DCBOOKS
Malayalam News Literature Website

ശൂദ്രനായി ജനിച്ചതുകൊണ്ട് മാത്രം രാജ്യസിംഹാസനം നഷ്ടപ്പെട്ട വിദുരരുടെ കഥപറയുന്ന നോവല്‍

ചന്ദ്രശേഖര്‍ നാരായണന്റെ ‘ശൂദ്രന്‍’ എന്ന പുസ്തകത്തിന് സുരേന്ദ്രന്‍ മങ്ങാട്ട് എഴുതിയ വായനാനുഭവം

ചന്ദ്രശേഖര്‍ നാരായണന്റെ ‘ശൂദ്രന്‍’ വിദുരരുടെ ആത്മാന്വേഷണത്തിന്റെയും നിരന്തരയാത്രകളുടെയും കാഥാസാഗരമാകുന്നു… ശൂദ്രനായതു കൊണ്ടുമാത്രം സിംഹാസനം നഷ്ടപ്പെട്ട വിദുരരുടെ , അധിക്ഷേപത്തലും ആത്മനിന്ദയാലും പിടയുന്ന ഹൃദയത്തില്‍ നിന്നും Textകിനിഞ്ഞിറങ്ങിയ രക്തകണങ്ങള്‍ പറ്റിയ ഓരോ അദ്ധ്യായങ്ങളും നമ്മില്‍ സംവദിച്ച്, വേദനയുടെ നിശ്വാസമുതിര്‍ക്കുന്നുണ്ട്.

കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിനു മുമ്പായി വിദുരര്‍ തന്റെ യാത്ര തുടങ്ങിയിരുന്നു. നോവലില്‍ വിദുരദൃഷ്ടിയില്‍, ധര്‍മ്മബോധങ്ങളുടെ അതിസങ്കീര്‍ണ്ണതയില്‍ ഉഴറുന്ന ഹസ്തിനപ്പുരത്തെ കുരുപ്രമുഖരെയും, ഓരോ മനുഷ്യ ജീവിയെയും വിശകലനം ചെയ്യുന്നുണ്ട്. നന്ദഗോപരെ കണ്ടതിനുശേഷം യുദ്ധത്തിന് മുന്നോടിയായി കൃഷ്ണനെ കാണുന്ന വിദുരര്‍ക്കു പിന്നീട് ആ മഹത് വ്യക്തിയെ ദര്‍ശിക്കാനാകുന്നില്ല. തുടര്‍യാത്രകള്‍ക്കൊടുവില്‍ ദ്വാരക ലക്ഷ്യമാക്കുന്ന വിദുരര്‍ കൃഷ്ണ ദര്‍ശനം പ്രാപ്യമാക്കുന്നത് സ്വപ്നങ്ങളിലൂടെയാണ്.. തത്വചിന്താപരമായ ദര്‍ശനങ്ങളുടെയും അതീന്ദ്രീയ അനുഭവങ്ങളുടെയും വിവരണങ്ങള്‍ വായനയുടെ പുതുവഴികളിലൂടെയുള്ള നടത്തമാകുന്നു.

മഹാഭാരത പുനര്‍വായനകള്‍ എന്നും സാഹിത്യത്തിന് ഊര്‍ജ്ജം പകര്‍ന്നു കൊണ്ടിരിക്കുന്നുവെന്നുള്ളത് വസ്തുതയാണ്. ഭാരതാഖ്യാനങ്ങളില്‍നിന്നടര്‍ത്തി, വിദുര പ്രതിഛായാനിര്‍മാണം ആഴമുള്ള അളവുകോലില്‍,സൂക്ഷ്മതയോടെയാണ് ചന്ദ്രശേഖരന്‍ നിര്‍വഹിച്ചിരിക്കുന്നത്. ‘ശൂദ്രന്‍ ‘മികച്ച വായനാനുഭവത്തിനോടൊപ്പം വായനക്കാരന്റെ ഉള്‍കാഴ്ച്ചയിലേക്ക്, കാലത്തിന്റെ ബോധ്യങ്ങള്‍ ഉറവകളായി സൃഷ്ടിക്കപ്പെടുന്ന രചനാവൈഭവത്തിന്റെ ഉത്തമോദാഹരണമായി മാറുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.