DCBOOKS
Malayalam News Literature Website

അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും

മലയാള സാഹിത്യത്തില്‍ ജീവിതമെഴുത്ത് എന്ന സാഹിത്യ ശാഖയ്ക്ക് തന്നെ തുടക്കം കുറിക്കുകയും അതിനു പിന്നീട് വായനക്കാര്‍ക്കിടയില്‍ വലിയ പ്രചാരം നല്‍കുകയും ചെയ്ത താഹ മാടായിയുടെ തിരഞ്ഞെടുത്ത ജീവിതമെഴുത്തുകളുടെ സമാഹാരമാണ്‌ അടിയാറ് ടീച്ചറും മറ്റ് അസാധാരണ ജീവിതങ്ങളും. മുഖ്യധാരാ സാഹിത്യം മുന്‍പ് പരിഗണിക്കാതിരുന്ന ഇത്തരം ആളുകളും ആശയങ്ങളും ഓര്‍മ്മകളും നമ്മുടെ സാമ്പ്രദായിക വായനയെയും സാംസ്‌കാരിക വീക്ഷണങ്ങളെയും വലിയ തോതില്‍ സ്വാധീനിക്കുകയുണ്ടായി.

പുസ്തകത്തിന് താഹാ മാടായി എഴുതിയ ആമുഖക്കുറിപ്പ്..

ഓര്‍മ്മകൊണ്ടുള്ള പ്രതിരോധം

അന്യോന്യമുള്ള അടുപ്പത്തിന് പകരം സഹജീവികള്‍ തമ്മില്‍ അകല്‍ച്ചയുണ്ടാക്കാനാണ് ജാതിവ്യവസ്ഥ എല്ലാ കാലത്തും ഊന്നല്‍ നല്‍കിയത്. തീണ്ടലും അയിത്തവും അതില്‍ മുഴുവനായി തന്നെ നിറഞ്ഞുനിന്ന അനാചാരങ്ങളും ഒരു ഇരുണ്ട കാലത്തിന്റെ ഓര്‍മ്മകളായി അങ്ങനെയുണ്ട്. അറിവ്‌കൊണ്ടും അതിനകം നേടിയ രാഷ്ട്രീയ ശാക്തീകരണംകൊണ്ടും പുതിയ കാലത്തിന്റെ തൊഴില്‍പരമായ ഉപജീവനമാര്‍ഗ്ഗങ്ങള്‍ തേടുന്നതിലൂടെയും ആണ് ജാതി വെച്ചുകൊണ്ട് തന്നെ ദളിതര്‍ സാമൂഹികശ്രേണിയിലേക്കു ഉയര്‍ന്നു വന്നത്. ചിലര്‍ സാമൂഹികമായ ഭ്രഷ്ടനുഭവത്തിന്റെ ഒറ്റപ്പെടലുകളില്‍ നീറിപ്പുകഞ്ഞു ജാതിവാല്‍ ഉപേക്ഷിച്ച് മതപരിവര്‍ത്തനങ്ങളിലൂടെ മനുഷ്യര്‍ എന്ന പരിഗണനയ്ക്കും അന്തസ്സിനും വേണ്ടിയുള്ള സങ്കേതങ്ങള്‍ തേടി. ദ്വന്ദ്വസ്വത്വങ്ങളിലൂടെ പലരും സ്വീകാര്യതയ്ക്കും തിരസ്‌കാരങ്ങള്‍ക്കുമിടയില്‍ കാലുഷ്യം നിറഞ്ഞ അവസ്ഥകളിലൂടെ കടന്നുപോയി.

ഇപ്പോള്‍ വീണ്ടും ദളിതരും മുസ്‌ലിങ്ങളും സ്ത്രീകളും പലതരം ഭ്രഷ്ടുകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാവുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ഇന്ത്യയുടെ പല ഭാഗത്തുനിന്നുമായി കേള്‍ക്കുന്നുണ്ട്. പഴയ കാലത്തിന്റെ അനുഭവപരമായ വെളിപ്പെടുത്തലുകള്‍, സവര്‍ണതയെ ഒരു പരിവേഷംപോലെ ചൂഴ്ന്നു നില്‍ക്കുന്ന കപടമായ ആദര്‍ശങ്ങളെയും മനുഷ്യവിരുദ്ധതയെയും മിത്തുകളെയും വെല്ലുവിളിക്കാനും നിരാകരിക്കാനുമുള്ള ധൈര്യം നല്‍കും. ഭൂതകാലം എന്ന വ്യാജപ്രതീതികള്‍ പുനര്‍വായനയ്ക്കായി മുന്നിലെത്തും. ആ നിലയിലാണ് ഈ പുസ്തകത്തിലെ ചില എഴുത്തുകളുടെ പ്രസക്തി.

