DCBOOKS
Malayalam News Literature Website

എഴുത്തിന്റെ മറുവഴികൾ : ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ സാഹിത്യത്തിലേക്ക് ഒരു എത്തി നോട്ടം

ജെ എസ് അനന്ത കൃഷ്ണൻ

കാലടി സംസ്കൃത സർവകലാശാല ഇംഗ്ലീഷ് ഗവേഷണ വിഭാഗത്തിൽ റിസർച്ച് ഫെലോ ആണ് ലേഖകൻ.( എഴുത്തുകാരനും വിവർത്തകനും ആയ ഇദ്ദേഹം ഏഷ്യൻ എജുക്കേഷൻ അവാർഡ്, ഭഗവാൻ ശ്രീ ബുദ്ധ ദേശീയ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. )

സാഹിത്യം എന്നാൽ എന്ത് എന്നാചോദ്യത്തിന്റെ ഉത്തരം കാലാകാലങ്ങളായി മാറ്റത്തിന് വിധേയമായി കൊണ്ടേയിരിക്കുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആകട്ടെ ഈ മാറ്റം അതി ദ്രുതഗതിയിലാണ്. സാഹിത്യത്തെക്കുറിച്ചുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ ഒക്കെ മാറിയിരിക്കുന്നു. ലിറ്ററേച്ചർ എന്ന വാക്കിന്റെ ഉത്ഭവം അക്ഷരം എന്ന് അർത്ഥം വരുന്ന ലിറ്ററ എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്. ആ വഴിക്ക് നോക്കിയാൽ അക്ഷരമുപയോഗിച്ച് ചെയ്യുന്ന എന്തും സാഹിത്യമാണ്. എന്നാൽ ഇന്ന് ഒരു നിർവചനത്തിനും പിടിതരാതെ സാഹിത്യം ചലിച്ചുകൊണ്ടിരിക്കുന്നു.

2015 ഇൽ സ്വെട്ലാന അലൈക്സിയെവിച് നൊബേൽ പുരസ്കാരം നേടിയപ്പോഴേ ഈ മാറ്റം വ്യക്തമായിരുന്നു. ഡോക്യുമെന്ററി സാഹിത്യം എന്ന സാഹിത്യ ധാര കൂടുതൽ സജീവമാകുന്നത് ഈ പുരസ്കാരത്തിന് ശേഷമാണ്. സോവിയറ്റ് റഷ്യയിൽ അവർ നടത്തിയ ബൃഹത്തായ ഇന്റർവ്യൂകൾ മനുഷ്യ മനസ്സിന്റെ തൊട്ടറിവുകളായിരുന്നു. മലയാളമടക്കം മിക്ക ഭാഷകളിലേക്കും അവരുടെ കൃതികൾ മൊഴിമാറ്റം ചെയ്യപ്പെട്ടു. എന്നാൽ 2016 ആണ് സാഹിത്യ ലോകത്തെ ശരിക്കും ഞെട്ടിച്ചത്.ബോബ് ഡിലൻ എന്ന പോപ് ഗായകനെ തേടി നൊബേൽ എത്തി. സാഹിത്യത്തിന്റെ ഗണത്തിൽ പെടുത്താവുന്നതാണോ പോപ്പ് സംഗീതം എന്ന് അന്ന് പലരും ചോദിച്ചു. മനുഷ്യ സംബന്ധിയായ മാനവികതയുടെ പുതു കരകൾ തേടുന്ന ഹൃദയസ്പർശിയായ എന്തും സാഹിത്യം ആണെന്ന് ലോകം ഉത്തരം പറഞ്ഞു.
കഴിഞ്ഞ നൂറ്റാണ്ടുകളെ അപേക്ഷിച്ചു കൂടുതൽ എഴുത്തുകാരികളെ ഈ നൂറ്റാണ്ട് ശ്രദ്ധിച്ചു എന്ന് വേണം പറയാൻ.. ചെറിയൊരു ഉദാഹരണം എടുത്താൽ 2020 ലെ ബുക്കർ സമ്മാനത്തിന്റെ ഷോര്ട്ട് ലിസ്റ്റിലെ ആറു പേരിൽ നാലും സ്ത്രീകൾ ആയിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ട്രെൻഡ് പ്രകടമാണ് താനും. ഡെയ്സി ജോൺസണെ പോലെ (എവെരിതിങ് അണ്ടർ,2018) യുവ എഴുത്തുകാരിൽ നിന്ന് ഇനിയും സാഹിത്യലോകത്തിനു പ്രതീക്ഷിക്കാൻ ഏറെയുണ്ട്. ഇതിനെല്ലാം അപ്പുറം എഴുത്താളന്റെ ലിംഗം ഒട്ടുമേ വായനക്കാരെ സംബന്ധിക്കുന്ന ഒന്നല്ല എന്ന് തെളിയിച്ചു കൊണ്ട് ആരാണെന്നു ഇനിയും പിടി തരാതെ എലെന ഫെറാന്തേ എന്ന തൂലികാ നാമത്തിൽ ഇറ്റലിയിൽ ആരോ ഒരാൾ പേന തുമ്പിൽ വിസ്മയം തീർത്തു കൊണ്ടിരിക്കുകയാണ് (നിയോപൊളിറ്റൻ നോവലുകൾ ).

