DCBOOKS
Malayalam News Literature Website

‘ആലിയായുടെ കണ്‍വഴി” ഡോ. സ്‌കറിയ സക്കറിയ എഴുതുന്നു

 

കേരളസമൂഹത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും ആഴത്തില്‍ വേരുറപ്പിച്ച ജൂതസമൂഹം അതിന്റെ മുദ്രകള്‍ മഹശ്യമവബാക്കിയാക്കി അപ്രത്യക്ഷമായ കഥപറയുന്ന നോവലാണ് സേതുവിന്റെ ആലിയ. ചരിത്രവും മിത്തും ഭാവനയുമൊക്കെ ഇഴ ചേര്‍ന്നു കിടക്കുന്ന ഈ കൃതിയെക്കുറിച്ച് ഡോ സ്‌കറിയ സക്കറിയ എഴുതുന്നു;

‘ആലിയായുടെ കണ്‍വഴി”

സേതുവിന്റെ ആലിയ എന്ന നോവലിനെ മലയാള നോവലുകളുടെ വിശാല പശ്ചാത്തലത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കാം. അല്ലെങ്കില്‍ സേതുവിന്റെതന്നെ നോവല്‍ പ്രപഞ്ചത്തിന്റെ ഭാഗമായി അതിനെ അടയാളപ്പെടുത്താം. തികച്ചും സാഹിതീയമായ ഈ സമീപനങ്ങള്‍ വിലപ്പെട്ടതാണെങ്കിലും ആലിയയുടെ പ്രാധാന്യം വെളിവാക്കാന്‍ അവ മതിയാവുകയില്ല. മലയാളത്തിലെ പല നല്ല നോവലുകള്‍ക്കും സാമുദായികമോ പ്രാദേശികമോ ആയ പശ്ചാത്തലം ഉണ്ട്. തകഴിയുടെ ‘ചെമ്മീനുംബഷീറിന്റെ ‘പാത്തുമ്മയുടെ ആടും പൊറ്റെക്കാട്ടിന്റെ ‘ഒരു ദേശത്തിന്റെ കഥ’യും കോവിലന്റെ ‘തട്ടകവും’ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരകശിലകളുംമലയാറ്റൂരിന്റെ ‘വേരുകളുംഉറൂബിന്റെ ‘സുന്ദരികളും സുന്ദരന്മാരുംസാറാജോസഫിന്റെ ‘അലാഹയുടെ പെണ്‍മക്കളും‘ ജോണി മിറാന്‍ഡായുടെ ‘ജീവിച്ചിരിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒപ്പീസും’ ഓര്‍മ്മിക്കാം. ആലിയ എന്ന പേര് വ്യക്തമാക്കുന്നതുപോലെ ഇത് കേരളത്തിലെ പരമ്പരാഗത ജൂത സമുദായത്തിന്റെ ഇസ്രയേലിലേക്കുള്ള കുടിയേറ്റ വൃത്താന്തമാണെന്നുപറയാം.

ആലിയ‘ ഹീബ്രൂപദമാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആധുനിക ഇസ്രയേല്‍ രാഷ്ട്രം രൂപീകൃതമായപ്പോള്‍ ജൂതര്‍ക്കും ഇസ്രയേലിലേക്കുകുടിയേറുന്നതിന് അവസരമുണ്ടയി. ഇസ്രയേലിലേക്കുള്ള ജൂത കുടിയേറ്റപ്രസ്ഥാനമാണ് ആലിയ. ആലിയ പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളീയ ജൂതരില്‍ മഹാഭൂരിപക്ഷവും ആറേഴു ദശകങ്ങള്‍ക്കു മുന്‍പ് ഇസ്രയേലിലേക്കു കുടിപറിഞ്ഞുപോയി. മറ്റുള്ളവര്‍ക്കത് ഇസ്രയേലിലേക്കുള്ള കുടിയേറ്റമാണ്; ജൂതര്‍ക്കാകട്ടെ, സ്വദേശത്തുള്ള മടക്കയാത്ര. ഒരേ ചരിത്രസംഭവത്തെ ഒന്നിലേറെ കാഴ്ചപ്പാടിലൂടെ തീവ്രമായി അവതരിപ്പിക്കുകയും അതു സമൂഹത്തിലുണ്ടാക്കിയ ചലനങ്ങള്‍ ഉദാര മാനവികതയോടുകൂടി നോവലില്‍ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു. നോവലിന്റെ ലോകത്തില്‍ സര്‍വ്വാധിപത്യം സാധ്യമാണെങ്കിലും ഒരുതരം ജനാധിപത്യമാണ് സേതു അവതരിപ്പിച്ചിരിക്കുന്നത്. കാഴ്ചകളെയും അഭിപ്രായപ്രകടനങ്ങളെയും പ്രസ്ഥാനങ്ങളെയും സമൂഹപ്രക്രിയയുമായി ഇണക്കിക്കെട്ടിക്കൊണ്ടുപോകാനാണ് ആഖ്യാതാവ് ശ്രമിക്കുന്നത്.