രാഷ്ട്രീയവും വ്യക്തിപരവുമായി ചിലര്‍ നിര്‍ഭയമായ സ്വാതന്ത്ര്യബോധത്തോടെ ചരിത്രത്തെ മുറിച്ചുകടന്നതിന്റെ വര്‍ത്തമാനവും ഇതിലുണ്ട്. 2006 മാര്‍ച്ചിലാണ് ‘അടിയാറ് ടീച്ചറ്’ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. ഇപ്പോള്‍ ഈ പുസ്തകമിറങ്ങുമ്പോള്‍ സുലോചന ടീച്ചറോ കുടുംബമോ അവര്‍ പാര്‍ത്ത മണ്‍കട്ട കൊണ്ടുള്ള വീടോ ഈ ഭൂമിയില്‍ ഇല്ല. ഈ അഭിമുഖവും മാതൃഭൂമി ഫോട്ടോഗ്രാഫറും ഫോട്ടോ ആക്ടിവിസ്റ്റുമായ മധുരാജ് പകര്‍ത്തിയ ചിത്രങ്ങളുമാണ് ടീച്ചറെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ഈ അഭിമുഖത്തിന്റെ കയ്യെഴുത്തുപ്രതി വായിച്ചപ്പോള്‍ കമല്‍റാം സജീവ് ചിത്രങ്ങളെടുക്കാന്‍ മധുരാജിനെ അയയ്ക്കുകയായിരുന്നു. ചെറിയ ചില മണ്‍പാത്രങ്ങള്‍, ചുവരിലെ കുരിശ്, കണ്ണിനു മേല്‍ കൈ മടക്കി വിദൂരമായ കാലത്തേക്കുള്ള ആ നോട്ടം. ആ ഓര്‍മ്മകള്‍ കേട്ട് അഗാധമായ ആദരവോടെ മധുരാജ് സുലോചന വല്യമ്മയുടെ കൈപിടിച്ചു വിളിച്ചു: ടീച്ചര്‍! സുലോചനയില്‍നിന്നും രോഹിത് വെമുലയിലേക്ക് എത്തുമ്പോള്‍ അന്യോന്യം പ്രചോദനമേകുന്ന ഒരു മാനവിക ബോധത്തിലേക്ക് രാഷ്ട്രീയവും ആത്മീയതയും ഒന്നും നമ്മെ എത്തിച്ചില്ലല്ലോ എന്ന ഖേദവും അമര്‍ഷവുമുണ്ട്. പ്രിയപ്പെട്ടവരേ, ഓര്‍മ്മകൊണ്ടുള്ള പ്രതിരോധമാണ് ഈ പുസ്തകം.

രണ്ട്

വീടിനു നാലഞ്ചു വയലുകള്‍ക്കപ്പുറം, കിഴക്ക്, ഒരു കുളമുണ്ട്. മുതലക്കുളം. വെള്ളരിക്കണ്ടത്തില്‍ കുഴിക്കാറുള്ള കുളത്തെക്കാള്‍ അല്പം വലുപ്പമുള്ള ഒന്ന്. ചുറ്റുമുള്ള തൈപ്പറമ്പുകള്‍ക്കിടയില്‍ പായല്‍ മൂടിയ ഓര്‍മ്മപോലെ ആ കുളം മഴയില്‍  നിറഞ്ഞു, വേനലില്‍ വറ്റി. മുമ്പെങ്ങോ ആ കുളത്തില്‍ ഒരു മുതല പാര്‍ത്തിരുന്നു എന്നാണ് കഥ. എവിടെനിന്നു വന്നു ആ മുതല? ആര്‍ക്കുമറിയില്ലായിരുന്നു. സായാഹ്നങ്ങളില്‍ കൈക്കോട്ടുപണി കഴിഞ്ഞ് വരുന്ന ചിലര്‍ വഴിതെറ്റി ആ കുളത്തിനരികെ ചെന്നു വീഴാറുള്ള കഥയും കേട്ടിരുന്നു. മുതലക്കുളത്തില്‍ ഏതോ പിശാച് പതിയിരിക്കുന്നുണ്ട് എന്നായിരുന്നു കഥ. ഈ രണ്ട് കഥകളും കേട്ട് കുട്ടിക്കാലത്ത് വിസ്മയംകൊണ്ടിരുന്നു  .

