DCBOOKS
Malayalam News Literature Website

അടിയുടെ നിർവ്വാഹകത്വ പരിണാമം: ഷിനിലാലിന്റെ ‘അടി’യെ വായിക്കുമ്പോൾ

വി ഷിനിലാലിന്റെ ‘അടി’ എന്ന നോവലിന് ജോണി.എം.എല്‍ എഴുതിയ വായനാനുഭവം

ഷിനിലാൽ എഴുതിയ പുതിയ നോവൽ, ‘അടി’ വായിക്കുമ്പോൾ ചില സോഷ്യൽ കണ്ടീഷനിംഗുകളെ കുറിച്ച് ചിന്തിക്കാതിരിക്കാൻ കഴിയുന്നില്ല. റോബിൻ ജെഫ്രിയുടെ നായർ ചരിത്രം ഇപ്പുസ്തകത്തിൽ പരാമൃഷ്ടമാകുന്നത് കൊണ്ട് അദ്ദേഹം എഴുതിയ ‘പൊളിറ്റിക്സ് വിമൻ ആൻഡ് വെൽ ബീയിങ്: ഹൌ കേരളാ ബികെയിം എ മോഡൽ’ എന്ന പുസ്തകത്തിൽ എങ്ങനെയാണ് കൈകൾ സ്വതന്ത്രമാക്കപ്പെട്ടതിലൂടെ കേരളം സ്വാതന്ത്ര്യത്തിലേയ്ക്ക് നീങ്ങിയതെന്നു പറയുന്നുണ്ട്. സവർണ്ണന്റെ മുന്നിൽ തലയിൽക്കെട്ടഴിച്ചു വായപൊത്തി നിൽക്കുന്ന ആ രീതി മാറിയതോടെ കൈകൾ സ്വതന്ത്രമാക്കപ്പെട്ടു. പിന്നെ ആ കൈകൾ മുഷ്ടികളായി ചുരുണ്ട് ആകാശത്തിലേക്ക് ഉയർന്നു; അത് വിപ്ലവം വിജയിക്കട്ടെ, ഇങ്കിലാബ് സിന്ദാബാദ് എന്നതിന്റെ ശരീരഭാഷയായി. ഷിനിലാൽ റോബിൻ ജെഫ്രിയെ ‘റഫറൻസ്’ എന്ന നിലയിൽ അവതരിപ്പിക്കുമ്പോഴും ‘അടി’ എന്ന നോവലിൽ സ്വതന്ത്രമാക്കപ്പെടുന്ന ഈ കൈകൾ പല തലങ്ങളിൽ കാണപ്പെടുന്നുണ്ട്; ചില വ്യത്യാസങ്ങളോടെ.

തിരുവനന്തപുരത്തിന്റെ കിഴക്കൻ മേഖലയിൽ കിടക്കുന്ന നെടുമങ്ങാട് എന്ന സ്ഥലത്തെ പല വിധ ചട്ടമ്പികളുടെ കഥ ഓർത്തെടുത്തു പറയുന്ന എലിസൺ എന്ന കമ്മ്യൂണിസ്റ്റുകാരന്റെ രാത്രികളിലൂടെയാണ് ഈ നോവൽ ഉരുത്തിരിയുന്നത്. ആ കഥകളിലെല്ലാം കൈകളുടെ സമൃദ്ധിയാണ്. എങ്കിലും തമ്പിയദ്ദേഹത്തെ അടിക്കണം എന്ന് പറഞ്ഞു വാശി പിടിച്ചു പോകുന്ന ഒരു ചട്ടമ്പി അദ്ദേഹത്തിന്റെ മുൻപിൽ ചെന്നുപെടുമ്പോൾ പഴയൊരു ശീലം കൊണ്ട് തോർത്തഴിച്ചു കൈകൾക്കുള്ളിൽ വെച്ച് വായപൊത്തി നിൽക്കുകയും ഒരു കൈകൊണ്ടു കത്തി ഒരു രംഗമുണ്ട്. അതായത്, എത്രയേറെ പുരോഗമനം പറയുമ്പോഴും മാറാത്തതായ ചിലതുകൾ സമൂഹത്തിൽ ചില ആംഗ്യങ്ങളായും സംജ്ഞകളായും കിടപ്പുണ്ട് എന്നതാണ് അത് സൂചിപ്പിക്കുന്നത്. രണ്ടാമത്തെ കൈ, എലിസന്റെ തന്നെ മുദ്രാവാക്യം വിളിക്കുന്ന കൈയാണ്. അയാൾ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രഖ്യാപിച്ച ഭാരതബന്ദിൽ പങ്കെടുത്തു കല്ലെറിയാൻ ഉയർത്തിയ കൈയാണ്. പണ്ടെങ്ങാണ്ടു വെന്തിങ്ങ ധരിച്ച പിതാമഹന്മാരുടെ പിടിയിൽ നിന്ന് ഊരി ‘അച്ഛന്റെ വെന്തിഞ്ഞ ഇന്നാ’ എന്നെഴുതിയ ടി കെ സി വടുതലയുടെ കഥയെ ഓർമ്മിപ്പിച്ചു കൊണ്ട്, വെന്തിങ്ങ ഊരി കമ്മ്യൂണിസ്റ്റാകാൻ പാർട്ടി ആപ്പീസിലേയ്ക്ക് നടന്നു ചെന്ന ആളുകൂടിയാണ് Textഎലിസൺ. കമ്മ്യൂണിസ്റ്റുകാരൻ ആയെങ്കിലും പോലീസ് ലാത്തിച്ചാർജ്ജ് വരുമ്പോൾ തമ്പിയദ്ദേഹത്തിന്റെ വീട്ടിൽ ഓടിക്കയറുന്ന അയാളുടെ കഴുത്തിൽ അദൃശ്യമായ ഒരു കൈ വന്നു വീഴുന്നുണ്ട്- പിടലിക്കൊരടി.

