DCBOOKS
Malayalam News Literature Website

പാപ്പയുടെ ആന ‘ആനോ’ വരുന്നു!

മധ്യകാലലോകചരിത്രത്തിൽ ഏറ്റവും സജീവമായി പങ്കെടുത്ത ‘മലയാളി’ ഒരു മനുഷ്യനല്ല; ഒരു ആനയാണ്. 

ജി. ആർ. ഇന്ദുഗോപൻ/പാർവ്വതി എം.എം.

‘ആനോ’ വരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശഃ വന്നപ്പോൾ തന്നെ വിപുലമായി വായനക്കാരുടെ പിന്തുണ ലഭിച്ച ബൃഹദ് നോവലാണ്. യൂറോപ്പിലും മലബാറിലുമായി വലിയ ക്യാൻവാസ്. പ്രസക്തി, പ്രതീക്ഷകൾ?

മധ്യകാലലോകചരിത്രത്തിൽ ഏറ്റവും സജീവമായി പങ്കെടുത്ത ‘മലയാളി’ ഒരു മനുഷ്യനല്ല; ഒരു ആനയാണ്. ആ പ്രസക്തി തന്നെയാണ് പ്രതീക്ഷ. ചില്ലറപ്പണിയല്ലായിരുന്നു. നോവൽ ഒന്നു കൂടിയൊന്നു ഉടച്ചുവാർത്തു ഒതുക്കിയെടുക്കാൻ സാവകാശം നേരിട്ടു. നോവൽ ഡിസി ബുക്സ് പുറത്തിറക്കുന്നു. സന്തോഷം. എങ്ങനെ കഥ പറഞ്ഞിരിക്കുന്നുവെന്ന്  വായനക്കാർ പറയട്ടെ.

‘ആനോ’യെ വിസ്മയകരമായ ഒരു കഥയാണ്. ചരിത്രമാണ്? കഥയെ സംബന്ധിച്ചുള്ള സൂചന?

ഒരു ആനക്കുട്ടിയെ പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബനിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്– 1511 ഡിസംബർ മാസം. അവിടുന്ന് റോമിലേയ്ക്ക്. ലിയോ പത്താമൻ മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു– ‘ഇന്ത്യയെ ഇതാ കാഴ്ചവയ്ക്കുന്നു’ എന്ന പേരിൽ ജീവനുള്ള ഉപഹാരം. ഒപ്പം പോയ പാപ്പാൻ അതിനെ ‘ആനേ…ആനേ..’ എന്നു വിളിച്ചു. അതാണ് അതിന്റെ പേരെന്ന് ജനം കരുതി. ആന എന്ന ദ്രാവിഡവാക്ക് അങ്ങനെ അവരുടെ നാക്കുവഴക്കമനുസരിച്ച് ആനോ എന്നായി മാറി. ആന റോമിലെത്തുമ്പോൾ നാലു വയസ്സു കഴിഞ്ഞിരുന്നു. ആൽബിനോ ആയതിനാൽ ഇഞ്ചിയുടെ നിറമുണ്ടായിരുന്ന ‘വെള്ളാന’. മഹാനായ ചിത്രകാരൻ റാഫേൽ അവനെ വരച്ചിട്ടുണ്ട്. 

പിന്നീട് റോമിൽ നിന്ന് ഈ ആനക്കുട്ടിയുടെ അസ്ഥികൂടം കണ്ടെടുക്കുന്നുണ്ട്?

1962-ൽ. നാലര നൂറ്റാണ്ടിനു ശേഷം. കുഴിയെടുത്തു കൊണ്ടിരിക്കുന്ന പണിക്കാർക്ക് ലഭിച്ചതാണ്. പല്ല്, വലിയ അസ്ഥികൾ… എന്തെന്ന് മനസ്സിലായില്ല.  

