DCBOOKS
Malayalam News Literature Website

കടുത്ത ഭീതിയില്‍ രാജ്യം: പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 40 കടന്നു

രാജ്യത്തുടനീളം അനുഭവപ്പെട്ട കനത്ത മഴയിലും ഇടിമിന്നലും പൊടിക്കാറ്റിലും മരിച്ചവരുടെ എണ്ണം നാല്‍പ്പതുകടന്നു. യുപിയില്‍ ശക്തമായ മഴയിലും പൊടിക്കാറ്റിലും 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി കനത്ത മഴയില്‍ എട്ടും മൂന്നും പേര്‍ മരിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ വര്‍ധിച്ചേക്കുമെന്ന് ആശങ്കയുണ്ട്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

മരങ്ങളും വൈദ്യതിതൂണുകളും മറിഞ്ഞുവീണാണു അപകടങ്ങള്‍ കൂടുതലും. മിക്കയിടത്തും റോഡ്, റെയില്‍,വ്യോമ ഗതാഗതങ്ങള്‍ തടസ്സപ്പെട്ടു. ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണു കാറ്റ് അന്തകനായത്.

 

 

റണ്‍വേയില്‍ പൊടിക്കാറ്റ് കാഴ്ച തടസപ്പെടുത്തിയതിനാല്‍ ഡല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്.നാല്‍പതോളം വിമാനങ്ങള്‍ തിരിച്ചു വിട്ടു. ഡല്‍ഹി മെട്രോ സര്‍വീസും നിര്‍ത്തി വച്ചെങ്കിലും രാത്രിയോടെ പുനഃസ്ഥാപിച്ചു.

ഞായറാഴ്ച്ച ഉച്ചതിരിഞ്ഞു പൊടുന്നനെ മാറിയ കാലാവസ്ഥയാണ് രാജ്യ തലസ്ഥാനത്തെ ഭീതിയിലാഴ്ത്തിയത്. ഉത്തരേന്ത്യന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള മലയോര മേഖലകളിലും ഒഡീഷയിലും കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇലക്ട്രിക് ലൈനുകള്‍ക്കു താഴെയും തകര മേല്‍ക്കൂരയ്ക്കും മരങ്ങള്‍ക്കും ചുവടെയും കൊടുങ്കാറ്റ് സമയത്തു നില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്

Comments are closed.