DCBOOKS
Malayalam News Literature Website

‘അലയടിക്കുന്ന വാക്ക്’; സുനില്‍ പി. ഇളയിടത്തിന്റെ പുതിയ കൃതി ഉടന്‍ പുറത്തിറങ്ങുന്നു

കേരളത്തിലെ സാംസ്‌കാരികവിമര്‍ശകരില്‍ ശ്രദ്ധേയനായ ഡോ. സുനില്‍ പി.ഇളയിടത്തിന്റെ ഏറ്റവും പുതിയ കൃതി അലയടിക്കുന്ന വാക്ക് ഡി.സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു. മാര്‍ക്‌സിനെയും മാര്‍ക്‌സിസത്തെയും മുന്‍നിര്‍ത്തി കഴിഞ്ഞ നാലഞ്ചുവര്‍ഷക്കാലത്തിനിടയില്‍ സുനില്‍ പി.ഇളയിടം എഴുതിയ ലേഖനങ്ങളും പഠനങ്ങളുമാണ് ഈ സമാഹാരത്തിലുളളത്.

വളരെ ചെറിയ അനുസ്മരണക്കുറിപ്പുകള്‍ മുതല്‍ സാമാന്യപഠനങ്ങളും ദീര്‍ഘപ്രബന്ധങ്ങളും പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തി സമ്മിശ്രസ്വഭാവം പുലര്‍ത്തുന്നതാണ് ഈ കൃതി. രണ്ടുഭാഗങ്ങളായി പന്ത്രണ്ട് ലേഖനങ്ങളാണ് പ്രബന്ധങ്ങളാണ് ഈ പുസ്തകത്തിലുളളത്. ആദ്യഭാഗത്തെ രചനകള്‍ സവിശേഷപ്രമേയങ്ങളെ മുന്‍ നിര്‍ത്തിയും രണ്ടാമത്തേത് വ്യക്തികളെ മുന്‍നിര്‍ത്തിയുമാണ് തയ്യാറാക്കിയിരിക്കുന്നത്. നാലഞ്ച് പുറങ്ങളില്‍ അവസാനിക്കുന്ന കുറിപ്പുകള്‍ മുതല്‍ എഴുപത്-എണ്‍പത് പുറങ്ങള്‍ നീളുന്ന ദീര്‍ഘപ്രബന്ധങ്ങള്‍ വരെ ഈ സമാഹാരത്തിലുണ്ട്.

പ്രഭാഷകനും എഴുത്തുകാരനും ചിന്തകനുമായ സുനില്‍.പി. ഇളയിടം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളം വിഭാഗം അധ്യാപകനാണ്. മാര്‍ക്‌സിസം, ചിത്രകല, ഉത്തരാധുനികത, ചരിത്രം തുടങ്ങി ഒട്ടേറെ വിഷയങ്ങളിലായി പതിനഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യവിമര്‍ശനത്തിനും വൈജ്ഞാനിക സാഹിത്യത്തിനുമുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കലാവിമര്‍ശന മേഖലയിലെ സമഗ്രസംഭാവനക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ കേസരി ബാലകൃഷ്ണപിള്ള പുരസ്‌കാരം, കലാനിരൂപണത്തിനുള്ള കേരളലളിതകലാ അക്കാദമി, എം.എന്‍ വിജയന്‍ സ്മാരക പുരസ്‌കാരം, കെ.എന്‍ എഴുത്തച്ഛന്‍ സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

Comments are closed.