DCBOOKS
Malayalam News Literature Website

പ്രാണന്‍ വായുവിലലിയുമ്പോള്‍; പോള്‍ കലാനിധിയുടെ ജീവിതകഥ

ജീവിതത്തില്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കാത്തവര്‍ ഉണ്ടാകില്ല. ചിലര്‍ അതിനെ നേരിടാതെ മറുവഴികള്‍തേടി മുന്നോട്ടുപോകാതിരിക്കാം. എന്നാല്‍ മറ്റുചിലരാകട്ടെ പ്രതിസന്ധികളില്‍ തളരാതെ പോരാടി മുന്നോട്ടുപോവുകതന്നെചെയ്യും. പക്ഷേ മരണം തൊട്ടടുത്ത് എത്തി എന്നറിയുമ്പോഴോ.?അവിടെയും ഇത്തരം രണ്ട് മനോഭാവങ്ങളാണ് ആളുകളില്‍ ഉണ്ടാവുക.ജീവിതത്തിനും മരണത്തുനും ഇടയിലെ കുറച്ചുമാത്രം അവശേഷിക്കുന്ന ജീവിതം കൂടുതല്‍ മനോഹരമാക്കി തീര്‍ക്കാന്‍ ശ്രമിക്കും ചിലര്‍. അത്തരം മനോഭാവമുള്ള ആളായിരുന്നു പോള്‍ കലാനിധി എന്ന ന്യൂറോളജിസ്റ്റ്. പേരെടുത്ത ഒരു ന്യറോസര്‍ജന്‍ ആകണമെന്ന ആഗ്രഹത്തിന് തടയിട്ടുകൊണ്ട് തന്നെ കാര്‍ന്നുതിന്നുന്ന ശ്വസകോശാര്‍ബുദത്തെ തന്റെ ചിന്താധാരകള്‍കൊണ്ട് നേരിടാന്‍ ശ്രമിച്ച അദ്ദേഹത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും അടങ്ങിയ ഓര്‍മ്മക്കുറിപ്പാണ് ഇന്ന് ഏറെ വായനക്കാരെനേടിക്കൊണ്ടിരിക്കുന്ന വെന്‍ ബ്രീത്ത് ബികംസ് എയര്‍.

ജീവിതത്തില്‍ അധികം സ്വപ്‌നങ്ങളൊ പ്രതീക്ഷകളോ ഇല്ലാതെ സാധാരണജീവിതം നയിച്ച പോള്‍ കലാനിധി ഇംഗ്ലിഷ് സാഹിത്യത്തില്‍ എംഎയും ഹ്യൂമന്‍ ബയോളജി യില്‍ ബിരുദവും നേടിയശേഷം ജീവിതത്തിന്റെയും മരണത്തിന്റെയും അര്‍ത്ഥതലങ്ങളെപ്പറ്റിയുള്ള അന്വേഷണം നടത്താനായാണ് ന്യൂറോസര്‍ജറിയെക്കുറിച്ച് ഗവേഷണം നടത്താന്‍ തയ്യാറാകുന്നതും ആ മേഖല തിരഞ്ഞെടുത്തതും. യേല്‍ സ്‌കൂളില്‍ നിന്നും ന്യൂറോളജിക്കല്‍ സര്‍ജറിയില്‍ ഗവേഷണവും നേടി അദ്ദേഹം. അതേ സ്‌കൂളിലെ തന്ന തന്റെ സഹപാഠിയായിരുന്ന ലൂസിയെ പ്രേമിച്ച് വിഹാഹവും കഴിച്ച് സുഖകരമായ ജീവിതവും നയിച്ച് പ്രഗല്ഭനായ ന്യൂറോ സര്‍ജന്‍ എന്ന നിലയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കവേ അദ്ദേഹത്തിന്റെ മുപ്പത്തിയാറാം വയസ്സില്‍, കരിയറിന് ആരംഭംകുറിക്കുന്ന അവസരത്തില്‍ത്തന്നെ അദ്ദേഹം ശ്വാസകോശാര്‍ബുദബാധിതനാണെന്ന് തിരിച്ചറിയപ്പെടുകയായിരുന്നു. അവിടെവച്ചാണ് സാഹിത്യവും ദാര്‍ശനികതയും ഇഷ്ടവിഷയങ്ങളായി കണക്കാക്കിയിരുന്ന പോള്‍ കലാനിധി തന്റെ ജീവിതപ്പോരാട്ടം ആരംഭിക്കുന്നത്. കടുത്ത പനിയുടെയും നടുവേദനയുടെയും രൂപത്തിലേണ് കാന്‍സര്‍ അദ്ദേഹത്തെ വരിഞ്ഞുമുറുക്കിയത്.

