DCBOOKS
Malayalam News Literature Website

കോടതിവിധി എതിരായിരുന്നുവെങ്കില്‍ മാധ്യമപ്രവര്‍ത്തനം ഉപേക്ഷിക്കുമായിരുന്നു: കമല്‍റാം സജീവ്

ചര്‍ച്ചയാകരുത് എന്ന് മലയാളത്തിലെ മുഖ്യധാരാപത്രങ്ങളും ചാനലുകളും തീരുമാനിച്ചുറപ്പിച്ചപോലെ, ചര്‍ച്ചയാകാതെ പോയ ഒരു സുപ്രീംകോടതി വിധി സമീപകാലത്തുണ്ടായി; ‘മീശ’ എന്ന നോവല്‍ നിരോധിക്കണം എന്നാവശ്യപ്പെടുന്ന ഹര്‍ജി തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പുറപ്പെടുവിച്ച അത്യപൂര്‍വമായ വിധി. അത് എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചും സര്‍ഗക്രിയാശേഷിക്ക് അവശ്യംവേണ്ട ബൗദ്ധിക സ്വാതന്ത്ര്യത്തെക്കുറിച്ചും ആശയങ്ങള്‍ പരിധികളില്ലാതെ ഒഴുകേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും ആയിരുന്നു. എഴുത്തിന്റെയും ചിന്തയുടെയും പേരില്‍ പുസ്തകങ്ങളും എഴുത്തുകാരും ഹിംസയ്ക്ക് വിധേയമാകുന്ന കാലത്തുണ്ടായ വിധി എന്നതുമാത്രമല്ല, ഇതിന്റെ പ്രാധാന്യം. അത് ജേണലിസത്തിന്റെയും എഡിറ്റര്‍ഷിപ്പിന്റെയും നിര്‍ഭയത്വത്തെക്കുറിച്ചുകൂടി അടിവരയിട്ടു. ആശയപ്രകാശനത്തിനുള്ള എഴുത്തുകാരുടെ ‘പൊയറ്റിക് ലൈസന്‍സ്’ അത് പ്രസിദ്ധീകരിക്കാനുള്ള എഡിറ്ററുടെ ‘എഡിറ്റോറിയല്‍ ലൈസന്‍സ്’ കൂടിയാണെന്ന് മാധ്യമങ്ങളെ ഓര്‍മിപ്പിച്ച വിധി.

എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയല്‍ ചുമതലയുള്ള അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍റാം സജീവ് എടുത്ത തീരുമാനമാണ് ഈ വിധിക്കിടയാക്കിയ കാര്യങ്ങളിലേക്കു നയിച്ചതെന്നുപറയാം. കഥയോ നോവലോ തെരഞ്ഞെടുക്കുന്ന എഡിറ്ററുടെ മുന്നില്‍ അത് പ്രസിദ്ധീകരണയോഗ്യമാണോ എന്നൊരു മാനദണ്ഡം മാത്രമാണുണ്ടാകുക. ‘മീശ’ മലയാളനോവലില്‍തന്നെ ഒരു മാതൃകാമാറ്റമുണ്ടാക്കുന്ന കൃതിയായി ആദ്യവായനയില്‍ ബോധ്യപ്പെട്ടുവെന്നാണ് കമല്‍റാം സജീവ് പറയുന്നത്. ഈയൊരു എഡിറ്റോറിയല്‍ ന്യായംകൊണ്ടുമാത്രം സാധൂകരിക്കപ്പെടേണ്ടതായിരുന്നു, ‘മീശ’ പ്രസിദ്ധീകരിക്കാനുള്ള തീരുമാനം. എന്നാല്‍, ചില തീവ്രഹിന്ദുത്വസംഘങ്ങള്‍ക്ക് നോവലിലെ നാലോ അഞ്ചോ വരികള്‍ വീണുകിട്ടുകയും അവര്‍ അതിനെ ആളിക്കത്തിക്കുകയുമായിരുന്നു. നോവല്‍ പ്രസിദ്ധീകരിക്കാനുള്ള അവകാശവും തീരുമാനവും പരമോന്നത കോടതിപോലും അംഗീകരിച്ചെങ്കിലും കമല്‍റാം സജീവ് എന്ന എഡിറ്ററുടെ രാജിയിലായിരുന്നു അതിന്റെ പരിസമാപ്തി.

