DCBOOKS
Malayalam News Literature Website

ശരിയെന്ന് ബോധ്യമുള്ളത് തുറന്നു പറഞ്ഞതിനാല്‍ പലപ്പോഴും അകറ്റിനിര്‍ത്തപ്പെട്ടു, ഇരകള്‍ക്കൊപ്പം നില്‍ക്കലാണ് എഴുത്തിലെ നൈതികത: സാറാ ജോസഫ്

സ്ത്രീപക്ഷചിന്തകളിലൂടെ മലയാളസാഹിത്യത്തില്‍ സവിശേഷസ്ഥാനം അലങ്കരിക്കുന്ന ശ്രദ്ധേയ എഴുത്തുകാരിയാണ് സാറാ ജോസഫ്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ സംഘാടകയും പ്രവര്‍ത്തകയുമായ സാറാ ജോസഫ് ശക്തവും വ്യത്യസ്തവുമായി നിലപാടുകള്‍ കൊണ്ടും അവതരണശൈലികൊണ്ടുമാണ് വായനക്കാരുടെ മനസ്സില്‍ ഇടംനേടിയത്. ഡി സി ബുക്‌സ് Author In Focus-ന്റെ ഭാഗമായി സാറാ ജോസഫും സി.എസ് ചന്ദ്രികയും തമ്മില്‍ നടത്തിയ അഭിമുഖ സംഭാഷണത്തിന്റെ ഒന്നാം ഭാഗത്തില്‍നിന്ന്.

‘ഓരോരോ എഴുത്തുകാരിയുടെ ഉള്ളിലും’ എഴുതിയ, മേബിള്‍ അമ്മായിയുടെ വീടിനെക്കുറിച്ച് സ്വപ്നം കണ്ട കാലത്തുനിന്ന് ബുധിനി എഴുതാന്‍ വേണ്ടി വീടുവിട്ടിറങ്ങി കേരളം വിട്ടിറങ്ങി ഇന്ത്യ കാണാന്‍ പോയി വന്ന എഴുത്തുകാരിയെക്കുറിച്ച് ഇപ്പോള്‍ എന്തു തോന്നുന്നു?

എഴുത്ത് ഒരു യാത്രയാണ്. കാലത്തിലൂടെ, സ്ഥലത്തിലൂടെ. ഒരെഴുത്തുകാരിയും എഴുത്തുകാരനും തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയില്ല. സ്ഥലകാലങ്ങള്‍ക്കനുസൃതമായ മാറ്റം അയാളുടെ എഴുത്തില്‍ സംഭവിച്ചുകൊണ്ടിരിക്കും. ഭാഷയെ നവീകരിച്ചുകൊണ്ടിരിക്കും. ചിന്തയില്‍ സ്വാധീനങ്ങളുണ്ടാകും. ജ്ഞാനമേഖലകള്‍ വികസിക്കും. ജീവിതവീക്ഷണങ്ങള്‍ മാറിമറിയും. ആശാന്‍ പറഞ്ഞതുതന്നെ ഇന്നലെ ചെയ്ത അബദ്ധങ്ങള്‍ തിരുത്താനും മഹാ അബദ്ധങ്ങളാക്കി വികസിപ്പിക്കാനും എഴുത്തില്‍ സാധ്യതകളുണ്ട്. മാറ്റങ്ങള്‍കൊണ്ടുള്ള ആവിഷ്‌കാരരീതികളും എഴുത്തുകാര്‍ കണ്ടെത്തും. അനുഭവത്തിന്റെയും അറിവിന്റെയും മണ്ഡലങ്ങള്‍ വികസിക്കുമ്പോള്‍ തിരിവുകളില്‍ മാറ്റങ്ങളുണ്ടാകാം. ഒരെഴുത്തുകാരിയില്‍ത്തന്നെ പല എഴുത്തുകാരികളുണ്ടാവുന്നതങ്ങനെയാണ്. ‘ഓരോ എഴുത്തുകാരിയുടെ ഉള്ളിലും’ എന്ന കഥയ്ക്കു മുമ്പും ഞാന്‍ കഥകളെഴുതിയിട്ടുണ്ട്. അതുവരെയുള്ള എന്റെ എഴുത്തില്‍നിന്നുള്ള ഒരു കുതിപ്പായിട്ടാണ് ‘പാപത്തറ’യിലെ കഥകളെ ഞാന്‍ വിലയിരുത്തുന്നത്. ‘ഓരോ എഴുത്തുകാരിയുടെ ഉള്ളിലും’ എന്ന കഥ ‘പാപത്തറ’യെന്ന സമാഹാരത്തിലുള്ളതാണ്.

