DCBOOKS
Malayalam News Literature Website

‘ചാവില്ലാത്ത’ ഓർമ്മകൾ

ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’  എന്ന നോവലിന് അതുലൻ എഴുതിയ വായനാനുഭവം

നാവും കാതും നുണചേർന്നിണചേർന്നുണ്ടായ അസംഖ്യം കഥകളുടെ ഒറ്റലോകമാണ് ശിവപ്രസാദ് പി. യുടെ ഓർമ്മച്ചാവ് എന്ന നോവൽ. പതിറ്റാണ്ടുകളായി എണ്ണമില്ലാത്ത കഥകൾ
പറഞ്ഞു പന്തലിച്ച നോവൽസാഹിത്യരംഗത്ത് ശിവപ്രസാദ് അയാളുടെ സ്ഥാനമുറപ്പിക്കുന്നു.

വായിക്കാനെടുത്തപ്പോൾ മുതൽ ഒരാനന്ദം എന്നെ ബാധിച്ചിരുന്നു. തുടക്കത്തിലെ ആനന്ദം, പോകപ്പോകെ മറ്റുപലതുമായി. ഞെട്ടലായി, ഭയമായി, ആവേശമായി, കണ്ണിലെ നനവായി, വിഷാദമായി എഴുത്ത് പടരുന്നു.

ആഖ്യാനം പോലെ പടരുന്ന ഭൂമികയും ഏറെ ഭംഗിയുള്ളതാണ്. സ്‌മൃതികളെ അലിയിച്ചെടുക്കാൻ ബാഷ്പ്പനീരിന്റെ വിശുദ്ധിതേടി ആളുകൾ പോകുന്ന ചെമ്പ്രമല,
Textവിഷാദത്തിന്റെ പറുദീസപോലെ തോന്നുന്ന ചെമ്പ്രയുടെ താഴ്‌വാരം, പാൽചുരന്നുറവപൊട്ടിയ വറ്റാത്ത സ്നേഹത്തിന്റെ തള്ളാർക്കുളം, രണ്ടു രാമന്മാരുടെ ഐതിഹാസിക ജീവിതം പേറുന്ന അംബേദ്കർ കോളനി, അനീതിപുലർന്ന് അനേകരുടെ രക്തം കുടിച്ച തലയാനിപ്പറമ്പ്, ചുറ്റുപാടും പറങ്കിമാവുകൾ പടർന്നു കിടക്കുന്ന കുന്നിൻമുകളിലെ ആശുപത്രി… അങ്ങനെ പലവഴിപിരിഞ്ഞും പിന്നീടൊരുവഴി കൂടിയും മുന്നേറുന്ന നോവൽ, മാന്ത്രിക യാഥാർഥ്യം എന്നുതോന്നിക്കാവുന്ന ഒരുപറ്റം മനുഷ്യ ജീവിതങ്ങളുടെ കഥകൂടി പറയുന്നു.

തണ്ണീരിലിട്ട് മണി ചെറുതാക്കി ഭഗവതിയെ വേൾക്കാനെത്തിയ നാലീരൻ; മിത്തുകളിൽ നിന്ന് മിത്തുകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട് കാലാതിവർത്തിയായവൻ. ഉറക്കത്തിൽ നിന്ന് തീയിലേക്ക് വെന്തുകയറിയ കാശി, എവിടെയെന്നില്ലാതെ വെറുതെയലഞ്ഞും ചെമ്പ്രയുടെ റാക്കുമോന്തിയും സിനിമാ ഡയലോഗുകൾ പറഞ്ഞും നടക്കുന്ന മൈമി, ഇടതടവില്ലാതെ ചായപാരുന്ന, നാവിൽ നർമ്മം ചിതറുന്ന മമ്മുഹാജി, പെറുംതോറും ബുദ്ധികൂടിയെന്ന് നാട്ടുകാർ ധരിച്ചിരുന്ന, എല്ലാത്തിനെയും തന്റെ ഓരോ പേറുമായി കോർത്തിണക്കുന്ന, ഓർമ്മയിലും കണക്കിലും അന്നാട്ടിലെ കേമിയായ ബീയാത്തുമ്മ, കഴുത്തിനു പിന്നിൽ മനോഹരമായ ഇരട്ടമറുകുള്ള അൾത്താര, ഒരു പ്രത്യേക കാലത്ത് തറഞ്ഞുപോയ, ചുഴലിപിടിച്ച ഏതെല്ലാമോ ഓർമ്മകൾക്കു നടുവിൽ ഒറ്റയ്ക്കുനിൽക്കുന്ന, ഉറങ്ങുമ്പോൾ പോലും കൃഷ്ണമണികൾ ചലിപ്പിക്കുന്ന മണിയൻ, ഒറ്റക്കാലനായി, കാലനെ കാത്തുകിടന്ന ആധാരങ്ങളുടെ കാവൽക്കാരൻ നായർ, വല്ലി, കാളി, പെട്ടിയമ്മായി, ചെമ്പ്രയുടെ താഴ്‌വാരം ചാപിള്ള പെറ്റിട്ട മറ്റനേകം പേർ.

വായിച്ചവസാനിപ്പിക്കുമ്പോൾ ഇവരിൽ ചിലരെങ്കിലും നിങ്ങളുടെ ചുറ്റുവട്ടത്തിരിക്കുന്നുണ്ടാവും.
ചിലർ നിങ്ങളെ വിടാതെ പിന്തുടരും. നിങ്ങൾക്കറിയാവുന്ന ചിലരിൽ ഇവരെ ആരെയെങ്കിലും നിങ്ങളാരോപിക്കും. ഈ നോവൽ നിങ്ങളെ വെറുതെ വിടാൻ പോകുന്നില്ല.

ബെന്യാമിൻ ഓർമ്മച്ചാവിന്റെ അവതാരികയിൽ പറഞ്ഞതുപോലെ “വായനക്കാരന്റെ ഇന്നോളമുള്ള ബോധ്യങ്ങളെ താരാട്ടുപാടി ഉറക്കലല്ല, അതിനെ മുറിവേൽപ്പിക്കലും തകർത്തുകളയലുമാണ് പുതിയ കാലത്തിലെ നോവലുകളുടെ ദൗത്യം. അതാണ് ഓർമ്മച്ചാവ് നമ്മൾ വായനക്കാരോട് ചെയ്യുന്നത്”. ശിവപ്രസാദിന് അഭിനന്ദനങ്ങൾ.

ശിവപ്രസാദ് പി-യുടെ ‘ഓര്‍മ്മച്ചാവ്’ ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.