ആ അടി പിന്നെ പീലിപ്പോസ് എന്ന പെലപ്പൊലീസ് അല്ലെങ്കിൽ പെല എസ് ഐ ആകുന്ന പയ്യനെ പിന്തുടരുന്നുണ്ട്. കമ്മ്യൂണിസ്റ്റായ അച്ഛന്റെ പിടലിക്കടിച്ച ആ കൈയെക്കുറിച്ചു ഫിലിപ്സ് എന്ന പയ്യന് വളരെ ആധികളുണ്ട്. ഷിനിലാൽ ഇവിടെ വിദഗ്ദമായി കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് ചരിത്രത്തെയും സാമൂഹികചരിത്രത്തെയും (അത് രണ്ടും ഏതാണ്ട് ഒന്നായി നിൽക്കുകയാണല്ലോ) വെളിച്ചത്തിലേക്ക് നീക്കി നിർത്തുകയാണ്. കമ്മ്യൂണിസ്റ്റായാൽ തൊഴിലാളി വർഗ്ഗമെന്ന ഒന്നിലേക്ക് മറ്റെല്ലാ പരിഗണനകളും ലയിക്കും എന്ന വിശ്വാസം തെറ്റാണെന്ന് കഴിഞ്ഞ നൂറ്റാണ്ടും ഈ നൂറ്റാണ്ട് ഇതുവരെയും തെളിയിച്ചു കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ ഈ അടിയുടെ ഏജൻസി ആരിൽ നിന്ന് ആരിലേയ്ക്ക് എങ്ങനെ ഏതു സന്ദർഭത്തിൽ മാറണം എന്നതാണ് ഈ നോവൽ ഉയർത്തുന്ന ചോദ്യവും, ഒരുപക്ഷെ അതിനു നൽകുന്ന വളരെ ലളിതമായ ഉത്തരവും. തെറിക്കുത്തരം മുറിപ്പത്തൽ അല്ലെങ്കിൽ അടിയുടെ ഗുണം അണ്ണൻ തമ്പിയും ചെയ്യൂല്ല എന്ന കാളുവമ്മയുടെ ദാർശിനിക വീക്ഷണവും ഈ ഉത്തരത്തിൽ ഉണ്ട്. ഇത് നിർവാഹകത്വത്തിന്റെ ഒരു പ്രശ്നം എന്ന നിലയിൽത്തന്നെയാണ് ഷിനിലാൽ അവതരിപ്പിക്കുന്നത്.

കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഏതാണ്ട് തൊണ്ണൂറുകൾ വരെയും ഉള്ള ചട്ടമ്പിമാരുടെ ചരിത്രം ഈ നിർവ്വാഹകത്വ പരിണാമത്തിനു പശ്ചാത്തലമാകുന്നു എന്നതാണ് ഈ നോവലിന്റെ സ്ഥൂലഗാത്രം. ചട്ടത്തെ അമ്പുന്നവൻ, നമ്പുന്നവൻ എന്നത് ചട്ടത്തെ നടപ്പാക്കുന്നവൻ എന്ന അർത്ഥത്തിൽ നിന്ന് മാറി വിപരീതാർത്ഥം ദ്യോതിപ്പിക്കുന്ന ചട്ടങ്ങളെ ലംഘിക്കുന്നവൻ എന്നതിലേക്ക് വഴുതുമ്പോൾ അതിനു സമാന്തരമായ ഒരു നിയോജകമണ്ഡലം ഉണ്ടായി വരുന്നു. അവിടത്തെ ഭാഷ പള്ള് ആണ് (അനങ്ങുന്നതിലും അനങ്ങാത്തത്തിലും ഒക്കെ ‘ഓളി’ എന്ന് ചേർത്താൽ തെറിയുണ്ടാകും എന്നുള്ള കണ്ടെത്തൽ ചട്ടമ്പികളിലൂടെ ഷിനിലാൽ നടത്തുന്നുണ്ട്. ഓളി എന്നത് സൈദ്ധാന്തിക തലത്തിൽ ‘വൽക്കരണത്തിനു’ പകരം നിൽക്കുന്ന ഒന്നാകാം). ബാക്തിൻ പറയുന്നതിനെ മാതൃകയാക്കിയാൽ ഇത് ‘ബഹുത്തെറിതയുടെ കാർണിവൽ’ ആണെന്ന് പറയാം. എന്നാൽ തെറി ഇവിടെ ചെയ്യുന്നത് (ചുരുളിയിൽ ചെയ്യുന്നത് പോലെ) നിലവിലുള്ള നിയമങ്ങളെ ലംഘിക്കുകയാണ്. നിയമം ലംഘിക്കാനുള്ളതാണ് എന്ന് പറയുന്ന ഗാന്ധിജി ഉപ്പുസത്യാഗ്രഹം നടത്തുമ്പോൾ ‘കടലില്ലാത്ത ഒരു മൈരിടത്ത്’ ഉപ്പു കാച്ചി ലംഘനം നടത്തുന്ന ചട്ടമ്പി ദേശീയ ചട്ടമ്പിയോ കോൺഗ്രസ് ചട്ടമ്പിയോ ഗാന്ധിയൻ ചട്ടമ്പിയോ ഒക്കെ മാറുകയാണ്.

തെറി ഏറെപ്പറഞ്ഞിട്ടും നിശബ്ദമാക്കപ്പെട്ട ഒരു ദേശമാണ്/വംശമാണ് ചട്ടമ്പികൾ. ഈ അടുത്തിടെയായി നോവലുകളിൽ ചട്ടമ്പികൾ കൂടുതൽ പ്രത്യക്ഷപ്പെടുന്നുണ്ട്. എഴുപതുകളിലെ നോവെൽച്ചട്ടമ്പികളെ അപേക്ഷിച്ചു ഇവർക്കൊന്നും വലിയ അസ്തിത്വഭാരമൊന്നും ഇല്ല. വട്ടപ്പിരിവ്, ചന്തപ്പിരിവ്, ഊച്ചാളിപ്പീസ് ഒക്കെ വാങ്ങി അവർ കുടുംബം നടത്തുന്നു. നമ്മളെപ്പോലെ കുടുംബം നടത്തുന്നവർ ആണല്ലോ അവരെന്ന് ഒരിക്കൽ ഒരു പോലീസുകാരൻ ആത്മഗതം ചെയ്യുന്നുണ്ട്. ചട്ടമ്പികളുടെ കഥ ത്രസിപ്പിക്കുന്നതാണെങ്കിലും അവരുമായി സാത്മ്യപ്പെടാൻ നമുക്ക് താത്പര്യമില്ല. എന്നാൽ കഥയിലെ കേൾവിക്കാരനായ ഫിലിപ്പോസ് എന്ന പയ്യന് ചട്ടമ്പിയാകാൻ താത്പര്യമുണ്ട്. ആയിരത്തിയൊന്നു രാവുകളിലേത് പോലെ ഇവിടെ അച്ഛനായ എലിസൺ മകന് ചട്ടമ്പികളുടെ കഥ പറഞ്ഞു കൊടുക്കുകയാണ്. ആയിരത്തിയൊന്ന് രാവുകളേക്കാൾ ഏറെ അടിയിലെ ആഖ്യാനത്തിനു സാമ്യം കൂടുന്നത് പഞ്ചതന്ത്രവുമായാണ്. വിഷ്ണുശർമ്മൻ എന്ന ബ്രാഹ്മണൻ മന്ദബുദ്ധികളായ രാജകുമാരന്മാരെ ബുദ്ധി പഠിപ്പിക്കാൻ പറഞ്ഞു കൊടുക്കുന്ന ലാക്ഷണിക കഥകളാണല്ലോ പഞ്ചതന്ത്രം.

