DCBOOKS
Malayalam News Literature Website

പക്വതയുള്ള സ്ത്രീത്വത്തിലേക്കുള്ള യാത്ര!

ഡോ. സതീദേവിയുടെ ‘അഗ്നി ശലഭങ്ങള്‍- എന്നും അഗ്നിയില്‍ ഹോമിക്കപ്പെടുന്ന പെണ്‍ജീവിതങ്ങള്‍’ എന്ന ഓര്‍മ്മപുസ്തകത്തെക്കുറിച്ച് ലതിക വാസു കമലാദേവി പങ്കുവെച്ച കുറിപ്പ്

കനൽ ചവുട്ടി നിന്നും പുഞ്ചിരിക്കാം, ശരീരവും ആത്മാവും പൊള്ളിച്ച ഭൂതകാലത്തിന്റെ ചിതയിൽ നിന്നുമുയിർത്ത്, എരിയുന്ന ചിറകു കുടഞ്ഞ് , പ്രഭ ചൊരിയുമൊരഗ്നിശലഭമായി സ്വന്തം സ്വത്വഭൂമികയിലേക്ക് പറന്നുയരാം. സതി എന്ന് ഞാൻ അറിയുന്ന ഡോ സതീദേവിയുടെ കഥ അത്തരമൊരു അതിജീവനചരിത്രം തന്നെയാണ് .

ആദ്യതാളുകളിൽ നിറയുന്ന പ്രണയതരളമായ ഓർമകൾ കടന്ന്, സ്നേഹശൂന്യമായ ജീവിതച്ചതുപ്പിൽ താമസിയാതെ നാം എത്തിപ്പെടുന്നു- സതിയോടൊപ്പം.
Textവിദ്യാഭ്യാസം ഒട്ടുമേ തിരുത്തിക്കുറിക്കാതെ പോയ ആൺകോയ്മയുടെ ആഭാസങ്ങൾക്കും സ്വാർത്ഥചൂഷണ വഴികൾക്കും ഒടുവിൽ സ്വന്തം ഉള്ളിലെ “ഞാൻ ” എന്ന ശക്തിയെ തിരിച്ചറിഞ്ഞ്, തൻവഴി തേടുന്ന പക്വതയുള്ള സ്ത്രീത്വത്തിലേക്കുള്ള യാത്ര കൂടിയാണ് ഈ പുസ്തകം.

സതിയുടെ അച്ഛന്റെ മിഴിവാർന്ന വാങ്മയം ഒരു വിങ്ങലായി മനസ്സിലുടക്കും. പ്രണയം ഒരു പ്രളയത്തിരയായി എല്ലാം തകർത്തെറിഞ്ഞു മറഞ്ഞ വേളയിലും തിരിഞ്ഞു നോക്കി ആ ഓർമ്മമഴക്കാടുകളെ ഓമനിക്കാൻ സതിക്ക് സാധിക്കുന്നു എന്നത് എനിക്ക് ഒരു വിസ്മയം തന്നെ!

ഒടുവിൽ ” അച്ഛൻ മോശക്കാരൻ തന്നെ.അത് മനസ്സിലാക്കി അമ്മക്ക് ജീവിച്ചാൽ പോരെ ” എന്ന് ചോദിക്കുന്ന പ്രാണനിൽ പ്രാണനായ മകൻ- അഭ്യസ്തവിദ്യരായ ഇന്ത്യൻ യുവത ഇങ്ങനെ ചിന്തിക്കുമ്പോൾ നമ്മുടെ പെൺകുട്ടികളെ ഓർത്തു മനസ്സൊന്നു വിറകൊണ്ടു പോകുന്നു.. ആ നടുക്കം സതിയും അറിഞ്ഞതിനാലാകണമല്ലോ, മക്കൾക്കൊരു സന്ദേശം കൂടിയായി സ്വന്തം ജീവിതം അതേ തീക്ഷ്ണതയിൽ ഇങ്ങനെ പകർത്തി വെച്ചത്. ഈ പുസ്തകം ജീർണ വ്യവസ്ഥിതികളിൽ വഴിമുട്ടി നിൽക്കുന്ന അനേകം പെൺ ജീവിതങ്ങൾക്ക് ഒരു പ്രതീക്ഷയും പ്രചോദനവും ആകട്ടെ!പ്രതിഭാധനയായ ഈ സുഹൃത്തിന്റെ മുന്നോട്ടുള്ള ജീവിതം സർവഥാ സാർത്ഥകമാകട്ടെ!

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.