DCBOOKS
Malayalam News Literature Website

പെൺഭാഷയിലെ അഗ്നിനാളം

കൃപ അമ്പാടിയുടെ ‘പെങ്കുപ്പായം’ എന്ന പുസ്തകത്തിന് സന്തോഷ്‌ ഇലന്തൂർ എഴുതിയ വായനാനുഭവം

സർഗ്ഗശക്തിയുള്ള ഒരാൾക്ക് അയാളുടെ എല്ലാ അനുഭവങ്ങളെയും ആവിഷ്ക്കാരയോഗ്യമാക്കാൻ കഴിയും.
ആ കഴിവ് അയാൾക്ക്‌ ലഭിക്കുന്നത് ജീവിതത്തെ സൂക്ഷ്മ നിരീക്ഷണം ചെയ്യുന്നത് കൊണ്ടാകാം.
നൈസർഗ്ഗികമായ വാസനാബലത്തോടൊപ്പം
അറിവിൻ്റെ മികവു കൊണ്ടാകാം.
കൃപ അമ്പാടിയുടെ കവിതകളിലൂടെ കടന്നുപോകുമ്പോൾ നാം ചുറ്റിലും കണ്ടു മറന്നതും എപ്പോഴോ ചിന്തിച്ച്‌ അപ്രത്യക്ഷമായതുമായ
ജീവിത രംഗങ്ങൾ നിവർന്നു വരുന്നത് കാണാം. ജീവിതസ്പർശിയായി എഴുതാനുള്ള കഴിവ് അനുമോദനാർഹം തന്നെ.

ഡിസി ബുക്സ് പ്രസിഡീകരിച്ച 44 കവിതകളുടെ സമാഹാരമായ ‘പെങ്കുപ്പായം’ വായനക്കാരുടെ ഹൃദയത്തിലേക്ക് നീട്ടുന്ന മൂർച്ചയുള്ള മുനകൾകൊണ്ടും മസ്തിഷ്കത്തെ പെരുപ്പിക്കുന്ന ചിന്തകൾക്കൊണ്ടും സമ്പന്നമാണ്. കവിതാ വായനയിൽ പുതുമയും കരുത്തും ആഗ്രഹിക്കുന്നവർക്ക് മുതൽക്കൂട്ടാണ് ഈ സമാഹാരം.

‘അലുക്കും തൊങ്ങലും
പിടിപ്പിച്ച
പെങ്കുപ്പായമിട്ട്
തേച്ചാൽ ചോക്കുന്ന
മിന്നാരപ്പൊടി മോത്തിട്ട്
അഞ്ചുറുപ്പികടെ
കുപ്പിവളയിട്ട്
അന്തമില്ലാത്തൊരുച്ചക്ക്
ആയിഷാൻ്റെ കൂടെ കളിച്ച കളിയിൽ’.
എന്ന് തുടങ്ങിയിരിക്കുന്ന ഒരു കവിതയുടെ തലക്കെട്ടാണ് സമാഹാരത്തിന് ശീർഷകമാക്കിയിരിക്കുന്നത്. പെങ്കുപ്പായത്തിലൂടെ സഞ്ചരിക്കുമ്പോൾ പെൺജീവിതത്തിൻ്റെ രൂപപരിണാമങ്ങൾ പുതിയൊരു കാഴ്ചപ്പാടിൽ വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്.
‘ഒരുത്തിയെ നോക്കിത്തുടങ്ങുമ്പോൾ
അവളുടെ മാറിൽ തുടങ്ങണം’
കവിതയിലെ വരികൾപോലെ സ്ത്രീ ശരീരത്തിൽ തുടങ്ങുന്ന കവിത ഒരുപാടു ചരിത്രസത്യങ്ങൾ വെളിപ്പെടുത്തുന്നു. ആ വെളിപ്പെടുത്തലിൽ അതിന്റെ ദുരന്തമുഖങ്ങൾ അനാവരണം ചെയ്യപ്പെടുന്നു. നമുക്കു മുന്നിൽ ഒരുവൾ നെഞ്ചുവിരിച്ചു തലതിരിച്ചു പറയുകയാണ് ഇതാ കാണു എന്നിലെ ഊക്കിന്റെ ആഴവും മുറിപ്പാടിന്റെ ഉയരവും. ഇത് ഇന്ന് തുടങ്ങിയതല്ല പൂർവ്വിക കാലം മുതൽ അനുഭവിച്ച് വരുന്നതാണ്. ഉടലിനും ഉയിരിനും നേരെ സമൂഹം നടത്തുന്ന കടന്നുകയറ്റങ്ങൾ ഉള്ളിലെ വിങ്ങലുകളിൽ കടഞ്ഞ് കനൽ ജ്വലിപ്പിച്ച് ആർക്കും അത്ര പെട്ടെന്ന് ഉടച്ചു കളയാൻ ആവാത്തവിധം
കവിതയിൽ പകർത്തിവച്ച്‌ വായനക്കാരെ മൗനത്തിൽ ആക്കുന്നു കൃപ അമ്പാടി എന്ന കവി.
മലയാള കവിതയിലെ വേറിട്ട ഒരു കാവ്യ വഴിയാണ് കൃപയുടേത്. ഒട്ടും കാല്പനികമല്ലാത്തതും പരുക്കൻ പ്രതലത്തോടുകൂടിയതും അപ്രിയസത്യത്തെ വിളിച്ചു പറയുന്നതും. ഓരോ വരിയും വാക്കും എത്ര ആഴങ്ങളിൽ പോയി അനുഭവിച്ചിട്ടാണ് കൃപ എഴുതുന്നത്.