പാപത്തറ ‘ട്രെന്‍ഡ് സെറ്റര്‍’ ആയിരുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും എഴുത്തില്‍ അതിന്റെ പ്രതിഫലനങ്ങളുണ്ടായി. നോവലുകളിലേക്ക് വന്നപ്പോള്‍ ആഖ്യാനത്തില്‍ പിന്നെയും മാറ്റങ്ങള്‍ വന്നു. ആദ്യമെഴുതിയതിനെ വെട്ടിത്തിരുത്തിക്കൊണ്ടാണ് രണ്ടാമത്തെ കൃതി എഴുതപ്പെടേണ്ടതെന്നാണ് എന്റെ പക്ഷം. എഴുതിക്കഴിഞ്ഞ കൃതികളെ വീണ്ടും ഓമനിക്കാതിരിക്കുക എന്നതാണ് എന്റെ രീതി. അന്നോളം ബോധ്യപ്പെട്ടത് തെറ്റാണെന്ന് മനസ്സിലാകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാകാം. അതു പറയാനുള്ള ആര്‍ജ്ജവം എഴുത്തിലുണ്ടാവണം. എന്റെ എഴുത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുള്ളത് എന്റെ എഴുത്തുവഴിയിലെ ചില നാഴികക്കല്ലുകളായിട്ടാണ് ഞാന്‍ കരുതുന്നത്. ബുധിനിയില്‍നിന്നുകൊണ്ട് നോക്കുമ്പോള്‍, ഇതുവരെ എഴുതിയതൊന്നും എന്റെ മനസ്സിനെ തൃപ്തിപ്പെടുത്തിയിട്ടില്ലെന്നും ശരിക്കും ഒരു മികച്ച കൃതി, ഒരു വലിയ സാഹിത്യകൃതി ലോകോത്തരമായത്, എനിക്കെഴുതാന്‍ കഴിയുമോ എന്നുമാണ് എന്റെ ചിന്തയത്രയും. അതിനാല്‍ എന്റെ മനസ്സ് സംശാന്തമായി തുടരും.

ആലാഹയുടെ പെണ്‍മക്കള്‍, മാറ്റാത്തി, ഊരുകാവല്‍, ഒതപ്പ്, ആതി, ആളോഹരി ആനന്ദം, ബുധിനി..ഇത്രയും കനപ്പെട്ട നോവലുകള്‍ എഴുതിത്തീര്‍ത്തത് ഒരു ചെറിയ കാലയളവിലാണ്. അണപൊട്ടിയ സര്‍ഗ്ഗാത്മകതയുടെ അനര്‍ഗ്ഗള പ്രവാഹം പോലെ! നന്നായി വീടു നോക്കി മക്കളെ വളര്‍ത്തി അവര്‍ സെറ്റില്‍ഡ് ആയി കോളേജ് അദ്ധ്യാപന ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തതിനും ശേഷം മാത്രമാണ് നോവല്‍ എഴുതിത്തുടങ്ങിയത് എന്നാണ് എന്റെ നിരീക്ഷണം. ശരിയല്ലേ? എത്ര വയസ്സു മുതല്‍ നോവലെഴുതാനുള്ള മോഹം മനസ്സില്‍ അടക്കികൊണ്ടു നടന്നിരുന്നു?