എട്ടര പതിറ്റാണ്ടിനിടെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ശ്രദ്ധേയമായ അഴിച്ചുപണി സാധ്യമാക്കിയ ഒരു ഘട്ടം, കഴിഞ്ഞ 15 വര്‍ഷത്തെ കമല്‍റാം സജീവിന്റെ എഡിറ്റര്‍ഷിപ്പാണ്. യാഥാസ്ഥിതികത്വത്തിന്റെയും പാരമ്പര്യത്തിന്റെയും പൂര്‍വഭാരങ്ങളഴിച്ചുകളഞ്ഞ് വായനയെയും ചിന്തയെയും സമകാലികമാക്കുകയായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ ഡസ്‌ക്.

ജനാധിപത്യത്തെയും ബഹുസ്വരതയെയും മതനിരപേക്ഷതയെയും പൗരനീതിയെയും ബലപ്പെടുത്തുന്ന പ്ലാറ്റ്‌ഫോമായി മാധ്യമപ്രവര്‍ത്തനത്തെ മാറ്റിത്തീര്‍ക്കാന്‍ ശേഷിയുള്ള ഒരു പുതുതലമുറ ഇന്ന് ജേണലിസത്തിലുണ്ട്. അധികാരത്തോടും ഭരണകൂടത്തോടും കോര്‍പ്പറേറ്റ് മൂലധനത്തോടും ഒത്തുതീര്‍പ്പ് നടത്തുമ്പോഴും മുഖ്യധാരാ മാധ്യമഹൗസുകള്‍ പലതും തുറന്ന സംവാദത്തിനും വിയോജിപ്പിനും സുതാര്യമായ റിപ്പോര്‍ട്ടിങ്ങിനും കലര്‍പ്പില്ലാത്ത വാസ്തവങ്ങള്‍ക്കും ഇടം നല്‍കുന്നത്, ഈ തലമുറയുടെ ഇടപെടലിലൂടെയാണ്. കോര്‍പ്പറേറ്റ് മൂലധനം മാധ്യമപ്രവര്‍ത്തനം എന്നൊരു സമവാക്യത്തില്‍ തളച്ചിട്ടുകൊണ്ടാണ് ദേശീയമാധ്യമങ്ങളെ നാം വിലയിരുത്താറ്. എന്നാല്‍, കോര്‍പ്പറേറ്റ് മൂലധനം എന്ന ഏകതിന്മാവാദം, മലയാളത്തിലെങ്കിലും തിരുത്തപ്പെടേണ്ടിയിരിക്കുന്നു. കാരണം, കേരളത്തിലെ മാധ്യമങ്ങള്‍ കോര്‍പ്പറേറ്റുകളാല്‍ നിയന്ത്രിക്കപ്പെടുന്നവയല്ല എന്നുമാത്രമല്ല, ദേശീയതയുടെയും മാനവികതയുടെയും ഗംഭീര ആപ്തവാക്യങ്ങള്‍ മുഖത്തൊട്ടിച്ച് വിതരണം ചെയ്യുന്നവയുമാണ്. ആസൂത്രിത ഗൂഢാലോചനയായിപ്പോലും പലപ്പോഴും കേരളത്തിലെ മാധ്യമപ്രവര്‍ത്തനം മാറിപ്പോകുന്നതിന്റെ എഡിറ്റോറിയല്‍ അനുഭവങ്ങള്‍ ‘ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും’ എന്ന കൃതിയില്‍ കമല്‍റാം സജീവ് വെളിപ്പെടുത്തുന്നുണ്ട്. ഇടതുപക്ഷത്തെ തിരുത്താന്‍ അതിനെ വിമര്‍ശിക്കുന്നു എന്ന മട്ടില്‍ വലതുപക്ഷ ധ്രുവീകരണം എളുപ്പമാക്കുന്ന വിദ്യയാണ് മാധ്യമങ്ങളുടെ ഗൂഢപദ്ധതിയില്‍ പ്രധാനം എന്ന് അദ്ദേഹം
പറയുന്നു.