മുതലക്കുളത്തിനരികിലൂടെയുള്ള നെടുവരമ്പിലൂടെ നടക്കുമ്പോള്‍ അറിയാതെ കാലുകള്‍ കുഴഞ്ഞുപോകുമായിരുന്നു. എവിടെ നിന്നോ വന്ന മുതലയെക്കുറിച്ചോര്‍ത്ത് പില്‍ക്കാലത്ത് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. സത്യമായിട്ടും ഒരു മുതലതന്നെയായിരിക്കുമോ ആ കുളത്തില്‍ പാര്‍ത്തിരുന്നത്? എങ്കില്‍ എത്രമാത്രം ഏകാന്തത അനുഭവിച്ചിട്ടുണ്ടാകും ആ മുതല? ഏതെങ്കിലും വെറുക്കപ്പെട്ട നിമിഷത്തില്‍ മുതലവേഷത്തില്‍ നാടുവിട്ട ഏതോ ഒരു മനുഷ്യനായിരിക്കുമോ ആ മുതല? ഇന്നും ആ കുളം അവിടെയുണ്ട്. പക്ഷേ, കഥകള്‍ മെനയുന്ന പഴയ മനുഷ്യരില്ല. ഓരോ മനുഷ്യനിലും അനുഭവങ്ങളുടെ ഒരു കുളമുണ്ടെന്ന് ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. കഥകൊണ്ടും അനുഭവംകൊണ്ടും നിറയുന്ന ജീവിതത്തിന്റെ ജലാശയം. പല വഴികളിലായി ചിതറിയ ഓര്‍മ്മകളെ ചേര്‍ത്തുവെച്ച്, പല ജീവിതകാലങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ മുഖ്യധാരാ ജീവിതകഥയെ മറിച്ചിടുന്ന ഒരു ആഖ്യാനകലയാണ് രൂപപ്പെട്ടത്. ഇത്തരം ആഖ്യാനങ്ങള്‍ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ സംസാരിക്കുന്നു. ഒരു തരത്തില്‍ മനുഷ്യരിലേക്കുള്ള സഞ്ചാരങ്ങളാണ് അവ.

മൂന്ന്

മുറിയുടെ ജനാല തുറന്നാല്‍ വിശുദ്ധകുരിശിന്റെ ദേവാലയത്തിലെ അള്‍ത്താര കാണാം. വിശുദ്ധരും പാപികളും ഭാരം ചുമക്കുന്നവരുമായ മനുഷ്യരുടെ കഥകള്‍ ചെറുപ്പത്തിലേ കേള്‍ക്കുന്നുണ്ട്. പ്രാര്‍ത്ഥനകളും വിലാപങ്ങളും സങ്കീര്‍ത്തനങ്ങളും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മുറിയിലേക്ക് കയറിവന്നു. കന്യാസ്ത്രീകളുടെയും അച്ചന്മാരുടെയും ഇടയിലൂടെ നടന്നു
പോയ ബാല്യം. കഥ കേട്ട് മതിവരാത്ത കാലമുണ്ടായിരുന്നു. പല ലോകങ്ങളില്‍ പാര്‍ക്കുന്ന മനുഷ്യരുടെ കഥകള്‍. വീടുവിട്ട് യാത്രചെയ്യാന്‍ തുടങ്ങിയപ്പോള്‍, പോകുന്നിടത്തെല്ലാം കഥകളും ഓര്‍മ്മകളും തേടി. മനുഷ്യന്‍ എന്ന മഹത്തായ പദത്തിന്റെ പൊരുള്‍ തേടി ഒരു യാത്ര. ഭൂമിയോളം വലിപ്പമുള്ള ജീവചരിത്രങ്ങള്‍ക്കുടമകളായ ഒരുപാട് മനുഷ്യരെ കണ്ടു. എഴുതാന്‍ അറിയാത്തതുകൊണ്ട് മാത്രം ആത്മകഥ എഴുതാതിരുന്നവര്‍. ചരിത്രത്തിന്റെയും ജീവിതത്തിന്റെയും ഭാരം സ്വന്തം ശിരസ്സിലേറ്റി നടക്കുന്നവര്‍. അവരുടെ കഥകള്‍ കേട്ടിരുന്നപ്പോള്‍ എഴുതപ്പെട്ട, നാം മഹത്തെന്ന് കൊട്ടിഗ്ഘോഷിക്കുന്ന പല ആത്മകഥകളും, യഥാര്‍ത്ഥജീവിതത്തിന്റെ പച്ചപ്പുകളില്ലാത്ത വാക്കുകളുടെ കപടനൃത്തം മാത്രമാണെന്ന് മനസ്സിലായി.

