ആദികൈലാസയാത്രയുടെ അപൂര്‍വ്വസുന്ദരമായ വിവരണം
പര്‍വ്വതത്തിന്റെ നെറുകയില്‍ വെള്ളിത്തൊപ്പിപോലെയും ചരിവുകളില്‍ വെള്ളത്തുണി വിരിച്ചതുപോലെയും മഞ്ഞ് കനംകെട്ടി കിടക്കുകയാണ്. മൂടല്‍മഞ്ഞ് വന്ന് ഇടയ്ക്കിടെ പര്‍വ്വതത്തെ മറയുന്നുണ്ട്. ഒരേ സൂര്യപ്രകാശമാണ് മഞ്ഞുണ്ടാക്കുന്നതും അതിനെ ഉരുക്കിക്കളയുന്നതും. സൂര്യപ്രഭയേറ്റ് വെട്ടിത്തിളങ്ങി നില്ക്കുന്ന പര്‍വ്വതത്തിന്റെ അലൗകിക സൗന്ദര്യത്തിന് മുന്നില്‍ ആരും മയങ്ങിപ്പോകും…
പഞ്ചകൈലാസങ്ങളില്‍ വെച്ച് ഏറ്റവും സുപ്രധാനമായ ആദികൈലാസ പര്‍വ്വതം ഉത്തരാഖണ്ഡിലെ പിത്രോഗഡ് ജില്ലയിലെ ഇന്തോ-തിബത്ത് അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹിമാലയ യാത്രകളില്‍ വെച്ച് ഏറെ കഠിനമേറിയതാണ് ആദികൈലാസയാത്ര. അതീവ പരിശുദ്ധിയോടെ കാത്തു സൂക്ഷിക്കുന്ന ഇവിടം പരമശിവന്റെ ഏറ്റവും പഴക്കമേറിയ ആവാസസ്ഥാനമെന്നറിയപ്പെടുന്നു. ഹിമവാന്റെ മടിത്തട്ടിലേക്ക് ബാബു ജോണ്‍ നടത്തിയ യാത്രയുടെ അപൂര്‍വ്വസുന്ദരമായ വിവരണമാണ് ആദികൈലാസ യാത്ര ആദികൈലാസ ദര്‍ശനത്തിന്റെ അഭൗമസുന്ദര കാഴ്ചയുടെ വിരുന്നൊരുക്കുന്നതിനോടൊപ്പം പര്‍വ്വതീയ ജനവിഭാഗങ്ങളുടെ സംസ്‌കാരവും ജീവിതവും ചരിത്രവും മനസ്സിലാക്കുവാന്‍ കൂടി ഈ പുസ്തകം സഹായിക്കുന്നു. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ആദികൈലാസയാത്രയുടെ ആദ്യ പതിപ്പ് ഇപ്പോള്‍ വായനക്കാര്‍ക്ക് ലഭ്യമാണ്.
ആദികൈലാസയാത്രയുടെ ആമുഖത്തില്‍ ലേഖകന്‍ എഴുതുന്നു…
ഒരിക്കല്‍ രുദ്രനാഥില്‍നിന്നും തിരിച്ചിറങ്ങുമ്പോള്‍ ഒരു കുന്നുകയറി ഏകനായി ഒരു മനുഷ്യന്‍ മുകളിലേക്കു നടന്നുവരുന്നതു കണ്ടു. കാവിമുണ്ടും ഉടുപ്പുമാണ് വേഷം. ഉടുപ്പിനു പുറത്ത് കൈയില്ലാത്തകറുത്ത കമ്പിളിബനിയന്‍ ധരിച്ചിട്ടുണ്ട്. കഴുത്തിലൊരു കമ്പിളി മഫ്‌ളറും കാലില്‍ തേഞ്ഞുപഴകിയചെരുപ്പുമുണ്ട്. നടന്നുനടന്നാണ് ഈ പരുവമായതെന്ന് ചെരുപ്പ് അക്ഷരാര്‍ത്ഥത്തില്‍ വിളിച്ചു