DCBOOKS
Malayalam News Literature Website

കന്യാസ്ത്രീകളും പുരോഹിതന്മാരും ക്രൈസ്തവസഭകളും; ബെന്യാമിന്‍ സംസാരിക്കുന്നു

എഴുത്തുകാരന്‍ ബെന്യാമിനുമായി ശ്രീകല മുല്ലശ്ശേരി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍

ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ രൂപപ്പെട്ടത് ക്രിസ്ത്യന്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് സമുദായത്തിന്റെ അന്തരീക്ഷത്തിലായിരുന്നു. സ്വാഭാവികമായും അതിന്റെ അനുരണനങ്ങള്‍ അദ്ദേഹം കൃതികളില്‍ പതിപ്പിക്കുകയും ചെയ്തിട്ടുണ്ട്.”അക്കപോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങളും”, ”മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങളുമൊക്കെ”അതിന്റെ ഉദാഹരണങ്ങളാണ്. സമകാലീന സമൂഹത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ക്കുള്ളില്‍ പ്രശ്‌നവത്കരിക്കപ്പെടുന്ന വിവിധങ്ങളായ വിഷയങ്ങളെ കൃതികളിലൂടെ വായനക്കാരിലെത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

സമകാലീന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഉള്ളിലുള്ള സഭകളുടെയും പൗരോഹിത്വത്തിന്റെയും ഹിപ്പോക്രസിയെ നിരന്തരമായി ചോദ്യം ചെയ്യുന്നു. അതുപോലെതന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെയും വിമര്‍ശിക്കുന്നു. നോവലില്‍ ആക്ഷേപഹാസ്യത്തിന്റെ ചുവയിലാണെങ്കിലും ഇവിടെ രാഷ്ട്രീയമായ ശരിയുടെ പരിസരത്തുനിന്നുമാണ് എന്നുള്ള വ്യത്യാസം മാത്രം. ഫാസിസ്റ്റുഭരണത്തിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഭയപ്പെടുമ്പോഴും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമായി എഴുത്തുകാരന്‍ ഭീരുവാകുന്നതിനെകുറിച്ചും പ്രസിദ്ധീകരണ സ്ഥാപനങ്ങളുടെ മാധ്യമധര്‍മ്മങ്ങളില്‍ വന്ന വ്യതിയാനത്തെകുറിച്ചും ബെന്യാമിന്‍ നിലപാട് വ്യക്തമാക്കുന്നു.

മതവിശ്വാസിയാേണാ?

തീര്‍ച്ചയായും ഞാനൊരു വിശ്വാസിയാണ്.  യാക്കോബായ ഓര്‍ത്തഡോക്‌സ് സമുദായത്തിലാണ് ജനിച്ചത്.  അതുകൊണ്ടുതന്നെ ചെറുപ്പത്തിലേ മാമോദിസ കര്‍മ്മങ്ങള്‍ മുതല്‍ വിവാഹംവരെ ആ സമുദായ വ്യവസ്ഥിതിക്കനുസരിച്ചാണ് സംഭവിച്ചത്.തീര്‍ച്ചയായും ഞാനൊരു വിശ്വാസിയാണ്.  യാക്കോബായ ഓര്‍ത്തഡോക്‌സ് സമുദായത്തിലാണ് ജനിച്ചത്.  അതുകൊണ്ടുതന്നെ ചെറുപ്പത്തിലേ മാമോദിസ കര്‍മ്മങ്ങള്‍ മുതല്‍ വിവാഹംവരെ ആ സമുദായ വ്യവസ്ഥിതിക്കനുസരിച്ചാണ് സംഭവിച്ചത്.

പിന്നീടുള്ള ജീവിതത്തില്‍ വിശ്വാസവും ജീവിതവും തമ്മിലുള്ള വൈരുദ്ധ്യം പെരുകിക്കൊണ്ടിരുന്നു.  കൃതികളിലൊക്കെതന്നെയും സഭയുടെ ഉള്ളിലുള്ള വഴക്കുകളെയും ആക്ഷേപഹാസ്യത്തിന്റെ ധ്വനിയില്‍ ‘അക്കപോരിന്റെ ഇരുപത് വര്‍ഷങ്ങളി’ലും ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങളി’ലൂടെയുമൊക്കെ പുറത്തേക്ക് വന്നു.  ഇങ്ങനെ നിരന്തരം വിമര്‍ശിക്കുമ്പോഴും യുക്തിസഹമല്ലെന്ന് വിചാരിക്കുമ്പോഴും ഈ വ്യവസ്ഥിതിക്കുള്ളില്‍ ജീവിക്കുന്നത് ഒരു അനൗചിത്യമായി തോന്നിയിരുന്നില്ലേ?

