DCBOOKS
Malayalam News Literature Website

അടിമകേരളത്തിന്റെ അടയാളപ്പെടുത്തലുകള്‍

മലബാര്‍ മേഖലയിലെ അനുഭവങ്ങളും തദ്ദേശീയ സ്രോതസ്സുകളിലെ ദളിത് അനുഭവങ്ങളുമാണ് ഞാന്‍ പഠിക്കാന്‍ ശ്രമിച്ചത്

വിനില്‍ പോള്‍/സുനൂപ് ചന്ദ്രശേഖര്‍
(അഭിമുഖം)

അടിമ കേരളത്തിന്റെ അദൃശ്യചരിത്രം എന്ന പുസ്തകത്തില്‍ അടിമത്തവും മിഷനറി
പ്രസ്ഥാനവും എന്നിങ്ങനെ രണ്ട് തീമുകളാണല്ലോ ചര്‍ച്ച ചെയ്യുന്നത്. എന്താണ് ഇങ്ങനെ ഒരു തിരഞ്ഞെടുപ്പിന് പിന്നില്‍?

കേരളത്തിന്റെ സാമ്പ്രദായിക ചരിത്രരചനകളിലും അതോടൊപ്പം പൊതുവ്യവഹാരത്തിലും വേണ്ടത്ര ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളാണ് അടിമത്തവും മിഷനറി പ്രസ്ഥാനവും. എന്നു
കരുതി ഇതിനു മുന്‍പ് ആരും ഇതിനെക്കുറിച്ചു പറഞ്ഞിട്ടില്ല എന്ന് അര്‍ത്ഥമില്ല. കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തെ കൂടുതല്‍ തെളിമയായി മനസ്സിലാക്കണമെങ്കില്‍ ഈ രണ്ട് സാമൂഹ്യഅനുഭവങ്ങള്‍ അനിവാര്യമാണ്. അടിമ അനുഭവങ്ങളുടെ പരിണാമത്തിനെ മനസ്സിലാക്കിയെങ്കില്‍ മാത്രമേ നമുക്ക് ആധുനികതയുടെ ചരിത്രത്തിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ നിലവിലെ ചരിത്രരചനകള്‍ ഈ സാമൂഹ്യ അനുഭവത്തെ കണ്ടില്ലെന്നു നടിച്ചിരിക്കുന്ന അവസ്ഥയായിരുന്നു.

Textഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ കേരളത്തിലെ അടിമത്തത്തിന്റെ ചരിത്രത്തെക്കുറിച്ചാണല്ലോ താങ്കള്‍ ഗവേഷണം നടത്തിയത്. എങ്ങനെയാണ് ഈ വിഷയത്തിലേക്ക് എത്തപ്പെട്ടത്?

മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ പ്രൊഫ. സനല്‍ മോഹന്‍ മാഷിന്റെ കൂടെയാണ് ഞാന്‍ എം.ഫില്‍ പഠനം നടത്തിയത്. അദ്ദേഹത്തിന്റെ സ്വാധീനവും നിര്‍ദ്ദേശങ്ങളും അടിമത്തം എന്ന വിഷയത്തിലേക്ക് എത്തിച്ചേരുന്നതിനു വഴി ഒരുക്കിയിരുന്നു. കേരളത്തിന്റെ കൊളോണിയല്‍ അനുഭവങ്ങളുടെ ചരിത്രം പറയുന്ന പുസ്തകങ്ങള്‍ വായിച്ചാല്‍ അടിമത്തം എന്ന സംജ്ഞ അതില്‍ നിന്നും ഒഴിവാക്കിനിര്‍ത്തിയിക്കുന്നത് കാണാന്‍ സാധിക്കും. അതായത് ഗൗരവമായി ചരിത്രം എന്ന വിഷയത്തെ സമീപിക്കുന്ന ആര്‍ക്കും ഇത്തരംനിരവധി ഒഴിവാക്കലുകള്‍ വേഗത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് ഞാന്‍ അടിമത്ത
ത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ തയ്യാറാകുന്നത്.

കേരളത്തിലെ സാമ്പ്രദായിക ചരിത്രരചന എന്തുകൊണ്ടാണ് അടിമകളുടെ ചരിത്രത്തെക്കുറിച്ച് സംസാരിക്കാത്തത് ?

