DCBOOKS
Malayalam News Literature Website

അഗ്രഹാരകഥകളുടെ വാസ്തുലോകം

കെ.സി.നാരായണന്‍

മലയാളിജീവിതത്തിന്റെ മുഖ്യധാരയില്‍ നിന്ന് അരികിലേക്കു മാറി നില്‍ക്കുന്നവരാണ് അഗ്രഹാരങ്ങളും അവയില്‍ പാര്‍ക്കുന്ന തമിഴ് ബ്രാഹ്മണരും. സാഹിത്യത്തിലേക്കും അവരുടെ ജീവിതം വലുതായൊന്നും കടന്നുവന്നിട്ടില്ല. ഏറക്കുറെ അദൃശ്യരായ അവരുടെ ജീവിതം പ്രമേയമാക്കി ടി.കെ. ശങ്കരനാരായണന്‍ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ അഗ്രഹാരകഥകള്‍ക്ക് സ്വാഭാവികമായും ധാരാളം വായനക്കാരുണ്ടായി. അഗ്രഹാരകഥകള്‍ എന്നൊരു സാഹിത്യഗണം തന്നെ അതു സൃഷ്ടിച്ചെടുത്തു.

തമിഴകത്തുനിന്നുള്ള ബ്രാഹ്മണരുടെ കുടിയേറ്റം, അഗ്രഹാരങ്ങള്‍ ഉണ്ടാവുന്നത്, അവയുടെ വാസ്തു മുതല്‍ അതിലെ മനുഷ്യരുടെ ഭാഷ, ഭക്ഷണം, വേഷം, സംഗീതം, കുടുംബ ബന്ധങ്ങള്‍ എന്നിങ്ങനെ ആ സമൂഹത്തിന്റെ ചെറുതും വലുതുമായ ജീവിതമുദ്രകള്‍ വീണുകിടക്കുന്ന കഥകളാണ് ഇതിലുള്ളത്. സാമൂഹ്യശാസ്ത്രപരമായി പ്രാധാന്യമുള്ള ഒരു രേഖയായും ഈ കഥകളെ വായിക്കാം. തമിഴ്‌നാട്ടില്‍നിന്നുള്ള അവരുടെ കുടിയേറ്റത്തിന്റെ ചരിത്രവും ഇതില്‍ ഒരു കഥയുടെ വിഷയമാണ്-കുടിയേറ്റ വരലാര്‍. വരലാര്‍ എന്നാല്‍ ചരിത്രം എന്നര്‍ത്ഥം. കല്‍പ്പാത്തിയിലെ ചിദംബരേശ്വരയ്യരും യുവചരിത്രവിദ്യാര്‍ത്ഥിയായ ശ്രീരാമും തമ്മില്‍ നടക്കുന്ന സംഭാഷണത്തിന്റെ രൂപത്തിലാണ് ഈ കഥ. സംഭാഷണത്തിലെ ചരിത്രാംശം ഇതാണ്: പാണ്ഡ്യരാജാവിന്റെ മക്കള്‍ തമ്മില്‍ രാജ്യാവകാശത്തര്‍ക്കം മൂത്തപ്പോള്‍ അതിലൊരു മകന്‍ ദല്‍ഹി സുല്‍ത്താന്‍ അല്ലാവുദ്ദീന്‍ ഖില്‍ജിയുടെ സഹായം തേടി. ഖില്‍ജിയാകട്ടെ മാലിക് ഗഫൂര്‍ എന്ന പടത്തലവന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ തമിഴകത്തേക്ക് അയച്ചു. സൈന്യമല്ലേ, അവര്‍ കൊള്ളയും കൊലയുമായി മുന്നേറി. സ്വദേശത്തു തങ്ങള്‍ സുരക്ഷിതരല്ല എന്നു തോന്നിയ തമിഴ് ബ്രാഹ്മണര്‍ ഊരും വേരും വിട്ട് കേരളത്തിലേക്ക് ഓടിപ്പോന്നു. പുഴയുള്ളതിനാല്‍ കല്‍പ്പാത്തിയായിരുന്നു അവര്‍ അധിവാസത്തിനു തെരഞ്ഞെടുത്ത ഇടം. ബ്രാഹ്മണര്‍ മാത്രമല്ല ചെട്ടിയാര്‍, മൂത്താന്‍, തട്ടാന്‍, വടുകന്‍, ആണ്ടി തുടങ്ങിയ സമുദായങ്ങളും ഇങ്ങനെ നാടുവിട്ട് കേരളത്തിലേക്കു കുടിയേറിയവര്‍ ആയിരുന്നു. അന്ന് പാലക്കാട്ടു വാണിരുന്നത് കോമ്പിയച്ചന്‍ എന്ന രാജാവായിരുന്നു. അദ്ദേഹത്തിന് ഒരു ദലിത് പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുകയും അവളെ കല്യാണം കഴിക്കുകയും ചെയ്തു. ഇതില്‍ ക്ഷുഭിതരായ പാലക്കാട്ടെ നമ്പൂതിരിമാര്‍ അവിടുത്തെ ക്ഷേത്രങ്ങളിലെ പൂജാദികര്‍മ്മങ്ങള്‍ ചെയ്യാന്‍ വിസമ്മതിച്ച് അവിടം വിട്ടൊഴിഞ്ഞുപോയി. പൂജയ്ക്ക് ആളില്ലാതിരുന്ന ഈ Textകൃത്യസമയത്താണ് തമിഴ് ബ്രാഹ്മണസംഘങ്ങള്‍ പാലക്കാട്ടെത്തിച്ചേരുന്നത്.
രാജാവ് അവരെ സ്വീകരിച്ചു. വീടുവെക്കാന്‍ സ്ഥലം നല്‍കി. അങ്ങനെ പാലക്കാട്ട് ആദ്യവും സമീപപ്രദേശങ്ങളില്‍ പിന്നീടുമായി അഗ്രഹാരങ്ങള്‍ എന്നറിയപ്പെട്ട തമിഴ് ബ്രാഹ്മണഗ്രാമങ്ങള്‍ ഉയര്‍ന്നു.