ഒരു സാധാരണ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം പള്ളി അവന് അഭേദ്യമായ ഒരിടംതന്നെയാണ്.  ഒരു ഹിന്ദുമതവിശ്വാസി അമ്പലത്തില്‍ പോകുന്നപോലെയല്ല ഒരു ക്രിസ്ത്യാനി പള്ളിയില്‍പോകുന്നത്.  അവനെ സംബന്ധിച്ചിടത്തോളം അവന്റെ സമസ്തമേഖലകളിലും ബാധിക്കുന്ന ഒന്നാണ് പള്ളി.  മാമോദിസ മുക്കുന്ന സമയം മുതല്‍ അവന്‍ നിരന്തരം പള്ളിയുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കും. അവന്റെ വിവാഹം നടക്കുന്നത് പള്ളിയിലാണ്. അവന്റെ കുറ്റബോധങ്ങള്‍ ഏറ്റുപറയുന്നത് പള്ളിയിലാണ്. ഒടുവില്‍ അവന്‍ അന്തിയുറങ്ങേണ്ട സ്ഥലവും പള്ളിയാണ്. സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം പള്ളി ഒരൊഴിച്ചുകൂടാനാവാത്ത ഒന്നുതന്നെയാണ്. സ്വാഭാവികമായും അതിന്റെ വിശ്വാസത്തിലേക്ക് നമ്മള്‍ ചെന്ന് ചേരുകയും ചെയ്യും.  ചെറുപ്പം മുതലുള്ള പരിശീലനം സണ്‍ഡെ സ്‌കൂള്‍, വീട്ടിലെ പ്രാര്‍ത്ഥനകള്‍, എല്ലാ ദിവസവും വൈകിട്ടത്തെ ബൈബിള്‍ വായന അങ്ങനെ ക്രിസ്ത്യാനിറ്റി, ക്രിസ്തു എന്നിവയൊക്കെ നമ്മളുടെ ജീവിതത്തിന്റെ അഭേദ്യമായ ഒരു ബന്ധമായിത്തീരുകയാണ്.  സാഹിത്യത്തിലൊന്നും അഭിരുചിയില്ലാത്ത സാധാരണക്കാരനായ ഒരു മധ്യതിരുവിതാംകൂര്‍ നസ്രാണിയെ  സംബന്ധിച്ചിടത്തോളം ഇതൊക്കെ വളരെ പ്രധാനപ്പെട്ട കാര്യമാണ്.  ചെറുപ്പകാലത്ത് ഇതൊക്കെ ശീലിക്കുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയാണ് ഞാന്‍.

കാരണം നമ്മുടെ വീട്ടില്‍ അത്താഴം ബൈബിള്‍ വായിച്ചാലേ കിട്ടുകയുള്ളൂ എന്നൊരു ശീലമുണ്ട്.  മാത്രമല്ല ഞങ്ങളുടെ കുടുംബം പള്ളിയുമായിട്ട് വളരെ അടുത്തുനില്‍ക്കുന്നു.  ഞങ്ങളുടെ മൂന്നാലു തലമുറ മുമ്പുള്ള അപ്പച്ചന്റെ സ്ഥലത്താണ് പള്ളി പണിഞ്ഞത്.  അദ്ദേഹത്തിന് പന്തളത്ത് രാജാവ് ദാനം കൊടുത്ത സ്ഥലം ഇതിനായി വിട്ടു കൊടുത്തിട്ടുണ്ട്.  എന്റെ  മുന്‍തലമുറക്കാരൊക്കെയും പള്ളിയിലെ പ്രധാനിയായിരിക്കുന്ന, ട്രസ്റ്റിയായിരിക്കുന്ന, കണക്കപ്പിള്ളയായിരിക്കുന്ന ഒരിടത്തിലുള്ള വ്യക്തി എന്ന നിലയ്ക്കാണ് ഞാന്‍ പള്ളിയെ കാണുന്നതും അതിന്റെ ഭാഗമായി നില്‍ക്കുകയും ചെയ്തിട്ടുള്ളത്.