ഇവരുടെ ആത്മകഥനങ്ങള്‍ നമ്മുടെ ഭാഷയില്‍ രേഖപ്പെടുത്തപ്പെടാതെ പോകുന്നത് രണ്ടു കാരണങ്ങള്‍കൊണ്ടാണ്. ഒന്ന്, അവരുടെ ജീവിതം കൊട്ടിഗ്‌ഘോഷിക്കാന്‍ താല്‍പര്യവും സമയവും അവര്‍ക്കില്ല. രണ്ട്, നമ്മുടെ സാഹിത്യരംഗത്തിന്റെ നാട്യങ്ങളും ശാഠ്യങ്ങളും അവര്‍ക്ക് വഴങ്ങുകയുമില്ല. പലതുകൊണ്ടും മുഖ്യധാരയില്‍ ആത്മപ്രകാശനം സാധ്യമല്ലാതിരുന്ന അവര്‍ക്ക്, അംഗീകൃത സാഹിത്യസീമകളിലേക്ക് ആ ജീവിതങ്ങളെ അവതരിപ്പിക്കാ
നാണ് ജീവിതമെഴുത്തുകൊണ്ട് ഞാനിത്രയുംകാലം ശ്രമിച്ചത്. അതിലൂടെ ചരിത്രത്തിന്റെ അംഗീകൃത ആഖ്യാനങ്ങള്‍ക്ക് പിടിതരാതെ ഒഴുകിപ്പോയ ജീവിതത്തിന്റെ സത്യമായ ചില ഏടുകളെ രേഖപ്പെടുത്താനാവുമെന്ന് കരുതുന്നു. ഈ ആഗ്രഹത്തിന്റെ ആദ്യഫലങ്ങളായ  ദേശമേ ഇവരുടെ ജീവിതവര്‍ത്തമാനം കേള്‍ക്ക്, നഗ്നജീവിതങ്ങള്‍ എന്നീ പുസ്തകങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത ചില ജീവിതങ്ങളാണ് ഇതിലുള്ളത്.

ഏതുകാലത്തും പ്രസക്തമായ ചില ഓര്‍മ്മപ്പെടുത്തലുകള്‍ ഈ ജീവിതങ്ങളിലുണ്ട്. കാലം കുറ്റബോധത്തോടെയും ആത്മവേദനയോടെയും ഓര്‍ക്കേണ്ട പലതും. ആധുനികകാലത്തിന്റെ വേഗങ്ങളില്‍ ചരിത്രം കടന്നുപോകുമ്പോള്‍, ചരിത്രപുസ്തകത്തിന്റെ വിവിധ താളുകളില്‍ ഇടംകണ്ടവര്‍ മാത്രമല്ല, ആ പുസ്തകം കണ്ടില്ലെന്നു നടിക്കുന്ന ഇവരും കാലത്തിന്റെ മഹാസാക്ഷികളായി നമ്മുടെ ജീവിതത്തിന്റെ ഈ തെരുവോരങ്ങളിലുണ്ട്. സ്വന്തം ആത്മശേഷി കൊണ്ടുതന്നെയാണ് അവരും ജീവിതത്തിന്റെ കര്‍മ്മകാണ്ഡങ്ങള്‍ താണ്ടുന്നത്. ആത്മകഥകളുടെയും ജീവചരിത്രങ്ങളുടെയും ആലങ്കാരികലോകത്തിനപ്പുറം ഈ മനുഷ്യര്‍ കരുതിവെച്ചത്, പിന്നീട് ഒരിക്കല്‍ പറയേണ്ടിവരുമെന്നുപോലും വിചാരിക്കാത്ത വളരെ സങ്കീര്‍ണ്ണമായ ജീവിതമാണ്. ജീവിതങ്ങളുടെ കുറെ വിചിത്ര കഥകള്‍ ഈ പുസ്തകം നിങ്ങളോട് പറയും. നമ്മുടെ പരമ്പരാഗത ജീവചരിത്ര-ആത്മകഥാരചനകളുടെ അടിസ്ഥാനയുക്തികളെ ഈ ജീവിതങ്ങള്‍ ചോദ്യംചെയ്യുന്നുണ്ടാവാം. സാമൂഹ്യനിന്ദ ഏറ്റുവാങ്ങിയ ചിലര്‍ ചരിത്രത്തെ അഭിമുഖീകരിച്ചതെങ്ങനെ എന്നതിന്റെ വെളിപ്പെടുത്തല്‍കൂടിയാണിത്. അതുകൊണ്ടുതന്നെ ഇതിന് ഒരു ബദല്‍ജീവിത സംഹിതയുടെ പ്രസക്തി കൈവരുന്നുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

 

 

Comments are closed.