DCBOOKS
Malayalam News Literature Website

അടിമക്കച്ചവടവും അടിമവ്യവസ്ഥയും കേരളത്തില്‍ ഒരുകാലവും ഉണ്ടായിരുന്നില്ലേ?

വിനില്‍ പോളിന്റെ ‘അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം’ എന്ന പുസ്തകത്തിന് പി ജെ ജെ ആന്റണി എഴുതിയ വായനാനുഭവം
ചരിത്രത്തോട് ഉദാസീനരാണ് നമ്മള്‍ മലയാളികള്‍. കെട്ടുകഥകളും പുരാവൃത്തങ്ങളും അനേകം നൂറ്റാണ്ടുകള്‍ നമുക്കിടയില്‍ ചരിത്രമായി വാണു. ഒരു കൂട്ടം പ്രബലര്‍ അപ്രകാരം കരുതുന്നു എന്നത് കെട്ടുകഥകളെയും പുരാവൃത്തങ്ങളെയും ചരിത്രമായി സ്വീകരിക്കാന്‍ നമുക്ക് കാരണമായി എന്നത് വിചിത്രവും രസകരവുമാണ്. സാക്ഷരതയുടെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുമ്പോഴും ഇത്തരം വിഡ്ഢിത്തങ്ങളെ Textഒപ്പം കൂട്ടാന്‍ നമുക്ക് തരിമ്പും വൈക്ലബ്യം ഉണ്ടായില്ല. ആള്‍ദൈവങ്ങള്‍ക്ക് മുന്നില്‍ കമിഴ്ന്ന് വീഴുന്ന ബുദ്ധിജീവികളെ മറ്റെവിടെ കാണാന്‍ കഴിയും! കേരളത്തിന്റെ ബുദ്ധകാലഘട്ടം അപ്രത്യക്ഷമായതും പരശുരാമനും സെന്റ് തോമസും പാഠപുസ്തകങ്ങളില്‍ കടന്നുകൂടിയതും അങ്ങിനെയായിരുന്നു. ചരിത്രഗവേഷണങ്ങളെ ഉത്സാഹരഹിതമാക്കാനും ഈ വിചിത്രബോദ്ധ്യങ്ങള്‍ കാരണമായി എന്നത് ഇന്ന് തിരിച്ചറിയപ്പെടുന്നുണ്ട്. ചരിത്രത്തെ സംബന്ധിക്കുന്ന നവധാരണകളും ഗവേഷണസരണികളുമായി കടന്നുവന്ന പുതുമുറ ഗവേഷകര്‍ പലതും വസ്തുനിഷ്ഠമായി അഴിച്ചുപണിയുന്നുണ്ട്. അങ്ങിനെയൊരു ശ്രദ്ധേയമായ ഗവേഷണരചനയാണ് ഡോ.വിനില്‍ പോളിന്റെ ‘അടിമകേരളത്തിന്റെ അദൃശ്യചരിത്രം‘ എന്ന പുസ്തകം.
അടിമക്കച്ചവടവും അടിമവ്യവസ്ഥയും കേരളത്തില്‍ ഒരുകാലവും ഉണ്ടായിരുന്നില്ലെന്ന് നമ്മള്‍ കരുതിപ്പോന്നു. അത് വ്യാജമെന്ന് ഈ പുസ്തകത്തില്‍ ആധികാരിക രേഖകളുടെ പിന് ബലത്തോടെ വിനില്‍ പോള്‍ ചൂണ്ടിക്കാണിക്കുന്നു. ജംഗമവസ്തുക്കള്‍ പോലെ മനുഷ്യരും ഇവിടെ ചന്തകളില്‍ ക്രയവിക്രയം ചെയ്യപ്പെട്ടിരുന്നു. ഇതില്‍ മുന്നോക്കം, പിന്നാക്കം, ദളിതന്‍ എന്ന വേര്‍തിരിവും ഉണ്ടായിരുന്നില്ല. ദാരിദ്ര്യം അതിന്റെ പണി ചെയ്യുകയായിരുന്നു. മിഷനറി പ്രവര്‍ത്തനങ്ങളെ അതിന്റെ മതബദ്ധതയില്‍ നിന്നും അടര്‍ത്തി സാമൂഹികവും സാംസ്‌കാരികവുമായ പ്രവര്‍ത്തിയും പ്രതിപ്രവര്‍ത്തനവുമായി മനസ്സിലാക്കപ്പെടുകയും വിശകലവിധേയമാവുകയും ചെയ്യുന്നു. ജാതിയും അടിമത്തവും ദാരിദ്ര്യവും ഒപ്പം ക്രിസ്തുമതം ഉള്‍പ്പെടെയുള്ള മുഖ്യധാര മതങ്ങളുടെ ദളിത് വിരുദ്ധ അദ്ധ്യാത്മികതയോടുള്ള വിയോജിപ്പും കുതറലും വിനില്‍ പോള്‍ കൃത്യമായി അടയാളപ്പെടുത്തുന്നു. പൊയ്കയില്‍ അപ്പച്ചന്‍, സോളമന്‍ മാര്‍ക്കോസ് തുടങ്ങി പാശ്ചാത്യ മിഷനറിമാരോട് കലഹിച്ച് റിബല്‍ അദ്ധ്യാത്മികതയ്ക്ക് ഉരുവം നല്‍കിയവര്‍ അവരുടെ തനിമയോടെ ഈ രചനയില്‍ ഇടം നേടുന്നുണ്ട്. ക്രൈസ്തവരുടെ ചരിത്രമെന്നത് വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതും ക്രിസ്തുമതത്തിന്റെ ചട്ടക്കൂടുകള്‍ക്ക് പരിപൂര്‍ണ്ണമായി കീഴടങ്ങാത്ത ഒരു കൂട്ടം മനുഷ്യരുടെ മറുതലിപ്പുകളും ചേര്‍ന്നതാണെന്ന യാഥാര്‍ത്ഥ്യത്തിന് വിനില്‍ പോള്‍ ഈ പുസ്തകത്തിലൂടെ സാര്‍ത്ഥകമായി അടിവരയിടുന്നു. നിലവിലുള്ള ചരിത്രത്തെ അട്ടിമറിക്കുന്നതും ധൈഷണികത കലര്‍ന്ന ദളിത് സ്വത്വനിര്‍മ്മിതിയെ അടയാളപ്പെടുത്തുന്നതുമായ ഈ പുസ്തകം അക്കാദമിക്കുകള്‍ക്കും സാധാരണ ചരിത്രകുതുകികള്‍ക്കും ഒരുപോലെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

Comments are closed.