DCBOOKS
Malayalam News Literature Website

സത്യം മാത്രമായിരുന്നു ആയുധം

എ.ജി. പേരറിവാളന്‍/ അനുശ്രീ

രാഷ്ട്രീയമായും വൈകാരികമായും തമിഴ്‌നാട് കത്തിക്കൊണ്ടിരുന്ന 2011 സെപ്തംബറിലെ ഒരു ഉച്ചനേരത്താണ് ഞാന്‍ ആദ്യമായി പേരറിവാളനെ കാണുന്നത്. വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിനു പുറത്ത് ആയിരങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ദിവസങ്ങള്‍ക്കകം തൂക്കിക്കൊല്ലുകയാണ്. അതിനുമുന്‍പ് തമിഴന്മാരായ ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവരെ സന്ദര്‍ശിക്കാന്‍ തമിഴ്‌നാടിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുപോലും സന്ദര്‍ശകരുടെ ഒഴുക്കാണ്. തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം ഇവര്‍ പ്രതികളല്ല, കേസില്‍ പ്രതികളാക്കപ്പെട്ടവരാണ്. 1991-ല്‍ നടന്ന സംഭവത്തിലെ പ്രധാന പ്രതികളെല്ലാം ആത്മഹത്യചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തിരിക്കുന്നു. 1998-ല്‍ ടാഡ കോടതി 26 പേര്‍ക്കാണു വധശിക്ഷ വിധിച്ചത്. സുപ്രിം കോടതിയില്‍ നല്‍കിയ അപ്പീലില്‍ നാലു പേരുടെ വധശിക്ഷ ശരിവെച്ചു. സ്ത്രീയെന്ന പരിഗണന നല്‍കി നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയതോടെ മൂന്നുപേരെ തൂക്കിലേറ്റാന്‍ തീരുമാനിച്ചു. അപ്പീലുകളും ഹര്‍ജികളും തള്ളപ്പെട്ടു. രാഷ്ട്രപതിക്കയച്ച ദയാഹര്‍ജിയിലായിരുന്നു അവസാന പ്രതീക്ഷ. അന്നത്തെ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ ദയാഹര്‍ജി തള്ളിയതോടെ മൂന്നുപേരെയും തൂക്കിലേറ്റാനുള്ള തീയതി കുറിക്കപ്പെട്ടു. സെപ്തംബര്‍ ഒന്‍പത്. അതോടെ ദ്രാവിഡ പാര്‍ട്ടികളുടെ നേതൃത്വത്തിലും മറ്റനേകം ചെറുസംഘടനകളുടെ നേതൃത്വത്തിലും ജനം തെരുവിലിറങ്ങി. മൂന്നു തമിഴ് മക്കളുടെയും
ജീവന്‍ രക്ഷിക്കണം. പ്രക്ഷോഭങ്ങളും സമരങ്ങളും പദയാത്രകളും…അത്യന്തം കലുഷിതമായ അന്തരീക്ഷത്തിലാണു ഞാന്‍ ചെന്നൈയില്‍ ട്രെയിനിറങ്ങിയത്. എന്നെ എതിരേറ്റത് സെങ്കൊടിയെന്ന, ഇരുപത്തിയൊന്ന് വയസ്സുമാത്രം പ്രായമുള്ള തമിഴ് യുവതി കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ തീ കൊളുത്തി ആത്മാഹുതിനടത്തിയെന്ന വാര്‍ത്തയായിരുന്നു. ‘മൂന്ന് തമിഴ് മക്കളുടെയും ജീവന്‍ രക്ഷിക്കുക’ അതായിരുന്നു അവളുടെ ആവശ്യം. ഇതിനിടെയാണു ഞാനും ഓപ്പണ്‍ മാഗസിനുവേണ്ടി കെ.കെ. ഷാഹിനയും വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലെത്തുന്നത്. കാത്തിരിക്കാന്‍ ഒരു ചെറിയ ഇടംപോലുമില്ലാത്ത ജയിലിനുമുന്നില്‍ രാവിലെ മുതല്‍ ഒറ്റനില്പാണ്. സന്ദര്‍ശകരെക്കൂടാതെ മാധ്യമപ്രവര്‍ത്തകരും പ്രക്ഷോഭകരുമുണ്ട്. ജയിലിനു ചുറ്റും കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നു. കേരളത്തില്‍നിന്നാണ്, മാധ്യമപ്രവര്‍ത്തകരാണ് എന്നൊന്നും പറഞ്ഞ് ജയിലിനകത്തു കയറാന്‍ പറ്റാത്ത അവസ്ഥയാണ്. എന്തായാലും ഐഡന്റിറ്റി മറച്ചുവെച്ച് കയറാന്‍തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഗേറ്റിനടുത്തു നില്‍ക്കുന്ന പാറാവുകാരനോടു പല തവണ അറിയാവുന്ന തമിഴില്‍ കയറ്റിവിടണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷയുണ്ടായില്ല. സന്ദര്‍ശകബാഹുല്യം അവരെയും കുഴക്കുന്നു. കഴിഞ്ഞ ദിവസം ജയിലിലെത്തി തൂക്കിലേറ്റാന്‍ പോകുന്നവരെ കാണാന്‍ കഴിയാതെ തിരിച്ചുപോയ സെങ്കൊടിയാണ് ആത്മാഹുതി ചെയ്തിരിക്കുന്നത്. ജയിലധികൃതര്‍ക്കു തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല. നടനും സംവിധായകനും നാം തമിഴര്‍ കക്ഷി നേതാവുമായ സീമാന്റെ നേതൃത്വത്തില്‍ വെല്ലൂരില്‍നിന്ന് ചെന്നൈയിലേക്കു നടത്തുന്ന മാര്‍ച്ച് ഉദ്ഘാടനംചെയ്യാനെത്തിയ അര്‍പ്പുതമ്മാളിനെ ഇതിനിടെ കണ്ടു. പിറ്റേന്നു വിശദമായി സംസാരിക്കാമെന്ന ധാരണയില്‍ പിരിഞ്ഞു. ഉച്ചയോടെ സെക്യൂരിറ്റിയുടെ സഹായംകൊണ്ട് അകത്തു
കയറിപ്പറ്റി. ഒരുപാട് പരിശോധനകള്‍ക്കുശേഷം പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരെ കണ്ടു. കൂടുതല്‍ സംസാരിച്ചത് പേരറിവാളനോടായിരുന്നു. രണ്ടു നാള്‍ക്കകം തൂക്കിലേറ്റാന്‍ പോകുകയാണെങ്കിലും
Textഅതിന്റെ യാതൊരു സംഘര്‍ഷങ്ങളും അദ്ദേഹത്തിന്റെ മുഖത്തില്ലായിരുന്നുവെന്ന് പ്രത്യേകം ശ്രദ്ധിച്ചു. അദ്ഭുതം തോന്നി. പിറ്റേന്ന് അമ്മയെകണ്ട് അഭിമുഖം തയാറാക്കി. താമസിയാതെ മദ്രാസ് ഹൈക്കോടതി മൂന്നുപേരുടെയും വധശിക്ഷ സ്റ്റേ ചെയ്തു. പിന്നീട് അമ്മയുമായും കുടുംബവുമായും പലതവണ നേരില്‍ കണ്ടു. അതിനിടെയാണ് ‘An Appeal From Death Row (The Rajiv Gandhi Murder Case – Truth Speaks)” എന്ന പുസ്തകം മലയാളത്തിലേക്കു മൊഴിമാറ്റണമെന്ന് ആവശ്യപ്പെട്ട് പേരറിവാളന്റെ അനിയത്തി അരുള്‍സെല്‍വി വിളിക്കുന്നത്.സന്തോഷത്തോടെയാണു ഞാന്‍ ആ ദൗത്യം ഏറ്റെടുത്തത്. പേരറിവാളന്‍ രാഷ്ട്രപതിക്കയച്ച രണ്ട് ദയാഹര്‍ജികളായിരുന്നു അതിലെ പ്രധാന ഉള്ളടക്കം.

