DCBOOKS
Malayalam News Literature Website

കേരളത്തില്‍ അടിമക്കച്ചവടം ഇല്ല എന്ന വസ്തുതാവിരുദ്ധമായ പൊതുബോധത്തിന് മങ്ങലേല്‍പ്പിക്കുന്ന പുസ്തകം

ധാരാളം ആദിവാസിവിഭാഗങ്ങളും ദളിതരും ഇസ്ലാം- ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്

വിനില്‍ പോളിന്റെ ‘അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം’ എന്ന പുസ്തകത്തിന് ഷൈമ കൊല്ലമ്പലത്ത് എഴുതിയ വായനാനുഭവം
അടിമത്തം എന്ന പദം മലയാളി പൊതുബോധത്തിൽ അങ്ങകലെയൊരു ഭൂഖണ്ഡത്തിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. ആ പദം മലയാളി മനസ്സിൽ ഉറപ്പിച്ചൊരു മുഖവും പേരുമുണ്ട്. മറ്റാരുമല്ല, സാക്ഷാൽ അബ്രഹാം ലിങ്കണിന്റെ . അമേരിക്കയുടെ 16ാമത് പ്രസിഡന്റായിരുന്ന ഈ ചരിത്ര പുരുഷൻ 1865 ൽ അമേരിക്കൻ ഭരണഘടനയുടെ 13ാം ഭേദഗതി പ്രകാരം അടിമത്ത നിരോധന നിയമം കൊണ്ടുവന്നു. അമേരിക്കൻ ചരിത്രത്തിന്റെ നാഴികക്കല്ലായി മാറി ഈ നിയമം.
കറുത്ത വർഗ്ഗക്കാരെ മനുഷ്യാ ന്തസ്സിലേക്കുയർത്തിയ നിയമമായി നമ്മുടെ സാമ്പ്രദായിക ചരിത്രക്കാരൻമാർ പോലും വാഴ്ത്തും ഈ ചരിത്ര വസ്തുതയെ . ശരിയാണ്. അതിൽ തർക്കമൊന്നുമില്ല. പക്ഷെ അതേ ചരിത്രകാരൻമാർ പൂർണ്ണ നിശബ്ദരായി പോകുന്നു സ്വന്തം നാട്ടിലെ, അതായത് ഈ കുഞ്ഞു കേരളത്തിൽ നൂറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന അടിമത്ത വ്യവസ്ഥിതിയെ കുറിച്ച് ചേദിക്കുമ്പോൾ. അവർ അതിനെ വെറും ആചാരനുഷ്ഠാനങ്ങളുടെയും സ്വയം കീഴടങ്ങലിന്റെയും പശ്ചാത്തലത്തിൽ മാത്രം കാണാൻ ശ്രമിച്ചു. അടിയാളരെ അടിമകളായി കാണാൻ അവർ വിസ്സമതിച്ചു. പാഠ്യപദ്ധതിയിൽ പോലും കേരളത്തിലെ അടിമക്കച്ചവടം ഉൾപ്പെടുത്തിയതായി അറിവില്ല.
കേരളത്തിൽ അടിമക്കച്ചവടം ഇല്ല എന്ന വസ്തുതാവിരുദ്ധമായ പൊതുബോധത്തിന് കടുത്ത മങ്ങലേല്പിക്കുന്നു  ഈ പുസ്തകം. ആഫ്രിക്കൻ അടിമകളേക്കാൾ ദുരിതജീവിതം നയിച്ചവരായിരുന്നു ഇവിടെയുണ്ടായിരുന്ന അടിമകൾ എന്ന് വിനിൽ പോൾ തെളിവുകൾ സഹിതം ബോധ്യപ്പെടുത്തുന്നുണ്ട്. ചങ്ങലകളാൽ ബന്ധിതരായി അടിമപ്പണി ചെയ്യേണ്ടിവന്ന ആയിരക്കണക്കായ മനുഷ്യരിവിടെയുണ്ടായിരുന്നു. 8 ചക്രത്തിനും 6 രൂപയ്ക്കും 10 രൂപയ്ക്കുമൊക്കെ വില്പനയ്ക്ക് വയ്ക്കപ്പെട്ടിരുന്ന മനുഷ്യർ. രക്ഷിതാക്കളോ ബന്ധുക്കളോ Textചന്തകളിൽ കുട്ടികളെ വില്പനയ്ക്കായി കൊണ്ടുവന്നു. പോരാത്തതിന് ആളുകളെ മോഷ്ടിച്ചു കൊണ്ടുവന്നുo വിറ്റിരുന്നു. കാളയ്ക്കും പോത്തിനുമൊപ്പം നിലമുഴുതേണ്ടി വന്ന മനുഷ്യർ. കാളയ്ക്കും പോത്തിനുമൊപ്പം പരസ്യമായി ലേലത്തിന് വയ്ക്കപ്പെട്ട നിസ്സഹായരായ നിരക്ഷരരായ മനുഷ്യർ. ചോരയുറഞ്ഞു പോകുന്ന പീഡനങ്ങളേല്ക്കേണ്ടി വന്ന കീഴാളർ. ജാതി നിയമം തെറ്റിച്ചാൽ കീഴാളനെ കൊല്ലാൻ വരെ അധികാരമുണ്ടായിരുന്നു സവർണ്ണർക്ക് . ആഴ്ചയിലാറു ദിവസവും അടിമകളെ കെട്ടിയിടുന്ന ഗോഡൗണുകളായിരുന്ന പള്ളികൾ 7ാം ദിവസം ആരാധാകേന്ദ്രമാവുന്ന കാഴ്ച കേരളത്തിൽ അപരിചിതമല്ല എന്നാണ് വിനിൽ പോൾ തന്റെ പുസ്തകത്തിലൂടെ പറയുന്നത്. ഇവിടെ പ്രാദേശിക തലത്തിൽ വ്യാപകമായിരുന്ന അടിമക്കച്ചവടം യൂറോപ്യൻമാരുടെ വരവോടെ ഒരു അന്താരാഷ്ട്ര വ്യാപാരമാക്കി പൊടിപൊടിച്ചു.
പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച് കമ്പനികൾ കേരളത്തിലെ അടിമകളെ ഇന്ത്യൻ മഹാസമുദ്രം കടത്തി തങ്ങളുടെ മറ്റു കോളനികളിലേക്ക് കൊണ്ടുപ്പോയി തോട്ടങ്ങളിലും വീടുകളിലും പണിയെടുപ്പിച്ചു , ഒപ്പം അവരെ വില്പനയ്ക്കും വച്ചു. അയിത്തമുള്ളിടത്ത് അടിമത്തമുണ്ടാവില്ല എന്നാണ് പൊതു വാദം. പക്ഷെ അയിത്ത സങ്കല്പം അടിമക്കച്ചവടത്തിലെ പ്രധാനഘടകമായിരുന്നു എന്നതാണ് വസ്തുത. കേരളത്തിന്റെ ഈ ദുരന്ത ചരിത്രത്തിന് തെളിവായി ധാരാളം ശിലാലിഖിതങ്ങൾ, വട്ടെഴുത്ത് കോലെഴുത്തു രേഖകൾ, മുളയിലെഴുതിയ രേഖകൾ, ഗ്രന്ഥവരികൾ, വായ്മൊഴികൾ എന്നിവ ലഭ്യമാണെന്ന് എഴുത്തുകാരൻ സാക്ഷ്യപ്പെടുത്തുന്നു.
ധാരാളം ആദിവാസിവിഭാഗങ്ങളും ദളിതരും ഇസ്ലാം- ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. എഴുത്തിന്റെയും വായനയുടെയും ജനാധിപത്യത്തിന്റെ ചെറിയ തുരുത്തുകൾ ഇത്തരം പരിവർത്തനങ്ങൾ വഴി കീഴാള വിഭാഗങ്ങൾ അനുഭവിച്ചു. ഒട്ടേറെ വിദേശ/ പ്രാദേശിക ക്രിസ്ത്യൻ സഭകളും മിഷനറിമാരും ദളിതരെ തങ്ങൾക്കൊപ്പം ചേർക്കാനായി ഈ നാട്ടിലെത്തി.
ക്രിസ്ത്യൻ സഭകളിലെ ജാതിവിവേചനത്തെ വെല്ലുവിളിച്ചു കൊണ്ട് ചില വിമോചന/ഉണർവ് പ്രസ്ഥാനങ്ങളും ദളിതർക്കിടയിൽ നിന്ന് ഉയർന്നുവന്നു. കാടുകളിലും ചതുപ്പിലുമായി ദളിതർക്കുവേണ്ടി നിർമ്മിക്കപ്പെട്ട ചെറിയ ആരാധനാ ഷെഡുകൾ പുത്തൻ ചെറുറോഡുകളുടെ നിർമ്മാണത്തിന് കാരണമായി. സഞ്ചാരസ്വാതന്ത്ര്യം നിഷിദ്ധമായിരുന്ന കീഴാളർക്ക് ഇത് ജനാധിപത്യത്തിന്റെ പുതുവെളിച്ചമേകി.
ഇവിടെ നിലവിലുണ്ടായിരുന്ന എല്ലാ മതങ്ങളും അടിമക്കച്ചവടത്തിന് കൂട്ടുനിന്നു .
ബ്രിട്ടീഷ് മിഷണറിമാരാണ് കീഴാളരുടെ കഷ്ടപ്പാടുകൾക്ക് അറുതി വരുത്താനായി നിരന്തരം പരിശ്രമിച്ചത്. അത്തരം പരിശ്രമത്തിന്റെ ഭാഗമായാണ് മലബാറിൽ 1843 ലും തിരുവിതാംകൂറിലും കൊച്ചിയിലും 1855 ലും അടിമത്ത നിരോധനം നിലവിൽ വന്നത്. പുലയരേയും പറയരേയും മാത്രമല്ല, ഈഴവരുൾപ്പടെയുള്ള നിരവധി മുൻകാല അടിമജാതികളയും സവർണ്ണ സ്ത്രീകളയും കുട്ടികളയും മനുഷ്യാന്തസ്സിലേക്കുയർത്തിയ ഈ വിളംബരമാണ് കേരളത്തിന്റെ ആധുനികതയുടെ മൂലക്കല്ലായി മാറിയതെന്ന് ശ്രീ വിനിൽ പോൾ വിലയിരുത്തുന്നു.
പണ്ടെങ്ങാണ്ടോ ആരോ എന്തോ ചെയ്തതിന് നിഷ്ക്കളങ്കരായ ഞങ്ങളാണ് അനുഭവിക്കുന്നത് എന്ന് ഇന്ന് നിരന്തരം വിലപിക്കുന്നവരെല്ലാവരും തന്നെ ഈ പുസ്തകം ഒരാവർത്തിയെങ്കിലും വായിക്കണമെന്നാണ് പറയാനുള്ളത്. ചില സത്യങ്ങൾ ഉൾക്കൊള്ളാൻ ലേശം പ്രയാസമുണ്ടാവും. എങ്കിലും നിങ്ങളുടെ വിലാപത്തിൽ നിന്ന് നിങ്ങൾക്കും ഒരു മോചനം ആവശ്യമാണല്ലോ ! ആ മോചനം ഈ പുസ്തകം നിങ്ങൾക്ക് നല്കും.

Comments are closed.