പറയുന്നുണ്ട്. കത്തിനില്ക്കുന്ന സൂര്യഭഗവാനെ തടുക്കാനായി കുട ചൂടിയിട്ടുണ്ട്. കുടശീലയുടെ മടക്കുഭാഗങ്ങള്‍ നരച്ചു വെളുത്തിട്ടാണ്. വടിയുടെ സഹായത്തോടെയാണ് കുന്നുകയറുന്നത്. മുഖാമുഖം എത്തിയപ്പോള്‍ കടന്നുപോകാനായി വഴിമാറി നിന്നു. കാഴ്ചയില്‍ ഒരു മലയാളിലക്ഷണം തോന്നിയതു കൊണ്ടാവാം ഒരു മുഖവുരയുംകൂടാതെ മുകളില്‍ കാലാവസ്ഥ എങ്ങനെയുണ്ടെന്ന ഒരു ചോദ്യംഅദ്ദേഹം എന്റെ നേരേ തൊടുത്തുവിട്ടത്. വേഷത്തിലൊരു മലയാളിലക്ഷണം പറയാന്‍കഴിയാത്തതിനാല്‍ ലേശം അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു, കേരളത്തില്‍ എവിടെ നിന്നാണ്? നാട് പാലക്കാടാണെന്ന് ആ മനുഷ്യന്‍ പറഞ്ഞു. മുകളില്‍ മഴയൊട്ടുമില്ല. പക്ഷേ, തണുപ്പ് വളരെ കൂടുതലാണെന്ന എന്റെ മറുപടി സംഭാഷണങ്ങളുടെ ഒരു ചില്ലുജാലകം തുറന്നുകൊണ്ടായിരുന്നു.
ഞാനദ്ദേഹത്തെ ശ്രദ്ധിച്ചു. നീണ്ടുമെലിഞ്ഞ ഒരു ഇടത്തരം മനുഷ്യന്‍. ഇളം കറുപ്പുനിറം. നല്ല അദ്ധ്വാനിയാണെന്ന് ശരീരവും അതിന്റെ അവശേഷിപ്പുകളുള്ള ലേശം ചുളിവുവീണ മുഖവും കുഴിയിലാണ്ട കണ്ണുകളും വിളിച്ചുപറഞ്ഞു. പ്രായം എഴുപത് കടന്നിട്ടുണ്ടാകുമെന്നു കാഴ്ചയില്‍ തോന്നി. കയ്യില്‍ കാര്യമായ ഭാണ്ഡക്കെട്ടുകളൊന്നുമില്ല. തോളില്‍ വളരെ പഴക്കം തോന്നിക്കുന്ന ഒരു ഇടത്തരം ബാഗുണ്ട്. അതിന്റെ പുറത്ത് ഏതു മഞ്ഞിന്‍പാളിയുടെ പുറത്തും വിരിച്ചു കിടന്നുറങ്ങാവുന്ന കട്ടിയുള്ള ഒരു പോളിത്തീന്‍ ഷീറ്റ് ചുരുട്ടിക്കെട്ടി വെച്ചിട്ടുണ്ട്.നാട്ടില്‍ അമ്പതുസെന്റ് ഭൂമിയുണ്ട്. അതിലെ കൃഷിപ്പണികൊണ്ട് കഴിഞ്ഞുകൂടുന്നു. ഗൃഹസ്ഥനാണ്. ഇരുപതിലധികം വര്‍ഷങ്ങളായി മുടക്കംകൂടാതെ ഹിമാലയമേഖലയിലൂടെ കറങ്ങിത്തിരിയുന്നു. മറ്റുതീര്‍ത്ഥസ്ഥലങ്ങളില്‍ പോകാറുണ്ടെങ്കിലും ഹിമാലയമേഖല തന്നെയാണ് മുഖ്യ സഞ്ചാരകേന്ദ്രം.ചെറിയ കൃഷിയില്‍നിന്നുള്ള തുച്ഛവരുമാനംകൊണ്ട് കുടുംബം പുലര്‍ത്തുന്നതോടൊപ്പം അതില്‍ നിന്നും ഒരു ചെറിയ തുക സഞ്ചാരത്തിനായി നീക്കിവെക്കുന്നു.
