DCBOOKS
Malayalam News Literature Website

വിവാദക്കൊടുങ്കാറ്റുകള്‍ ഉയര്‍ത്തിയ സിസ്റ്റര്‍ ജെസ്മിയുടെ ആത്മകഥ

കേരളത്തിലെ കത്തോലിക്കാ സഭയിലെ പുരോഹിതാധിപത്യത്തെയും അസ്സാന്മാര്‍ഗ്ഗികതയെയും കുറിച്ചുള്ള നേരനുഭവങ്ങളുടെ തുറന്നുപറച്ചിലാണ് സിസ്റ്റര്‍ ജെസ്മിയുടെ ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ. കേരളം ഏറെ ചര്‍ച്ച ചെയ്ത ഒരു ആത്മകഥ. കത്തോലിക്കാ സന്യാസ സ്ഥാപനങ്ങളില്‍ നടക്കുന്നതായി ആരോപിക്കപ്പെടുന്ന അതിക്രമങ്ങളെയും അഴിമതികളെയും ലൈംഗിക അരാജകത്വങ്ങളെയും ഈ കൃതിയില്‍ സിസ്റ്റര്‍ ജെസ്മി തുറന്നെഴുതി. വിപ്ലവക്കൊടി ഉയര്‍ത്തിയതിന്റെ പേരില്‍ അവര്‍ക്ക് ഒരു കോളെജ് പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നാണ് ഒഴിയേണ്ടി വന്നത്. പിന്നീട് കന്യാസ്ത്രീ സമൂഹത്തില്‍ നിന്നും വിട്ട് നില്‍ക്കേണ്ടി വന്നു. എങ്കിലും അവര്‍ സധൈര്യം ഈ ആത്മകഥയിലൂടെ പറയേണ്ടതെല്ലാം പറഞ്ഞു.

സന്യാസിസമൂഹത്തില്‍ നിന്ന് വിട്ടു പോകാന്‍ തീരുമാനിച്ച ശേഷം ദില്ലിയില്‍ നിന്ന് കേരളത്തിലേക്കു നടത്തുന്ന ഒരു ട്രെയിന്‍ യാത്രയിലെ സ്മരണകളുടെ രൂപത്തിലാണ്   സിസ്റ്റര്‍ ജെസ്മി ഈ കൃതി എഴുതിയിരിക്കുന്നത്. പ്രച്ഛന്നവേഷത്തില്‍ ഒരൊളിച്ചോട്ടം, വെള്ളത്താമര, അനുഗൃഹീത ഞെരിഞ്ഞിലുകള്‍, അലറുന്ന അലകളിലൂടെ സുധീരം, സുരക്ഷിതമായ അഭയസ്ഥാനം എന്നിങ്ങനെ ഓര്‍മ്മകളുടെ അഞ്ച് അദ്ധ്യായങ്ങളാണ് ഈ ഗ്രന്ഥത്തിനുള്ളത്. തന്നെ ഇത്രത്തോളം ഉയര്‍ത്തിയ യേശുദേവനാണ് അവര്‍ ഈ കൃതി സമര്‍പ്പിച്ചിരിക്കുന്നത്.

സിസ്റ്റര്‍ ജെസ്മി

ആമേന്‍ എഴുതുമ്പോള്‍ സിസ്റ്റര്‍ ജെസ്മിക്ക് നിരവധി എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. മൂന്നു പതിറ്റാണ്ടിലേറെ സി.എം.സി സഭാംഗമായിരുന്ന സിസ്റ്റര്‍ ജെസ്മി 51-ാമത്തെ വയസ്സില്‍ അധികാര സ്ഥാനങ്ങള്‍ക്കു നേരെ ഉയര്‍ത്തിയ കലാപക്കൊടി സമൂഹത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. കേരളത്തിലെ കന്യാസ്ത്രിമഠങ്ങളില്‍ ഇപ്പോള്‍ യേശുവില്ലെന്നും യേശു പടിയിറങ്ങിപ്പൊയെന്നും പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സിസ്റ്റര്‍ ജെസ്മി പറഞ്ഞിരുന്നു.

ബ്രഹ്മചര്യനിഷ്ഠയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തിയിരിക്കുന്ന കത്തോലിക്കാ സ്ഥാപനങ്ങളില്‍, അടിച്ചമര്‍ത്തപ്പെട്ട ലൈംഗികതയില്‍ നിന്ന് ജനിക്കുന്ന അനാശാസ്യ ലൈംഗിക പ്രവണതകള്‍ ഒരു ക്യാന്‍സര്‍ പോലെ ബാധിച്ചിരിക്കുന്നുവെന്ന് അവര്‍ ആത്മകഥയില്‍ തുറന്നെഴുതിയിട്ടുണ്ട്. സഭയുടെ കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനവുമായി ബന്ധപ്പെട്ട അഴിമതി, സന്യാസിനികള്‍ക്കിടയില്‍ സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന ‘ചേടുത്തിമാര്‍ക്ക്’ നേരിടേണ്ടി വരുന്ന അവഗണനയും അപമാനവും, സുഖസൗകര്യങ്ങളുടേയും ജീവിതനിലവാരത്തിന്റേയും കാര്യത്തില്‍ പുരോഹിതന്മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഇടയിലുള്ള വലിയ അന്തരം തുടങ്ങിയവും ‘ആമേനിലെ‘ പ്രമേയങ്ങളില്‍ പെടുന്നു.

ഡി.സി. ബുക്‌സാണ് ‘ആമേന്‍ ഒരു കന്യാസ്ത്രീയുടെ ആത്മകഥ’ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. ആദ്യവര്‍ഷം തന്നെ പതിനൊന്നു പതിപ്പുകള്‍ ഇറങ്ങിയ ആ കൃതി ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2009 ഒക്ടോബറില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ വെച്ച് നടന്ന പുസ്തകമേളയിലേയ്ക്ക് സിസ്റ്റര്‍ ജെസ്മി ക്ഷണിക്കപ്പെട്ടിരുന്നു. 2010 ജനുവരിയില്‍ ജയ്പ്പൂരില്‍ നടന്ന സാഹിത്യോല്‍സവത്തില്‍ സിസ്റ്റര്‍ ജെസ്മിയും അവരുടെ ഈ ആത്മകഥയും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Comments are closed.