DCBOOKS
Malayalam News Literature Website

ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണം; ഒമ്പത് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തെലങ്കാന ഛത്തീസ്ഗഢ് അതിര്‍ത്തിപ്രദേശമായ സുക്മയിലെ കിസ്താരം എന്ന പ്രദേശത്തുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒമ്പത് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. അഞ്ച് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. ഇതില്‍ മൂന്നു പേര്‍ ഗുരുതരാവസ്ഥയിലാണ്. സിആര്‍പിഎഫ് 212 ബറ്റാലിയനിലെ ജവാന്മാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ മാവോയിസ്റ്റ് സംഘം ബോംബെറിയുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ആന്റി നക്‌സല്‍ ഓപ്പറേഷന്‍സ് ഡിജിപി ഡി.എം.അവാസ്തി അറിയിച്ചു.

സൈനികരും മാവോയിസ്റ്റുകളും തമ്മില്‍ കാലങ്ങളായി ഏറ്റുമുട്ടലുകള്‍ നടക്കുന്ന സ്ഥലമാണ് സുക്മ. കഴിഞ്ഞ വര്‍ഷം രണ്ട് ആക്രമണങ്ങളിലായി 36 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു.

Comments are closed.