ഷിനിലാൽ ഈ ബ്രഹ്മണ്യത്തെ അതായത് ആഖ്യാനത്തിന്റെ അധികാരത്തെ ഒരു പുലയനിലേയ്ക്ക് കൈമാറിക്കൊണ്ട് ചെറുതല്ലാത്ത ഒരു അട്ടിമറി നമ്മുടെ ആഖ്യാനചരിത്രത്തിൽ നടത്തുന്നു. കഥയിൽ അനുവർത്തിക്കുന്നത് മൃഗകഥകളെ അനുസ്മരിപ്പിക്കുന്ന ഒരു കാർട്ടൂണിഷ് നരേഷൻ ആണ്. നല്ല മൂർച്ചയുള്ള കത്തി വാരിയെല്ല് വരെ താഴ്ത്തിയാലും കത്രികപ്പൂട്ടിട്ടു പൂട്ടിയാലും ചട്ടമ്പികൾ തറയിൽ കെട്ടുപിണഞ്ഞു കിടന്നു കൊണ്ട് ദാർശിനിക വിചാരം നടത്തുകയാണ്. അവർക്കിടയിൽ ഒരു എത്തിക്സ് നിലനിൽക്കുന്നുണ്ട്. ഒരു ചട്ടമ്പി പോലും സ്വന്തം കാര്യത്തിനായി ആരെയും അടിക്കുന്നില്ല എന്നതാണ് അവരുടെ സമാന്തര രാജ്യത്തെ ഏറ്റവും വലിയ ധാർമ്മികത. സത്യവതിയുടെ വാറ്റുള്ള വീട്ടിൽ അവളുടെ തന്നെ കത്തി പ്രയോഗം കൊണ്ട് സത്യവാൻ എന്ന ഗുണ്ട കിടക്കുമ്പോൾ, അവന്റെ കുടലും പണ്ടവും എല്ലാം വൈദ്യർ അകത്തെടുത്തിട്ട് കങ്കൂസ് നൂല് കൊണ്ട് കുത്തിക്കെട്ടി അയോഡിനും വെച്ച് ഇടുമ്പോൾ ഒക്കെ ടോം ആൻഡ് ജെറി പോലെ വേദനിയില്ലാത്ത ഒരു ലോകമാണ് ഷിനിലാൽ അവതരിപ്പിക്കുന്നത്. വൈദ്യന് കൂലി തെങ്ങിൻ ചോട്ടിൽ കുനിഞ്ഞു നിന്നൊരു സുരതത്തിനുള്ള അവസരമാണ്. വിസർജ്ജിച്ച ശേഷം പൂച്ച മണ്ണ് നീക്കിയിടുന്നത് പോലെ അത്രയും സ്വാഭാവികമായോ അവഗണിക്കാവുന്നതായോ ചെയ്യുന്ന ഒന്നാണ് ആ കൂലി കൊടുപ്പ്. കാരണം ചട്ടമ്പികളുടെ ലോകത്ത് ഒരു എത്തിക്സ് ഉണ്ട്; അത് കഴുത്തിന് പിടിച്ചു തള്ളൽ അല്ല, മറിച്ച്, പൂച്ച നക്കിയത് പിന്നെ പൂച്ച തന്നെ നക്കിക്കോട്ടെ എന്ന് പറഞ്ഞു മാറിക്കൊടുക്കലാണ്.