കമല്‍റാം സജീവുമായി കെ. കണ്ണന്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍

‘മീശ’ എന്ന നോവലിന്റെ പ്രസിദ്ധീകരണവും സംഘ്പരിവാര്‍ ആക്രമണത്തെത്തുടര്‍ന്ന് എഴുത്തുകാരന് നോവല്‍ പിന്‍വലിക്കേണ്ടിവന്ന സാഹചര്യവുമൊക്കെയാണ് ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍നിന്ന് താങ്കളെ ഒഴിവാക്കാനുള്ള മാനേജുമെന്റ് തീരുമാനത്തിനുപുറകില്‍ എന്നാണു കേള്‍ക്കുന്നത്. ശരിക്കും എന്താണു സംഭവിച്ചത്?

അതിതീവ്ര ഹൈന്ദവസംഘങ്ങള്‍ ഒരു മാധ്യമസ്ഥാപനത്തിനു മേല്‍ ഇത്ര അവിഹിതമായ സമ്മര്‍ദ്ദം ചെലുത്തിയതും അതിന് മാനേജ്‌മെന്റ് വഴങ്ങിയതുമായ സംഭവം കേരളത്തിന്റെ മാധ്യമചരിത്രത്തില്‍ ഇതുവരെയില്ലാത്തതാണ്. മീശ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കാന്‍ വായിച്ചപ്പോള്‍ത്തന്നെ അത് മികച്ച നോവലാണ് എന്നു മാത്രമല്ല, അതു മലയാളത്തില്‍ ഒരു മാതൃകാമുന്നേറ്റമുണ്ടാക്കുന്ന നോവല്‍ എന്നും തോന്നിയിരുന്നു. ആര്‍ട്ടിസ്റ്റ് കെ. ഷെരീഫ് അടക്കം പത്രാധിപസമിതിയിലെ എല്ലാവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു.ഒന്നും രണ്ടും മൂന്നും അധ്യായങ്ങള്‍ വന്നപ്പോള്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല, പിന്നീട് രണ്ടാമത്തെ അധ്യായത്തിലെ ഒരുഭാഗം എടുത്ത് വാട്‌സ്ആപ്പില്‍ പ്രചരിപ്പിക്കുകയായിരുന്നു.അത് എങ്ങനെ, എവിടെ നിന്ന് സംഭവിച്ചു എന്നത് കണ്ടെത്തേണ്ടതുണ്ട്. അതില്‍ ദുരൂഹതയുണ്ട്.

ആരുടെ ആസൂത്രണത്തിലായിരുന്നു ആ ഗൂഢാലോചന?

സംഘപരിവാറുകാര്‍ ഇത് വായിച്ച് ഒരു ഭാഗം കണ്ടെത്തി എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു ഗൂഢാലോചനയുടെ ഭാഗമായി ഒരു ഭാഗം മാത്രമെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. മലയാളത്തിലെ നല്ല വായനയും കാഴ്ചയും ഉള്ള ഒരു പോര്‍ട്ടലിന്റെ എഡിറ്റര്‍ പറഞ്ഞത്, നോവലിലെ ഈ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് കേരളത്തിലെ ഒരു സംഘ് നേതാവിന് സ്ഥാപനത്തിലെ തന്നെ ഒരാള്‍ വാട്‌സ്ആപ് ചെയ്യുകയായിരുന്നു എന്നാണ്. ആ നേതാവ് പോലും തിരിച്ചു ചോദിച്ചത് ‘ഇതൊരു കഥാപാത്രത്തിന്റെ ഡയലോഗ് അല്ലേ’ എന്നായിരുന്നു. ഇതൊരു സാംസ്‌കാരിക വിവാദമാക്കിയാല്‍ ഉണ്ടാകാവുന്ന സാധ്യതകള്‍ വാട്‌സ്ആപ് ചെയ്ത ആള്‍ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തുവത്രേ.

