DCBOOKS
Malayalam News Literature Website

കവിതകളുടെ ഒറ്റയൊറ്റയായ വായനയെക്കാള്‍ ഒന്നിച്ചുള്ള വായനയാണ് കവിയെ വെളിപ്പെടുത്തുക

 Ottaykku By: V Vinayakumar
Ottaykku
By: V Vinayakumar

സവിശേഷമായൊരു കാവ്യഭാഷ നിര്‍മിച്ചുകൊണ്ട് ഉത്തരാധുനിക കാവ്യഭാവുകത്വത്തിന് ഒരു വിപുലനം നല്‍കുന്ന കവിതകളുടെ സമാഹാരമാണ് വി വിനയകുമാറിന്റെ ‘ഒറ്റയ്ക്ക്’. പച്ചമലയാളത്തിലെ തീക്ഷ്ണ പരിഹാസവും വിമര്‍ശനതീവ്രമായ നിന്ദയും കൊണ്ട് അവ സമകാലിക ജീവിതത്തെ എഴുതുക മാത്രമല്ല, ബലിഷ്ഠമായി നില്‍ക്കുന്ന കാവ്യശീലങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നു. പുസ്തകം ഇപ്പോൾ വായനക്കാർക്ക് ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാം.

പുസ്തകത്തെപ്പറ്റി കവിയത്രി അനിത തമ്പി (കവിയ്ക്ക് മെയിലില്‍ അയച്ചത്)

“വിനയന്,
കവിതകള്‍, രാജശേഖരന്റെ അവതാരികയും ശ്രദ്ധയോടെ വായിച്ചു.
വിനയന്റെ രണ്ടോ മൂന്നോ കവിതകള്‍ മാത്രമേ ഞാന്‍ മുന്‍പ് വായിച്ചിട്ടുള്ളൂ.
കവിതകളുടെ ഒറ്റയൊറ്റയായ വായനയെക്കാള്‍ ഒന്നിച്ചുള്ള വായനയാണ് കവിയെ വെളിപ്പെടുത്തുക!
ഒന്നാമതായി ശ്രദ്ധിച്ച കാര്യം വിനയന്റെ കഥാഭാഷയുമായി കവിതയ്ക്ക് ബന്ധമില്ല എന്നതാണ്. കഥകളുടെ തുടര്‍ച്ചയല്ല, ഭാഷയിലും ഭാവത്തിലും ഈ കവിതകള്‍, എന്നാല്‍ ബന്ധുക്കളാണു താനും. രാജശേഖരന്‍ പറയും പോലെ ഇരട്ടത്തം ഉണ്ടെങ്കിലും ”ഐഡന്റിക്കല്‍ റ്റ്വിന്‍സ്’ അല്ല.

V Vinayakumar-Ottaykkuമുഖ്യധാരാ’കാവ്യഭാഷയുമായുള്ള അടുപ്പക്കുറവ് അഥവാ നീങ്ങിനടപ്പ് വ്യക്തം. വിനയന്‍ ഭാഷയില്‍ മുതിര്‍ന്നതുകൊണ്ടാകാം ആ അടുപ്പക്കുറവ് കവിതയില്‍ കുറവാകുന്നില്ല. അത് വ്യത്യസ്തതയായാണ് ഭവിക്കുന്നത്. ഗംഭീരവ്യത്യസ്തത എന്ന് പറയുന്നില്ല. പക്ഷെ ഒരു നെല്ലിടയെങ്കിലും ഭാഷയൊന്നുന്തിനീക്കാന്‍ പ്രയാസമായിടങ്ങളില്‍ വ്യത്യാസം തന്നെ ഗംഭീരത എന്ന് പറയാം. ഒരു കലയില്‍ നിരന്തരം മുഴുകുന്നതുകൊണ്ട് പുതുഭാഷ കൈവന്നെന്നു വരാം. ഒന്നില്‍ മുഴുകിക്കൊണ്ട് മറ്റൊന്നില്‍ പെരുമാറുമ്പോഴും പുതുഭാഷ സംഭവിച്ചെന്നുവരാം.
വിനയന്റെ കവിതയുടെ ഊന്നല്‍ ഭാവമല്ല, ഭവമാണ്. കാവ്യോപന്യാസങ്ങള്‍ എന്ന് പറയാമോ? തീര്‍ത്തുമങ്ങനെയുമല്ല. കവിന്യാസങ്ങള്‍? ദാര്‍ശനികമായ ഇടങ്ങേറുകള്‍. ഭാണ്ഡമില്ലാത്തവന്റെ പറച്ചില്‍. അത് ആത്മഗതമല്ല, ഭ്രാന്തന്റെയോ ഏകാകിയുടെയോ ഒറ്റയ്ക്കുള്ള പറച്ചിലുമല്ല. അതിനൊരു ഗുരുപരമ്പരയുടെ തുടര്‍ച്ച ഒരു പൊടിയെങ്കിലും എനിക്ക് തോന്നിപ്പോകുന്നു.

പോകുന്ന വഴിയില്‍ അപ്രതീക്ഷിതമായ ഇമേജുകള്‍ വരുന്നു.. (ഭൂപടമിപ്പോള്‍ ഓതം വന്ന വൃഷണത്തില്‍ പറ്റിച്ചേര്‍ന്ന കുഞ്ഞുശുണ്ണി മൂത്രിക്കും പോലെ….) അതീവ ലാഘവത്തോടെ ഏറ്റവും കനം കൊണ്ട അരുളുകളും വരുന്നു.( ഏതിനം മദ്യവും കഴിക്കുന്നവന്‍ ഒരു ഗ്ലാസ് പച്ചവെള്ളം കൊണ്ടും തൃപ്തിപ്പെടും)…

രാജശേഖരന്‍ അവതാരികയില്‍ പറയുന്ന ബോര്‍ഹസിന്റെ വാക്കുകള്‍ വിനയന് കൃത്യം. ‘നിശ്ചിതനിയമങ്ങളൊന്നുമില്ലാതെ, ഇരുട്ടില്‍ നടക്കുമ്പോലെ അറച്ചറച്ച്, സാഹസികമായി’ നീങ്ങുന്ന കാട്ടു നാട്ടുവഴി. ‘മരിച്ചതിനുശേഷവും കണ്ടുകൊണ്ടിരിക്കുന്ന സ്വപ്നത്തിലെന്നപോലെ കളവും കരുക്കളും മാറിക്കൊണ്ടിരിക്കുന്ന’ ഒരു കളി. അത്തരം ഒരു വിട്ടുകൊടുക്കലുണ്ട് വിനയന്റെ എഴുത്തില്‍. ചുമ്മാ പോക്ക്. യാത്രയുടേതാവം അത്, അഥവാ ഒന്‍പത് അഞ്ച് പാളത്തിലോടാത്ത ഒരു മനുഷ്യന്റെ ശീലമോ ശീലക്കേടോ ആവാം. എന്തായാലും അതു നന്നായി.
എനിക്കസ്സലായി ഇഷ്ടമായവ: കണ്ടല്‍, വരവ്, കോയിപ്പനി, ഹൈകൂ, ചിത്രകാരനോ ഗായകനോ…, അഴുകാത്തത്, നീരിറക്കം, ഒരു കരിമ്പന യക്ഷിയോടൊപ്പം…., മുതലമോഹം, ഇരുട്ടറിയാത്ത രാത്രി, നളവിലാപം, കലയല്ലാത്ത ചിലവ ……
സ്‌നേഹത്തോടെ,
അനിത

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.