DCBOOKS
Malayalam News Literature Website

സത്യം വെളുപ്പിനും കറുപ്പിനും ഇടയിലുള്ളതാണ്: പി.എഫ്.മാത്യൂസ്

ഒരു കാലത്ത് അടിയാളര്‍ നേരിട്ട പ്രശ്‌നങ്ങള്‍ സുന്ദരമായി വരച്ചുവെച്ച പി.എഫ്. മാത്യൂസിന്റെ അടിയാള പ്രേതം എന്ന നോവലിനെ ആധാരമാക്കി നടന്ന ചര്‍ച്ച വ്യത്യസ്താനുഭവമായി. കെ.എല്‍.എഫിന്റെ മൂന്നാം ദിനത്തില്‍ വൈകിട്ട് വാക്ക് വേദിയില്‍ നടന്ന ചര്‍ച്ചയില്‍ പി.എഫ്.മാത്യൂസ് ശ്രീപാര്‍വതിയുമായി സംസാരിച്ചു.

എല്ലാവരും തന്റെ നിലനില്‍പ്പിന് വേണ്ടി പൊരുതുന്ന കാലത്തില്‍, അവഗണിക്കപ്പെട്ട ഒരു ജനതയുടെ കഥ കടന്നു വരുന്നത് ഏറെ പ്രാധാന്യത്തോടെ കാണണം എന്ന് ശ്രീപാര്‍വതി പറഞ്ഞു. ഒരു കാലത്തില്‍ വെളുത്ത ശരീരങ്ങള്‍ ആയിരുന്നു സാഹിത്യത്തെ ഭരിച്ചിരുന്നത്. എന്നാല്‍ ഇന്ന് സ്ത്രീകളും അവര്‍ണരും സാഹിത്യത്തിന്റെ കേന്ദ്രത്തിലേക്ക് കടന്നുവരുന്നത് ആശാവഹം ആണ്. തന്റെ നോവലില്‍ സ്ഥിരമായി കടന്നു വരുന്ന കാപ്പിരി മുത്തപ്പന്‍ ഇത്തരത്തില്‍ ഒരു കഥാപാത്രം ആണെന്നും പി.എഫ്. മാത്യൂസ് അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ സിനിമയിലെ വില്ലന്‍ കഥാാത്രങ്ങള്‍ സാധാരണ മുസ്‌ലീങ്ങളോ കറുത്തവരോ ആയിരിക്കും. ഇത് ഇന്നും കലയില്‍ നിന്നും മാറേണ്ട ഒരു പ്രവണതയാണെന്നും മാത്യൂസ് അഭിപ്രായപ്പെട്ടു. മനുഷ്യന്‍ കപടതയില്‍ ആണ് ജീവിക്കുന്നത്. അവന്‍ ജീവിതത്തിന്റെ ഭാഗമായ മരണത്തെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ല. സത്യം വെളുപ്പോ കറുപ്പോ അല്ല, സത്യം വെളുപ്പിന്റെയും കറുപ്പിന്റേയും ഇടയില്‍ ഉള്ളതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments are closed.