സുപ്രീംകോടതി വിധി, ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ എന്ന നിലയ്ക്ക് താങ്കള്‍ എടുത്ത തീരുമാനത്തിന് പരമമായ ന്യായം നല്‍കുന്നതായിരുന്നു. എന്നിട്ടും അത് മാനേജുമെന്റിന് ഉള്‍ക്കൊള്ളാനായില്ല?

‘മീശ’യുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ കേസ് വന്നത് മാതൃഭൂമിക്കെതിരേയാണ്. മാനേജ്മെന്റ് തന്നെയാണ് നല്ല അഭിഭാഷകനെ വച്ച് ഇത്രയും സുപ്രധാനമായ വിധി സമ്പാദിച്ചത്. അത് സ്ഥാപനത്തിന് എക്കാലത്തും കൊണ്ടാടാവുന്ന, പത്രം എന്തിനൊക്കെ വേണ്ടി നിലകൊള്ളുന്നുവോ അവയ്ക്ക് കിട്ടിയഎക്കാലത്തെയും സുപ്രധാന വിധിയാണ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ എന്ന് സുപ്രീംകോടതി ഒരു പത്രസ്ഥാപനത്തിനോട് പറയുകയാണ്. ആ വിധി പത്രം പ്രസിദ്ധീകരിച്ചത് എങ്ങനെയാണ്? ഈ തീവ്രസംഘങ്ങളെ പേടിച്ചാവാം, അകത്ത് ബോക്‌സായി കൊടുത്തു. ‘ദഹിന്ദു’ ഉള്‍പ്പെടെ ഇംഗ്ലിഷ് മീഡിയ ആ വാര്‍ത്ത എത്ര പ്രാധാന്യത്തോടെയാണ് കൊടുത്തത് എന്ന് നോക്കൂ. ഡിഫന്റ് ചെയ്ത്, അതല്ല ഇതാണ് ശരി എന്നു വാദിച്ച് വാങ്ങിയ ഭരണഘടനാ പിന്തുണപോലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാന്‍ പത്രത്തിന് കഴിയുന്നില്ല. ‘മീശ’യ്ക്കുമാത്രം കിട്ടിയ വിധിയല്ല; വരാനിരിക്കുന്ന ഏതുതരം എഴുത്തിനെയും പിന്തുണയ്ക്കുന്ന, പത്രം എന്ന വ്യവസായത്തെ നിലനിര്‍ത്തുന്ന, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെത്തന്നെ നിലനിര്‍ത്തുന്ന അടിസ്ഥാനപരമായ വിധിയാണിത്. അതുപോലും കൊണ്ടാടാന്‍ കഴിയുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തില്‍ നാം ഒറ്റപ്പെട്ടുപോകുകയാണ്, നേരത്തേ നമ്മള്‍ പറഞ്ഞ, എഡിറ്ററുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യം റദ്ദായിപ്പോകുകയാണ്.

ഈ നോവല്‍ പ്രസിദ്ധീകരണത്തില്‍ ഭരണഘടനാപരമായി സുപ്രീംകോടതി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നെങ്കില്‍, ‘മീശ’യ്‌ക്കെതിരായി ഒരു പരാമര്‍ശമെങ്കിലും നടത്തിയിരുന്നെങ്കില്‍ ആ നിമിഷം ഞാന്‍ രാജിവെക്കുമായിരുന്നു, ജേണലിസം ഉപേക്ഷിക്കുമായിരുന്നു, എന്റെ ബോധ്യങ്ങളുടെ തെറ്റുകാരന്‍ എന്ന നിലയില്‍. എന്നാല്‍, എന്റെ എഡിറ്റോറിയല്‍ ബോധ്യത്തിനെ ഭരണഘടനയും സുപ്രീംകോടതിയും പിന്തുണയ്ക്കുകയാണു ചെയ്തത്. എന്നാല്‍ എന്റെ സ്ഥാപനം എന്നെ പിന്തുണച്ചില്ല.