വീടുണ്ടാക്കുമ്പോള്‍ തഞ്ചാവൂരിലെ അതേ വാസ്തുവും പ്ലാനുമാണ് അവര്‍ ഉപയോഗിച്ചത്. ആദ്യം തിണ്ണ, പിന്നെ നേഴി, നേഴിക്കിരുവശത്തും പത്തായങ്ങള്‍, നേഴി ചെന്നെത്തുന്നത് കൂടത്തില്‍, കൂടത്തോട് ചേര്‍ന്ന് മച്ചുക്കുള്‍, കൂടം കഴിഞ്ഞ് അടുക്കള, അടുക്കളയോടു ചേര്‍ന്ന് കിണര്‍, അതു കഴിഞ്ഞാല്‍ രണ്ടാം കെട്ട്, കൊട്ടുക്കൂടം, അതിനുപിന്നില്‍ പശുക്കളെയും മറ്റും കെട്ടുന്ന മൂന്നാം കെട്ട്, അതിനും പിന്നില്‍ തോട്ടിപ്പാത. ഇങ്ങനെയൊരു അഗ്രഹാര വീട്ടിലാണ് കല്‍പ്പാത്തിക്കടുത്ത് അംബികാപുരത്ത് 1969-70 കാലത്ത് വിദ്യാര്‍ത്ഥികളായ ഞാനും പരമേശ്വരനും താമസിച്ചത്. രാവിലെ വിസര്‍ജ്ജനം നടത്തുന്നത് ഒരു തൊട്ടിയിലാണ്. തോട്ടികള്‍ പുറംപാതയിലൂടെ വന്ന് അവര്‍ക്കു മാത്രമായുള്ള വാതില്‍ തുറന്ന് മലത്തിന്റെ തൊട്ടികള്‍ എടുത്തുകൊണ്ടു പോവും.

വീടിന്റെ ഈ വാസ്തുവിനെ സ്ത്രീയുടെ ജീവിതവുമായി ബന്ധപ്പെടുത്തിയിട്ടുള്ള
കഥയാണ് കൊട്ടുക്കൂടം. പണ്ട് തീണ്ടാരിയായ സ്ത്രീകള്‍ വീട് അശുദ്ധമാകാതിരിക്കാന്‍ മാറി ഇരിക്കുന്നത് ഇവിടെയായിരുന്നു. കൊട്ടുക്കൂടം ഒരു മുറിയല്ല. മൂന്നു ഭാഗം ചുമരുകളാല്‍ ബന്ധിച്ച് വീടിനെ അഭിമുഖീകരിക്കുന്ന തുറസ്സായ ഒരിടമാണ്. വീടിനോടു ചേര്‍ന്നതും എന്നാല്‍ ചേരാത്തതുമായ ഗുഹ്യഭാഗം. കൊട്ടുക്കൂടം എന്ന ഈ ഗുഹ്യഭാഗത്തിന്റെ സ്വഭാവത്തില്‍ കാലം മാറ്റം വരുത്താന്‍ തുടങ്ങി. മാസമുറസമയത്തും സ്ത്രീകള്‍ക്ക് വീട്ടില്‍ എല്ലായിടത്തും പെരുമാറാം എന്ന നിലവന്നു. അതോടെ വീട്ടിലെ അനാവശ്യ വസ്തുക്കള്‍ നിക്ഷേപിക്കാനുള്ള ഇടമായി അത്. പഴയ പാത്രങ്ങള്‍, കീറിപ്പറിഞ്ഞ കുട എന്നിങ്ങനെ വീടിന്റെ പ്രധാമുറികളില്‍ സ്ഥാനമില്ലാത്ത വസ്തുക്കള്‍ വിശ്രമിക്കുന്ന ഒരിടം. കഥയില്‍ കനകാംബാള്‍ എന്ന സ്ത്രീക്കു നീക്കിവെക്കപ്പെട്ട ഇടം ആണത്. കഥപുരോഗമിക്കുന്നത് പ്രധാന മുറികളിലൂടെയാണ്. ക്ഷേത്രത്തിലെ കുംഭാഭിഷേകം പ്രമാണിച്ച് എത്തിച്ചേര്‍ന്ന അതിഥികളുടെ വരവില്‍ തുടങ്ങുന്ന കഥ അവസാനിക്കുന്നത് വീട് ഏകാന്തവും അനാഥവുമായി നില്‍ക്കുന്നിടത്താണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.