ഡോക്ടറുടെ ലേബലില്‍നിന്ന് രോഗിയായുള്ള വേഷപ്പകര്‍ച്ച. ജീവിതം അകെമാറിമറിഞ്ഞു. എന്നാല്‍ അവിടത്തളരാതെ രോഗത്തെയും മരണത്തെയും വെല്ലുവിളിച്ച്, ജീവിതം തിരികെ പിടിക്കാന്‍ ശ്രമിച്ചു അദ്ദേഹം. മരണത്തെ മുന്നില്‍ക്കണ്ടപ്പോഴും തികച്ചും ശാന്തചിത്തനായി സംയമനത്തോടെ മനസ്സാന്നിദ്ധ്യത്തോടെ, അതിനെ നേരിടുകയും ഒരു ഘട്ടത്തില്‍ അതിനെ മറികടന്നു ജീവിതത്തില്‍ തിരികെവരികയും ഓപ്പറേഷന്‍ തിയേറ്ററില്‍ വീണ്ടും സജീവമാകുകയും ചെയ്തു. ആ വേദനനിറഞ്ഞ അവസരത്തിലും പോള്‍-ലൂസി ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞുകൂടി പിറന്നു. തീര്‍ത്തും സന്തോഷകരമായ ദിനങ്ങള്‍.. അവര്‍ തങ്ങളുടെ ജീവിതം കരുപിടിപ്പിച്ചു വന്നപ്പോഴേക്കും വീണ്ടും കാന്‍സര്‍ അതിന്റെ എല്ലാതീക്ഷണതയോടും കൂടി തിരിച്ചെത്തി.

ഇതിനിടയിലാണ് തന്റെ മകള്‍ക്കുവേണ്ടിയും കാന്‍സറിന്റെ പിടിയകലപ്പെട്ട രോഗികള്‍ക്കും വേണ്ടി തന്റെ അനുഭവങ്ങള്‍ കുറിച്ചുവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചതും വെന്‍ ബ്രീത്ത് ബികംസ് എയര്‍ എഴുതിത്തുടങ്ങിയതും. ഈ പുസ്തകത്തിന്റെ രചന പുരോഗമിക്കവേ അദ്ദേഹം മരണമടഞ്ഞുവെങ്കിലും നമുക്കേവര്‍ക്കും വഴികാട്ടിയായി നില്‍ക്കുന്നു അദ്ദേഹത്തിന്റെ വാക്കുകളും അനുഭവങ്ങളും.

പോള്‍ കലാനിധിയുടെ മരണത്തിനുശേഷമാണ് വെന്‍ ബ്രീത്ത് ബികംസ് എയര്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. എന്നാല്‍ അദ്ദേഹം ജീവിതത്തോടുള്ള സമീപനവും അതിന്റെ അര്‍ത്ഥവ്യാപ്തിയും വിശകലനം ചെയ്യുന്ന ഈ പുസ്തകം അതു പകര്‍ന്നു നല്‍കുന്ന ഊര്‍ജ്ജവും പ്രചോദനവുംകൊണ്ടുമാത്രം ഇന്ന് ഏറ്റവുമധികം വായിക്കപ്പെടുന്ന പുസ്തകങ്ങളിലൊന്നായിക്കഴിഞ്ഞിരിക്കുന്നു.

