DCBOOKS
Malayalam News Literature Website

‘കുഞ്ഞാലിത്തിര’; വായനാ പ്രേമികളായ എല്ലാ മലയാളികളും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം!

രാജീവ് ശിവശങ്കർ എഴുതിയ “കുഞ്ഞാലിത്തിര” എന്ന നോവലിന്  രഹ്ന ഖാദര്‍ എഴുതിയ വായനാനുഭവം.

ഒരു സുഹൃത്താണ്  രാജീവ് ശിവശങ്കർ എഴുതിയ “കുഞ്ഞാലിത്തിര” എന്ന നോവലിനെ കുറിച്ച് എന്നോട് പറഞ്ഞത്. മാതൃഭൂമിയിൽ വന്ന ബുക്ക് റിവ്യൂ സ്കാൻ ചെയ്ത് അയച്ചു തരികയും ചെയ്‌തു. എങ്കിലും ചരിത്രത്തിന് പൊടിപ്പും തൊങ്ങലും വെച്ച് ഒരു അതിമാനുഷിക കഥ എഴുതിയതായിരിക്കും എന്നൊരു മുൻവിധിയോടെ പുസ്തകം വാങ്ങാൻ പോലും അമാന്തിച്ചു. സുഹൃത്ത് അതിനെ പറ്റി വീണ്ടും ഓർമ്മിപ്പിച്ചപ്പോഴാണ് വാങ്ങാമെന്നു തന്നെ വെച്ചത്. പക്ഷേ വായിച്ചു തുടങ്ങിയപ്പോഴാണ് “പൊള്ളുമെന്ന് അറിഞ്ഞു തന്നെ ചവിട്ടിയ തീയാണെന്ന്” അദ്ദേഹം പറഞ്ഞത് എത്രത്തോളം ആത്മാർത്ഥമായിട്ടാണെന്ന് തിരിച്ചറിഞ്ഞത് .

ഈയൊരു രചനക്കു വേണ്ടി അദ്ദേഹം കടന്നു പോയ വഴികളും നടത്തേണ്ടി വന്ന കഠിനമായ ഗവേഷണങ്ങളും ആരിലും ആശ്ചര്യമുളവാക്കാൻ പ്രാപ്തമാണ്. പതിനഞ്ചു സാമൂതിരിമാർ, നാല് കുഞ്ഞാലി മരക്കാന്മാർ, കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നീ നാട്ടു രാജ്യങ്ങളിലെ ഭൂപ്രകൃതി, രാജാവിന്റെയും സർവാധികാര്യക്കാരുടെയും മറ്റു സാധാരണ പ്രജകളുടെയും വേഷവും ജീവിതവും, അന്നത്തെ ആയുധ നിർമാണം, യുദ്ധ മുറകൾ എന്നിങ്ങനെ ഒന്നും വിട്ടുപോകാത്ത രചനാ വൈഭവം…ഓരോ പ്രദേശത്തെയും വായ്ത്താരി അതേപോലെ വായിക്കാൻ കഴിയുമ്പോഴത്തെ ആനന്ദം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.

Textകുഞ്ഞാലി എന്നത് ഒരു സ്ഥാനപ്പേരാണ് എന്നു പോലും അറിയില്ലായിരുന്നു വായന തുടങ്ങിയപ്പോൾ. “പൂന്തുറക്കോന് ഏറ്റവും പ്രിയപ്പെട്ട” എന്നർത്ഥം വരുന്ന “കുഞ്ഞ് അലി ” എന്ന വിശിഷ്ട പദവിക്ക് ആദ്യം ഭാഗ്യം ലഭിച്ചത് പൊന്നാനിക്കാരനായ കുട്ട്യാലി മരക്കാർക്ക് ആയിരുന്നു. അവിടുന്നങ്ങോട്ട് കൊല്ലവർഷം 1600 ൽ അവസാനത്തെ കുഞ്ഞാലിയായ മുഹമ്മദ് മരക്കാരെ ചതിയിലൂടെ കീഴടക്കി ഇഞ്ചിഞ്ചായി വധിക്കുമ്പോൾ നോവലിസ്റ്റ് ചവിട്ടിയ തീ വായനക്കാരും ചവിട്ടിപ്പോകുന്നു.

