DCBOOKS
Malayalam News Literature Website

‘അച്ഛന്‍ പിറന്ന വീട്’; വി. മധുസൂദനന്‍ നായരുടെ കവിതകള്‍

മലയാള കവിതയെ ജനകീയമാക്കിയ കവി വി.മധുസൂദനന്‍ നായരുടെ കവിതാസമാഹാരമാണ് അച്ഛന്‍ പിറന്ന വീട്. സംവത്സരച്ചിന്തുകള്‍, അച്ഛന്‍ പിറന്ന വീട്, ഹിമജ്വാല, അടയാളമാഹാത്മ്യം, ആട്ടിന്‍ചോര, കൈവല്യനവനീതം, ഹരിചന്ദനം തുടങ്ങി നിരവധി കവിതകള്‍ ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നു.

‘വേദനനിര്‍ദ്ദിഷ്ഠമായ സത്യം നമുക്ക് അനുഭവപ്പെടുത്താന്‍ ഇന്ന് മലയാളത്തിലുള്ള അത്യപൂര്‍വ്വം കവികളില്‍ ഒരാളാണ് വി.മധുസൂദനന്‍ നായര്‍. അദ്ദേഹത്തെ ഞാന്‍ കാണുന്നത് കാവ്യപാരമ്പര്യത്തിന്റെ സുകൃതമായിട്ടാണ്. ഭൂമിയുടെ പുണ്യം.

നാറാണത്തു ഭ്രാന്തന്‍ തൊട്ട് ഗാന്ധി വരെ നീളുന്ന മധുസൂദനകവിതയിലെ സ്മൃതി പരമ്പരയില്‍ വാക്ക് കേവലം ശ്രവണപര്യവസിതം അല്ല. ശ്രവണത്തില്‍നിന്നും ശ്രോതവ്യത്തിലേക്കും ദര്‍ശനത്തില്‍നിന്ന് ദ്രഷ്ടവ്യത്തിലേക്കും മനനത്തില്‍നിന്ന് മന്തവ്യത്തിലേക്കും ദര്‍ശനത്തില്‍നിന്ന് ദ്രഷ്ടവ്യത്തിലേക്കും മനനത്തില്‍നിന്ന് മന്തവ്യത്തിലേക്കും ഈ വാക്ക് നീളുന്നു. പരാമേഖലയില്‍ ശ്രദ്ധാലുവായ അനുവാചകനെ അതു കൊണ്ടെത്തിക്കുന്നു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ അരവിന്ദ മഹര്‍ഷി ചൂണ്ടിക്കാട്ടുന്നതുപോലെ, കവിത മന്ത്രമായിത്തീരുന്നു. കഷ്ടപ്പെട്ട് എഴുത്തു പഠിച്ച എനിക്ക് ഇത് ചാരിതാര്‍ത്ഥ്യമരുളുന്നു. അച്ഛന്‍ പിറന്ന വീട് ഏതെന്ന് അസ്സലായി ഞാന്‍ തിരിച്ചറിയുന്നു.’ കൃതിയെക്കുറിച്ച് കവി വിഷ്ണു നാരായണന്‍ നമ്പൂതിരി കുറിക്കുന്നു.

‘സാംസ്‌കാരിക പരിണാമത്തില്‍ നാം പിന്നിട്ട ഓരോ വിതാനത്തിലെയും യഥാര്‍ത്ഥ അവസ്ഥകള്‍ കവി ഫലപ്രദമായി അനുഭവിപ്പിച്ചുതരുന്നു. ആദിവേദകാലം മുതല്‍ ഇന്നുവരെ ഈ അനുഭവങ്ങളെല്ലാം നമ്മില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന തിരിച്ചറിവ് രോമാഞ്ചജനകമാണ്. മലയാളകവിതാരംഗത്ത് ഈ കവിതകള്‍ അപൂര്‍വ്വമായ വായനാനുഭവം നല്‍കുന്നു. കവിതയുടെ കൂമ്പടഞ്ഞുവോ എന്ന വിഷയം ചര്‍ച്ച ചെയ്യുന്നിടത്ത് ഈ സമാഹാരത്തിലെ ഏതാനും വരികള്‍ വായിച്ചാല്‍ ചര്‍ച്ച തുടരേണ്ടതില്ല.’ അച്ഛന്‍ പിറന്ന വീടിനെക്കുറിച്ച് സി. രാധാകൃഷ്ണന്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്.

ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന അച്ഛന്‍ പിറന്ന വീടിന്റെ നാലാം പതിപ്പ് ഇപ്പോള്‍ ലഭ്യമാണ്.

 

Comments are closed.