കേരളത്തിലെ മാധ്യമങ്ങളുടെ ബിംബനിര്‍മിതിയുടെ ഇരയാണെന്നുപറയാം ഇവിടുത്തെ ഇടതുപക്ഷം. ഒന്നുകില്‍ വളിച്ചുപുളിച്ച ഗൃഹാതുരതയായോ അല്ലെങ്കില്‍ വിരുദ്ധയുക്തികളാലോ മാധ്യമങ്ങളാല്‍ വ്യാജമാക്കപ്പെട്ടതാണ് ഇവിടുത്തെ ഇടതുപക്ഷം. ‘ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും’ എന്ന കൃതിയില്‍ താങ്കള്‍ മുന്നോട്ടുവച്ച വീക്ഷണം ഇന്നും മാറ്റമില്ലാതെ പാലിക്കപ്പെടുന്നു?

ഇടതുപക്ഷം മാത്രമല്ല, പുരോഗാമിയായ ഏതൊരു പ്രസ്ഥാനവും ദലിത്, സ്ത്രീ, പുതിയ ചിന്താപദ്ധതികള്‍ തുടങ്ങിയവയൊന്നും പത്രങ്ങളുടെ പിന്തുണയോടെയല്ല ഉയര്‍ന്നുവന്നിട്ടുള്ളത്. അവയെ പത്രങ്ങള്‍ പിന്തുണച്ചിട്ടുമില്ല. ഒത്തുതീര്‍പ്പിന് വിധേയമായ ഇടതുപക്ഷമായിട്ടുപോലും, കേരളത്തിന്റേതുപോലൊരു സ്‌പേസില്‍ തങ്ങള്‍ക്ക് ഈ ഇടതുപക്ഷവും ഭീഷണിയാണെന്ന് വലതുപക്ഷ തീവ്രസംഘങ്ങള്‍ക്ക് അറിയാം. പിണറായി വിജയന്‍ എന്ന ഒറ്റ ശത്രുവിനെ ഉണ്ടാക്കിക്കൊണ്ട് കേരളത്തെ പത്തുവര്‍ഷം നിശ്ചലമാക്കിവയ്ക്കുന്നതില്‍ മാതൃഭൂമിയും വലിയ പങ്കാണ് വഹിച്ചത്. ഇന്നും പിണറായി വിജയനാണ് പ്രധാന ശത്രു. നേരത്തേ സി.പി.ഐ.എം സെക്രട്ടറി എന്നനിലയ്ക്ക് ആയിരുന്നെങ്കില്‍, ഇന്ന് ഭരണഘടനയുടെ കാവലാള്‍ കൂടിയായ മുഖ്യമന്ത്രി എന്ന നിലയിലാണെന്ന് മാത്രം. സൂക്ഷ്മതലത്തില്‍ പത്രം നില്‍ക്കുന്നത് പിണറായി വിജയന്‍ ശത്രു എന്ന സ്‌പേസില്‍ തന്നെയാണ്. ശബരിമല വിഷയത്തില്‍ അടക്കം റാഷനല്‍ ആയ വാദങ്ങള്‍ക്ക് പത്രം ഒരിക്കലും സ്‌പേസ് കൊടുക്കുന്നില്ല, പകരം ഇത്തരം ഫ്രിഞ്ച് ഗ്രൂപ്പുകളുടെ വാദങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ സ്‌പേസ് കൊടുക്കുമ്പോള്‍ അത് സമൂഹത്തെ ധ്രുവീകരിക്കുന്ന പ്രവൃത്തിയായി മാറും.

കമല്‍റാം സജീവുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഡിസംബര്‍ ലക്കം പച്ചക്കുതിരയില്‍ 

Comments are closed.