കാൽനൂറ്റാണ്ടിനു ശേഷം…

പ്രശസ്ത ക്യുറേറ്റർ സിൽവിയോ എ. ബാദ്നി വത്തിക്കാൻ മ്യൂസിയം സന്ദർശിക്കാനെത്തുന്നു. ലൈബ്രറി രേഖകളിൽനിന്ന് സിൽവിയോയ്ക്കു മുന്നിലേയ്ക്ക് ഇറങ്ങിവന്നു– മലബാറിൽ ജനിച്ച ആനോയുടെ വിസ്മയചരിത്രം. സിൽവിയോ ആ വിവരങ്ങൾ വച്ചൊരു പഠനപുസ്തകമെഴുതി. ‘ദ് പോപ്പ്സ് എലിഫെന്റ്.’ അതിൽ അവനൊപ്പം വന്ന പാപ്പാനെ കുറിച്ച് വിശദീകരണമില്ല. നമ്മുടെ കഥ അതാണ്. അവൻ കണ്ട ലോകം, രാഷ്ട്രീയം, ഭാഗമായ ചരിത്രം…

ജന്തു മാത്രമല്ല, മനുഷ്യനും നമുക്ക് ബാധകമായ കാര്യമാണ്. ആനയുടെ അസ്ഥികൂടം കിട്ടി. പാപ്പാന്റെ അസ്ഥികൂടം… അതിപ്പോഴും റോമിലുണ്ടാകാം; ഉയർന്നു വന്നിരിക്കാം. തിരിച്ചറിയപ്പെടാതെ വലിച്ചെറിഞ്ഞിട്ടുണ്ടാകാം. മനുഷ്യരാശിയുടെ പ്രയാണത്തിൽ അങ്ങനെ എത്ര കോടി മനുഷ്യരുടെ അസ്ഥികൂടങ്ങൾ അവരുടെ ചരിത്രമറിയാതെ… അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നുണ്ട്. ആ ചിന്തകളാണ് ഇതിലെ ഫിക്ഷൻ.

നോവൽ തച്ചുടയ്ക്കപ്പെടുന്ന ഒരുപാട് ചരിത്രപാഠങ്ങളുണ്ട് എന്നാണ് തോന്നുന്നത്.  നമ്മൾ പഠിച്ചുവച്ചതൊക്കെ സത്യമല്ലെന്ന പാഠങ്ങൾ? 

പത്താം ക്ലാസിൽ നമ്മൾ പഠിച്ച ചരിത്രം നമ്മുടേതല്ല. എത്ര കഷ്ണമായി നമ്മളെ മുറിച്ചുവെന്നത് അവരുടെ വീരചരിതം. തീ വച്ചപ്പോൾ മലബാറിലെ പെണ്ണുങ്ങൾ എങ്ങനെ നിലവിളിച്ചുവെന്നത് അവരുടെ ഫലിതം. നമ്മുടേതല്ല. വിജയിയുടെ ചരിത്രമല്ല, ഈ പുസ്തകം. 

വാസ്കോ ഡ ഗാമ ആദ്യമായി കേരളത്തിൽ വന്ന യൂറോപ്യനല്ല. ആഫ്രിക്ക ചുറ്റി കപ്പലിൽ മലബാറിൽ വന്നിറങ്ങിയ ആദ്യ യൂറോപ്യൻ എന്നാണ് പാഠം. സത്യത്തിൽ അല്ല. അയാൾ കപ്പലിന്റെ തലവൻ മാത്രമാണ്. ആ കപ്പലിൽ നിന്ന് ആദ്യമായി കോഴിക്കോട്ടിറങ്ങിയത് ജോവോ നൂവിസ് എന്ന ജൂതത്തടവുകാരനാണ്. അയാൾ വയറും മനസ്സും നിറഞ്ഞ് തിരിച്ച് കപ്പലിൽ ചെന്നിട്ടും ഗാമ പേടിച്ച് ഇറങ്ങിയില്ല. 

ആയിരത്തഞ്ഞൂറിന്റെ തുടക്കത്തിൽ ജോസഫ് എന്ന നസ്രാണി യൂറോപ്പിൽ ചെന്ന് ഇന്ത്യയെ കുറിച്ച് പ്രസംഗിച്ചു. അത് അച്ചടി തുടങ്ങിയ ആ കാലത്തു തന്നെ പുസ്തകമായി. പല ഭാഷയിൽ തർജ്ജമ ചെയ്തു. പല പതിപ്പ് വന്നു. നമ്മൾ അതിനും മൂന്നര നൂറ്റാണ്ടിനുശേഷം പാറമാക്കൽ തോമാകത്തനാരുടെ പുസ്തകമാണ്– ഇന്ത്യയിലെ ആദ്യത്തെ യാത്രാപുസ്തകമെന്ന് പറയുന്നു. വൈരുദ്ധ്യങ്ങളുണ്ട്. പറഞ്ഞു പഴകിയതിനെ തിരുത്താൻ നമ്മൾ തയ്യാറാകുന്നില്ല. എല്ലാ തലമുറയിലും ഒരേ ചരിത്രം നമ്മൾ ആവർത്തിക്കുന്നു. ഇന്റർനെറ്റ് വന്നതോടെ മലബാർ– പോർച്ചുഗൽ ചരിത്രരേഖകൾ ഒരുപാട് ഉയർന്നുവന്നിട്ടുണ്ട്. പല ചരിത്രകാരന്മാർ അതിനെ ഉപയോഗിച്ചു എഴുതിയിട്ടുണ്ട്. അതൊന്നും നമുക്ക് പാഠങ്ങളാകുന്നില്ല. ചരിത്രം എന്നും പഴകിതന്നെയിരിക്കണോ? 

