DCBOOKS
Malayalam News Literature Website

അഭിനയവും രാഷ്ട്രീയവും

ബാബു തളിയത്ത്‌

പ്രശസ്തിയില്‍ നിന്നുള്ള ഇത്തരം പലായനങ്ങള്‍ ഒരുപക്ഷെ, ഒരു കാലഘട്ടത്തിലെ അഭിനേത്രികളുടെ പൊതുസ്വഭാവമായിരിക്കാം. അമ്മയോടൊപ്പം അന്‍പതുകളിലെ മലയാള സിനിമയില്‍ വളരെ സജീവമായിരുന്ന ശാന്തിയും അംബികയുമൊക്കെ സിനിമാജീവിതകാലം കഴിഞ്ഞു ഏറെക്കുറെ മറവിയിലേക്കു മറയുകയായിരുന്നു. സിനിമയുടെ ആദ്യകാല അഭിനേത്രികളുടെ ഇത്തരമൊരു പ്രവണതയ്ക്ക് ഏറ്റവും നല്ല ഉദാഹരണം ഇരുപതുകള്‍ തൊട്ട് നാല്പതുകളുടെ അവസാനം വരെ ഹോളിവുഡില്‍ തിളങ്ങി നിന്ന പ്രശസ്ത സ്വീഡിഷ് താരം ഗ്രെറ്റ ഗാര്‍ബോ ആയിരിക്കും.

അമ്മയെക്കുറിച്ചുള്ള ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആ കുറിപ്പ് എനിക്ക് പുതിയൊരറിവായിരുന്നു. അമ്മ ദേശീയപ്രസ്ഥാനത്തില്‍ വളരെ തത്പരയായിരുന്നുവെന്നും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ദുരിതനിവാരണത്തിനായുള്ള സംഭാവനാശേഖരണത്തില്‍ മറ്റു നടീനടന്മാരോടൊപ്പം സജീവമായി പങ്കെടുത്തിരുന്നുവെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍, പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും കോണ്‍ഗ്രസ്സിന്റെ ആദ്യകാല നേതാക്കളിലൊരാളും കോണ്‍ഗ്രസ് പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയുമായ കാമരാജുമായുള്ള രാഷ്ട്രീയ സൗഹൃദം ഞാനറിഞ്ഞിട്ടില്ലായിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായ അന്‍പതുകളിലെയും അറുപതുകളിലെയും കോണ്‍ഗ്രസ്സില്‍ അമ്മയുടെ സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അമ്മവീട്ടില്‍ വളര്‍ന്ന മൂന്നു പതിറ്റാണ്ടുകളില്‍ അറിയാതിരുന്നത് ഇന്നും എന്നെ അത്ഭുതപ്പെടുത്തുന്നു. പലപ്പോഴും തങ്കച്ചാച്ചന്റെയും, ജോയിച്ചാച്ചന്റെയും കുഞ്ചാച്ചന്റെയും വാക്കുകളിലും പരാമര്‍ശങ്ങളിലും (പ്രവൃത്തികളിലും)ദേശീയപ്രസ്ഥാനത്തോടും, ആശയ-
പ്രയോഗ തലങ്ങളില്‍ ദേശീയപ്രസ്ഥാനത്തോട് അടുത്തും എന്നാല്‍ വ്യതിരിക്തമായും വളര്‍ന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളോടുമുള്ള ആഭിമുഖ്യം പ്രകടമായിരുന്നു. എന്നാല്‍ അമ്മയുടെ സജീവ രാഷ്ട്രീയ, സാമൂഹികപങ്കാളിത്തത്തെയും പ്രവര്‍ത്തനങ്ങളെയും പറ്റി ഒരിക്കലും പറഞ്ഞു കേട്ടിട്ടില്ല.

അമ്മയുടെയും അമ്മവീട്ടുകാരുടെയും ജീവിതങ്ങളിലെ സ്വകാര്യതയ്ക്കും അതെങ്ങിനെ പരസ്പരം ബഹുമാനിക്കപ്പെട്ടിരുന്നുവെന്നതിനുമുള്ള ഒരു സാക്ഷ്യമായേ ഇതെനിക്കു കാണാന്‍ കഴിയുന്നുള്ളു. എന്നാല്‍ അവരേയും ഞങ്ങളെയും അടുത്തറിഞ്ഞിരുന്ന അമ്മവീടിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നവരില്‍ നിന്നുപോലും വളരെക്കാലം കഴിഞ്ഞേ അപൂര്‍വമായ ചില ഭൂതകാല സ്മരണകള്‍ എനിക്കറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. ഇങ്ങനെയുള്ള തിരിച്ചറിവുകളില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടു പറഞ്ഞതിന് അനുബന്ധമായി നില്‍ക്കുന്ന വളരെ പ്രധാനമെന്നു
പറയാവുന്ന ഒരു സ്മരണയുണ്ട്. അത് ഞങ്ങളുടെ അധ്യാപകനും കുടുംബസുഹൃത്തും 2019 ല്‍ സ്ഥാപിതമായ മിസ് കുമാരി ഫൗണ്ടേഷന്റെ ചെയര്‍മാനുമായ ഡോ. സിറിയക് തോമസിന്റേതാണ്. 2020 ജൂണില്‍ അമ്മയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചു ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച നീണ്ട ഒരു ഓര്‍മ്മക്കുറിപ്പിലാണ് ഈ സ്മരണകള്‍ പുറത്തെടുക്കുന്നത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  ജനുവരി ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജനുവരി ലക്കം ലഭ്യമാണ്‌

 

Comments are closed.