽ ഒളിഞ്ഞു കിടപ്പുണ്ടെന്ന് തോന്നി.

”കോട്ടുവായിട്ടു മൂരി നിവർക്കവേ
ഉൾവനമൊന്നിളകാൻ തുടങ്ങും
കരളിലപ്പോളൊരാശ (ആഹ്ലാദവും )
പെട്ടെന്നുയിർക്കും.
ആയതു
നെഞ്ചിൽപ്പടരും
ഉദരപ്പിടപ്പിലാ
വിശപ്പിന്റെ വിത്തുകൾ
വീണ്ടും കിളിർക്കും
കാടകമൊരു നെടുവീർപ്പുതിർക്കും
നെഞ്ചിൽ നിന്നും
ഞരമ്പുകൾ തോറുമൊ-
രിംഗിതം പായിച്ചുണരും ”
വന്യമായ മുരൾച്ചകളാൽ വന-
മൊന്നു കിടുങ്ങും ” ( വിത്തുകൾ)

“നക്ഷത്രങ്ങളുടെ എണ്ണം”കണക്കിലെ കളിയെന്നു ഒറ്റവായനയിൽ തോന്നിയേക്കാം.കവിതയിലെന്തു കണക്ക് എന്ന് സംശയിക്കണ്ട.സഫലമാകാത്ത സ്വപ്നങ്ങൾ ബാക്കിയാക്കി ജീവൻ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും കൊല്ലപ്പെട്ട കുഞ്ഞുങ്ങളും അവർ ജീവിച്ചിരിക്കുമ്പോൾ കണ്ടതും ജീവിച്ചിരുന്നെങ്കിൽ കാണാൻ സാധ്യതയുള്ളതുമായ സ്വപ്നങ്ങളുടെ വെറും കണക്കെടുപ്പല്ല നക്ഷത്രങ്ങളുടെ എണ്ണം എന്ന കവിത ചർച്ച ചെയ്യുന്നത്. ജീവത്പ്രേരണയാകുന്ന സ്വപ്നങ്ങൾ, നക്ഷത്രങ്ങളുടെ എണ്ണം, നക്ഷത്രത്തിളക്കം എന്നീ മൂന്നു രൂപകങ്ങൾ കുട്ടികളുടെ നിഷ്കളങ്കതയുമായി ചേർത്ത് കൊല്ലപ്പെട്ട കുട്ടികളുടെ കനവുകളെ
“നിലച്ചാലും
കെടാൻ അറയ്ക്കുന്ന
തിളക്കങ്ങളാണവ ” എന്ന് സമർത്ഥിച്ച് അളവില്ലാത്ത തീരാനൊമ്പരത്തിന്റെ ഒരിക്കലും ടാലിയാകാത്ത ബാലൻസ് ഷീറ്റ് നീട്ടുകയാണ് കവി ‘നക്ഷത്രങ്ങളുടെ എണ്ണം’ എന്ന കവിതയിൽ ചെയ്യുന്നത്. നിഷ്കളങ്കരായ പിഞ്ചുബാല്യങ്ങളോട് മനുഷ്യർ ചെയ്യുന്ന അനീതിയുടെ ആകെത്തുകയോടുള്ള അമർഷവും പ്രതിഷേധവും കാവ്യാത്മകത ഒട്ടും നഷ്ടപ്പെടാതെ കണക്കിലെ കളി എന്ന മട്ടിൽ ഈ കവിത ചർച്ച ചെയ്യുന്നു. അപ്പോഴും കളിയല്ല ഈ കണക്കെന്ന് വായനക്കാർക്ക് ബോധ്യപ്പെടുന്നു

” മരിപ്പ് ” എന്ന മൂന്നക്ഷരങ്ങളെ “ചെരുപ്പ് ” എന്ന മൂന്നക്ഷരങ്ങളുമായി ചേർത്ത് ചിന്തിച്ചു നോക്കൂ.”ചെരുപ്പ് ” എന്ന
കവിതയുടെ വായന അങ്ങനെ വ്യത്യസ്തമായൊരു ചിന്തയുടേതായി.
“പ്രിയ സുഹൃത്തിന്റെ
മരിപ്പിനു പോയി ”
എന്നു തുടങ്ങുന്നു ആ കവിത.

