DCBOOKS
Malayalam News Literature Website

ആ നദി ഒഴുകിക്കൊണ്ടേയിരിക്കുന്നു…!

ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിന് വി.പി.ബാലചന്ദ്രന്‍ എഴുതിയ വായനാനുഭവം 

‘അല്ലയോ അത്തിമരക്കാടുകളേ
ജോര്‍ദ്ദാനു കുറുകെ പാലം തീര്‍ക്കൂ
ചെക്ക് പോസ്റ്റില്ലാപ്പാലം
അക്കരയിക്കരെ പതാകകളില്ലാപ്പാലം ‘

ലോകത്ത് എല്ലായിടത്തെയും അതിര്‍ത്തികളില്‍ ഇങ്ങനെയൊരു അന്തരീക്ഷമാണ് മനുഷ്യര്‍ ആഗ്രഹിക്കുന്നത്. അതിരുകളില്ലാത്ത സ്വാതന്ത്ര്യം കൊതിക്കുന്ന മനുഷ്യര്‍…

അങ്ങനെയുള്ള മനുഷ്യരില്‍ മതവും വര്‍ഗീയതയും അടിച്ചേല്‍പ്പിച്ച് അപരനോടുള്ള വിദ്വേഷവും വെറുപ്പും പേറി നടക്കുന്ന മാംസ പിണ്ഡങ്ങളാക്കി മാറ്റുന്ന കാഴ്ച ഇന്ന് സര്‍വ്വസാധരണമാണ്. ഈ അവസ്ഥയെ ചോദ്യംചെയ്യുന്ന നോവലാണ് ‘ ആ നദിയോട് പേരു ചോദിക്കരുത്’.

കഴിഞ്ഞ വര്‍ഷത്തെ ചെറുകാട് അവാര്‍ഡ് ജേതാവ് വയനാട് സ്വദേശി ഷീലാ ടോമിയുടെ രണ്ടാമത്തെ നോവലാണ് ആ നദിയോട് പേര് ചോദിക്കരുത്. ബൈബിളില്‍ ജറുസലേമിന് പറയുന്ന പല പേരുകളിലൊന്നായ സിയോണിന്റെ പാരമ്പര്യത്തെ മനസില്‍ കുടിയിരുത്തിയവര്‍ നേതൃത്വം നല്‍കുന്ന സിയോണിസ്റ്റ് പ്രസ്ഥാനം പലസ്തീനെന്ന കൊച്ചു രാഷ്ടത്തെ ഇസ്രായേലികളുടെ വാഗ്ദത്ത ഭൂമിയായി അടയാളപ്പെടുത്തി. ഇതിനെ പ്രതിരോധിക്കാന്‍ നൂറ്റാണ്ടുകളായി തങ്ങള്‍ വസിക്കുന്ന ജന്‍മദേശത്തില്‍ അവകാശം നിലനിര്‍ത്തുന്നതിനും സ്വതന്ത്രരാജ്യമാകുന്നതിനും വേണ്ടി പാലസ്തീനികള്‍ നടത്തുന്ന പോരാട്ടങ്ങള്‍……….ഇതിനിടയില്‍ പെട്ടുഴലുന്ന നിസ്സഹായരായ മനുഷ്യജീവിതങ്ങള്‍.. ‘….ഇവയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട Textനോവലാണ് ‘ ആ നദിയോട് പേര് ചോദിക്കരുത്’.

കഥാനായിക റൂത്ത് ബാല്യ- കൗമാര കാലങ്ങള്‍ ചെലവഴിച്ച വയനാട്ടിലെ പടമലയില്‍ നിന്ന് അത്രയ്ക്ക് പരിചയമില്ലാത്ത പാലസ്തീന്‍ വരെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന പ്രദേശത്തിലൂടെയാണ് പേര് പറയാനിഷ്ടപ്പെടാത്ത നദിയുടെ ഒഴുക്ക്.