പക്ഷേ, കുറെക്കൂടി മുതിരുകയും വളരുകയും കുറെക്കൂടി വായിക്കുകയും ചെയ്തപ്പോള്‍ നമ്മള്‍ ബൈബിള്‍ വിട്ടിട്ട് പുറത്തേക്ക് വായിക്കാന്‍ തുടങ്ങി.  ബൈബിളിനെ വിമര്‍ശനാത്മകമായി കാണാന്‍ തുടങ്ങി.  സഭയെ വിമര്‍ശനാത്മകമായി കാണുന്ന ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി.  അത്തരത്തിലുള്ള പഠനങ്ങള്‍ നമ്മുടെ ഉള്‍ക്കാഴ്ചയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ തുടങ്ങി. സാധാരണ ക്രിസ്ത്യാനിറ്റിയില്‍നിന്ന് പുറത്ത് കടന്നുകൊണ്ട് എങ്ങനെയാണ് സഭ ഒരു സ്ഥാപനമായി മാറുന്നത് എന്ന് ചിന്തിക്കാന്‍ തുടങ്ങി.

പള്ളിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു ഓര്‍മ്മ എന്താണ്?

എന്റെ ജീവിതത്തിലെ ഏറ്റവും പഴയ ഓര്‍മ്മകളില്‍ ഒന്ന് എന്ന് പറയുന്നത് പള്ളിയില്‍ അടി നടക്കുന്നതാണ്.  എന്റെ അച്ഛന്റെ തലപൊട്ടുകയും ആശുപത്രിയില്‍ ആകുകയും ചെയ്തു.  പിന്നെ നാല്‍പ്പത് വര്‍ഷക്കാലം ആ സംഘര്‍ഷത്തിന്റെ പേരില്‍ പള്ളി പൂട്ടിക്കിടക്കുകയായിരുന്നു.  ഇതിനുള്ളില്‍ നില്‍ക്കുമ്പോള്‍ നമ്മളുടെ ഭാഗത്തോട് ഭയങ്കരമായ അടുപ്പവും നമ്മളാണ് ശരി എന്നൊരു തോന്നലുമൊക്കെയുണ്ടാവും; അതിനോടൊപ്പം നില്‍ക്കുകയും ചെയ്യും.  പക്ഷേ, കുറെ കഴിയുമ്പോള്‍ നമ്മള്‍ മനസ്സിലാക്കും,  ഇതിന് പിന്നില്‍ മറ്റ് ചില കാരണങ്ങള്‍കൂടി ഉണ്ട് എന്ന്.  നമ്മള്‍ വിചാരിക്കുന്നപോലെ വെറും വിശ്വാസപരം മാത്രമല്ലത്.  ഇതിനകത്ത് അധികാരത്തിന്റെ പ്രശ്‌നവും കടന്നുവരുന്നുണ്ട്. വളരെ നിസ്സാരമായ പ്രശ്‌നങ്ങളെക്കുറിച്ചാണ്  ഈ തര്‍ക്കങ്ങള്‍ എന്ന് കാണാം. യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിന് ഇതിന്റെയുള്ളില്‍ കുറഞ്ഞ പ്രാധാന്യമേ ഉള്ളുവെന്ന് പിന്നീടാണ് നാം മനസ്സിലാക്കുന്നത്.  സഭ ഒരു ഇൻസ്റിറ്റ്യൂഷന്‍ ആണ്.  അതിനകത്ത് സാമൂഹ്യവ്യവസ്ഥ എന്ന നിലയ്ക്ക് കാര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പോകാവുന്ന ഒന്നാണ്.  സ്വാഭാവികമായിട്ടും ഒരു ഭാഗമായിട്ട് ക്രിസ്തു ഉണ്ട്.  പക്ഷേ, സമ്പൂര്‍ണ്ണമായി ക്രിസ്തു അതല്ല.  ക്രിസ്തു എന്ന് പറയുന്നത് മറ്റൊരിടത്ത് നില്‍ക്കുന്ന ഒന്നാണ്.  ക്രിസ്തുവിലേക്കുള്ള പ്രയാണം എന്ന് പറയുന്നത് യഥാര്‍ത്ഥത്തില്‍ സഭയ്ക്ക് വെളിയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ ആത്മീയതയില്‍ എത്താന്‍ കഴിയുകയുള്ളൂ എന്നുള്ള ഒരു ബോധ്യത്തില്‍ എത്തി. അതേസമയം സാമൂഹ്യവ്യവസ്ഥ എന്ന നിലയിലും ആണ് ഞാന്‍ പള്ളിയെ കാണുന്നത്. കാരണം, അയല്‍പക്കക്കാരെയും ബന്ധുക്കളെയും പരിചയക്കാരെയും നിരന്തരം കാണാനും സൗഹൃദം പുലര്‍ത്താനും ഇടപഴകാനുമുള്ള ഒരിടം എന്ന നിലയില്‍ അതിനു പ്രത്യേകതയുണ്ട്.