ആദ്യം, എഴുത്തിന്റെ തുടക്കത്തില്‍, പലരുമെന്നപോലെ കവിതകളാണ് എഴുതിയത്. കവിതനിറഞ്ഞ മനസ്സുമായി നടക്കുന്ന ഏതൊരു തുടക്കക്കാരിയുംപോലെ കവിതയില്‍നിന്ന് ചെറുകഥയിലേക്കുവന്നു. ഏറ്റവും പ്രിയപ്പെട്ട ജെനര്‍ എനിക്ക് ചെറുകഥയായിരുന്നു. കവിതയുടെയും കഥയുടെയും ആറ്റിക്കുറുക്കിയ ഭാഷാരീതി, ആവിഷ്‌കാരശൈലി, എഴുത്തില്‍ പരിശീലിച്ചത് ഏതാണ്ട് മൂന്നു ദശകത്തോളമാണ്. എട്ടോളം ചെറുകഥാസമാഹാരങ്ങള്‍ ഇറങ്ങിയതിനുശേഷം കുറേക്കാലം ഞാന്‍ കഥകളെഴുതാതിരുന്നു. നോവലിനെക്കുറിച്ച് ഇക്കാലമത്രയും ചിന്തിച്ചിരുന്നില്ല. ‘ആലാഹയുടെ പെണ്‍മക്കള്‍’ പുറത്തിറങ്ങിയത് 1999-ലാണ്. ഒരു നോവല്‍ എന്ന രീതിയില്‍ അതെങ്ങനെ സ്വീകരിക്കപ്പെടും എന്നു വലിയ സംശയം എനിക്കുണ്ടായിരുന്നു. പിന്നീട് എഴുതിയ ഓരോ നോവലും നോവലെന്ന ശക്തമായ സാഹിത്യശാഖയെ കൈയെത്തിപ്പിടിക്കാനുള്ള ശ്രമങ്ങളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നേരത്തെ പറഞ്ഞതുപോലെ എന്നെ അശാന്തിയില്‍നിന്ന് മോചിപ്പിക്കുന്ന ഒരു നോവല്‍ ഞാനിനിയും എഴുതേണ്ടിയിരിക്കുന്നു.

നോവലെറ്റുകള്‍ നേരത്തേ എഴുതാന്‍ തുടങ്ങിയിട്ടുണ്ട്. നന്മതിന്മകളുടെ വൃക്ഷം, വിശുദ്ധ റങ്കൂണ്‍ പുണ്യാളന്‍, ഷെല്‍ട്ടര്‍, തേജോമയം, യൂനായുടെ ഒളിച്ചോട്ടം, സാറായിയുടെ മരുദേശങ്ങള്‍-ഇത്രയും സുന്ദരമായ നോവലെറ്റുകള്‍ എഴുതിയിട്ടുണ്ട്. നോവലെറ്റുകളും നോവലുകളും എഴുതുമ്പോഴുള്ള ആത്മസംതൃപ്തിയും സന്തോഷവും നല്ലോണ്ണം വ്യത്യാസപ്പെട്ടിരിക്കും ഇല്ലേ? എനിക്ക് നോവലെറ്റുകള്‍ എഴുതണമെന്ന് ഇതു വരെ തോന്നിയിട്ടേയില്ല. എന്തുകൊണ്ടെന്നറിഞ്ഞുകൂടാ. ഒന്നുകില്‍ ചെറുകഥ അല്ലെങ്കില്‍ നോവല്‍ മാത്രമേ ചിന്തയില്‍ വരാറുള്ളൂ. എന്നിലുള്ള സംശയമാണ് ഈ ചോദ്യം.

നോവെല്ല എന്ന സാഹിത്യവിഭാഗം ഏറ്റവും ശക്തമാണെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്ന നോവലെറ്റുകളാണ്, ലിയോ ടോള്‍സ്റ്റോയിയുടെ ‘ഇവാന്‍ ഇല്ലിച്ചിന്റെ മരണം’, ഡോസ്റ്റോയേവ്‌സ്‌കിയുടെ ‘Notes from the underground ‘ ഹെന്റി ജെയിംസിന്റെ ‘In the cage’ തുടങ്ങിയവ. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പാത്തുമ്മയുടെ ആട്’ നോവലിനേക്കാള്‍, മലയാളത്തിലെ നോവെല്ല വിഭാഗത്തിലെ ശക്തമായ കൃതിയാണ് എന്നെനിക്ക് തോന്നുന്നു. നോവലും നോവെല്ലയും തമ്മിലുള്ള പ്രധാന വ്യത്യാസം നോവലുകളിലേതുപോലെ subplot- കള്‍ നോവല്ലകളില്‍ ഇല്ലെന്നതുതന്നെയാണ്. ഒന്നോ രണ്ടോ മുഖ്യകഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് വികസിക്കുന്ന കഥയ്ക്ക് നോവലിനോളം ദൈര്‍ഘ്യമില്ല. എന്നാല്‍ ചെറുകഥകളുടേതുപോലെ ചെറുതുമല്ല. അതേസമയം ഒരു ശക്തമായൊരു ചെറുകഥയെ വികസിപ്പിച്ചെടുക്കുന്നതുപോലെയുള്ള ഒരെഴുത്തനുഭവമാണ് എനിക്ക് നോവലെറ്റുകള്‍.