ക്രിസ്തുവിന്റെ കാലത്തെ ചില ഏടുകളും ലോകത്തെ മുഴുവന്‍ കഴിഞ്ഞ 2 വര്‍ഷമായി മുള്‍മുനയില്‍ നിര്‍ത്തിയ കോവിഡ് മഹാമാരി കാലം വരെയുള്ള ചില ഗതകാല ചരിത്രസംഭവങ്ങളും ആകര്‍ഷകമായി രേഖപ്പെടുത്തിയിരിക്കുന്നു. വായന മുന്നേറുമ്പോള്‍ കാലഘട്ടവും സംഭവങ്ങളുടെ ദൃശ്യപരതയും വായനക്കാരന് അനുഭവിക്കാന്‍ സാധിക്കുന്നുവെന്നതാണ് ഈ നോവലിന്റെ മഹത്വം. ലോകം മുഴുവനും ഇന്ന് അനുഭവപ്പെടുന്ന ഒരു പ്രധാന പ്രശ്‌നമാണ് അഭയാര്‍ത്ഥി പ്രവാഹം. എത്രയോ കാതം അകലെ അഭയം ലഭിക്കുമെന്ന മിഥ്യാപ്രതീക്ഷയും പേറി സഞ്ചരിക്കുന്ന ചില മനുഷ്യകൂട്ടങ്ങള്‍ ….’…

ദേശീയത, ദേശ രാഷ്ട്രം എന്നീ വികാരങ്ങള്‍ മനുഷ്യന്റെ സമാധാനത്തിനും സംതൃപ്തിക്കും നിമിത്തമാകണം. എന്നാല്‍ അത് മറ്റുള്ളവരുടെ മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള കുറുക്കുവഴിയായി അധികാരം കൈയാളുന്നവര്‍ കാണുന്നു.നിരവധി നിഷ്‌കളങ്കര്‍ ഇവരുടെ ചെയ്തികളുടെ ഇരകളായി മാറുന്നു

പട മലയില്‍ നിന്നും അതിജീവന സാധ്യതകള്‍ തേടി കുരിശിന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന റൂത്ത് പലയിടങ്ങളിലായി ഇരകളെ കണ്ടുമുട്ടുന്നു. റൂത്തിന്റെ കണ്ണിലൂടെയുള്ള കാഴ്ചയില്‍ നിന്ന പ്രദേശങ്ങളാണ് നോവലിന്റെ കഥാപരിസരം.

ഒരു നാടോടി കഥ പറയുന്ന രൂപത്തില്‍ ക്രിസ്തുവിന്റെ ജനനം മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടുവരെയുള്ള കാലത്തെ സ്വാഭാവികമായി കോര്‍ത്തിണക്കിയാണ് നോവലിന്റെ സഞ്ചാരം. ‘സ്വന്തം അസ്തിത്വം വെളിപ്പെടുത്താനാകാതെ ജീവിതകാലം മുഴുവന്‍ ഭയത്തിന്റെ നു കവും പേറി ജീവിക്കുന്ന ജനതയെ റൂത്ത് കണ്ടു മുട്ടുന്നു. ഒരു വിഭാഗത്തിന്റെ വിശ്വാസത്തെ മറുവിഭാഗം തങ്ങളുടെ നേരെയുള്ള യുദ്ധപ്രഖ്യാപനമായി കാണുന്നതാണ് ഇന്നത്തെ ലോകത്തിന്റെ പ്രധാന പ്രശ്‌നം.

‘അബാ യ ക ള്‍ വില്‍ക്കുന്ന ബാബയുടെ മകനെ ഇസ്രായല്‍ പോലീസ് പിടിച്ചപ്പോള്‍ അയാള്‍ സങ്കടത്തിലും രോഷത്തിലുമായി. ‘ അവന്‍ എറിഞ്ഞത് വെറും കല്ലല്ലേ ബാബ .അതു തന്നെയാണ് പ്രശ്‌നം അവനെറിഞ്ഞ ഒരു കല്ലിനു പകരം അവര്‍ എത്ര മിസൈലുകള്‍ പറത്തും? എത്ര പാലസതീനികളുടെ ജീവനെടുക്കും?(പേജ് 21 ).

