DCBOOKS
Malayalam News Literature Website

കര്‍ഷകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി

ബിജെപി ഭരണകൂടത്തെ ഞെട്ടിച്ച ഐതിഹാസിക കര്‍ഷക മുന്നേറ്റത്തിന് മുന്നില്‍ മുട്ടുമടക്കി ദേവേന്ദ്ര ഫട്‌നാവിസ് സര്‍ക്കാര്‍. തങ്ങളുടെ എല്ലാ ആവശ്യങ്ങളും ഫഡ്‌നാവിസ് അംഗീകരിച്ചതായി ചര്‍ച്ചയ്ക്ക് ശേഷം കര്‍ഷകനേതാക്കള്‍ അറിയിച്ചു. 2017 ജൂണ്‍ 30 വരെയുള്ള എല്ലാ കാര്‍ഷിക കടങ്ങളും എഴുതി തള്ളും. താങ്ങുവില നിശ്ചയിക്കുന്ന സമിതിയില്‍ രണ്ട് കിസാന്‍ സഭാ നേതാക്കളെ ഉള്‍പ്പെടുത്തും. ആറുമാസത്തിനകം വനാവകാശ നിയമം നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചു.ആദിവാസികളുടെ ഭൂമി പ്രശ്‌നം അടിയന്തരമായി പരിഗണിക്കാമെന്നും വനഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ആറുമാസത്തിനകം പരിഹരിക്കുമെന്നു ഉറപ്പ് ലഭിച്ചതായി കര്‍ഷകര്‍ അറിയിച്ചു.

ഭൂമി ഏറ്റെടുക്കല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പുനഃപരിശോധിക്കുമെന്നും റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകള്‍ കണ്ടെത്തി ആറുമാസത്തിനുള്ളില്‍ പുതിയ ബിപിഎല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കിസാന്‍ സഭ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ആറ് മാസം സമയം ചോദിച്ചു.സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് സമരം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ലോങ് മാര്‍ച്ചിന് നേതൃത്വം നല്‍കിയ അഖിലേന്ത്യാ കിസാന്‍ സഭ തീരുമാനിച്ചു. ഉറപ്പുകള്‍ സര്‍ക്കാര്‍ എഴുതി നല്‍കിയതിനെ തുടര്‍ന്നാണ് പ്രക്ഷോഭം പിന്‍വലിക്കാന്‍ കിസാന്‍ സഭ തയ്യാറായത്.

സമരവേദിയിലെത്തി കര്‍ഷകരെ അഭിസംബോധന ചെയ്ത മഹാരാഷ്ട്ര റവന്യു മന്ത്രി സര്‍ക്കാര്‍ തയ്യാറാക്കിയ ധാരണയുടെ കരട് രേഖ സമരവേദിയില്‍ വായിച്ചു.ഫഡ്‌നാവിസ്, കര്‍ഷകരുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിനായി നിയമിച്ച 6 അംഗ സമിതി അംഗങ്ങള്‍, കിസാന്‍ സഭ അഖിലേന്ത്യാ പ്രസിഡന്റ് ഡോ. അശോക് ധവ്‌ലെ, ഡോ. അജിത് നവ്‌ലെ, സിപിഐഎം എംഎല്‍എ ജെപി ഗാവിത് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ആറു ദിവസത്തെ യാത്രക്കൊടുവിലാണ് ഐതിഹാസിക ലോങ് മാര്‍ച്ച് 180 കിലോമീറ്റര്‍ താണ്ടി മുംബൈയില്‍ എത്തിയത്.നാസിക്കില്‍നിന്ന് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച കര്‍ഷകരുടെ കാല്‍നടജാഥ ഒരുലക്ഷം സമരഭടന്മാരുമായാണ് ഞായറാഴ്ച മുംബൈയിലെത്തിയത്. വിവിധ ദളിത് സംഘടനകള്‍ ലോങ്മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.2017ല്‍ അഖിലേന്ത്യ കിസാന്‍ സഭയടക്കം വിവിധ സംഘടനകള്‍ നടത്തിയ സമരത്തിനൊടുവില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗം അംഗീകരിച്ച ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ലംഘിച്ചതാണ് കര്‍ഷകരെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്.

 

Comments are closed.