തീവണ്ടിയിലും ബസ്സിലും കാല്‍നടയുമായാണ് സഞ്ചാരം. വീട്ടില്‍ നിന്ന് ഗോതമ്പ് ഉണക്കി വറുത്തുപൊടിച്ചു ശര്‍ക്കരചേര്‍ത്തു തയ്യാറാക്കുന്ന സക്തുമാവ് ആവശ്യത്തിന് കരുതും. അത് ദീര്‍ഘനാള്‍ കേടുകൂടാതെയിരിക്കും. പണ്ട് വഴിയില്‍ ഭക്ഷണം കിട്ടാന്‍ മാര്‍ഗ്ഗമില്ലാതിരുന്ന കാലത്ത് തീര്‍ത്ഥാടകര്‍ വിശപ്പടക്കിയിരുന്നത് ഈ സക്തുമാവുകൊണ്ടാണ്.യാത്രയ്ക്കിടയില്‍ പാചകത്തിനുസൗകര്യമുള്ള ചില ഇടത്താവളങ്ങളുണ്ട്. അവിടെ ഗോതമ്പുമാവും അരിയും പരിപ്പും ഉപ്പും വിറകുംഒക്കെ വില്ക്കുന്ന കടകളും അവയൊക്കെ സൗജന്യമായി നല്കുന്ന സര്‍ക്കാര്‍സംവിധാനങ്ങളും ആശ്രമങ്ങളും സന്നദ്ധസംഘടനകളുമുണ്ടായിരുന്നു. അത്തരം ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ തമ്പടിച്ച്ഭക്ഷണം പാകംചെയ്തു കഴിച്ചിരുന്നു. അതിനു സൗകര്യമില്ലാത്ത വഴിയില്‍ സക്തുമാവായിരുന്നു അവരുടെ ആശ്രയം. വളരെ അപൂര്‍വ്വ അവസരങ്ങളില്‍ മാത്രമേ പണംകൊടുത്തു തങ്ങുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യാറുള്ളൂ. ചിലപ്പോള്‍ ചെന്നെത്തുന്ന ക്ഷേത്രങ്ങളില്‍തന്നെ രാത്രി കഴിച്ചുകൂട്ടാറുണ്ട്. വളരെ തണുപ്പായതിനാല്‍ അത് അത്യന്തം ദുഷ്‌കരമാണ്. കൈലാസ മാനസസരോവര യാത്രക്കിടയില്‍ ഒരു കമ്പിളിമാത്രം പുതച്ച് തുറസ്സായ സ്ഥലങ്ങളില്‍ കൊടുംതണുപ്പു സഹിച്ച് പല ദിവസങ്ങളും തള്ളിനീക്കേണ്ടിവന്ന അവസ്ഥയെപ്പറ്റി കൈലാസയാത്ര എന്ന പുസ്തകത്തില്‍ തപോവന സ്വാമികള്‍ പറയുന്നുണ്ട്. നിരന്തര സഞ്ചാരത്തിലൂടെ ഓരോ സ്ഥലത്തും സൗജന്യമായിതങ്ങാന്‍ കഴിയുന്ന, ഭക്ഷണം ലഭിക്കുന്ന കേന്ദ്രങ്ങളെപ്പറ്റി ഇദ്ദേഹത്തിന് ഇപ്പോള്‍ നല്ല നിശ്ചയമാണ്.
സൗജന്യതാമസവും ഭക്ഷണവും ലഭിക്കുന്ന കേന്ദ്രങ്ങള്‍ വര്‍ഷം കഴിയുന്തോറും കുറഞ്ഞുവരുന്നുഎന്നാണ് ഇദ്ദേഹം പറയുന്നത്. കാളികംബ്ലിവാല ആശ്രമംപോലും ഇപ്പോള്‍ താമസത്തിന് ചെറിയവാടക ഈടാക്കിത്തുടങ്ങി. വാഹനനിരക്കിലെ വര്‍ദ്ധന, താമസത്തിനു വേണ്ടിവരുന്ന ചെലവ് തുടങ്ങിയവയൊക്കെ ഓരോ വര്‍ഷവുംകൂടിക്കൂടി വരികയാണെന്നതാണ് ഇദ്ദേഹത്തിന്റെ സങ്കടം.
