DCBOOKS
Malayalam News Literature Website

ആശങ്കകള്‍ വേണ്ട, ഏത് സാഹചര്യവും നേരിടാന്‍ തയ്യാര്‍; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറന്നാല്‍ ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. ആളുകളെ പേടിപ്പിക്കുന്ന രീതിയുണ്ടാകരുത്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് ആശങ്കകളൊന്നും വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അണക്കെട്ടിലെ ജലനിരപ്പ് 2397 അടിയാകുമ്പോള്‍ ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തും. കൂടുതല്‍ വെള്ളം ഒന്നിച്ചൊഴുകി വരാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഒരുവിധത്തിലും അപകടം ഉണ്ടാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്‍.ഡി.ആര്‍.എഫിന്റെ സംഘം ഇടുക്കിയിലും എറണാകുളത്തും സജ്ജരാണ്. ഏത് സാഹചര്യവും നേരിടാന്‍ ഇവര്‍ ഒരുക്കമാണ്.

അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങള്‍ തത്സമയം അറിയിക്കണം. ഭയപ്പെടേണ്ട കാര്യമില്ല. ജനങ്ങള്‍ അധികൃതരുമായി സഹകരിക്കണമെന്നും ജനങ്ങളുടെ ജീവനാണ് സര്‍ക്കാരിന് വലുതെന്നും അദ്ദേഹം പറഞ്ഞു. മാറ്റിപ്പാര്‍പ്പിച്ചവരുടെ എണ്ണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. പകല്‍ സമയത്ത് മാത്രമേ വെള്ളം തുറന്നു വിടുകയുള്ളൂ എന്നദ്ദേഹം വ്യക്തമാക്കി.

അതേസമയം അണക്കെട്ടിലെ വെള്ളം ഘട്ടംഘട്ടമായി മാത്രമേ തുറന്നുവിടുകയുള്ളൂ എന്ന് വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. ജലനിരപ്പ് 2397 അടി എത്തിയതിന് ശേഷം ഘട്ടം ഘട്ടമായി മാത്രമേ ഷട്ടറുകള്‍ തുറക്കുകയുള്ളൂ. ഓരോ ഘട്ടത്തിലും മുന്നറിയിപ്പ് നല്‍കുമെന്നും എം.എം മണി പറഞ്ഞു.

Comments are closed.