DCBOOKS
Malayalam News Literature Website

നിക്ഷേപരംഗത്ത് ചുവടുറപ്പിക്കുന്ന സ്ത്രീകള്‍ക്ക് ഒരു കൈപ്പുസ്തകം

നിക്ഷേപ രംഗത്ത് ആണ്‍- പെണ്‍ ഭേദമില്ല. എങ്ങനെ നിക്ഷേപം നടത്തും, ഏതു മേഖലയില്‍ നിക്ഷേപിക്കും, നിക്ഷേപ വസ്തു വാങ്ങുക, വില്‍ക്കുക, കൈവശം വയ്ക്കുക, മൂല്യവര്‍ദ്ധനവ് വരുത്തുക തുടങ്ങിയവയെല്ലാം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെയാണ്. എന്നാല്‍ പണത്തിന്റെ കാര്യത്തില്‍ സ്ത്രീയും പുരുഷനും തികച്ചും വ്യത്യസ്തനാണ്. ചരിത്ര – മനശാസ്ത്ര – വൈകാരികതലങ്ങളില്‍ ഈ വ്യത്യാസം നില നില്‍ക്കുന്നതായി കാണാം. ഇവിടെയാണ് കിം കിയോസാകിയുടെ റിച്ച് വുമണ്‍ എന്ന പുസ്തകത്തിന്റെ പ്രസക്തി.

സ്ത്രീകള്‍ പണത്തെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നാണ് പ്രമുഖ വ്യവസായ സംരംഭകകൂടിയാണ് കിം കിയോസാകിയുടെ അഭിപ്രായം. സ്ത്രീകളെ ശാക്തീകരിച്ച്, അവര്‍ അര്‍ഹിക്കുന്ന സാമ്പത്തിക സുരക്ഷിതത്വവും സമാധാനം നല്‍കേണ്ടത് തന്റെ ലക്ഷ്യമാണെന്ന് അവര്‍ പറയുന്നു. ആ ഉദ്ദേശം മുന്‍നിര്‍ത്തിയാണ് അവര്‍ റിച്ച് വുമണ്‍ രചിച്ചത്. അന്താരാഷ്ട്രതലത്തില്‍ ബെസ്റ്റ്‌സെല്ലറായ പുസ്തകം നിരവധി ലോകഭാഷകളില്‍ ഇതിനകം പ്രസിദ്ധീകൃതമായിട്ടുണ്ട്.

ബിസിനസ്സ്, റിയല്‍ എസ്‌റ്റേറ്റ്, നിക്‌ഷേപം തുടങ്ങിയ രംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കിം കിയോസാകി ഹോണോലുലു എന്ന പരസ്യ ഏജന്‍സിയിലൂടെയാണ് ബിസിനസ്സ് ലോകത്തേയ്ക്ക് വന്നത്. ഇരുപത്തഞ്ചാം വയസ്സില്‍ ഹോണോലുലു ബിസിനസ്സ് മാഗസിന്‍ ആരംഭിച്ചു.  റിച്ച് ഡാഡ് പുവര്‍ ഡാഡ് എന്ന കൃതിയിലൂടെ ശ്രദ്ധേയനായ റോബര്‍ട്ട് റ്റി കിയോസാകിയുടെ പത്‌നിയായതോടെ വസ്ത്രവ്യാപാര രംഗത്തേയ്ക്കും റിയല്‍ എസ്‌റ്റേറ്റ് രംഗത്തേയ്ക്കും കടന്നു. 1997ല്‍ റിച്ച് ഡാഡ് എന്ന കമ്പനി ആരംഭിച്ചതോടെ അവര്‍ ലോകപ്രശസ്തയായി. പുസ്തകങ്ങളും കളികളും വിദ്യാഭ്യാസ സംബന്ധിയായ മറ്റ് സംരംഭങ്ങളും നടത്തിവരുന്ന അവരുടെ ജീവിതപരിചയം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയ പുസ്തകമാണ് റിച്ച് വുമണ്‍.

നിക്ഷേപരംഗത്തേയ്ക്ക് കടന്നുവരുന്ന സ്ത്രീകള്‍ക്ക് ഒരു ചവിട്ടുപടിയാണ് റിച്ച് വുമണ്‍. ഓഹരി എങ്ങനെ വില്‍ക്കണം, ലാഭകരമായ ഒരു വ്യാപാരം എങ്ങനെ തുടങ്ങണം തുടങ്ങി പണത്തെയും നിക്ഷേപത്തെയും സംബന്ധിച്ച് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വരെ ഇതില്‍ വിശദമായി പ്രതിപാദിക്കുന്നു. റോബര്‍ട്ട് റ്റി കിയോസാകി എഴുതിയ അവതാരിക പുസ്തകത്തിന് മിഴിവേറ്റുന്നു. 2006ല്‍ പ്രസിദ്ധീകരിച്ച ഈ കൃതി 2014ലാണ് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചത്. ഡോ. ജേക്കബ് തോമസ് വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്. പുസ്തകം ഡി സി ലൈഫ് ഇംപ്രിന്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

Comments are closed.