മരണവീട്ടിലേക്കുള്ള യാത്രയിൽ കൂടെ ചരിക്കുന്നത് സ്വന്തം ചെരുപ്പ് (പാകമായത്) – മടക്കമാകട്ടെ, മറ്റൊരാളുടെ ചെരുപ്പിൽ (പാകമാകാത്ത) കയറിയുമാണ്.മരണമെന്ന സത്യം മുന്നിൽക്കണ്ടതിന്റെ വിഹ്വലതയുമായി പുറത്തിറങ്ങുന്ന ഒരാളുടെ ഭാവഹാവാദികൾ കവിതയിൽ അതേപടി വരച്ചിട്ടിട്ടുണ്ട്. അയാൾ താൻ വന്നപ്പോഴുള്ള (സ്വന്തം ചെരുപ്പിൽക്കയറി ) നിസ്സംഗഭാവം അവിടെ ഉപേക്ഷിക്കുന്നു.പുറത്തിറങ്ങുന്ന നിമിഷം മുതൽ മരിച്ചയാളുടെ ബന്ധുവിന്റെ (മറ്റാരുടെയോ) ചെരുപ്പിൽ(മാനസികനില എന്ന് വായനയിൽ സ്വാതന്ത്ര്യമെടുത്തിട്ടുണ്ട്.) അയാൾ കയറുന്നു.

മരണവീടുകളിൽ സാധാരണയായി അബദ്ധവശാൽ നടക്കുന്ന ഈ ചെരുപ്പ് മാറ്റം അപാകമായ മറ്റൊന്നു ധരിക്കേണ്ട നിവൃത്തികേടായി മാത്രമല്ല മറിച്ച് ജീവന്റെ ഉടുപ്പ് ഊരി വച്ച് (ഏതു സമയത്തും) തന്റെ ശരീരവും പാകമല്ലാത്ത അവസ്ഥ ( മരണം ) വരിക്കണമെന്ന അബോധമനസ്സിന്റെ തിരിച്ചറിവിന്റെ വിങ്ങലായിക്കൂടിയാണ് വായിക്കേണ്ടത്.മരിച്ചയാളിന്റെ ബന്ധു മാറിപ്പോയ “ചെരുപ്പ് ” ഏൽപ്പിച്ചു മടങ്ങുമ്പോൾ വീണ്ടും തന്റെ ചെരുപ്പിലേറി തലേദിവസത്തെപ്പോലെ സാധാരണ ജീവിതം തുടരുകയാണ് അയാൾ. മരണമെന്ന നിശ്ചലാവസ്ഥ (സത്യം) മുന്നിൽക്കണ്ട് അന്ധാളിച്ചു നിന്ന മനുഷ്യന്റെ , സ്വാഭാവിക ജീവിതക്രമത്തിലേക്ക് ഞൊടിയിൽ മാറാൻ കഴിയുന്ന , അതിജീവനശേഷിയെ ‘ചെരുപ്പ്’ എന്ന കവിത വ്യത്യസ്തമായി അടയാളപ്പെടുത്തുന്നു.

യാഥാർത്ഥ്യങ്ങളിലെ ചലനാത്മകതയിൽ നിന്ന് ഒരു അനുകൂലഭാവത്തെ മാത്രം അടർത്തിയെടുത്ത്, (ആൾക്കൂട്ടത്തിൽ നിന്ന് ഒരാളുടെ ചിരി മാത്രം ഫോക്കസ് ചെയ്തു കിട്ടുന്ന സ്റ്റിൽ ചിത്രം പോലെ! ) പ്രക്ഷുബ്ധമായ പരിസരത്തിൽ നിന്നു പോലും ക്രിയാത്മകമായ ഒരു വസ്തുവിനെ വേറിട്ടെടുത്ത്, നന്മ കരുണ, പ്രാർത്ഥന, ഭക്തി, മധുരം, പുഞ്ചിരി, അവ്യക്തതയിൽ അനുഭവിക്കാനാവുന്ന ആനന്ദം തുടങ്ങിയ അധികഭംഗികൾ നൽകുന്ന വിദ്യയാണ് “ക്രോപ്പ് ” എന്ന കവിതയിൽ . അങ്ങനെ ഓരോ ഭാവത്തെയും അതുൾക്കൊള്ളുന്ന ഫ്രെയിമിന്റെ യഥാർത്ഥനിലയിൽ നിന്ന് അടർത്തി മറ്റൊരു സ്ക്രീനിലേക്ക് (ചിന്തയിലേക്ക് )പരിവർത്തിപ്പിക്കുന്ന ” ക്രോപ്പ് ” ഇങ്ങനെ അവസാനിക്കുന്നു