ഇരുപത് ഇരുപത്തഞ്ചു ദിവസം നീളുന്നതാണ് ഓരോ യാത്രയും. പിന്നിട്ട വഴികളില്‍ക്കൂടെത്തന്നെയാണ് പലപ്പോഴും സഞ്ചാരം. പുതുമയ്ക്കായി എന്തെങ്കിലും കണ്ടെത്തും. ബസ്സുള്ളവഴിയാണെങ്കിലും പഴയപോലെ കാല്‍നടയായി പോകും. ചില ക്ഷേത്രങ്ങളില്‍ ദിവസങ്ങളോളം ചെലവഴിക്കും. ഇപ്പോള്‍ ഇറങ്ങിത്തിരിച്ചിട്ട് പത്തു ദിവസം കഴിഞ്ഞു. ഹരിദ്വാര്‍വരെ തീവണ്ടിയില്‍ സാധാരണ ക്ലാസ്സില്‍ വന്നു. അവിടെനിന്നും ബസില്‍ കേദാറിലെത്തി. അവിടെ രണ്ടു ദിവസം തങ്ങി.അവിടെനിന്നുമാണ് ഇങ്ങോട്ടു വരുന്നത്. ഇന്നു രാത്രി രുദ്രനാഥില്‍ തങ്ങും. നാളെ രാവിലെ തിരിച്ചിറങ്ങി നേരേ ബദരിക്കു പോകും. ബദരിയില്‍ രണ്ടു ദിവസം തങ്ങും.പിന്നീട് കാല്‍നടയായി ഹരിദ്വാറിനിടയിലുള്ള എല്ലാ നദീസംഗമങ്ങളിലും, വിഷ്ണുപ്രയാഗ്, നന്ദപ്രയാഗ്, കര്‍ണ്ണപ്രയാഗ്, രുദ്രപ്രയാഗ്,ദേവപ്രയാഗ് തുടങ്ങിയ പ്രയാഗകളില്‍ സ്‌നാനംചെയ്ത് ഹരിദ്വാറിലെത്തി നാട്ടിലേക്കു മടങ്ങാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇവിടെയുള്ളതെല്ലാം പുണ്യനദികളാണ്. ഇതിനുമുമ്പും ബദരിക്ക് നടന്നുപോയിട്ടുണ്ട്. പക്ഷേ, എല്ലാ പ്രയാഗകളിലുംഇറങ്ങി സ്‌നാനം കഴിച്ചിട്ടില്ല. അതുകൊണ്ടാണ് ഇത്തരത്തിലൊരു തീര്‍ത്ഥാടനത്തെപ്പറ്റി ആലോചിച്ചത്.
പവിത്രജലമുള്‍ക്കൊള്ളുന്ന നദി, ജലാശയം, പുണ്യസ്ഥലം, ജലം എന്നൊക്കെയാണ് തീര്‍ത്ഥമെന്ന വാക്കിനര്‍ത്ഥം. അതുകൊണ്ട് പുണ്യജലമൊഴുകുന്ന നദികളിലെ സ്‌നാനം തീര്‍ച്ചയായും ഒരു തീര്‍ത്ഥാടകന് വളരെ പ്രധാനപ്പെട്ടതാണ്. മഹാഭാരതം വനപര്‍വ്വത്തിലെ തീര്‍ത്ഥയാത്രാപര്‍വ്വത്തില്‍തെക്കും വടക്കും, കിഴക്കും പടിഞ്ഞാറും ഒക്കെയുള്ള പുണ്യസ്ഥലങ്ങളെപ്പറ്റി പറയുന്നുണ്ട്. അതോടൊപ്പം അഗ്നിപുരാണത്തിലും മറ്റുപലയിടത്തും തീര്‍ത്ഥസ്ഥലങ്ങളെപ്പറ്റി പരാമര്‍ശങ്ങളുണ്ട്. ഹിമാലയ മേഖലകളിലെ ശ്രീപര്‍വ്വതത്തില്‍ മഹാദേവന്‍ ദേവിയോടുകൂടി വസിക്കുന്നതായും മേരു, മൈനാകം തുടങ്ങി അനേകം പര്‍വ്വതങ്ങളും, തീര്‍ത്ഥങ്ങളും ബദരിയും ഹരിദ്വാറും ഭാഗീരഥിനദിയും ഗംഗാനദിയും ഒക്കെ തീര്‍ത്ഥസ്ഥലങ്ങളാണെന്ന് തീര്‍ത്ഥയാത്രാപര്‍വ്വത്തില്‍ പറയുന്നുണ്ട്. മൂന്നു രാവ് ഉപവാസം ചെയ്യാതിരിക്കുകയോ, തീര്‍ത്ഥയാത്ര ചെയ്യാതിരിക്കുകയോ,സ്വര്‍ണ്ണഗോദാനം ചെയ്യാതിരിക്കു