വിദ്വേഷമാണ് ദിവ്യ മാര്‍ഗമെന്ന മാനസികാവസ്ഥയിലേക്ക് ജനതയെ ഒരുക്കിയെടുക്കുന്നതിന് ദേശ രാഷ്ട്രങ്ങളെ പ്രേരിപ്പിക്കലാണ് യുദ്ധ വ്യാപരികളുടെ പണി.അതിനിടയില്‍ സമാധാനം കാംക്ഷിക്കുന്നവര്‍ക്ക് ഭയരഹിതമായി എങ്ങനെ ജീവിക്കാന്‍ പറ്റും ‘അന്യന്റെ ശബ്ദം സംഗീതം പോല്‍ ആസ്വദിക്കുന്ന കാലത്തെ പറ്റി മാക്‌സിം ഗോര്‍ക്കി എഴുതിയിട്ടുണ്ട്.
‘ ദേശ കാലങ്ങള്‍ താണ്ടി വന്ന ഏഴരുവികള്‍ താബ് ഗയില്‍ ഉന്മാദത്തോടെ കെട്ടി മറിഞ്ഞു. ഏഴരുവികള്‍, ഏഴു ലക്ഷം മനുഷ്യരുടെ നോവുകള്‍, ഒരേ നദിയായി ഗെനേസറത്ത് തടാകത്തിലേക്ക് ഒഴുകി.” (പേജ് 67) ഈ ഭാഗം വായിക്കുമ്പോള്‍ നമുക്ക് ഗോര്‍ക്കിയെ ഓര്‍മ വരും. സര്‍ഗാത്മകമായി ചിന്തിക്കുന്നവരും എഴുത്തുകാരും എല്ലാ കാലത്തും ലോകത്ത് എവിടെയും സമധാനത്തിന്റെ സന്ദേശവാഹകരാണ്. കരുത്തുറ്റ ഭാഷകൊണ്ടും കഥാപാത്രങ്ങളുടെ അവതരണ രീതി കൊണ്ടും ഏറെ വ്യത്യസ്ത പുലര്‍ത്തുന്ന നോവലാണ്’ ആ നദിയോട് പേര് ചോദിക്കരുത് ‘.

തന്റെ ആദ്യ നോവലായ വല്ലിയില്‍നിന്ന് വ്യത്യസ്തമായി മലയാളികള്‍ക്ക് അത്ര പരിചയമില്ലാത്ത പ്രദേശത്തു കൂടെയാണ് വായനക്കാരനെ നോവലിസ്റ്റ് കൊണ്ടു പോകുന്നത്. ജോര്‍ദാന്‍നദിക്കു പടിഞ്ഞാറും ചാവുകടലിനു വടക്കുപടിഞ്ഞാറുമുള്ള വെസ്റ്റ് ബാങ്ക് ‘മധ്യധരണ്യാഴിയുടെ തെക്കു കിഴക്കന്‍ തീരത്തെ ഗാസ, കിഴക്കന്‍ ജറു സേലം എന്നീ പ്രദേശങ്ങള്‍ വായനക്കാരന്റെ സ്വന്തം ഇടമായി തോന്നിപ്പിക്കുന്ന രീതിയിലുള്ള ഭാഷാ ഘടന സ്വീകരിച്ചുവെന്നതാണ് ഈ നോവലിനെ ഇത്രയേറെ മനോഹരമാക്കുന്നത്.  രണ്ട് കാലങ്ങളെ തമ്മില്‍ അനായാസം കോര്‍ത്തിണക്കാന്‍ സ്വീകരിച്ച ആഖ്യാനരീതി ഇതുവരെയുള്ള മലയാള നോവലുകളില്‍ കണ്ടിട്ടില്ല. പ്രമേയത്തിലെ വ്യത്യസ്ത കൊണ്ടും ആഖ്യാന രീതിയുടെ പ്രത്യേക തകൊണ്ടും ‘ ആ നദിയോട് പേര് ചോദിക്കരുത്: ‘മലയാളനോവല്‍ ചരിത്രത്തില്‍ ശ്രദ്ധേയമായ സംവാദങ്ങള്‍ക്ക് തിരികൊളുത്തും
ആ നദിയോട് പേരു ചോദിക്കരുത് (നോവല്‍).

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.