കേരളത്തിലെ മാത്രമല്ല ഇന്ത്യന്‍ ചരിത്രരചനാ പദ്ധതികള്‍ എല്ലാംതന്നെ ഒരേപോലെ
വാദിക്കുന്ന ഒന്നാണ് ജാതിസമൂഹത്തില്‍ അടിമത്തം സാധ്യമല്ല എന്നത്. എന്നാല്‍
പുത്തന്‍ പഠനങ്ങള്‍, പ്രത്യേകിച്ച് ഡച്ച്, പോര്‍ച്ചുഗീസ് കാലത്തെ മുന്‍നിര്‍ത്തിയുള്ള അന്വേഷണങ്ങള്‍ നിലവിലെ കേരള ചരിത്രരചനകളുടെ അതിര്‍വരമ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. ആഗോള അടിമക്കച്ചവട ശൃംഖലയുമായി കണ്ണി ചേര്‍ന്ന് കിട ക്കുന്ന നിരവധി തെളിവുകളാണ് സമീപകാലത്തായി പലരും കണ്ടെടുത്തത്. ഇത് സാമ്പത്തിക പിന്‍ബലത്താല്‍ മാത്രം ചരിത്രത്തെ നോക്കിക്കണ്ടവര്‍ക്ക് നിഷേധിക്കാന്‍ സാധിക്കില്ല. അവരുടെ അടിയായ്മ സ്വയം കീഴടങ്ങല്‍ പോലുള്ള മാതൃകകള്‍ക്ക് വെളിയില്‍ മറ്റൊരു ലോകം ഉണ്ടായിരുന്നു എന്നതാണ് ഇത്തരം പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

അടിമകളുടെ ചരിത്രരചനയില്‍ എന്തെല്ലാമാണ് മുഖ്യ സ്രോതസ്സുകള്‍?

ഈ മേഖലയില്‍ നിരവധിയായ ഉപദാനങ്ങള്‍ ലഭ്യമാണ്. കൊളോണിയല്‍ ഭരണതലത്തിലെ രേഖകളും തദ്ദേശീയ രേഖകളുംമിഷനറി പ്രസ്ഥാനത്തിന്റെ രേഖകളും ആദ്യകാല മലയാള പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചുവന്ന സാമൂഹ്യ അനുഭവങ്ങളുടെ വലിയ ശേഖരണവും, ഇതിനെയെല്ലാം ചേര്‍ത്ത് നിര്‍ത്തി വായിക്കാന്‍ സാധിക്കുന്ന വാമൊഴി പുരാശേഖരവുമാണ് കേരളത്തിലെ ദളിതരുടെ ചരിത്രരചനയെ സഹായിക്കുന്ന ഘടകങ്ങള്‍.

മിഷനറി പ്രസ്ഥാനത്തിന്റെ ചരിത്രം അവരുടെ ഇടപെടലുകള്‍ നിരവധി ആളുകള്‍ അന്വേഷിച്ചിട്ടുണ്ടല്ലോ. അതില്‍നിന്നും എങ്ങനെയാണ് താങ്കളുടെ പഠനം വേറിട്ട് നില്‍ക്കുന്നത്?

നിലവില്‍ ധാരാളമാളുകള്‍ ഈ മേഖലയില്‍ അന്വേഷണം നടത്തിയിട്ടുണ്ടെങ്കിലും അവയെല്ലാം മധ്യതിരുവിതാംകൂര്‍ കേന്ദ്രമാക്കിയുള്ളമിഷനറി പ്രവര്‍ത്തനത്തെയാണ് പഠിക്കാന്‍
ശ്രമിച്ചത്. മാത്രമല്ല ഇത്തരം പഠനങ്ങള്‍ ദളിത് ക്രിസ്ത്യന്‍ അനുഭവങ്ങളെ തദ്ദേശീയ സ്രോതസ്സുകളുമായി തട്ടിച്ചു നോക്കിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ മലബാര്‍ മേഖലയിലെ അനുഭവങ്ങളും തദ്ദേശീയ സ്രോതസ്സുകളിലെ ദളിത് അനുഭവങ്ങളുമാണ് ഞാന്‍ പഠിക്കാന്‍ ശ്രമിച്ചത്.

വിനിൽ പോളിൻ്റെ അടിമകേരളത്തിൻ്റെ അദൃശ്യ ചരിത്രം എന്ന പുസ്തകം വാങ്ങാൻ സന്ദർശിക്കുക

Comments are closed.