കുട്ടിയായ ഫിലിപ്പോസിനു മുന്നിൽ രണ്ടു വഴികളാണുള്ളത്; ഒന്ന്, എലിസൺ കരുതുന്നത് പോലെ ഒരു പോലീസുകാരൻ ആകണം. രണ്ട്, ഒരു നല്ല ചട്ടമ്പി ആകണം. രണ്ടാമത്തേതിനാണ് പീലിപ്പോസിന്റെ ലോകത്ത് ഗ്ലാമർ കൂടുതലുള്ളതായി തോന്നുന്നത്. എന്നാൽ അച്ഛന്റെ അഭിപ്രായത്തിൽ രണ്ടും ഏതാണ്ട് ഒന്ന് തന്നെയാണെന്നാണ്. വളരെ മൃദുവായി ആണ് എങ്ങനെ രണ്ടു ലോകങ്ങൾ തമ്മിൽ പരസ്പരം കലരുന്നതെന്ന വിമർശനം ആ പുലയൻ പറയുകയാണ്. അയാളുടെ കഴുത്തിന് പിന്നിൽ കിട്ടിയ അടി പോലീസിന്റേതല്ല. അത് സവർണ്ണ ജന്മിയുടേതും അല്ല. അത് ചരിത്രത്തിൽ അയാളും അയാളുടെ വംശങ്ങളും കഴുത്തിന് പിന്നിൽ വാങ്ങിക്കൊണ്ടിരുന്ന അടികളുടെ ഒരു തുടർച്ചയാണ്. ഭാഗ്യവശാൽ പോലീസ് ആകുന്ന പീലിപ്പോസിനു പക്ഷെ ആ അടി ഒരു അസ്വസ്ഥമായ ഒരു തോന്നലാണ്. ഉദ്യോഗക്കയറ്റം കിട്ടി എസ് ഐ ആയപ്പോഴും എ എസ് ഐ ആയ കൃഷ്ണൻ തമ്പി പരേഡിൽ പങ്കെടുക്കില്ല എന്നും തനിയ്ക്ക് അയാളെ സല്യൂട്ട് അടിക്കാൻ പറ്റില്ല എന്ന് പറയുമ്പോഴും പെല എസ് ഐ എന്ന് സ്വയം വിശ്വസിച്ചു പോയ പീലിപ്പോസിനു തന്റെ കഴുത്തിൽ അടി വീഴുന്നതായാണ് തോന്നിയത്.

അദൃശ്യമായ ആ അടിയ്ക്ക്, കഴുത്തിന് പിന്നിൽ ആരോ അടിക്കുന്നു എന്ന ആ തോന്നലിന് ഒരു പരിഹാരം വേണം. എലിസൺ അതിനു പറഞ്ഞു കൊടുക്കുന്ന വഴി തന്റെ അമ്മയായ കാളുവമ്മയെ ചെന്ന് കാണുവാനാണ്. പീലിപ്പോസ് അവിടെ ചെല്ലുന്നു. അമ്മൂമ്മ പറയുന്ന കഥയിലാണ് അയ്യങ്കാളി വന്നിറങ്ങുന്നത്. സംസാരമൊന്നുമില്ല. ചന്തയിൽ പുലയരെയും നാനാജാതി താഴ്ന്നവരെയും കയറാൻ അനുവദിക്കാത്ത മുതലാളി ചട്ടമ്പിമാരെ അയ്യൻകാളി അടിച്ചു നിരപ്പാക്കി. അടിയൻ എന്ന വാക്കിനു അന്ന് അർത്ഥവ്യത്യാസം വന്നു. ചട്ടമ്പിയ്ക്ക് വന്ന അർത്ഥവ്യത്യാസം പോലെ. നിശബ്ദമായ അടി. അതൊരു അടി തന്നെയാണ്. നോവലിൽ രാജൻ എന്നൊരു ദളിത് ചട്ടമ്പി ഉണ്ടാകുന്നുണ്ട്. പാറപ്പണിയ്ക്കിടെ അയാൾ മരിച്ചു എങ്കിലും അതിനു മുൻപേ അയാൾ പുലയരെ ഭൂപരിഷ്കരണത്തിൽ പറ്റിച്ച ഇരുമ്പനെ കഴുത്തറുത്തു കൊല്ലുന്നു. അതും നിശബ്ദമായി. രായൻ ചട്ടമ്പിയുടെ ഒച്ചയൊന്നും ആരും കേൾക്കുന്നില്ല. അടിയൻ വാക്കിന്റെ അർഥം മനസ്സിലായതോടെ പീലിപ്പോസ് കൃഷ്ണൻ തമ്പിയെ ആ രീതിയിൽ നേരിടുന്നു. ഒടിയൻ അടിച്ചതാണെന്നു കരുതുന്ന തമ്പിയോട് പീലിപ്പോസ് എസ് ഐ പറയുന്നത് അത് ഒടിയനല്ല, അടിയൻ തന്നെ ആണെന്നാണ്. അടിയുടെ ഏജൻസി പുലയന്റെ കൈകളിൽ എത്തുന്നതോടെ അദൃശ്യമായ അടി കഴുത്തിന് പിന്നിൽ വീഴും എന്ന് നോക്കി തിരിഞ്ഞു നോക്കി കഴുത്തുവെട്ടിച്ചു നടക്കുന്നത് ഇപ്പോൾ തമ്പിയദ്ദേഹമാണ്.