1498 ൽ വാസ്കോഡഗാമ വന്നു കോഴിക്കോട് കപ്പലിറങ്ങി എന്ന് ചെറിയ ക്ലാസ്സിൽ പഠിച്ചപ്പോൾ ഗാമക്ക് നൽകിയിരുന്നത് ഒരു ഹീറോ പരിവേഷമായിരുന്നു. പോർച്ചുഗീസുകാരുടെ ക്രൂരതകളോ കുടില തന്ത്രങ്ങളോ ഒരു ശരാശരി മലയാളി ഗ്രഹിച്ചിരിക്കാൻ വഴിയില്ല. കറുത്ത പൊന്നിന്റെ മണം പിടിച്ച് കച്ചവട സാധ്യതകൾ തേടി വന്ന പറങ്കികൾ ചതിയിലൂടെയും വഞ്ചനയിലൂടെയും അധികാരം ഉറപ്പിക്കാൻ ശ്രമിക്കുമ്പോൾ അവരെ ചെറുത്തു നിൽക്കുന്ന പോരാട്ട വീര്യം ആരിലും കുളിരു ജനിപ്പിക്കും വിധം വർണിച്ചിരിക്കുന്നു. അറബിക്കടലിലെ നിതാന്ത ജാഗ്രതയും പകടുകളുമായി പാഞ്ഞെത്തുന്ന ഗറില്ലാ യുദ്ധമുറകളും വിവരിക്കുന്ന അബൂബക്കർ മഖ്‌ദൂമിന്റെ കഥാകഥനത്തിലൂടെ മരക്കാന്മാരുടെ രാജ്യസ്നേഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും നേർചിത്രം അനുവാചകന് മുൻപിൽ നോവലിസ്റ്റ് തുറന്നു കാണിക്കുന്നു.

കാലിക്കൂത്ത് ആണ് പിന്നീട് കാലിക്കറ്റ് ആയതെന്നും, കുഞ്ഞാലി മരക്കാരുടെ കോട്ട നിന്ന സ്ഥലമാണ് കോട്ടക്കൽ ആയതുമെന്നുമൊക്കെ പുതിയ അറിവായിരുന്നു. സാമൂതിരിയുടെ കൊട്ടാരം യഥാർത്ഥത്തിൽ തല കുനിച്ചാൽ മാത്രം അകത്തേക്ക് പ്രവേശിക്കാൻ കഴിയുന്ന ഒരു കുടിലായിരുന്നെന്നും അത്ഭുതത്തോടെയാണ് മനസ്സിലാക്കിയത്.

എല്ലാ വായനാ പ്രേമികളായ മലയാളികളും തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം എന്ന ഉത്തമ ബോധ്യത്തിൽ നിന്നാണ് ഇങ്ങനെ ഒരു കുറിപ്പെഴുതുന്നത്. കെ ആർ മീരയുടെ ‘ആരാച്ചാർ’ വായിച്ചതിനു ശേഷം ഇത്രക്കും പഠനം നടന്ന മറ്റൊരു മലയാളം നോവൽ വായിച്ചിട്ടില്ല. സൂക്ഷിച്ചു നോക്കിയാൽ കേരളത്തിന്റെ രേഖപ്പെടുത്താതെ വിട്ടുപോയ ചരിത്രം എഴുതിച്ചേർക്കുകയാണ് ശ്രീ രാജീവ് ശിവശങ്കർ ഈ നോവലിലൂടെ ചെയ്‌തിരിക്കുന്നത്‌.

കഥാപാത്രങ്ങളുടെ ബാഹുല്യം കാരണം ഓരോ കഥാപാത്രവും മനസ്സിൽ ഉറച്ചു നിൽക്കാൻ രണ്ടാമത് ഒരു വായന കൂടി വേണ്ടി വന്നു. നോവലിനു വേണ്ടി അദ്ദേഹം നടത്തിയ ഒരുപതിറ്റാണ്ടോളം നീളുന്ന ഗവേഷണങ്ങൾക്കു മുന്നിൽ അതൊരു പ്രശ്‌നമായി ഉയർത്തിക്കാട്ടാൻ പാടില്ല തന്നെ.

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

പുസ്തകം ഇ-ബുക്കായി വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.