DCBOOKS
Malayalam News Literature Website

ബെന്യാമിന്‍ രചിച്ച ‘അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍’

പന്തളത്തുരാജാവ് മാന്തളിര്‍ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്താണ് മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി ഉയര്‍ന്നത്. ക്രൈസ്തവ സമുദായത്തിലെ സഭാവഴക്കുകള്‍ മാന്തളിരിലും വേരാഴ്ത്തിയപ്പോള്‍ അക്കപ്പോരു മുറുകി. വെള്ളപ്പൊക്കവും കൃഷിനാശവും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അതിജീവിച്ച മാന്തളിര്‍ മനുഷ്യനിര്‍മ്മിത ദുരന്തങ്ങള്‍ക്കു മുന്നില്‍ തകര്‍ന്നു. ചോരയുടെ മണമുള്ള കാറ്റ് മാന്തിളിരില്‍ വീശിത്തുടങ്ങി.

ക്രൈസ്തവസഭാ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ ബെന്യാമിന്‍ രചിച്ച നോവലാണ് അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍ . കാതോലിക്കാപക്ഷവും പാത്രിയര്‍ക്കീസ് വിഭാഗവും തമ്മിലുള്ള അധികാര വടംവലി പന്തളത്തെ മാന്തളിര്‍ ഗ്രാമത്തിലേക്ക് പറിച്ചുനട്ട് ശുദ്ധരും ദുഷ്ടരും മുതലെടുപ്പുകാരും അടങ്ങുന്ന ഗ്രാമീണരുടെ കണ്ണിലൂടെ നോക്കിക്കാണാനാണ് നോവലിലൂടെ ബെന്യാമിന്‍ ശ്രമിക്കുന്നത്.

1954ലെ പുത്തനങ്ങാടി സത്യാഗ്രഹസമരം വിജയിക്കുകയും സഭ വീണ്ടും ഒന്നാകാന്‍ തീരുമാനിക്കുകയും ചെയ്യുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. സമാധാനം നിലവില്‍ വന്നെങ്കിലും സഭയില്‍ പാളയത്തില്‍ പട തുടര്‍ന്നു. അക്കപ്പോരിന്റെ നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷം കക്ഷിവഴക്ക് മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി സഭ വീണ്ടും പിളരുന്നതോടെ നോവലും അവസാനിക്കുന്നു. അടുത്ത ഒരു നൂറ്റാണ്ടുകാലത്തേക്ക് മാന്തളിര്‍ അക്കപ്പോരിനുള്ള വക അവശേഷിപ്പിച്ചുകൊണ്ട്…

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആടുജീവിതത്തിനു ശേഷം 2008ലാണ് ബെന്ന്യാമിന്‍ അക്കപ്പോരിന്റെ ഇരുപത് വര്‍ഷങ്ങള്‍ രചിച്ചത്. നോവലില്‍ പരാമര്‍ശിക്കുന്ന വ്യക്തികളില്‍ പലരും ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആണ്. പരാമര്‍ശിച്ചിരിക്കുന്ന സ്ഥാപനങ്ങളും നിലവിലുള്ളതുതന്നെ. യഥാര്‍ത്ഥത്തില്‍ നടന്ന സംഭവങ്ങളെ മറ്റൊരു വീക്ഷണകോണിലൂടെ കാണാനായിരുന്നു ബെന്യാമിന്റെ ശ്രമം. അതില്‍ അദ്ദേഹം വിജയിച്ചെന്ന് നോവലിന്റെ ജനപ്രീതി വ്യക്തമാക്കുന്നു. ഈ പുസ്തകത്തിന്റെ തുടര്‍ച്ചയായാണ് മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ ബെന്യാമിന്‍ എഴുതിയിരിക്കുന്നത്.

Comments are closed.