2016 ആദ്യം പുറത്തിറങ്ങിയ വെന്‍ ബ്രത്ത് ബികംസ് എയര്‍ ഇതിനകം പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജര്‍മ്മന്‍, റഷ്യന്‍, കൊറിയന്‍, സ്പാനിഷ് ജാപനീസ് ഇറ്റാലിയന്‍ തുടങ്ങി മുപ്പതോളം ലോകഭാഷകളിലേക്ക് വിവത്തനം ചെയ്യപ്പെട്ടപകഴിഞ്ഞു. അമേരിക്കയില്‍ മാത്രം അമ്പതിലധികം ആഴ്ചകളില്‍ ബെസ്റ്റ് സെല്ലറായി തുടരുന്ന ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് പ്രാണന്‍ വായുവിലലിയുമ്പോള്‍. രാധാകൃഷ്ണന്‍ തൊടുപുഴയാണ് പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്.

ജീവിതത്തെ ജീവനയോഗ്യമാക്കുന്നതെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനുള്ള ശ്രമമാണ് പോള്‍ കലാനിധിയുടെ പ്രാണന്‍ വായുവിലലിയുമ്പോള്‍. ജീവിതത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം ചര്‍ച്ചചെയ്യപ്പെടുന്ന ഒരു അപൂര്‍വ്വ കൃയികൂടിയാണിത്. രോഗാവസ്ഥകള്‍ മനുഷ്യരില്‍ സൃഷ്ടിക്കുന്ന അത്യന്തം സംഘര്‍ഷഭരിതമായ വൈകാരികാവസ്ഥകളെപ്പറ്റിയും ഡോക്ടര്‍ രോഗി ബന്ധത്തെപ്പറ്റിയും രോഗി തന്റെ രോഗാവസ്ഥയെ സ്വീകരിക്കേണ്ടുന്ന രീതിയെപ്പറ്റിയും ഒരേ സമയം ഡോക്ടറും രോഗിയുമായ പോള്‍ കലാനിധി രേഖപ്പെടുത്തുന്നു. ജീവന്റെയും മരണത്തിന്റെയും അര്‍ത്ഥതലങ്ങളെ തേടുന്ന, ജീവിതത്തെ അതിന്റെ കയ്‌പേറിയ അനുഭവങ്ങള്‍ക്കും അനിശ്ചിതാവസ്ഥകള്‍ക്കും മുമ്പില്‍ പതറാതെ നയിക്കാന്‍ പര്യാപ്തമാക്കുന്ന ചിന്തകള്‍ പങ്കുവച്ചുകൊണ്ട്, ജീവിതത്തെ ജീവിക്കാന്‍ തക്കവണ്ണം മൂല്യവത്താക്കുന്നതെന്തെന്നു മനസ്സിലാക്കിത്തരുന്ന ചില അനുഭവങ്ങളും ദര്‍ശനങ്ങളുമാണ് പോള്‍ കലാനിധി മുന്നോട്ടു വയ്ക്കുന്നത്.

എന്നാല്‍ എല്ലാത്തിനുപരിയായി പ്രാണന്‍ വായുവിലലിയുമ്പോള്‍ എന്ന  ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് ഓരോ വായനക്കാരനും പകര്‍ന്നു നല്‍കുന്ന ജീവിതോര്‍ജ്ജം ഒന്നുകൊണ്ടുമാത്രമാണ്. അത് ഗ്രന്ഥകാരന്റെ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ക്കൊണ്ടല്ല. മറിച്ച് അദ്ദേഹത്തിന്റെ ചിന്താമധുരമായ വാക്കുകളാണ്.

Comments are closed.