DCBOOKS
Malayalam News Literature Website

ചരിത്രദൃഷ്ടിയിലൂടെ ഒരു കേരളസംസ്‌കാര വായന

ഒരു ജനസമൂഹം ആര്‍ജ്ജിച്ച ഭൗതികവും ബുദ്ധിപരവും ആശയപരവുമായ നേട്ടങ്ങളുടെ ആകെത്തുകയാണ് സംസ്‌കാരം. ഇക്കാര്യത്തില്‍ സമ്പന്നമായ പാരമ്പര്യം അവകാശപ്പെടാന്‍ സാധിക്കുന്ന നാടാണ് കേരളം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സാംസ്‌കാരിക പൈതൃകം കേരളത്തിനുണ്ട്. അതിന്റെ രൂപീകരണത്തിനാകട്ടെ വ്യത്യസ്ത ജനവിഭാഗങ്ങള്‍ സുപ്രധാനസംഭാവനകള്‍ നല്‍കിയിട്ടുമുണ്ട്.

കേരള സംസ്‌കാരത്തിന്റെ വൈവിദ്ധ്യമാര്‍ന്ന ഏടുകള്‍ ചരിത്രദൃഷ്ടിയിലൂടെ വിശകലനം ചെയ്ത് ലളിതമായി അവതരിപ്പിക്കുന്ന പുസ്തകമാണ് പ്രൊഫ.എ.ശ്രീധരമേനോന്റെ ‘കേരളസംസ്‌കാരം’. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക ചരിത്രം കാലാനുക്രമമായി രേഖപ്പെടുത്തുന്നതിനാണ് പുസ്തകത്തില്‍ ശ്രമിച്ചിരിക്കുന്നത്.

കേരളസംസ്‌കാരം ഭാരതീയ പശ്ചാത്തലത്തില്‍, മതങ്ങളും സാംസ്‌കാരികസമന്വയവും, ഹൈന്ദവാരാധനാ കേന്ദ്രങ്ങള്‍, ക്രൈസ്തവ-മുസ്ലീം-ജൂതവിഭാഗങ്ങളുടെ ആരാധനാകേന്ദ്രങ്ങള്‍, ഉത്സവാഘോഷങ്ങള്‍ എന്നിവയെല്ലാം പുസ്തകത്തിലുണ്ട്. ഇതിന് പുറമേ ദൃശ്യകലകള്‍, വാസ്തു വിദ്യയും ശില്പ- ചിത്രകലകളും, കരകൗശലങ്ങള്‍, ഭാഷയും സാഹിത്യവും, സാമൂഹിക- സാമ്പത്തിക പശ്ചാത്തലം, കേരളത്തിന്റെ സാമ്പത്തിക പശ്ചാത്തലം എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കേരളത്തിന്റെ സമ്പന്നവും വൈവിദ്ധ്യപൂര്‍ണ്ണവുമായ സാംസ്‌കാരിക പൈതൃകത്തെക്കുറിച്ചു മനസ്സിലാക്കാന്‍ താപ്പര്യമുള്ളവര്‍ക്ക് ഈ പുസ്തകം ഉപകരിക്കും. 1978ല്‍ പ്രസിദ്ധീകരിച്ച കേരള സംസ്‌കാരത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ചരിത്രവിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാര്‍ക്കും പ്രയോജനപ്രധമാകുന്ന ഒരു ഉത്തമ സംസ്‌കാരപഠന സഹായി ആയിരിക്കും. പുസ്തകത്തിന്റെ ആദ്യ ഡി സി പതിപ്പ് പുറത്തിറങ്ങുന്നത് 2007ലാണ്. പുസ്തകത്തിന്റെ എട്ടാമത് പതിപ്പാണ് പുറത്തുള്ളത്.

കേരളചരിത്രം, കേരള ചരിത്ര ശില്പികള്‍, ഇന്ത്യാചരിത്രം (രണ്ടു വാല്യങ്ങളില്‍), കേരളവും സ്വാതന്ത്ര്യ സമരവും, സര്‍ സി.പി.യും സ്വതന്ത്ര തിരുവിതാംകൂറും, പുന്നപ്രവയലാറും കേരള ചരിത്രവും, ദി ലെഗസി ഓഫ് കേരള, കേരള ഹിസ്റ്ററി ആന്റ് മേക്കേഴ്‌സ്, കേരള രാഷ്ട്രീയ ചരിത്രം, കേരളവും സ്വാതന്ത്ര്യസമരവും, തുടങ്ങിയവ അടക്കം ഇരുപത്തഞ്ചിലേറെ കൃതികള്‍ പ്രൊഫ എ ശ്രീധരമേനോന്‍ രചിച്ചിട്ടുണ്ട്.

 

Comments are closed.