അദ്ദേഹം സി.ബി.ഐ. കസ്റ്റഡിയിലും ജയിലിലും അനുഭവിച്ച പീഡനങ്ങളുടെ ചെറിയ വിവരണം മാത്രമായിരുന്നുവെങ്കിലും അതുപോലും മനസ്സ് പിളര്‍ക്കുന്നതായിരുന്നു. വിവര്‍ത്തനത്തിനിടെ പേരറിവാളന്‍ കാണണമെന്ന് ആവശ്യപ്പെട്ടതുപ്രകാരം വെല്ലൂര്‍ ജയിലില്‍ പലതവണ അദ്ദേഹത്തെ പോയിക്കണ്ടു. ജയിലിലെ അന്തേവാസികള്‍ക്കു ഫോണ്‍ ചെയ്യാന്‍ ലഭിക്കുന്ന ചുരുക്കം ചില വേളകളില്‍ പേരറിവാളന്‍ എന്നെ സ്ഥിരമായി ഫോണില്‍ വിളിക്കാറുണ്ടായിരുന്നു. കേസ്, കേരളം, പ്രകൃതിഭംഗി, കുടുംബാംഗങ്ങള്‍, രാഷ്ട്രീയം അങ്ങനെ എല്ലാം സംഭാഷണത്തില്‍ കടന്നുവരും. നിയമപ്പോരാട്ടത്തിന്റെ ഓരോ ഘട്ടത്തിലും അമ്മയും മകനും പ്രകടിപ്പിച്ച ആത്മവിശ്വാസം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. തളര്‍ന്നുവീഴുന്ന ഘട്ടങ്ങള്‍ പലപ്പോഴും നേരിട്ടു കാണേണ്ടിവന്നിട്ടുണ്ട്. പക്ഷേ, അപ്പോഴെല്ലാംഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ അവര്‍ ഉയിര്‍ത്തെഴുന്നേറ്റു. പേരറിവാളന്റെ ചികിത്സയുടെ ഭാഗമായിവെല്ലൂരില്‍നിന്ന് പുഴല്‍ ജയിലിലേക്കുമാറ്റിയതില്‍ പിന്നെ ഫോണ്‍വിളികള്‍ കുറഞ്ഞുവന്നു. എപ്പോഴോ പേരറിവാളന്റെ ആത്മവിശ്വാസത്തില്‍ കുറവുവന്നിട്ടുണ്ടോ എന്ന് സംശയം തോന്നിയ നാളുകള്‍. പക്ഷേ, 2017-ല്‍ ആദ്യത്തെ തവണ പരോള്‍ കിട്ടിയപ്പോള്‍തന്നെ എന്നെ കാണണമെന്ന് ആവശ്യപ്പെട്ട് വിളിച്ചു. ജോലാര്‍പേട്ടിലെ വീട്ടില്‍ പോയി അദ്ദേഹത്തെ ഞാന്‍ സന്ദര്‍ശിച്ചു. ആ ബന്ധം ശക്തമായി, ദൃഢമായി ഇന്നും തുടരുന്നു. എന്റെ അനുധാവനത്തിന്റെകൂടി കഥയാണിത്. ആദ്യമായി വെല്ലൂര്‍ ജയിലില്‍വെച്ച് സന്ദര്‍ശിച്ച അന്നുമുതല്‍ അര്‍പ്പുതമ്മാളും പേരറിവാളനും കുടുംബവും എന്റെ ഔദ്യോഗിക ജീവിതത്തിന്റെയും വ്യക്തിജീവിതത്തിന്റെയും ഭാഗമാണ്. ‘അടഞ്ഞ വാതിലുകള്‍ക്കുമുന്‍പില്‍’ എന്ന പുസ്തകത്തിലൂടെ പേരറിവാളന്റെയും അര്‍പ്പുതമ്മാളിന്റെയും ജീവിതം മലയാളികള്‍ക്കു പരിചയപ്പെടുത്താന്‍ കഴിഞ്ഞത് എന്റെ പത്രപ്രവര്‍ത്തക ജീവിതത്തിലെ ഏറ്റവും വിലയേറിയ നിമിഷങ്ങളായിരുന്നു. 2022 മെയ് 18-ന് പേരറിവാളന്‍ ജയില്‍മോചിതനായി. അര്‍പ്പുതമ്മാളിനോടൊപ്പവും പേരറിവാളനോടൊപ്പവുമുള്ള 12 വര്‍ഷത്തോളം നീണ്ട എന്റെ പ്രയാണം സാര്‍ത്ഥകമാകുന്ന വേളകൂടിയായിരുന്നു അത്.