മലയാളിയുടെ പ്രവാസം അക്കാലം മുതലേ ഉണ്ട് എന്ന് ഈ നോവലിലൂടെ അറിയാൻ സാധിക്കുന്നുണ്ട്. മലനാട്ടിൽ നിന്നൊരു സമൂഹം പോർച്ചുഗലിൽ ഉണ്ടെന്നത് പുതിയ അറിവായിരുന്നു?

പോർച്ചുഗീസുകാരനെ പിടിച്ച് മുസ്ലിങ്ങൾ തൊപ്പിയിടീപ്പിച്ചതിനു പ്രതികാരമായി കപ്പലിൽ നിന്ന് കിട്ടിയ ഇസ്ലാംകുട്ടികളെ ലിസ്ബനിൽ കൊണ്ടുപോയി വച്ച് ളോഹയിടിപ്പിച്ചു. ഒരു സംഘം കുട്ടികൾ. അവർ മാത്രമല്ല. കച്ചവടം, ഗൂഡാലോചന, ഒളിച്ചോട്ടം, അടിമക്കച്ചവടം, നയതന്ത്രം, ദ്വിഭാഷി എന്നീ നിലയിൽ, അവസ്ഥയിൽ പല കൊച്ചിക്കാർ, മലബാറുകാർ, കൊല്ലത്തുകാർ കപ്പലുകളിൽ കയറിയിട്ടുണ്ട്. മലനാട്ടുകാരുടെ ആദ്യത്തെ യൂറോപ്യൻ കൂട്ടായ്മ ലിസ്ബനിൽ നടക്കുന്നത് ഈ നോവലിൽ ഭാവന കൊള്ളുന്നുണ്ട്. 

വൃദ്ധനായ സാമൂതിരി പറങ്കികൾക്കെതിരെ നടത്തിയ പോരാട്ടം അവിശ്വസനീയമാണ്?

1509-ലെ ഡിയു യുദ്ധത്തിൽ തലനാരിഴയ്ക്കാണ് കോഴിക്കോട് പരാജയപ്പെടുന്നത്. തുർക്കി, പഴയ ഈജിപ്ത്, ഗുജറാത്ത് ശക്തികളെ സംയോജിപ്പിച്ചുള്ള യുദ്ധം നമ്മുടെ ചരിത്രം ആഴത്തിൽ പഠിക്കേണ്ട ആവേശകരമായ മുന്നേറ്റമായിരുന്നു. ഈ നോവൽ ആവുംവിധം അതിനെ ശ്രദ്ധിക്കുന്നുണ്ട്. അതിൽ ജയിച്ചെങ്കിൽ ഇന്ത്യയുടെ അധിനിവേശചരിത്രം ഒരുപക്ഷേ മാറിയേനെ. പിന്നീട് നാലര നൂറ്റാണ്ട് പോർച്ചുഗീസുകാർ ഇന്ത്യയിൽ നിന്നെന്ന് ആലോചിക്കണം. ഈ യുദ്ധത്തിൽ പൊന്നാനിയിൽ നിന്ന് ശൈഖ് സൈനുദ്ദീന്റെ ആസൂത്രണവും എടുത്തുപറയണം. 