നോവല്‍ വളരെ വലിയൊരു കാന്‍വാസില്‍ എഴുതപ്പെടുന്നു. അതിന് ഒരുപാട് സ്‌കെച്ചും പ്ലാനും എസ്റ്റിമേറ്റുമൊക്കെ തയാറാക്കേണ്ടതുണ്ട്. സ്ഥലകാലങ്ങള്‍, ഭൂപടങ്ങള്‍, കാലാവസ്ഥ, സാംസ്‌കാരിക ഭൂമിക കഥാപാത്രങ്ങളുടെ വൈവിധ്യം, വൈചിത്ര്യം, ബഹുലത, ധാരാളം സബ്‌ടെസ്റ്റുകള്‍, കഥാപാത്രങ്ങളുടെ വളര്‍ച്ച, വികാസം, സംഭവഗതികള്‍ അങ്ങനെ ആകാവുന്നതൊക്കെ വേണം. ഡീറ്റെയിലിങ്ങിന്റെ കലയാണ് നോവല്‍. നോവലെറ്റിന് ആ പരപ്പ് ഇല്ല. ആഴമേറിയ നോവലെറ്റാണ് ഇവാന്‍ ഇല്ലിച്ചിന്റെ മരണം. സറ്റയര്‍ പ്രധാനമായ, റിയലിസ്റ്റിക്കായ, ഹൃദയസ്പര്‍ശിയായ നോവലാണ് പാത്തുമ്മയുടെ ആട്. നോവലുകളുടെ ഇടവേളയില്‍ ഒരു നോവലെറ്റ് എഴുതാനുള്ള സാധ്യത ഞാന്‍ എപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. ചിലപ്പോള്‍ വലിയൊരു നോവലായി എഴുതേണ്ടിയിരുന്നതിനെ ബോണ്‍സായിപോലെ ചുരുക്കിക്കളഞ്ഞോ എന്ന സംശയം തോന്നിയിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ എഴുതി പൂര്‍ത്തിയാക്കിയിട്ടുള്ള ‘എസ്‌തേര്‍’ എന്ന നോവലെറ്റ് സത്യത്തില്‍ വലിയൊരു നോവലാക്കി വികസിപ്പിക്കാനുള്ള എല്ലാ സാധ്യതയുമുള്ളതായിരുന്നു. അതിനു വേണ്ടിവരുന്ന കഠിനാധ്വാനം ഓര്‍ത്താണ്, ഒരുപക്ഷേ, അതിനെ നോവല്ലയാക്കിയത്.