മറ്റൊരു രസകരമായ സാഹിത്യ സരണി അനുകല്പനങ്ങളുടേതാണ് (Adaptation). ഇതിൽ തന്നെ ഏറ്റവും ശ്രദ്ധേയമായി തോന്നുന്നത് ഹോഗാർത്ത് പ്രെസ്സിന്റെ ഹോഗാർത്ത് ഷേക്സ്പിയർ സീരിസ് ആണ്. ഒൻപതു വിശ്വസാഹിത്യകാരന്മാർ ഷേക്സ്പിയറിന്റെ ഒൻപതു കൃതികളെ പുനരവതരിപ്പിക്കു കയാണ് ഇതിലൂടെ. ഇവയിൽ ഏറ്റവും ഹൃദ്യമായ വായനാനുഭവങ്ങളിൽ ഒന്ന് ടെമ്പസ്റ്റിനെ പുതിയൊരു പകർന്നാട്ടത്തിനു വിധേയമാക്കിയ മാർഗരറ്റ് ആറ്റ്‌വുഡിന്റെ ഹാഗ് സീടാണ്.

ലോകം കോവിഡ് എന്ന മഹാമാരിയെ നേരിടുമ്പോൾ ജീവിത സാഹചര്യങ്ങൾക്കുണ്ടായ മാറ്റങ്ങളും ചെറുതല്ല. സാഹിത്യത്തിലും ഈ മാറ്റങ്ങൾ കൃത്യമായി ഒപ്പിയെടുക്കാനുള്ള ശ്രമം നടന്നു കൊണ്ടേയിരിക്കുന്നു. ഇതിൽ ഏറ്റവും രസകരമായ ഉദ്ധ്യമം “And We Came Outside and Saw the Stars Again” എന്ന പുസ്തകം ആണ്.. മുപ്പതു രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർ അവരുടെ കോവിഡ് കാല ചിന്തകൾ പങ്കുവയ്ക്കുകയാണ് ഇതിൽ. കോവിഡ് കാല പ്രണയ കഥകളുടെ സമാഹരമായ “Together Apart” എന്ന ഗ്രന്ഥവും ശ്രദ്ധയർഹിക്കുന്നു.

സാഹിത്യം എന്നത് നിർവചനങ്ങൾക്കു അപ്പുറം ആണ് എന്ന് പറഞ്ഞല്ലോ! 2018 ലെ ബുക്കർ സമ്മാനത്തിന്റെ ലോങ്ങ്‌ ലിസ്റ്റിൽ ഉൾപ്പെട്ട “Sabrina ” എന്ന ഗ്രാഫിക് നോവൽ ഇതിനു ഏറ്റവും മികച്ച ഉദാഹരണം ആണ്. ഗ്രാഫിക് നോവലുകളെ (കോമിക്)മുൻനിര സാഹിത്യത്തിന്റെ ഗണത്തിൽ തന്നെയാണ് ഇപ്പോൾ പെടുത്തുന്നത്. സാഹിത്യത്തിന്റെ സീമകൾ ഒരുപാട് വികസിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ ഒരാളെ കൂടി പരിചയപ്പെടാം.