“ഓരോ ഭാവത്തേയും
ഇത്
ഇന്നതിനുള്ളത്
ഇത്
ഇന്നതിനുള്ളത്…
എന്നു
നിജപ്പെടുത്തിയിട്ടില്ലാത്തതിനാൽ
ആരൊക്കെയോ ചേർന്ന്
കോപ്പു ചെയ്തു കാണിക്കുന്ന
ആ അതിപുരാതനമായ
അവ്യക്തതയുടെ തോതിൽ
ആനന്ദിച്ചങ്ങു കഴിഞ്ഞു കൂടാം;

പച്ചപ്പുകളെ മാത്രം
മുച്ചൂടും ക്രോപ്പു ചെയ്തു കളഞ്ഞ
ഒരു കൊടും കാടുള്ള കിനാവ്
ഇടയ്ക്കിടെ വന്ന്
ഉറക്കത്തിന്റെ വാതിലിൽ
മുട്ടിവിളിച്ചെന്നിരിക്കാം…
അത്രമാത്രം.”

സംഭവങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ ഉപരിപ്ലവമായി ചിന്തിച്ച് വസ്തുതകളുടെ തനിസ്വഭാവം മറ്റൊന്നാക്കുന്ന രീതി ക്രോപ്പ് എന്ന കവിത പറയാതെ പറയുന്നുണ്ട്. ചിന്തയുടെ മറ്റൊരുതലത്തിൽ പൊരുത്തപ്പെടാ
നാവാത്ത യാഥാർത്ഥ്യങ്ങളോടുള്ള മുഖം തിരിഞ്ഞു നിൽപ്പും കൂടി ഈ കവിത ചർച്ച ചെയ്യുന്നതായി തോന്നി.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

വാക്കുകളും നോട്ടങ്ങളും അധികമായി മുന വച്ചു തനിക്കു നേരെ വാളോങ്ങുമ്പോൾ പ്രതിരോധത്തിന്റെ പരിചയെടുക്കാൻ കവി നിർബന്ധിതനാകുന്നു: ” കൂർപ്പ് “എന്ന കവിത കൂർത്ത വസ്തുക്കളെയും അനുഭവങ്ങളെയും ജീവിതത്തോടിണക്കുന്ന ധ്വന്യാർത്ഥങ്ങളാണ്. മുനയുള്ളവയോട് കവി ക്കുള്ള വിപ്രതിപത്തി കവിതയിലുടനീളം കാണാം. കവിതയിലെ അവളാകട്ടെ സമചിത്തതയോടെ കൂർപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നതിൽ സമർത്ഥയുമാണ്. ചിലപ്പോഴൊക്കെ കൂർപ്പിന്റെ വളയാത്തമുനകൾ തനിക്കു നേരെ അവൾ ആയുധമാക്കുന്നതും കവി ചൂണ്ടിക്കാട്ടുന്നു. അടുക്കളയിൽ കൂർത്ത ആയുധങ്ങളുപയോഗിക്കുമ്പോൾ ഒരു സ്ത്രീ കാണിക്കുന്ന കൂസലില്ലായ്മയെ കവി സന്ദേഹത്തോടെയെങ്കിലും ഉള്ളിൽ അഭിനന്ദിക്കുന്നുണ്ട്. അനായാസമായി ജീവിതക്കൂർപ്പുകൾ കൈകാര്യം ചെയ്യുന്ന സമർത്ഥയായ സ്ത്രീയെ കൂർപ്പിൽ കാണാം. ജീവിതാനുഭവങ്ങളിങ്ങനെ കൂർത്തു മൂർച്ചയേറുമ്പോൾ അതിന്റെ  മുനയൊടിക്കാതിരിക്കാൻ കവിക്ക് പക്ഷേ കഴിയുന്നില്ല’

നിഷ്കളങ്കമായ നാട്ടുമൊഴിച്ചന്തത്തിനു ചില ഉദാഹരണങ്ങൾ കൂർപ്പ്, റാന്തൽ , ചെരുപ്പ് തുടങ്ങിയ കവിതകളിൽ കാണാം. ഗ്രാമീണമായ ചുറ്റുപാടുകളെ തനതു ഭാഷയിൽ കവി ചേർത്തു പിടിക്കുന്നത് വായനയിൽ അധിക സന്തോഷമായി. ചില വാക്കുകൾ ചേർക്കുന്നു:
“പോയറ ” ( കവിത :റാന്തൽ)

മരിപ്പ് (കവിത: ചെരുപ്പ്)

മറേത്തതു കളയും (കൂർപ്പ്)

അലപ്പറക്കാരി ( മഴയുടെ കൃതികൾ )

ഭൂമിയിലെ ഓരോ സ്പന്ദനങ്ങളും ഓരോ ആവിഷ്കാരങ്ങളായി ആന്തരികമായി സംഭവിക്കുന്ന ചോദനകളെന്ന മിടിപ്പുകളുടെ തുടർച്ചകളായി സംഭവിക്കുകയാണെന്ന് മിടിപ്പുകൾ എന്ന കവിത വായനയിൽ തോന്നി.. ഉളിയിലും ബ്രഷിലും പേനയിലും കൈക്കോട്ടിലും മിഴിയുടക്കുന്ന ഹൃദയത്തുടിപ്പിലും ആ മിടിപ്പുകൾ ഭൂമിയുടെ തുടിപ്പുകളായി നിലനില്പിനു കാരണമാകുന്നുവെന്ന ധന്യചിന്ത മിടിപ്പുകൾ എന്ന കവിതയിൽ കാണാം.