‘ഞാൻ പെണ്ണാണ്
നിന്നിൽ പാതിയും ഞാനാണ്
നിയെന്നിൽനിന്ന് അടർന്നതാണ്’
രതിമുക്തം എന്ന കവിതയിൽ ഒട്ടും പാളിച്ചകളില്ലാതെ എത്ര തന്മയത്വത്തോടെയാണ് പ്രണയവും രതിയും ശിൽപ്പനിർമിതിയിലെന്നവണ്ണം കൊത്തി വച്ചിരിക്കുന്നത്. ഓരോ കവിതയും എടുത്തു പറയുകയെന്നത് അസാധ്യം. അത്‌ വായിച്ചറിയുകയെ വഴിയുള്ളു എന്നതാണ് ബോധ്യപ്പെടുന്നത്.
അനുഭവ സൂക്ഷ്മതയുടെ വീണ്ടെടുപ്പാണ് കൃപയുടെ കവിതകളുടെ അടിസ്ഥാന സ്വരത്തെ നിർണ്ണയിക്കുന്നത് എന്ന് ‘വാക്കിലെ മറുപുറങ്ങൾ’ എന്ന അവതാരികയിലൂടെ സുനിൽ പി ഇളയിടം പറയുന്നു. കവിതാ സമാഹാരത്തിന് കിട്ടുന്ന ആദ്യ ആവാർഡ് തന്നെയാണ് സുനിൽ പി ഇളയിടത്തിൻ്റെ വാക്കുകൾ. സച്ചിദാനന്ദൻ, അയ്യപ്പൻ, വിനയചന്ദ്രൻ, കടമ്മനിട്ട തുടങ്ങിയവരിലൂടെ നമ്മൾ അറിഞ്ഞ ചിലതിനെ, പുരുഷനെ, പൊളിച്ചെഴുതുന്നവയാണ് കൃപയുടെ കവിതകൾ എന്ന് ‘വാളും ചിലമ്പുമുള്ള പെണ്ണ്’ എന്ന ശീർഷകത്തിൽ സജയ് കെ. വി. ഈ പുസ്തകത്തിൽ കുറിച്ചത് വാസ്തവമാണ്. സ്വത്വസംഘർഷങ്ങളുടെയും സ്വത്വസമനയങ്ങളുടെയും ഏകവേദിയിലാണ് കൃപയുടെ കവിതകൾ പെർഫോം ചെയ്യുന്നത് എന്നും എന്നെ ആവിഷ്‌കരിക്കാൻ എന്റെ ഭാഷ വേണം എന്ന കാവ്യലോകമാണ് അവരുടേതെന്നുമാണ് പെങ്കുപ്പായത്തിലെ ദീർഘമായ പഠനത്തിൽ (ആത്മം വേവുന്ന അടുപ്പുകൾ) ഒരിടത്ത് വിജു നായരങ്ങാടി രേഖപ്പെടുത്തിയിരിക്കുന്നത്.
പലതരം ഭാവങ്ങളിലൂടെയും നിമിഷങ്ങളിലൂടെയും കൃപ നമ്മളെ പിടച്ചുതൂക്കി തെളിച്ചുകൊണ്ടു പോകുന്നു.
‘മഴ തേനാണ് പാലാണ് കോപ്പാണ്,
കാറ്റ് കുളിരാണ് കനവാണ് തേങ്ങയാണ്,
കുട്ടിക്കാലം സുന്ദരമാണ് സുരഭിലമാണ് മണ്ണാങ്കട്ടയാണ്,
ജീവിതം പളുങ്കാണ് പാത്രമാണ് പിണ്ണാക്കാണ്,
എന്ന് വരികൾ താളുകളിൽ പിടയുമ്പോൾ വായനക്കാരുടെയുള്ളിൽ കടന്നുപോന്നതൊ കണ്ടു വളർന്നതൊ ആയ ഒരു ദുരിത ജീവിതം മുഴങ്ങും.
വായനക്കാരുടെ മനസ്സിൽ കൃപയുടെ കവിതകൾക്ക് അനായാസേന ഇടം കണ്ടെത്താൻ കഴിയുമെന്നതിന് തർക്കമില്ല. ഈ കവിയുടെ തൂലികയിൽ നിന്ന് പുറത്താക്കപ്പെട്ട, മനുഷ്യ ചിന്തകളെ ഉത്തേജിപ്പിച്ച്‌ സമ്മിശ്ര വികാരങ്ങളുടെ ഇത്തരം പടയോട്ടങ്ങൾ സാധ്യമാക്കുന്ന അനേകം കവിതകളുള്ള ‘പെങ്കുപ്പായം’ എന്ന ആദ്യകവിതാസമാഹാരം ഇനിയും കാവ്യാസ്വാദകരുടെ ഹൃദയത്തിൽ പെയ്തുതീരാതെ നിൽക്കട്ടെ.
– സന്തോഷ്‌ ഇലന്തൂർ

Comments are closed.