ഈ വ്യവസ്ഥയെ സ്വന്തംജീവിതത്തില്‍നിന്ന് വലിച്ചെറിയാന്‍ തോന്നിയിട്ടുണ്ടോ?

അങ്ങിനെ വലിച്ചെറിയേണ്ട കാര്യമുണ്ടായിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. അഥവാ വലിച്ചെറിഞ്ഞാല്‍തന്നെ ജീവിതത്തിനോടൊപ്പം നില്‍ക്കുന്ന അനേകം പേരെ തള്ളിപ്പറയേണ്ടി വരും. എന്റെ മാതാവും പിതാവും ഉള്‍പ്പടെയുള്ളവര്‍ അവിടെയാണ് അന്തിയുറങ്ങുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അവരെ ഉപേക്ഷിക്കുക പ്രയാസമാണ്. പിതാക്കന്മാരെ ഓര്‍ക്കുക വലിയ ഒരു കാര്യമായിട്ടാണ് ഞാന്‍ കാണുന്നത്. അതുകൊണ്ടുതന്നെ ഈ വ്യവസ്ഥിതിയെ തള്ളിപ്പറയുക എന്ന് പറഞ്ഞാല്‍ എന്റെ സര്‍വ്വബന്ധങ്ങളെയും ഉപേക്ഷിക്കുക എന്നാണ്. അതുകൊണ്ട് ഇതൊരു സ്ഥാപനമാണ്. സ്ഥാപനത്തിന്റെ ഉള്ളിലെ ഒരു സോഷ്യലിങ് സ്‌പെയ്‌സ് എന്ന നിലയില്‍ മാത്രമാണ് ഞാന്‍ ഈ വ്യവസ്ഥയെ കാണുന്നത്. യഥാര്‍ത്ഥ ക്രിസ്തുവിലേക്കുള്ള നടത്തം മറ്റൊന്നാണ് എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള തിരിച്ചറിവുകള്‍ നമ്മുടെ വായനയില്‍നിന്നും ജീവിതങ്ങളില്‍നിന്നും മരണങ്ങളില്‍ നിന്നും കിട്ടുന്നതാണ്. അങ്ങനെ കിട്ടുന്ന ക്രിസ്തുവും സഭ പറയുന്ന ക്രിസ്തുവും രണ്ടാണ്. അത് അധികാരത്തിന്റെ ക്രിസ്തുവല്ല. അങ്ങനെയുള്ള ഒരു ക്രിസ്തുവിനെ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. ക്രിസ്തുവും സഭയും തമ്മിലുള്ള ദൂരം ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അത് എനിക്ക് മാത്രമല്ല സഭയ്ക്കുള്ളില്‍ ജീവിക്കുന്ന ഭൂരിപക്ഷത്തിനും അതറിയാം.

ഈ വ്യവസ്ഥ പൊളിയണം എന്ന് യഥാര്‍ത്ഥത്തില്‍ താങ്കള്‍ ആഗ്രഹിക്കുന്നില്ലേ?

അത് പൊളിക്കാനുള്ള ശ്രമമാണല്ലോ എല്ലാകാലത്തും പുതിയ പുതിയ സഭകളുടെ ആവിര്‍ഭാവത്തോടുകൂടി സംഭവിച്ചത്. പ്രൊട്ടസ്റ്റന്റ് സഭകള്‍ കടന്നുവന്നത് കത്തോലിക്കസഭയെപോലുള്ള വലിയ സഭയെ പൊളിക്കുക എന്ന് പറയുന്നതില്‍കൂടിയാണ്. കടന്നുവന്ന പ്രൊട്ടസ്റ്റന്റ് സഭകള്‍ ഒക്കെയും പിന്നീട് വലിയ വലിയ ഇൻസ്റിറ്റ്യൂഷന്‍ ആവുകയായിരുന്നു. അവയെല്ലാം ഓരോരോ അധികാരകേന്ദ്രങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് പൊളിച്ചുമാറ്റുക എന്നതില്‍ വലിയ ഒരര്‍ത്ഥമുണ്ടെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പൊളിക്കുംതോറും മറ്റൊരു തലത്തില്‍ വേറെവേറെ സംഘങ്ങള്‍ ആയി മാറുന്നു. അത് ഇത് വരെയുള്ള സഭയുടെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. സഭയില്‍നിന്ന് പുറത്ത് കടക്കുക എന്നുള്ളതിന്റെ അപ്പുറത്ത് ഉള്ളില്‍ നിന്നുകൊണ്ട് വിമര്‍ശനങ്ങള്‍ നടത്തുകയാണ് ഞാന്‍ ചെയ്യുന്നത്. അതിന് എനിക്ക് ഭയമില്ല.