എന്റെ ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ ജയിലില്‍ കിടക്കുന്ന മകന്റെമോചനത്തിനു തടസ്സമാകുമോ എന്ന് ആദ്യഘട്ടത്തില്‍ അര്‍പ്പുതമ്മാള്‍ സംശയിച്ചിരുന്നുവെന്ന് തോന്നിപ്പിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. കുറ്റപ്പെടുത്താന്‍ കഴിയില്ല, ആരെയെല്ലാമോ അവിശ്വസിക്കേണ്ടതുണ്ട് എന്ന് ഇത്രയും വര്‍ഷങ്ങളിലെ കയ്പുള്ള അനുഭവങ്ങള്‍ അവരെ പഠിപ്പിച്ചിരുന്നു. തികച്ചും അന്യഭാഷയായ മലയാളത്തില്‍ എഴുതുന്നതു വായിക്കാനോ മനസ്സിലാകാനോ ആകാത്തതിനാല്‍, വിശ്വസിക്കാവുന്ന ഒരു വ്യക്തിയാണ് ഞാനെന്ന് ബോധ്യപ്പെടുത്താന്‍ ആദ്യനാളുകളില്‍ കുറച്ചു ബുദ്ധിമുട്ടിയിട്ടുണ്ട്. ഈ ലോകം കണ്ട ഏറ്റവും അസാധാരണമായ പോരാട്ടവും അതേസമയംതന്നെ ഒരു അമ്മയുടെയും മകന്റെയും ഏറ്റവും അസാധാരണമായ ഒരു ജീവിതവും മലയാളികളിലെത്തിക്കാന്‍ കഴിഞ്ഞത് അവര്‍ എന്നോടു പുലര്‍ത്തിയ അതിരുകളില്ലാത്ത വിശ്വാസംകൊണ്ടു
മാത്രമാണ്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.