കുണുക്കത്തി രായമ്മ, കലം കൗസു, സാവിത്രി, കാളുവമ്മ, മായമ്മ തുടങ്ങിയ ശക്തരായ സ്ത്രീകഥാപാത്രങ്ങൾ അടി എന്ന നോവലിൽ ഉണ്ട്. അതിൽ രായമ്മയ്ക്കാണ് പ്രാധാന്യമെങ്കിലും തിളങ്ങി നിൽക്കുന്നത് സാവിത്രിയും കാളുവമ്മയും തന്നെ. തെറി വിളിയുടെ രാജ്ഞിമാരായ രായമ്മയും കൗസുവും സാവിത്രിയുമെല്ലാം ആണധികാര ലോകത്തെ ചോദ്യം ചെയ്തുകൊണ്ട് നിൽക്കുന്നു. ചന്തപ്പെണ്ണും കുലസ്ത്രീയും ഉണ്ടാകുമ്പോഴും, കുലസ്ത്രീ സർവ്വകലാശാലയിലൊക്കെ പഠിച്ചു ആചാരസംരക്ഷണത്തിനായി തെരുവിലിറങ്ങുകയോ അതിനെ എതിർക്കുന്ന അക്കാദമിക് കുലസ്ത്രീകളായി മാറുകയോ ഒക്കെ ചെയ്യുമ്പോഴും പണ്ടേ ഫെമിനിസ്റ്റുകളോ ഫെമിനിച്ചികളോ വേണ്ടി വന്നാൽ ഫെമിനാസികളോ ആയി ചന്തപ്പെണ്ണ് നമ്മുടെ ഇടയിൽ ഉണ്ടായിരുന്നു എന്നുകൂടി ഈ നോവൽ വ്യക്തമാക്കുന്നുണ്ട്. മഹാഭാരതമാണ് മറ്റൊരു റെഫറൻസ് പോയിന്റ്. മഹാഭാരത പാരായണം കേൾക്കാൻ അമ്പലത്തിൽ പാത്തു പോകുന്ന പീലിപ്പോസ്, അച്ഛന്റെ കഥകളിലെ ചട്ടമ്പിമാരുടെയും മഹാഭാരതത്തിലെ കഥാപാത്രങ്ങളെയും തമ്മിൽ താരതമ്യം ചെയ്യുന്നുണ്ട്. രാജാക്കന്മാർക്ക് മാത്രമല്ല കഥ എന്ന് എലിസൺ പറയുന്നുണ്ടെങ്കിലും രാജാക്കന്മാരും വെറും ചട്ടമ്പിമാരായിരുന്നു എന്നൊരു ഉപപാഠം ഇവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഭഗവദ് ഗീതയുടെ ഉത്പത്തിയെക്കുറിച്ചു ഓ വി വിജയൻ എഴുതിയത് ഓർത്ത് കൊണ്ട് നിർത്താം: ഹരിയാനയിലെ ഒരു കുടുംബത്തിലെ സഹോദരന്മാർ തമ്മിൽ തർക്കം മൂത്ത് അവർ ഒരു വയലിൽ അടിനടത്താനായി ഇറങ്ങി. എതിർചേരിയിൽ നിൽക്കുന്നവർ ഭ്രാതാക്കളാണല്ലോ എന്നോർത്ത് അർജുൻ എന്ന യുവാവിന് ദുഃഖം വന്നു. അയാളുടെ കൂട്ടുകാരനായ കിഷൻ ‘ബെഞ്ചോദ് മാരോ സാലോ കോ’ (പെങ്ങളെ ഓളി, അടിക്കടാ പന്നികളെ) എന്ന് പറഞ്ഞു അയാളെ പ്രചോദിപ്പിച്ചു. ഇത് വിദ്യാർത്ഥിമിത്രം പ്രെസ്സുകാർ പാടി നീട്ടി അനുഷ്ടുപ്പ് വൃത്തത്തിലാക്കി അച്ചടിച്ചിറക്കിയതാണ് ഭഗവത് ഗീത. അടി എന്ന നോവൽ വിജയനെ വളരെ ശക്തമായി മനസ്സിൽ കൊണ്ടുവരുന്നുണ്ട്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.