ഈ വ്യവസ്ഥയ്ക്കുള്ളില്‍ നിന്നും നടത്തുന്ന വിമര്‍ശനങ്ങള്‍ ഫലം കാണുന്നുണ്ടോ?

തീര്‍ച്ചയായും നമ്മള്‍ നിരന്തരം സഭയ്ക്കുള്ളില്‍നിന്നും നടത്തുന്ന വിമര്‍ശനങ്ങളെ സഭതന്നെ ഗൗരവമായി കാണുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും എനിക്ക് നിരവധി പുരോഹിതന്മാരുമായും ബിഷപ്പുമാരുമായും പരിചയമുണ്ട്. അവരോടൊക്കെ ഈ വിമര്‍ശനങ്ങള്‍ വിശദമായി സംസാരിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. സ്വാഭാവികമായിട്ട് അവര്‍ ഇതില്‍നിന്നും ഒരു മാറ്റം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്.

ബെന്യാമിന്‍ എന്ന വ്യക്തിയുടെ ജനനവും വിവാഹവും പൂര്‍ണ്ണമായും ക്രിസ്ത്യാനിറ്റി എന്ന വ്യവസ്ഥയ്ക്കുള്ളില്‍ കീഴ്‌പ്പെട്ടുകൊണ്ടാണു നടന്നത്. ഇനി മരണത്തെ എങ്ങനെ നോക്കിക്കാണുന്നു?

ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഒരു വ്യക്തി മരണപ്പെടുകയും പിന്നീട് വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യും എന്നുള്ള കാഴ്ചപ്പാടാണ്. പക്ഷേ, ഇത്രയും കാലത്തെ എന്റെ വായനയുടെയും പഠനത്തിന്റെയും നിരീക്ഷണത്തിന്റെയും ഫലമായി മനസ്സിലാക്കാനാവുന്നത് ഈ ആശയങ്ങള്‍ മനുഷ്യന് പ്രത്യാശ കൊടുക്കാനുള്ള ഒരാശയം എന്ന നിലയില്‍ മാത്രമാണ് ക്രിസ്ത്യാനിറ്റി മുന്നോട്ട് വെക്കുന്നത് എന്നാണ്. നമ്മളുടെ ജീവിതത്തിന്റെ അന്ത്യത്തിനുശേഷം അനന്തമായ ഒരു ശൂന്യതയാണ്. നമ്മള്‍ക്ക് ഒന്നും ഇല്ല എന്നുള്ള വിചാരം മനുഷ്യനെ ഭ്രാന്തമായ അവസ്ഥയില്‍ എത്തിക്കും. അതിനപ്പുറത്തേക്ക് നീ വീണ്ടും തിരിച്ചുവരും, നിനക്ക് ജീവനുണ്ടാവും, നീ നിന്റെ ബന്ധുക്കളെ വീണ്ടും കാണും എന്ന പ്രത്യാശ, സുഖമായ ഒരു മരണത്തിന് ഉള്ള ഔഷധമായിട്ടാണ് കാണേണ്ടത്. അല്ലാതെ പൊളിച്ചെഴുത്തുകള്‍ എല്ലാ മനസ്സുകളിലും ഫലപ്രദമായി എന്ന് വരുകയില്ല. മതത്തിന്റെ കാപട്യം എന്തൊക്കെയാണ് എന്ന് മനസ്സിലാക്കിയാലും വളരെ ചെറിയ ന്യൂനപക്ഷങ്ങള്‍ക്കേ അത് ഉള്‍ക്കൊള്ളാനുള്ള മാനസികസ്ഥിതിയുള്ളൂ. ഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം അതില്‍ അഭിരമിച്ചു ജീവിക്കുന്നതുതന്നെയാണ് അവരുടെ മനസ്സമാധാനത്തിന് നല്ലത്.
ചില തിരിച്ചറിവുകള്‍ നമ്മളെ ശാന്തമായ അവസ്ഥയില്‍ കൊണ്ടെത്തിച്ചുകളയും.