ഈ നോവൽ അവിടെ പടിഞ്ഞാറൻമണ്ണിൽ നിന്ന്, ഒരു മലയാളിയുടെ കണ്ണിലൂടെ ഇങ്ങോട്ടു നോക്കുന്നതാണ്. മലബാറിലും കൊച്ചിയിലും വന്ന പല യാത്രികരും ജീവനോടെയും അല്ലാതെയും നോവലിൽ വരുന്നുണ്ട്. അവരുടെ കള്ളക്കഥകൾ വിചാരണ ചെയ്യപ്പെടുന്നുണ്ട്.  പ്രത്യേകിച്ച് കോഴിക്കോട്ടെ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന അടിസ്ഥാനമില്ലാത്ത കള്ളക്കഥകളെ… നോവലിന്റെ പകുതിയിലേറെയും ലിസ്ബനിലും റോമിലുമാണ്. മധ്യകാല യൂറോപ്യൻ പഠനത്തിൽ അസാമാന്യമായ സൂക്ഷ്മത പുലർത്തിയതായി കാണുന്നുണ്ട്?

Textകഴിയുന്നത്ര ശ്രമിച്ചു എന്നേ പറയാനാകൂ. അതൊരു കടലാണ്. വായനക്കാർക്ക് അനുഭവമാക്കി മാറ്റാനാണ് ശ്രമിച്ചത്. അതിന്റെ വിജയപരാജയങ്ങളെ കുറിച്ച് ഇപ്പോ പറയാൻ പറ്റില്ല. പണിയെടുക്കേണ്ടത് തച്ചന്റെ ഉത്തരവാദിത്തമാണ്. എത്ര തച്ച് നന്നായാലും, വന്ന പിഴവുകളെ ചൂണ്ടാനുള്ള അവകാശം കാഴ്ചക്കാർക്കുണ്ട്. 100 വിസ്മയം വന്നല്ലോ എന്ന് ചോദിച്ചിട്ട് കാര്യമില്ല. അതങ്ങനെ വരണം. എങ്കീ തച്ചൻ കൂടുതൽ ശ്രദ്ധിക്കൂ. അത് വായനക്കാർക്ക് വിടുന്നു. 

കഥനത്തിനുള്ള പ്രാധാന്യം എത്രത്തോളമുണ്ട്?

കഥകൾ പറയാനുള്ള ത്വര, അടങ്ങാത്ത ആവേശം. അതൊക്കെ വേണം. എങ്ങനെ പറഞ്ഞു എന്നതും പ്രധാനം. കടലിൽ ഇറക്കുന്ന യാനമേതായാലും കടലാണ് സത്യം. എന്നതുപോലെ അതിലെ കഥയാണ് സത്യം. അതിന്റെ തുടിപ്പുകളിലാണ് പുളകം. 

ഈ നോവലിനു തുടർച്ചയായി നോവലിസ്റ്റ് അനുബന്ധമെഴുതിയിട്ടുണ്ട്. ഇതിൽ ചരിത്രമെവിടെ, ഭാവനയെവിടെ എന്ന് വിശദീകരിക്കുന്നു. ഫിക്ഷനിൽ അതിന്റെ ആവശ്യമുണ്ടോ?

ആവശ്യമില്ല. പക്ഷേ എനിക്കങ്ങനെ തോന്നി. അവ്യക്തത ഒഴിവാക്കുന്നതാണ് നല്ലത്. പുതിയ കാലം. പുതിയ ഫിക്ഷനാണ്. വായനക്കാർ അതിലെ കല്ലും നെല്ലും തിരിയും. ഭാവനയുടെ സ്വാതന്ത്ര്യം എവിടം വരെ എന്നത് വായനക്കാരൻ അറിയുന്നത് തെറ്റല്ല. അവരുടെ തൃപ്തിയിൽ പെടുന്നതുമാണ്. ഇല്ലെന്ന് പറയുന്നവരുണ്ടാകും. ശരി.

ചിത്രങ്ങളും പെയിന്റിങ്ങുകളും ഈ നോവലിന്റെ റണ്ണിങ് മാറ്ററിനൊപ്പം ഉപയോഗിക്കുന്നു. അതും സാധാരണമല്ല. സ്വാഭാവികമായ വായനയെ ബാധിക്കില്ലേ? 

ഇതിലെ പെയിന്റിങ്ങുകളിലുള്ളത് നോവലിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ്. റാഫേലിനെയും മൈക്കലാഞ്ചലോയെയും പോലുള്ളവർ വരച്ച അപൂർവചിത്രങ്ങളാണ്; ഇതിലെ ഭാഗം തന്നെയാണ്. യാത്രാപാതകൾ, ഭൂമിശാസ്ത്രം ഒക്കെ അത്യാവശ്യമാണ്.  

