DCBOOKS
Malayalam News Literature Website

അബ്ദുള്‍ കലാം രാഷ്ട്രപതികാലഘട്ടം ഓര്‍ത്തെടുക്കുമ്പോള്‍

 

ഇന്ത്യയ്ക്ക് എക്കാലത്തും മറക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ അതുല്യ പ്രതിഭയായ ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ സമാഹരിച്ചിരിക്കുന്ന പുസ്തകമാണ് ടെണിങ് പോയിന്റ്. കര്‍മ്മനിരതമായ രാഷ്ട്രപതികാലഘട്ടത്തിന്റെ സഫലനിമിഷങ്ങളെ ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം ഈ പുസ്തകത്തിലൂടെ. പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് വഴിത്തിരിവുകള്‍

വഴിത്തിരിവുകള്‍
വഴിത്തിരിവുകള്‍

1999ല്‍ പ്രസിദ്ധീകരിച്ച കലാമിന്റെ ആത്മകഥയായ ‘വിങ്‌സ് ഓഫ് ഫയര്‍’ എന്ന പുസ്തകം അദ്ദേഹത്തിന്റെ 1992വരെയുള്ള ജീവിതം പ്രതിപാദിക്കുന്നതായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം ഭാരതത്തിന്റെ പ്രസിഡന്റ് എന്ന പദവിയില്‍ എത്തിയത്. ഇതോടെ ഒട്ടനവധി സംഭവവികാസങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ അരങ്ങേറി. വളരെ തീഷ്ണവും തീവ്രവുമായ ആ ഓര്‍മ്മകള്‍ അദ്ദേഹം വഴിത്തിരിവുകള്‍ എന്ന പുസ്തകത്തില്‍ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

ഇന്ത്യയുടെ സര്‍വ്വതോമുഖമായ വികസനം നെഞ്ചിലേറ്റി നടന്ന ഒരാളുടെ ഹൃദയത്തുടിപ്പുകള്‍ പുസ്തകത്തിലുണ്ട്. 2020ലെ വികസിത ഭാരതം എന്ന മഹാസ്വപ്‌നത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ചതിന്റെ കഥകളും പുസ്തകത്തിലുണ്ട്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ ഹൃദയപൂര്‍വ്വമിടപെട്ട ജനപ്രിയ പ്രസിഡന്റിന്റെ ഇടപെടലുകളും പുസ്തകത്തില്‍ വായിക്കാം.

വിങ്‌സ് ഓഫ് ഫയറിന് ലഭിച്ച മികച്ച പ്രതികരണങ്ങളില്‍ നിന്നാണ് സമാന തരത്തിലുള്ള ഒരു പുസ്തകം എഴുതുന്നതെന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ അബ്ദുള്‍ കലാം പറയുന്നു. ലക്ഷക്കണക്കിന് യുവാക്കളെ നിരന്തരം പ്രചോദിപ്പിച്ച് പ്രഭാഷണങ്ങളിലൂടെ ജനമനസ്സുകളെ വെളിച്ചത്തിലേയ്ക്ക് നയിച്ച ധന്യജീവിതത്തിന്റെ ദീപ്തസ്മരണകള്‍ ആവിഷ്‌കരിക്കുന്ന പുസ്തകം മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത് റോബി അഗസ്റ്റില്‍ മുണ്ടയ്ക്കലാണ്.

Comments are closed.