മരണം എന്ന് പറയുന്നത് അത്തരത്തിലുളള അവസ്ഥയാണ്. ഇനിയുമുള്ള അനേകം കോടി വര്‍ഷങ്ങള്‍ മുഴുവന്‍ ഞാന്‍ വലിയ ഒരു ശൂന്യത മാത്രമാണ് എന്ന ചിന്തയാണ് സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം. ഞാന്‍ ആര്‍ജിച്ച അറിവുകള്‍, എന്റെ സ്വപ്നങ്ങള്‍, എന്റെ സങ്കല്പങ്ങള്‍ ഇതെല്ലാം ശൂന്യതയായിപോവുകയാണ് എന്നൊരവസ്ഥയുണ്ട്. അതിനപ്പുറത്താണ് ക്രിസ്ത്യാനികള്‍ ഇങ്ങന ചില ആശയങ്ങള്‍ വെക്കുന്നത്. ഹിന്ദുമതമാണെങ്കില്‍ പുനര്‍ജന്മം എന്നൊരാശയം വെക്കുന്നതോടുകൂടി നമുക്ക് കിട്ടുന്ന വലിയ ഒരു സമാധാനമുണ്ട്. ഞാന്‍ ഇതോടുകൂടി തീര്‍ന്ന് പോവുന്നില്ല എന്ന തോന്നല്‍. എന്റെ കുറെ കാലമായ യാത്രകളില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയത്, മനുഷ്യന്‍ എന്ന ജീവി പഞ്ചഭൂതങ്ങളായ പ്രകൃതിയില്‍നിന്ന് മാത്രം കരുത്തിനെയാര്‍ജിച്ചു വന്നിട്ടുള്ള ഒന്നാണ് എന്നാണ്. അതുകൊണ്ടുതന്നെ പഞ്ചഭൂതങ്ങളായിതന്നെ അലിഞ്ഞ് ഇല്ലാതായി നമ്മള്‍ ശൂന്യതയിലേക്ക് ലയിച്ചുപോവും എന്നാണ് ഞാന്‍ കരുതുന്നത്. അതിനപ്പുറത്തേക്ക് സ്വര്‍ഗമുണ്ടെന്നോ നരകമുണ്ടെന്നോ അതിന് നാളെ വിധിക്കപ്പെടും എന്നോ ചിന്തിക്കുന്ന ഒരാളല്ല ഞാന്‍.

പക്ഷേ, നമ്മള്‍ക്ക് അന്തിയുറങ്ങാന്‍ ഒരു പിടി മണ്ണ് വേണം. നമ്മള്‍ ജീവിച്ചിരുന്നുവെന്നതിന്റെ പേരില്‍ നമുക്ക് ഉറങ്ങാനുള്ള മണ്ണ് എന്ന നിലയിലാണ് പള്ളിയിലെ ശവകുടീരത്തില്‍ പോയിക്കിടക്കാന്‍ ആഗ്രഹിക്കുന്നത്. ജീവിച്ചിരുന്നു എന്നുള്ളതിന്റെ ഒരു തെളിവ്. ഇനി ആ തെളിവ് നശിച്ചുപോയാലും എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു കാര്യമായി ഞാന്‍ കരുതുന്നില്ല. നമ്മുടെ പൂര്‍വ്വികര്‍ക്കൊപ്പം അന്തിയുറങ്ങുന്നതിനെകുറിച്ച് ഒരു സമാധാനപൂര്‍വ്വമായ ഒരു കാഴ്ചപ്പാടുണ്ട്. അതുകൊണ്ട് മരണത്തെ ക്രിസ്ത്യാനിറ്റിയില്‍നിന്നും വിരുദ്ധമായിട്ടാണ് കാണുന്നത്. അതേ സമയത്ത് പള്ളിയില്‍തന്നെ കിടക്കണം എന്നും ആഗ്രഹിക്കുന്നുണ്ട്. ഇങ്ങനെ രണ്ട് വൈരുദ്ധ്യത്തിന്റെ ഇടയിലാണ് ഞാന്‍ ജീവിക്കുന്നത്…

അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍

Comments are closed.