ഈ നോവലിൽ പോപ്പിന്റെ കുടുംബം നടപ്പിലാക്കുന്ന ഒരു തൂക്കിക്കൊലയുണ്ട്.  അന്ന് ഫോട്ടോഗ്രഫർ ഇല്ല. പകരം സ്കെച്ചു ചെയ്യുന്നത് മഹാനായ മൈക്കലാഞ്ചലോയാണ്. ഈ വര ഈ നോവൽ സന്ദർഭത്തിനൊപ്പം ചേർക്കാനായില്ലെങ്കിൽ, അതൊരു വലിയ അവസരം നഷ്ടപ്പെടുത്തലാണ്. ഈ നോവലിൽ മാത്രം ചെയ്യാൻ പറ്റുന്ന ചില കാര്യങ്ങളാണ്. പിന്നെ പുതിയ വായനക്കാർ, ഒരു ഫ്ലോയിൽ തിരിച്ചുവരാനാകാത്ത വിധം ഒഴുകിപ്പോകുന്ന ഒരു ഇലയാണെന്ന് കരുതുന്നില്ല.

താങ്കളുടെ മറ്റു പല കൃതികളിലേതുംപോലെ, നായകനായ പാപ്പാന്റെ ഒറ്റപ്പെടൽ, നിസ്സഹായാവസ്ഥ ഒക്കെ ഇതിലും കടന്നുവരുന്നുണ്ട്?

ഒറ്റയ്ക്കാണ് മനുഷ്യൻ. അതുകൊണ്ടുതന്നെ നിസ്സഹായായതയാണ് മനുഷ്യൻ. അല്ലെന്നുള്ള വലിയ തോന്നലുണ്ടാക്കാനുള്ള വിഫലശ്രമമാണ് മനുഷ്യന്റെ സകല പരാക്രമങ്ങളും. ഈ അവസ്ഥയാണ് പലയിടത്തും കാതൽ. ആണ്ടു പോകാതെ പോരാടുകയല്ലാതെ വേറെ നിവൃത്തിയില്ലെന്നു കരുതി സർവശക്തിയെടുത്തും പൊരുതുന്ന മനുഷ്യർ.

ഇതിന്റെ രചനാകാലം. രചനാസമ്പ്രദായം, എടുത്ത കാലം, ശ്രമം?

കഥാപാത്രത്തിന്റെ നിസ്സഹായാവസ്ഥ പലപ്പോഴും എഴുത്തുകാരെയും ബാധിക്കും. തളരാതിരിക്കാൻ ശ്രമിക്കും. ഇത് പത്തു കൊല്ലത്തെ പരിപാടിയാണ്. തുടർച്ചയായിട്ടൊന്നുമല്ല. പക്ഷേ നമ്മുടെ കൂടെയുണ്ട്. 2013-ലാണ് ശ്രീ യു മൻമഥന്റെ ‘ഹിസ്റ്റോറിക്കൽ അലീസ്’ എന്ന ബ്ലോഗിലാണ് ഈ ആനക്കഥ ആദ്യം വായിക്കുന്നത്. 2015-ൽ മലയാള മനോരമയുടെ ഞായറാഴ്ച സപ്ലിമെന്റിന്റെ കവർസ്റ്റോറിയായി എഴുതി. ബാദ്നിയുടെ പുസ്തകം വരുത്തി. മധ്യകാലത്തെ ഇന്ത്യൻ യാത്രാപുസ്തകങ്ങൾ വായിച്ചു. സഹായങ്ങളും സഹായിയും ഒക്കെ ഉണ്ടായിരുന്നു, ഉടനീളം. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരു നോവൽ ആവശ്യപ്പെട്ടതോടെയാണ് ഇതിന് വേഗം കൂടിയത്. ഒറ്റയ്ക്ക് എളുപ്പമല്ല. സൂക്ഷ്മത വേണം. മധ്യകാലഘട്ടത്തിലെ തുറമുഖനഗരങ്ങളുടെ ഗന്ധം പോലും ഉൾക്കൊള്ളേണ്ടതുണ്ട്. എവിടെ മികവുണ്ട്; കുറഞ്ഞു എന്നൊക്കെ ശ്രദ്ധിച്ചു. പറ്റാവുന്നത്ര ശ്രമിച്ചു. അതിനും മീതെയാണ് എഴുത്ത്. അതുമറിയാം. 

നോവലെഴുതിക്കഴിഞ്ഞാലും നോവലിസ്റ്റിന് എക്കാലവും ചില ഒഴിയാബാധകൾ ഉണ്ടാകുമല്ലോ?