കയോ ചെയ്യുന്നവന്‍ ദരിദ്രനായി ഭവിക്കും എന്നാണ് തീര്‍ത്ഥയാത്രാ പര്‍വ്വം പറയുന്നത്. ഉപവാസം ഈമനുഷ്യന്‍ സ്ഥിരം അനുഷ്ഠിക്കുന്നുണ്ട്. കാരണം മിക്ക ദിവസങ്ങളിലും ഭക്ഷണം കിട്ടാറില്ല. സ്വര്‍ണ്ണഗോദാനം പോയിട്ട് കളിമണ്‍ ഗോദാനത്തിനുപോലും പാങ്ങില്ല. അതിനെപ്പറ്റി ചിന്തിക്കാനേ കഴിയില്ല. ഒരുപക്ഷേ കൂടുതല്‍ ദരിദ്രനായി ഭവിക്കാതിരിക്കാന്‍ ഈ സ്‌നാനം ഉപകരിക്കപ്പെടുമെന്നറിഞ്ഞു കൊണ്ടാണോ എന്തോ അദ്ദേഹം ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നറിയില്ല. ഇതിനൊക്കെ എത്ര ദിവസംഎടുക്കുമെന്നോ, ഹരിദ്വാറിലെന്നെത്തുമെന്നോ ഒരു നിശ്ചയവുമില്ല. എത്തുമ്പോള്‍ എത്തട്ടെ എന്നതിനപ്പുറം ഒരു കണക്കുകൂട്ടലുമില്ല. എത്തുമ്പോള്‍ ഒരു ദിവസം അവിടെ ചെലവഴിച്ച് അടുത്തുകിട്ടുന്ന തീവണ്ടിക്ക് നാട്ടിലേക്ക് മടങ്ങാനാണ് പരിപാടി. നാട്ടിലെത്തുമ്പോള്‍ അടുത്ത കൃഷിപ്പണിക്കുള്ള കാലമായിരിക്കും. പിന്നെ മനസ്സും ശരീരവും മുഴുവന്‍ കൃഷിയിലാണ്. അതില്‍ നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഒരു കളിമണ്‍ വഞ്ചിയില്‍ സൂക്ഷിക്കും. അടുത്തവര്‍ഷത്തെ യാത്രയ്ക്കുള്ള നിക്ഷേപമാണത്. ഈ മനുഷ്യന്‍ നേടുന്ന ശാരീരികവും മാനസികവുമായസാക്ഷാത്കാരം എന്താവും. ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. എന്താണ് ഈ യാത്രയുടെ ഉദ്ദേശ്യം. വെറും നാലാം ക്ലാസ്‌വരെ മാത്രം പഠിച്ചിട്ടുള്ള നിഷ്‌കളങ്കനായ ആ കൃഷീവലന്റെ കുഴിഞ്ഞ കണ്ണുകള്‍ വിടര്‍ന്നു. മുഖത്ത് ഒരു ചെറിയ പുഞ്ചിരി വിടര്‍ന്നു. അത് വളരെ ദാര്‍ശനികമായ ഒരു ചിരിയായിരുന്നു. ഏത് ഉത്തരത്തെക്കാളും വലിയ അര്‍ത്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു മറുപടിയായിരുന്നു ആ ചിരി. ഒരു രസം. അത്രതന്നെ…
Comments are closed.