ഷെല്ലി ജാക്സൺ എന്ന എഴുത്തു കാരി 2003 ൽ ആരംഭിച്ച സ്കിൻ പ്രൊജക്റ്റ്‌ വിപ്ലവാത്മകമായ മാറ്റത്തിനു തുടക്കം കുറിച്ചു. ഒരു നോവല്ല ഓരോ വാക്ക് വീതം ഓരോ വ്യക്തികളുടെ ശരീരത്തിൽ പച്ച കുത്തി സാഹിത്യത്തിന്റെയും കല യുടേയും വ്യത്യസ്തമായ ഒരു അനുഭവം ഒരുക്കുകയായിരുന്നു അവർ. ഇപ്പോൾ സ്‌നോ പ്രൊജക്റ്റ്‌ എന്ന പദ്ധതിയും നടന്നുവരുന്നു. മഞ്ഞിൽ എഴുതിയ വാക്കുകൾ തുടരെ ഫോട്ടോകൾ ആയി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ്‌ ചെയ്ത് ഒരു നോവല്ല ആയി വായിച്ചെടുക്കാൻ അവർ വായനക്കാരെ ക്ഷണിക്കുന്നു. ഡിജി നോവലുകളുടെ കടന്നുവരവിനും ഈ നൂറ്റാണ്ടു സാക്ഷ്യം വഹിച്ചു. ആന്തണി സ്യുക്കറിന്റെ ‘ലെവൽ 26 ‘ഡിജി നോവലുകളിൽ ഒരു പുതു കാൽവെയ്പ്പായിരുന്നു. കവിതയിൽ പോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള മായാജാലങ്ങൾ ഈ നൂറ്റാണ്ടു കണ്ടു. ഗൂഗിളിന്റെ Poemportraits ഇതിനൊരു ഉദാഹരണമാണ്.

വിവർത്തനങ്ങൾക്ക് ഒരുപാട് സാധ്യതകൾ തുറന്നിട്ട കാലംകൂടിയായിരുന്നു ഇത്. ഇതിന് ഏറ്റവും മികച്ച തെളിവ് മാൻ ബുക്കർ ഇന്റർനാഷണൽ എന്ന സാഹിത്യ പുരസ്കാരം ഏർപ്പാടാക്കിയത് ആണ്. സാഹിത്യകാരന് ഒപ്പം തന്നെ വിവർത്തകനും അംഗീകാരം ഉറപ്പുവരുത്തി ഈ പുരസ്കാരം. ഈ മാതൃക പിന്തുടർന്ന് പിന്നീടും ഒരുപിടി അവാർഡുകൾ ഉയർന്നുവന്നു. വിവർത്തനത്തിന് ഇത് നൽകിയ ഉണർവ് ചില്ലറയൊന്നുമല്ല. വിവർത്തനങ്ങളിലൂടെ പ്രാദേശിക സാഹിത്യവും ലോകമെമ്പാടും വായിക്കപ്പെട്ടു. ഇന്ന് ലോകത്തു പല ഭാഷകൾ സംസാരിക്കുന്നവരുടെ ഇടയിലും ബെന്യാമിനും എസ് ഹരീഷിനും കെ ആർ മീരക്കും അതിലൂടെ മലയാളസാഹിത്യത്തിനും ഒരിടം നേടിക്കൊടുത്തത് വിവർത്തനത്തിൽ ഉണ്ടായ ഈ വിപ്ലവമാണ്. ഭാഷയുടെയും ഘടനയുടെയും അതിർവരമ്പുകൾ എല്ലാം ഭേദിച്ച് സാഹിത്യം വളർന്നുകൊണ്ടിരിക്കുന്നു, പുതു പരീക്ഷണങ്ങൾക്കായി കാത്തിരിക്കുന്നു .

Comments are closed.