DCBOOKS
Malayalam News Literature Website

വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ല: സുപ്രീം കോടതി

ദില്ലി: വിവാഹേതരബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. വിവാഹമോചനം ആവശ്യപ്പെടുമ്പോള്‍ വിവാഹേതര ബന്ധത്തെ കുറ്റകൃത്യമായി കണക്കാക്കാം. അതുപോലെ വിവാഹതേര ബന്ധത്തിന്റെ പേരില്‍ പങ്കാളി ആത്മഹത്യ ചെയ്താല്‍ തെളിവുകളുണ്ടെങ്കില്‍ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. വിവാഹേതര ലൈംഗികബന്ധത്തില്‍ പുരുഷന്മാരെ മാത്രം കുറ്റക്കാരാക്കുന്ന 497-ാം വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് കൂടുതല്‍ ഉറപ്പ് നല്‍കിയിട്ടുള്ള സുപ്രധാന വിധി ഉണ്ടായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബേഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.

സ്ത്രീകളെ അന്തസ്സില്ലാതെ കാണുന്നതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പെന്ന് കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള സ്ത്രീയുടെ അവകാശത്തെ ഹനിക്കുന്നതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497-ാം വകുപ്പ് എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്ത്രീക്കും പുരുഷനും തുല്യമായ അധികാരമാണ് ഉള്ളത്. വിവേചനം ഭരണഘടനാവിരുദ്ധമാണ്-സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ലൈംഗികബന്ധത്തിന് സ്ത്രീക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തിന് അര്‍ഹമായ ബഹുമാനം ഉറപ്പു വരുത്തണം. അതിനെ വിവാഹത്തിലൂടെ ഹനിക്കാനാവില്ല, സമൂഹത്തിന്റെ താത്പര്യത്തിനനുസരിച്ച് ചിന്തിക്കാനും ജീവിക്കാനും സ്ത്രീയോട് ആവശ്യപ്പെടാനാകില്ലെന്നും സ്ത്രീ ഭര്‍ത്താവിന്റെ സ്വത്തല്ലെന്നും കോടതി പറഞ്ഞു.

ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തിരുന്നു. വിവാഹേതര ലൈംഗികബന്ധം സംബന്ധിച്ച കേസുകളില്‍ സ്ത്രീകളെക്കൂടി കുറ്റവാളികളാക്കണം എന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. വിവാഹത്തിന്റെ പരിശുദ്ധി നിലനിര്‍ത്തുന്നതിനാല്‍ ഈ നിയമം റദ്ദാക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.മലയാളിയായ ജോസഫ് ഷൈനാണ് 497-ാം വകുപ്പിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

Comments are closed.