DCBOOKS
Malayalam News Literature Website

കേരളത്തില്‍ സദാചാരഗുണ്ടായിസം വളരെ കൂടുതലാണ്: നളിനി ജമീല

വാക്കുകള്‍ കൊണ്ട് അഗ്നിശരം തീര്‍ത്ത നളിനി ജമീല കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനം വേദി ഒന്നില്‍ നിറഞ്ഞു നിന്നു. ഒരു ലൈംഗികതൊഴിലാളിയുടെ കഥയെന്ന ഒരൊറ്റ രചനയിലൂടെ കേരളചരിത്രത്തില്‍, ഒരുപാട് പേരുടെ ജീവിതത്തില്‍ ഭീതിയുടെ കരിനിഴല്‍ പരത്തിയ വ്യക്തി. വ്യക്തവും കൃത്യവുമായ നിരീക്ഷണങ്ങളിലൂടെ വിധു വിന്‍സെന്റുമായി കാച്ചികുറുക്കിയ വാക്കുകളില്‍ അവര്‍ നടത്തിയ സംവാദം കേള്‍വിക്കാരായ ഓരോ ആണിലും പെണ്ണിലും എത്തിച്ചു നല്‍കിയ നേരിന്റെ മുഖം ചെറുതല്ല.

കേരളത്തിലെ ആണ്‍വര്‍ഗം ഏകപത്‌നി വൃതത്തില്‍ കഴിയുന്നവരല്ലെന്നും, സാമ്പത്തിക പ്രതിസന്ധികളും ജീവിതസാഹചര്യവുമാണ് അവരെ ആ തൊഴിലില്‍ എത്തിച്ചതെന്നും നളിനി അഭിപ്രായപ്പെട്ടു. ലൈംഗികമെന്നത് കേവലം ശാരീരികബന്ധത്തിനപ്പുറം, സ്‌നേഹവും പ്രണയവും കരുതലുമാണെന്ന സത്യം സമൂഹം മനസ്സിലാക്കാന്‍ തയ്യാറാകണം. സെക്‌സ് വിദ്യാഭ്യാസം കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ നല്‍കിവരുന്നത് ഇന്നത്തെ സമൂഹത്തിലെ സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെ മുന്‍നിര്‍ത്തി അവര്‍ നിരീക്ഷിച്ചു.

പെണ്ണ് സെക്‌സ് കാണരുത്, കേള്‍ക്കരുത്, പറയരുത് എന്ന രീതിയാണ് സമൂഹം ഇന്നും പിന്തുടരുന്നത്. ഇതിനപ്പുറം ലൈംഗികതൊഴിലാളികള്‍ക്കുവേണ്ടി സംഘടനാപ്രവര്‍ത്തനം നടത്തുമ്പോള്‍ പോലും യാതൊരുവിധ ഗവണ്‍മെന്റ് ആനുകൂല്യമോ അവര്‍ക്ക്
ലഭിക്കുന്നില്ല.

എച്ച് ഐ വി ബോധവല്‍ക്കരണം പോലുളള വിഷയങ്ങളില്‍ ഇവര്‍ സജീവമായിരിക്കുമ്പോഴും 1250 രൂപയാണ് പ്രതിമാസ വേതനം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സദാചാരഗുണ്ടായിസം വളരെ കൂടുതലാണെന്ന് പറയുമ്പോള്‍ രാത്രിയുടെ മറവില്‍ പെണ്ണിനെ ആശ്രയിക്കുന്നവരാണ് ഈ സദാചാരവാദികള്‍ എന്നത് പ്രസക്തമാണ്. കാണികളില്‍ നിന്നുയര്‍ന്ന ഓരോ ചോദ്യത്തിനും കുറുക്കികൊളളുന്ന മറുപടി നല്‍കിയ നളിനി, അവരുടെ രണ്ടാമത്തെ രചന അടുത്ത മാസം പുറത്തുവരുമെന്ന അറിയിപ്പും പങ്കുവെച്ചു.

ആദ്യ രചനയ്ക്ക് ശേഷം തൊഴില്‍ നഷ്ടമായതും നാടുവിടേണ്ടിവന്നതും ഓര്‍മ്മിക്കുമ്പോള്‍ തന്നെ എല്ലാതരത്തിലും കൂടെനിന്ന പുനത്തില്‍ കുഞ്ഞബ്ദുളളയെ പരാമര്‍ശിക്കുകയും ഒറ്റപ്പെടുത്തി ആണ്‍പെണ്‍ സമൂഹത്തെ കുറിച്ച് വാചാലയാവുകയും ചെയ്തു അവര്‍.

ഡിസി കിഴക്കോമുറി ഫൗണ്ടേഷന്‍ ഇന്‍ക്രടിബിള്‍ ഇന്ത്യ, കേരള ടൂറിസം, കേരള സാംസ്‌കാരിക വകുപ്പ് കൂടാതെ കേരള സര്‍ക്കാരിന്റെ മറ്റുവകുപ്പുകളുമായി സഹകരിച്ചാണ് മൂന്നാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തുന്നത്.

 

Comments are closed.