DCBOOKS
Malayalam News Literature Website

പരിചിതമായ ഭൂമികയെക്കുറിച്ച് എഴുതാനാണ് താത്പര്യം: അനിത നായര്‍

ഷാര്‍ജ: തന്റെ കഥാപാത്രങ്ങളെല്ലാം ഏറ്റവും സാധാരണക്കാരായ ഇന്ത്യാക്കാരാണെന്ന് ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരി അനിത നായര്‍. പരിചിതമായ ഭൂമികയെക്കുറിച്ച് എഴുതാനാണ് തനിക്കേറെ താത്പര്യം. കണ്ടുവളര്‍ന്ന പ്രദേശങ്ങളുടെ പശ്ചാത്തലത്തില്‍ കഥകളെഴുതുമ്പോള്‍ അതിനു സ്വാഭാവികത കൈവരാറുമുണ്ട്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ നാലാം ദിനം നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അനിത നായര്‍. ഈറ്റിങ് വാസ്പ്‌സ് എന്ന നോവലിനെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍, അനിത നായര്‍ തന്റെ സാഹിത്യകൃതികളെയും എഴുത്തിന്റെ വഴിയിലെ അനുഭവങ്ങളെയും കുറിച്ച് സദസ്സിനോട് സംവദിച്ചു.

ബാല്യകാലം മുതല്‍ താന്‍ എഴുത്തില്‍ തത്പരയായിരുന്നുവെന്ന് അനിത നായര്‍ പറഞ്ഞു. മുതിര്‍ന്നപ്പോള്‍ ധാരാളം എഴുതുമായിരുന്നെങ്കിലും അവയൊന്നും ആര്‍ക്കും വായിക്കാന്‍ നല്‍കിയിരുന്നില്ല. തന്റെ ഒരു കഥയുടെ കൈയ്യെഴുത്തുപ്രതി വായിച്ച ഒരു പത്രപ്രവര്‍ത്തകസുഹൃത്താണ് എഴുതുന്ന കഥകള്‍ വായനക്ക് വിധേയമാക്കണമെന്ന് നിര്‍ദ്ദേശിച്ചത്. ആ ഉപദേശം തന്റെ എഴുത്തിന്റെ വഴിയില്‍ ഏറെ പ്രധാനപ്പെട്ടതായിരുന്നുവെന്നും അനിത നായര്‍ ഓര്‍മ്മിച്ചു.

എഴുത്തുകാരി, മാതാവ്, സാമൂഹ്യജീവി എന്നെല്ലാമുള്ള സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴും, ആത്യന്തികമായി താനൊരു സ്ത്രീയാണ്. വര്‍ത്തമാനകാലത്ത് ജീവിക്കുക എന്നതാണ് ഏറെ പ്രധാനം. കഴിഞ്ഞതും വരാനിരിക്കുന്നതും നമ്മുടെ നിയന്ത്രണത്തിലല്ല. സ്ത്രീയുടെ അസ്തിത്വം തേടുന്ന രചനകളാണ് തന്റേത്. തന്റെ സ്ത്രീകഥാപാത്രങ്ങള്‍ സ്വന്തം അസ്തിത്വം തേടുന്നവരാണ്. അമൂര്‍ത്തമായ അസ്തിത്വസങ്കല്പങ്ങള്‍ക്ക് ഭൗതികമായ രൂപം നല്‍കാനാണ് സ്ത്രീ കഥാപാത്രങ്ങളുടെ സൃഷ്ടിയിലൂടെ താന്‍ ശ്രമിക്കുന്നത്.

നോവലില്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് പട്ടം പറത്തല്‍ പോലെയാണ്. സ്വതന്ത്രമായി നീങ്ങാന്‍ കഴിയുന്നവരാണ് തന്റെ കഥാപാത്രങ്ങളെങ്കിലും പട്ടത്തിന്റെ ചരട് തന്റെ കൈയ്യില്‍ത്തന്നെയായിരിക്കും. എഴുത്തുകാര്‍ക്ക് തങ്ങളുടെ എഴുത്തുകൊണ്ട് ലോകത്തെ മാറ്റിമറിക്കാന്‍ കഴിയുമെന്ന വിശ്വാസം തനിക്കില്ല. ഓരോ പ്രാവശ്യം എഴുതുമ്പോഴും ആദ്യമായി എഴുതുമ്പോഴുള്ള സംശയവും ആശങ്കയും എല്ലാ എഴുത്തുകാര്‍ക്കുമുണ്ട്. രചനാത്മകമായ എഴുത്തിന് ആ സഭാകമ്പം ഗുണകരമാണ്. ഉത്തമയായ സ്ത്രീക്ക് സ്വന്തമായി ആഗ്രഹങ്ങള്‍ പാടില്ലെന്ന അലിഖിതവിശ്വാസം നമ്മുടെ സമൂഹത്തിലുണ്ട്. ഈ വിശ്വാസത്തെ ചെറുത്തുതോല്‍പ്പിക്കുവാണ് കൂടിയാണ് എഴുത്തിലൂടെ താന്‍ ശ്രമിക്കുന്നത്.

സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെയും ദുരുപയോഗത്തെയും കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, സ്ത്രീകള്‍ സോഷ്യല്‍ മീഡിയയുടെ ഇരകളാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് അനിത നായര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ സര്‍വ്വരുടേയും ജീവിതത്തിലും മനോഭാവത്തിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അതിന്റെ ഫലമായി നല്ലതും ചീത്തയുമായ കാര്യങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്നുണ്ട്. ചുറ്റുമുണ്ടാകുന്ന എന്തു സംഭവങ്ങളും ‘റെക്കോര്‍ഡ്’ ചെയ്യാനാണ് നമുക്കിപ്പോള്‍ താല്‍പ്പര്യം. സോഷ്യല്‍ മീഡിയ ഒരു ഉപാധി മാത്രമാണ്. അത് ജീവിതത്തിന് പകരമാണ്. സോഷ്യല്‍ മീഡിയയില്‍ സ്വയം അലിയുന്നതിന് പകരം നമുക്ക് ചുറ്റുമുള്ള വ്യക്തികളുമായി സംവദിക്കാന്‍ ശ്രമിക്കണം.

മനുഷ്യക്കടത്തെന്നത് മാരകമായ വിപത്താണ്. തട്ടിക്കൊണ്ട് പോകപ്പെട്ടവര്‍ നിര്‍ബന്ധിതതൊഴിലെടുക്കലിനും ലൈംഗികചൂഷണത്തിനും വിധേയരാകുകയാണ്. അവര്‍ക്ക് സാധാരണജീവിതത്തിലേക്ക് ഒരിക്കലും മടങ്ങിവരാന്‍ അവസരമുണ്ടാകാറില്ല. ഓരോ വര്‍ഷവും തട്ടിക്കൊണ്ടുപോകപ്പെടുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണുണ്ടാകുന്നത്. കണ്ടുകിട്ടുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്. കാണാതെ പോകുന്ന കുട്ടികള്‍ തന്നെ ഏറെ ദുഖിപ്പിക്കുന്നുവെന്നും അനിത നായര്‍ പറഞ്ഞു.

ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ ഇന്റലെക്ച്വല്‍ ഹാളില്‍ നടന്ന സംവാദത്തില്‍ ചിത്ര രാഘവന്‍ മോഡറേറ്ററായിരുന്നു.

Comments are closed.