ആദ്യകാല കഥകളാണ് ‘മനസ്സിലെ തീ മാത്രം’, ‘കാടിന്റെ സംഗീതം’ എന്നീ ആദ്യസമാഹാരങ്ങളിലുള്ളത്. പിന്നെ പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയാണ് എഴുത്തില്‍. ആ ഇടവേളയില്‍ എന്തു ചെയ്യുകയായിരുന്നു! ഇടവേളക്കു ശേഷം ‘പാപത്തറ’ സമാഹാരം മലയാള സാഹിത്യത്തില്‍ ഒരു വലിയ പൊട്ടിത്തെറിയായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. മലയാള സാഹിത്യത്തില്‍ മാത്രമല്ല, സാംസ്‌കാരിക, രാഷ്ട്രീയ പൊതുമണ്ഡലത്തിലാകെ സ്ത്രീസ്വാതന്ത്ര്യത്തിന്റെ, പുതുസൗന്ദര്യ ശാസ്ത്രത്തിന്റെ, സ്ത്രീ ഭാഷയുടെ, ഫെമിനിസ്റ്റ് സംവാദ വ്യവഹാരത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കേരളത്തിലെ എഴുത്തുകാരികളെ മാത്രമല്ല, മുഴുവന്‍ സ്ത്രീകളേയും ചിന്താപരമായ പ്രകമ്പനങ്ങളിലേക്ക്, സ്വാതന്ത്ര്യത്തിലേക്ക് ആനയിക്കുന്നതിനായുള്ള വരവായിരുന്നു അതെന്ന് ഞാന്‍ വിലയിരുത്തുന്നു. തുടര്‍ന്നു വന്ന കഥകളുടെ സമാഹാരങ്ങള്‍ നിലാവറിയുന്നു, ഒടുവിലത്തെ സൂര്യകാന്തി, പുതുരാമയണം, കാടിതു കണ്ടായോ കാന്താ, ഒരു പരമ രഹസ്യത്തിന്റെ ഓര്‍മ്മക്ക് എന്നതെല്ലാം അതാത് കാലത്തിന്റെ പുതിയ സവിശേഷതകളെക്കൂടി ഉള്‍ക്കൊള്ളുകയാണ്. ഈ കഥകളെ മലയാള സാഹിത്യത്തില്‍ ടീച്ചര്‍ എങ്ങനെ സ്വയം വിലയിരുത്തുന്നു?

എന്റെ കഥകള്‍ മലയാളസാഹിത്യത്തില്‍ എങ്ങനെ എന്ന് വിലയിരുത്തേണ്ടത് ഞാനല്ലല്ലോ. പക്ഷേ, ഒന്നുപറയാം, ചന്ദ്രിക ചൂണ്ടിക്കാട്ടിയ ‘പെണ്ണെഴുത്ത്’ പ്രശ്‌നം പറഞ്ഞ് മാര്‍ജിനലൈസ് ചെയ്യപ്പെട്ടിട്ടുണ്ട് എന്റെ ചെറുകഥാലോകം. അതെന്റെ നഷ്ടമല്ല. വായനക്കാര്‍ക്ക് വരുത്തിയ നഷ്ടമാണ്. എട്ടോളം കഥാസമാഹാരങ്ങളിലായി എണ്‍പതിലധികം കഥകള്‍ ഞാനെഴുതിയിട്ടുണ്ട്. ആ കഥകള്‍ ഒരു വ്യത്യസ്ത സാംസ്‌കാരികമണ്ഡലം സൃഷ്ടിച്ച്, വായനാസമൂഹത്തെ സ്വാധീനിച്ചിട്ടുണ്ടെന്നുള്ളത് തീര്‍ച്ചയാണ്. എഴുത്തിന്റെ ശക്തിയെന്നത് സൗന്ദര്യാനുഭൂതിയില്‍ വരുത്താന്‍ കഴിയുന്ന ഗുണപരമായ വിച്ഛേദങ്ങളാണ്. സമൂഹത്തെ മുന്നോട്ടു കുതിക്കാന്‍ സഹായിക്കുന്ന ലാവണ്യാനുഭൂതികള്‍ നിര്‍മ്മിക്കുന്നത് എല്ലായ്‌പോഴും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളാണ്. കലയും സാഹിത്യവുമൊക്കെ ചരിത്രത്തില്‍ വഴി നടത്തിയിട്ടുള്ളത് അങ്ങനെയാണ്. എഴുത്തിന്റെ സ്വത്വമെന്നത് സ്വാതന്ത്ര്യമാണ്. ജനാധിപത്യപരവും ബഹുസ്വരവും സ്വതന്ത്രവുമായ ഒരു പ്രക്രിയയാണത്. എന്റെ കഥകളിലൂടെ ഞാന്‍ ശ്രമിച്ചിട്ടുള്ളതും അതാണ്. സ്വാതന്ത്ര്യത്തിന്റെ ഭാഷയാണ് ഞാന്‍ എല്ലായ്‌പോഴും കണ്ടെത്താന്‍ ശ്രമിച്ചിട്ടുള്ളത്.