“ഏകമായൊരെഴുത്തേ വഴങ്ങിടൂ
യേതുകാലത്തെഴുതാനിരിക്കിലും…
തീരെ തോന്നുകയില്ല വഴക്കമോ
പ്രീതിയോലും വടിവോ തെളിച്ച മോ
കാവ്യ ധാരണയില്ലാ, തതിന്റെയാ
ഭാവഗീതങ്ങൾ വായിച്ചു നോക്കുകിൽ
തോന്നും പ്രാകൃത കൈപ്പടമാത്രമായ്”
(മഴയുടെ കൃതികൾ )

ഉള്ളിലെ പ്രതിഭ പ്രകടമാക്കാൻ അറയ്ക്കുന്ന തന്റെ സ്വഭാവവിശേഷത്തെ കവി പോരായ്മയായി കാണുന്നുണ്ട്. സ്വയം വിമർശനാത്മകമായ “മഴയുടെ കൃതികൾ ” എന്ന കവിതയിലെ വരികളാണ് മേൽ സൂചിപ്പിച്ചത്. ആവർത്തന വിരസതയുടെ ചെടിപ്പിലും വായനകൊണ്ട് അറിവ് നിറയ്ക്കുവാൻ ശ്രമമുണ്ടെന്ന് സമ്മതിക്കുമ്പോഴും മഴയോട് ചേർത്ത് തന്റെ എഴുത്തിനെ താരതമ്യം ചെയ്യാനാണ് കവി ശ്രമിക്കുന്നത് . പേമാരിയെയും ചാറ്റൽ മഴയെയും അലപ്പറക്കാരി മഴയെന്നു വിവർത്തനം ചെയ്യുന്നതു പോലെ എഴുത്തിൽ അറുപഴഞ്ചനാണു താനെന്ന് കവി പറയുന്നു.

കവിതയെഴുത്തിൽ തൻ്റേതു മാത്രമായ ഒരു ശൈലി ഈ കവിക്കുണ്ടെന്ന് കവിതകൾ തെളിവാണല്ലോ. വായനക്കാർക്ക് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടാനുമുണ്ട് കവിതയെഴുത്തിന്റെ പുതുപുത്തൻരീതിയും ഈ കവിക്ക് വഴങ്ങുമെന്ന വാസ്തവം. . നക്ഷത്രങ്ങളുടെ എണ്ണം, , എന്റെ വിധി, നിഴൽ രൂപങ്ങൾ ;ആംഗ്യം, ക്രോപ്പ് തുടങ്ങിയ കവിതകളിലെ വേറിട്ടതും അതിശയിപ്പിക്കുന്നതുമായ രചനാരീതി ശ്രദ്ധിക്കുക.
അങ്ങനെയൊക്കെയായിരിക്കുമ്പോഴും കൂർപ്പുകളെ ഒഴിവാക്കാനാണ് കവിയുടെ ഇത്തരം സ്വയംവിമർശനം എന്നു തന്നെ കരുതുന്നു. എഴുത്തുവഴിയിൽ താൻ ബാല്യം കടന്നിട്ടില്ലെന്ന ധന്യചിന്തയെ താഴ്ന്ന നിലത്തൊഴുകുന്ന തെളിഞ്ഞ നീരോട്ടമായിത്തന്നെ കാണുന്നു. താൻ ഉയരങ്ങളിലെത്തുമ്പോഴും കവിതയെ അത്യുന്നതങ്ങളിൽ പ്രതിഷ്ഠിക്കാനുള്ള കവിയുടെ നന്മ അഭിനന്ദനീയവും അനുകരണീയവുമാണ്.

ജീവിതനൈരന്തര്യം തിരുത്തലിന്റെയും സമരസപ്പെടലിന്റെയും  സൗന്ദര്യമാണെന്ന് വിശ്വസിക്കുന്ന പ്രിയകവി അസീം താന്നിമൂടിന് ആശംസകൾ.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.