കൂട്ടക്കൊലകൾ, കൂട്ടമതംമാറ്റങ്ങൾ… പല മതങ്ങളിൽ ജനിച്ചുപോയതു കൊണ്ട് അനുഭവിച്ച് എങ്ങുമെത്താതെ ചരിത്രത്തിൽ കുഴിച്ചുമൂടപ്പെട്ട ഒരുപാട് മനുഷ്യരുടെ വേദന കൂടിയാണീ പുസ്തകം. മതം മാത്രമല്ല അധികാരം ഉണ്ടാക്കുന്ന അനീതികളുടെ ഒരു ഘോഷയാത്ര ഇതിലുണ്ട്. നീതിയില്ലാത്ത മധ്യകാലം. പക്ഷേ 500 കൊല്ലം കഴിഞ്ഞിട്ടും ഒരു മാറ്റവുമില്ല. അതിർത്തികൾ മാറി. ഇനിയും മാറും. അതിനു വേണ്ടിയുള്ള യുദ്ധങ്ങളാണ് തുടരുന്നത്. മനുഷ്യരിൽ നല്ലവരുണ്ട്. പക്ഷേ ഒരു കുലമെന്ന നിലയിൽ എനിക്ക് തോന്നുന്നു, സകല നാശവും മസ്തിഷ്കത്തിൽ കെട്ടിവച്ചു ഭൂമിയിലേയ്ക്കിറക്കി വിട്ട ബോംബുകളാണ് നമ്മളെന്നാണ്. അതിലെ ട്രിഗർ, തീ ഒക്കെ അധികാരമാണ്. നമ്മുടെയൊക്കെ കുടുംബങ്ങളിൽ മുതൽ രാഷ്ട്രത്തലവന്മാരുടെ തലയിൽ വരെ അതിരുന്ന് പുകയുന്നുണ്ട്. ആ ഉൽകണ്ഠയാണീ പുസ്തകം…

സന്തോഷമുള്ള കൗതുകങ്ങളെ ഓർത്താൽ?

പോർച്ചുഗലിൽ പോയി ലോകത്തിലെ ഏറ്റവും സമ്പന്നനായ മാനുവൽ ചക്രവർത്തിയുടെ കൊട്ടാരത്തിൽ മതംമാറി താമസമാക്കിയ ഒരു ‘മലയാളി’യുടെ മിടുക്ക് ആലോചിച്ചുനോക്ക്. ആ മിഖേൽ ഇതിലെ പ്രധാന കഥാപാത്രമാണ്. 

നമ്മുടെ ഈ ആനയെ കെട്ടിയിരുന്നതിനു അടുത്ത് ഒരു മുറിയിൽ താമസിച്ചിരുന്നത് ലിയനാർഡോ ഡാ വിഞ്ചിയായിരുന്നു? മൈക്കലാഞ്ചലോയ്ക്കും റാഫേലിനുമൊപ്പം സെയ്ന്റ് പീറ്റേഴ്സ് ബർഗിന്റെ പുനർനിർമിതി സമയത്ത് റോമിലുണ്ടായിരുന്ന നമ്മുടെ ആന ചരിത്രത്തിലെ വലിയൊരു സംഭവമാണ്. നമ്മളെല്ലാം ചരിത്രത്തിൽ പഠിച്ച മധ്യകാല നവോത്ഥാനം, കത്തോലിക്കാസഭാ നവീകരണം ഇവയിൽ ഈ ആന പങ്കെടുത്തുവെന്നു മാത്രമല്ല, പ്രതി ചേർക്കപ്പെടുകയും ചെയ്തു. ഇന്നും റോമിൽ ആനോ ഉണ്ട്; പ്രതിമയായി ഒന്നിലേറെ ഇടങ്ങളിൽ. ആധുനികനായ ഡാലിയുടെ ചിത്രസൃഷ്ടിയെപ്പോലും സ്വാധീനിച്ചു.

വലിയ ചരിത്രമാണ്. ആനോ എങ്ങനെ സ്വീകരിപ്പെടുമെന്നാണ് കരുതുന്നത്?

അർഹിക്കുന്ന മട്ടിൽ മതി. പക്ഷേ ഇതിവിടെ ഉണ്ടാകും. കുറേനാൾ. അതുറപ്പാണ്. 

പ്രീബുക്ക് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

ജി ആർ ഇന്ദുഗോപന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.