അടുക്കള തിരിച്ചു പിടിക്കുക, ഭഗവത് ഗീതയുടെ അടുക്കളയില്‍ എഴുത്തുകാര്‍ വേവിക്കുന്നത് എന്നീ സമാഹാരങ്ങളിലെ ലേഖനങ്ങള്‍ ടീച്ചറുടെ സാമൂഹ്യ സാംസ്‌ക്കാരിക വിമര്‍ശനങ്ങളുടേയും രാഷ്ട്രീയ ജാഗ്രതയുടേയും ഉറച്ച നിലപാടുകളാണ്. നമ്മുടെ എഴുത്തുകാര്‍ രാഷ്ട്രീയ ബോധവും ബോധ്യങ്ങളും ഉള്ളവരാവണമെന്ന് ഈ കാലം ഇനിയും കുറേക്കൂടി ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ എഴുത്തുകാര്‍, വിശേഷിച്ച് എഴുത്തുകാരികള്‍ രാഷ്ട്രീയം പറഞ്ഞാല്‍ ആക്ടിവിസ്റ്റുകള്‍ കൂടിയായാല്‍ ‘ശുദ്ധസാഹിത്യ’ രംഗത്ത് അത് വലിയ ബുദ്ധിമുട്ടാണ്. ആ സ്റ്റിഗ്മ മാറ്റിയെടുക്കുന്നതില്‍ അരുന്ധതി റോയ് വലിയ പങ്കു വഹിച്ചിട്ടുണ്ട്. മലയാളത്തില്‍ ടീച്ചറാണ് ആ വലിയ ഉത്തരവാദിത്വം ഏറ്റെടുത്തത്. സാഹിത്യ രംഗം സാറാ ജോസഫ് എന്ന ഫെമിനിസ്റ്റ് ആക്ടിവിസ്റ്റിനെ ഏതു തരത്തിലാണ് ക്രൂശിച്ചത്? എങ്ങനെയാണ് അതിനെ അതി ജീവിച്ചതും വിജയിച്ചതും?

സമൂഹത്തിലെ ഏതൊരു വ്യക്തിയെയുംപോലെ എഴുത്തുകാരനും എഴുത്തുകാരിക്കും രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടായിരിക്കും. അത് അയാളുടെ എഴുത്തിന്റെ നൈതികവ്യാപാരമായിരിക്കുകയും ചെയ്യും. പുഴയുടെ അന്തര്‍വാഹിനിപോലെയാണത് വര്‍ത്തിക്കുക. എഴുത്തിലെ നീതിക്ക് സമൂഹത്തിന്റെ നൈതികബോധ്യങ്ങളുമായി ഒരു പൊരുത്തവും ഉണ്ടായിക്കൊള്ളണമെന്നില്ല. സമൂഹത്തിന് എഴുത്തിന്റെ ‘നീതി’യെ അംഗീകരിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. എഴുത്തുകാരും സമൂഹവും തമ്മിലുള്ള സംഘര്‍ഷങ്ങളും സംവാദങ്ങളും എന്നും നിലനിന്നിട്ടുണ്ട്. ‘സ്വാതന്ത്ര്യം’ എഴുത്തിന്റെ ആത്മാവാണെങ്കില്‍ സ്വതന്ത്രചിന്തയും വാക്കും എഴുത്തുമുള്ള എഴുത്തുകാര്‍ സമൂഹവിമര്‍ശകരും കൂടിയായിരിക്കുക സ്വാഭാവികമാണ്. സാമൂഹിക ബന്ധങ്ങളെ, സ്ഥാപനങ്ങളെ, പ്രത്യയശാസ്ത്രങ്ങളെ, ഭരണകൂടത്തെ ഒക്കെ സ്വതന്ത്രമായി വിലയിരുത്തുക എന്നതാണ് എഴുത്തുകാര്‍ ചെയ്യുന്നത്. ഞാന്‍ മലയാളത്തിലെ മികച്ച കഥാകാരനായ സി.വി. ശ്രീരാമനെ ഓര്‍ക്കുന്നു. ജീവിതത്തില്‍ നൂറുശതമാനം ഇടതുരാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച ശ്രീരാമേട്ടന്‍ എഴുത്തില്‍ പുലര്‍ത്തിയ സ്വാതന്ത്ര്യം പലപ്പോഴും ഒരബോധപൂര്‍വമായ പ്രക്രിയയാണ്. എഴുതുമ്പോള്‍ അടിമുടി എഴുത്തുകാരനാവുകയല്ലാതെ നിവൃത്തിയില്ലെന്ന് അദ്ദേഹത്തിന്റെ കഥകള്‍ പറയുന്നു. ‘പൊന്തന്‍മാട’ പോലെയുള്ള കഥകള്‍ നോക്കുക.

ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് എന്ന നിലയില്‍ മാത്രമല്ല, ശരിയെന്ന് ബോധ്യമുള്ളത്, തുറന്നു പറയുന്നു എന്ന നിലയില്‍, ഏറെ അകറ്റിനിര്‍ത്തപ്പെട്ടിട്ടുള്ള എഴുത്തുകാരിയാണ് ഞാന്‍. ”സര്‍വ്വരുടെയും സ്‌നേഹം സമ്പാദിക്കുക” എന്നത് ഒരു ചീത്തലക്ഷ്യമാണെന്ന് ഞാന്‍ കരുതുന്നു. ഇരകള്‍ക്കൊപ്പം നില്‍ക്കലാണ് എഴുത്തിലെ നൈതികത. അങ്ങനെ നില്ക്കുന്നതുകൊണ്ട് നഷ്ടങ്ങള്‍ ഉണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല. അത്തരം ഒരു നിലപാടെടുക്കുന്നതിലൂടെത്തന്നെ ഭൗതികവും തുച്ഛവുമായ ചില നേട്ടങ്ങള്‍ക്കും പ്രീതികള്‍ക്കുമപ്പുറം വലിയ നേട്ടങ്ങള്‍ നമ്മള്‍ ഉണ്ടാക്കിക്കഴിഞ്ഞു. നിങ്ങള്‍ പശ്ചിമഘട്ടത്തോടൊപ്പമായിരിക്കുക എന്നതാണ് ക്വാറി മുതലാളിമാരോടൊപ്പമായിരിക്കുന്നതിനേക്കാള്‍ ശരി. കാരണം അത് എഴുത്തുകാര്‍ക്ക് തരുന്നത് എഴുത്തിന് അനിവാര്യമായ ധാര്‍മ്മികഊര്‍ജ്ജവും മാനസികവികാസവുമാണ്. മനഃസ്വസ്ഥതയാണ്.

താത്കാലികമായ ചില നേട്ടങ്ങള്‍ക്കുവേണ്ടി വേട്ടക്കാരനോടൊപ്പം നില്‍ക്കുമ്പോള്‍ എഴുത്തുകാരന്റെ /എഴുത്തുകാരിയുടെ ഉയരം കുറഞ്ഞുപോകുന്നു. സമൂഹത്തിന്റെ കണ്ണില്‍ അവര്‍ കുള്ളണ്ടാരായ/ കുള്ളത്തികളായ എഴുത്തുകാരായിത്തീരുന്നു. ഞാന്‍ പല പാട് സൂചിപ്പിച്ചതുപോലെ ‘സ്വാതന്ത്ര്യം’ അതുതന്നെയാണ് എഴുത്തുജീവിതത്തിന്റെയും ‘അമൃതം’. നിരൂപണത്തെപ്പറ്റിയും എനിക്കിത്രയേ പറയാനുള്ളൂ. എഴുതപ്പെടുന്ന കൃതികള്‍ അതാരെഴുതിയതായാലും എഴുതിയ ആളിന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്തുതന്നെയായാലും സ്വതന്ത്രമായി വിലയിരുത്തുക എന്നത് നിരൂപകന്റെ/നിരൂപകയുടെ രാജ്യഭാരംതന്നെയാണ്. ഇപ്പോഴുള്ളവരല്ലെങ്കില്‍ പിന്നീട് വരുന്നവര്‍ അതു നിര്‍വഹിച്ചുകൊള്ളും. പലരെയും പല കൃതികളെയും നമ്മള്‍ വീണ്ടെടുത്തത് ഓര്‍ക്കുക. സരസ്വതിയമ്മയും തൊഴില്‍കേന്ദ്രവുമൊക്കെ.

Comments are closed.