ആലിയ
ആലിയ

നോവലിസ്റ്റിന്റെ പൊതുപ്രമേയവുമായി ബന്ധമുള്ളതാണ് ഈസമന്വയ സമീപനം. ജൂതരും ജൂതേതരും തമ്മിലുള്ളബന്ധം ആലിയയുടെ സന്ദര്‍ഭത്തില്‍ നിറപ്പകര്‍ച്ചകളോടുകൂടി വിടര്‍ത്തിക്കാണിക്കാനാണ് കഥാകൃത്ത് ശ്രമിച്ചത്. വൈലോപ്പിള്ളിയുടെ ‘കേരളത്തിലെയഹൂദര്‍ ഇസ്രയേലിലേക്ക്’ എന്ന കവിതയില്‍ ചിത്രീകരിച്ചതുപോലെ ജൂതരുടെ കാഴ്ചപ്പാടില്‍ അവരുടെ മടക്കയാത്ര അവതരിപ്പിക്കുന്നു എന്നതാണ് സവിശേഷത. സംഘര്‍ഷങ്ങള്‍ ഇല്ലെന്നല്ല. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ട്. സംവാദങ്ങള്‍ ഉണ്ട് പക്ഷേ, സമന്വയത്തിന്റെ പാതയില്‍ അവര്‍ എത്തിച്ചേരുന്നു. വ്യത്യസ്ത സമൂഹങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും തനിമ നഷ്ടപ്പെടുത്താതെ ഇവിടെ ആഖ്യാനകല നോവലീയത രൂപപ്പെടുത്തുന്നു. സാമാന്യ- ദൈര്‍ഘ്യമേറിയ നോവലിലെ കഥാപാത്രങ്ങളെയും ആഖ്യാനസന്ദര്‍ഭങ്ങളെയും പരിഗണിച്ചാല്‍ ജൂതവൃത്താന്തങ്ങള്‍ മാത്രമുള്ള ഒരു കൃതിയാണ് ഇതെന്നു പറയാനാവില്ല. ജൂതര്‍ ഉള്‍പ്പെടുന്നതും കുറെക്കൂടി വിശാലവുമായ ഒരു സമുദായത്തിന്റെ രൂപരേഖ ആലിയായില്‍ കാണാം.

സാംസ്‌കാരിക ഭൂപടം പരിഗണിച്ചാല്‍ അതൊരു പ്രാദേശിക സമൂഹമാണെന്നു പറയേണ്ടിവരും. വിവിധ മതവിശ്വാസികള്‍ കൂടിക്കലര്‍ന്നു കഴിയുന്ന ഒരു പ്രദേശം അവരുടെ ഇടയില്‍ സമുദായഭേദങ്ങള്‍ ഉണ്ട് മതഭേദങ്ങള്‍ ഉണ്ട്,പ്രാദേശികതകള്‍ ഉണ്ട്. ഇവയോട് അടുത്തും അകന്നുമാണ് ജൂതസമുദായം പ്രവര്‍ത്തിക്കുന്നത്. ഈ അടുപ്പവും ഉടപ്പവും അകലവും വൈരുദ്ധ്യവും വെളിവാക്കുന്നതാണ് നോവലിലെ ആഖ്യാനം. ഒരേസമയം രാഗദ്വേഷങ്ങളും അടുപ്പവും അകലവും വെളിവാക്കുന്ന തരത്തില്‍ കഥാപാത്രങ്ങളെ ഇണക്കാനും സംഭവഗതികള്‍ നിയന്ത്രിക്കാനും വേണ്ടതുമാത്രം പ്രകാശിപ്പിക്കാനും പലതും അവ്യക്തമായി വിട്ടുകളയാനും കൃതഹസ്തനായ നോവലിസ്റ്റിനുമാത്രമേ സാധിക്കൂ. ഒരുതരം മിനിമലിസം.

(കടപ്പാട്: മലയാളം വാരിക, )

Comments are closed.